Thursday, August 01, 2019

മഹാ വൈദ്യനായ ശാസ്താവ്*


യസ്യ ധന്വന്തരിർ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം

*രോഗദുരിതപീഡകളിൽ നിന്നു രക്ഷനേടാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂർത്തിയുടേയും വൈദ്യനാഥനായ ഭഗവാൻ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധർമ്മശാസ്താവ്*.
*അമൃതകലശം കൈയിൽ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകൾ കേരളത്തിലുണ്ട്(തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കൽപ്പങ്ങൾ കൂടി ചേർന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നൽകുന്നവനാണ് ശാസ്താവ്*. *ആത്മാവിൻറെ നിത്യതയിലേക്കു നയിക്കുന്ന ധർമ്മാമൃതം കൈയിൽ ധരിച്ച ദേവൻ എന്നു അറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ധർമ്മശാസ്താവിനെയാണ് വസിഷ്ഠ, പരശുരാമാദി മഹർഷിമാർ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്*.

*കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങൾ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചൻകോവിൽ ക്ഷേത്രവും ഉദാഹരണങ്ങൾ. അച്ചൻ കോവിൽ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചൻകോവിൽ ശാസ്താ വിഗ്രഹത്തിൻറെ വലതു കൈയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സർപ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളിൽ വെച്ച് ആർക്കെങ്കിലും സർപ്പദംശനമേറ്റാൽ അവരെ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിൻറെ കൈയിലെ ചന്ദനം മുറിവിൽ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം*.

 *വിഷംതീണ്ടിയവരേയും കൊണ്ട് അർദ്ധരാത്രിയിലാണ് എത്തുന്നതെങ്കിലും ശ്രീകോവിൽ നടതുറന്ന് മേൽശാന്തി ചന്ദനം നൽകണമെന്നതാണ് ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചൻകോവിൽ ക്ഷേത്രത്തിനു ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിർവഹിക്കേണ്ടിയിരുന്നു*.

*തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങൾക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്*.

 *ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായർക്ക് സ്വപ്‌നത്തിൽ ശാസ്താവ് പറഞ്ഞു നൽകിയതാണ് എണ്ണയുടെ കൂട്ട്. എണ്പിത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേർത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണ് ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയിൽ വിശദമാക്കുന്നുണ്ട്*.
*ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങൾക്കുള്ള മരുന്നും നൽകുന്ന വിധത്തിൽ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നത് എന്നു സാരം*



*കാരിക്കോട്ടമ്മ*

No comments:

Post a Comment