Saturday, September 28, 2019

ദേവി തത്ത്വം-12

ദേവി മാഹാത്മ്യത്തിൽ അഞ്ചാം അദ്ധ്യായത്തിൽ കുറേ ശ്ലോകങ്ങൾ വരുന്നുണ്ട്. യാ ദേവി സർവ്വ ഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിത സ്മൃതി രൂപേണ സംസ്ഥിത ശക്തി രൂപേണ സംസ്ഥിത എന്നിങ്ങനെ നമ്മുടെ ഉള്ളിൽ manifest ആകുന്ന പല രൂപത്തിലും അംബികയെ വന്ദിക്കുന്നു.

ദേവി ആരാണ്? എനിക്ക് ഒരു സമയം വിശപ്പുണ്ടാകുന്നുണ്ടെങ്കിൽ വിശപ്പിന്റെ രൂപത്തിൽ ആ ശക്തിയാണ് അവതാരമെടുത്തിരിക്കുന്നത്. നമുക്ക് ദേവി മാഹാത്മ്യം ശരിക്ക് അറിയാമെങ്കിൽ വിശപ്പ് വരുമ്പോൾ വിശപ്പിന്റെ രൂപത്തിൽ ആ ശക്തിയെ നമ്മൾ കണ്ട് വിശപ്പെന്ന അനുഭവത്തോട് കൂടി തന്നെ നമുക്ക് സമാധി അനുഭവം ഉണ്ടാകണം.

ബുദ്ധിയിൽ ഓർമ്മയുണ്ടാകുമ്പോൾ ആ ഓർമ്മയുടെ രൂപത്തിൽ ദേവിയാണ് ആവിർഭവിക്കുന്നത്. ഉറക്കം വരുമ്പോൾ നിദ്രാ രൂപേണ സംസ്ഥിത എന്ന ദേവി ഉള്ളിൽ ആവിർഭവിക്കും. ഇത് മുഴുവനും പ്രകൃതിയാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് കാണാം ഞാനെന്നുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം എവിടെയാണുള്ളത്. ഒന്ന് ചിന്തിച്ച് നോക്കു. എന്റെ ഉള്ളിൽ നടക്കുന്ന എല്ലാ പ്രക്രിയയും പ്രകൃതിയുടെയാണ്. കൈയ്യും കാലും ചലിക്കുന്നത് പ്രകൃതിയാണ്. ഉറക്കം വരുന്നത് പ്രകൃതിയാണ്. ഉണരുന്നതും പ്രകൃതിയാണ്. ഇതൊക്കെ പ്രകൃതിയുടെ മണ്ഡലമാണ്. അതിനകത്ത് ഞാനെന്നുള്ള വികാരമുണ്ടാകുന്നു ആ വികാരവും പ്രകൃതിയാണ്. ഇതൊക്കെ ചെന്ന് ലയിച്ച് ചേർന്നിട്ട് സുഖമായുറങ്ങുന്നു സുഷുപ്തിയിൽ. ഒന്നുമറിയുന്നില്ല ഒരാവരണം മാത്രമുണ്ട് അതും പ്രകൃതിയാണ്.

ഈ പ്രകൃതി എവിടെയാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് ആ നിശ്ചലമായ അധിഷ്ഠാനത്തിനെയാണ് നമ്മൾ ബ്രഹ്മമെന്നോ ശിവമെന്നോ ഗീതയിൽ അക്ഷര പുരുഷനെന്നോ ഒക്കെ പറയുന്നത്. അവിടെ നമ്മൾ നിത്യ സ്വതന്ത്രരാണ്. പ്രകൃതിയിൽ നമ്മൾ നിത്യ ബദ്ധരാണ്. പ്രകൃതിയുടെ ഉള്ളിൽ ആർക്കും സ്വതന്ത്രരാകാൻ സാദ്ധ്യമല്ല. ശരീരത്തിന്റെ മണ്ഡലത്തിൽ നമ്മൾ സ്വാതന്ത്ര്യത്തിന് ശ്രമിക്കുന്നുണ്ട് എന്നാൽ സാദ്ധ്യമല്ല. ദേഹത്തിനെ പൂർണ്ണമായും സ്വതന്ത്രമാക്കാൻ നമുക്ക് സാദ്ധ്യമല്ല. ദേഹം എങ്ങനെ വന്നു എന്ന് നമുക്കറിയില്ല. നമ്മൾ ജനിച്ച് കുറച്ച് നാൾ കഴിയുമ്പോൾ നാം ദേഹത്തോടിരിക്കുന്നു എന്നറിയുന്നു. ഇതെങ്ങനെ വന്നു, എങ്ങനെ പ്രവർത്തിക്കുന്നു, ഇതെപ്പോൾ പോകും എന്നൊന്നും അറിയില്ല.

Nochurji🙏🙏
Malini dipu 

No comments:

Post a Comment