Monday, August 26, 2019

കാഴ്ചയുള്ളവരുടെ കണ്ണുകള്‍ കാഴ്ചയില്ലാത്തവരുടെ കണ്ണുകളാണ്. നാം ആര്‍ജ്ജിക്കുന്ന ശരീരവും മറ്റുള്ള ദ്രവ്യങ്ങളും ധനവും ഗുണപ്രകൃതവും എല്ലാം ചേര്‍ന്നതാണ് നമ്മുടെ സമ്പത്ത്. മറ്റുള്ളവര്‍ക്ക് ഉപകരിച്ചില്ലെങ്കില്‍ നമ്മുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതുകൊണ്ട് എന്തു കാര്യം!
മറ്റുള്ളവരില്‍ നിന്ന് അപഹരിക്കുകയും സമൂഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നവരുടെ സമ്പത്ത് ആസുരമാണ്. ഒരു വശത്ത് അഴിമതിയും അക്രമവും മറുവശത്ത് ആദര്‍ശവും നവോത്ഥാനത്തിന്‍റെ വാഗ്ദാനങ്ങളും എന്നതാണ് നിരര്‍ത്ഥകമായ സമ്പന്ന ജീവിതത്തിന്‍റെ ലക്ഷണം. സമ്പത്തും അധികാരവും ആരുടെ കൈകളിലാണോ അവരുടെ നിയന്ത്രണത്തിലാണ് ആ നാടിന്‍റെ നന്മയും നീതിയും പുലരുന്നതും തകരുന്നതും. ഒരു നാടിന്‍റെ സംസ്ക്കാരത്തെ സ്വാധീനിക്കുന്ന വിദ്യാഭ്യാസരംഗത്ത് തന്നെ അഴിമതികളും അക്രമങ്ങളും, പരീക്ഷകളില്‍ ക്രമക്കേട്, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ ഭീകരമായ വീഴ്ച എന്നിങ്ങനെ പോകുന്നു ആസുരസമ്പത്ത് ആര്‍ജ്ജിച്ച അധികാരികളുടെ നിയന്ത്രണത്തില്‍പ്പെട്ട കാര്യങ്ങള്‍! നാം വിദ്യനേടിയാലും ശരി ധനം നേടിയാലും ശരി അധികാരം നേടിയാലും ശരി നാം ആര്‍ജ്ജിച്ച ഗുണപ്രകൃതം എന്താണോ ആ സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നമുക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. ആ പൂര്‍വ്വവാസനകളെ നിയന്ത്രിക്കുവാനും സംസ്ക്കരിക്കുവാനും ഉള്ളിലിരുന്നരുളുന്ന ഭഗവാന്‍തന്നെ ശരണം! സ്വാമി ശരണം!
മറ്റുള്ളവരുടെ ജീവിതവും ജീവനും ധനവും എടുക്കുവാന്‍ കഴിവുള്ളവരല്ല അവ കൊടുക്കുവാന്‍ കഴിവുള്ളവരാണ് യഥാര്‍ത്ഥത്തില്‍ സമ്പന്നര്‍. അവരുടെ സമ്പത്ത് 'സാത്വിക ഗുണ'മാണ്. ഭക്തിസാധനകളും പുണ്യപ്രവൃത്തികളും എല്ലാ കര്‍മ്മങ്ങളും അതിനുള്ള മാര്‍ഗ്ഗം മാത്രമാണ്. ലക്ഷ്യം ആന്തരിക പരിശുദ്ധിയാണ്. അതിന്‍റെ ഫലമാണ് സത്യവും ജ്ഞാനവും ആനന്ദവും.
ഓം
krishnakumar kp

No comments:

Post a Comment