Monday, September 30, 2019

ദേവി തത്ത്വം-14

മായയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ പറയാം, മായയിൽ ശിവൻ അടക്കമാണെന്ന്. എന്നാൽ ശിവനിൽ മായ അടക്കമല്ല. മുക്തിക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ പറയാം ശിവൻ മാത്രമായിട്ട് നിൽക്കുമെന്നും ശക്തി മാത്രമായിട്ട് നിൽക്കില്ലെന്നും. ഒരു വിധത്തിൽ പറഞ്ഞാൽ സഗുണത്തിന്റെ ഉള്ളിൽ നിർഗ്ഗുണം അടക്കമാണ്. സഗുണം തനിച്ച് നിൽക്കില്ല നിർഗ്ഗുണം തനിച്ച് നിൽക്കും. സഗുണത്തിൽ എല്ലാ വ്യവഹാരങ്ങളുടേയും കേന്ദ്ര സ്ഥാനത്തിൽ ഗുണ സ്പർശമില്ലാതെ നിശ്ചലമായ പൂർണ്ണമായ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തി തരുന്നതായ ധാമം, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായ ഒരു കേന്ദ്രസ്ഥാനം, അഭയ പദം, വിശ്രാമ സ്ഥാനം നമ്മുടെ ഉള്ളിലുണ്ട്. അതുള്ളത് കൊണ്ടാണ് അദ്ധ്യാത്മ ശാസ്ത്രങ്ങളൊക്കെ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇതിനൊന്നും അർത്ഥമേയില്ല. അതുള്ളത് കൊണ്ടാണ് നമുക്കിതിൽ വിശ്വാസം വരുന്നത്. എന്തോ ഉണ്ട്, ഉണ്ട് എന്ന് പറഞ്ഞാണ് അന്വേഷിക്കുന്നത് തന്നെ.

ആ വിശ്രാമ സ്ഥാനത്തിനെയാണ് ശിവൻ എന്ന് പറയുന്നത്. അവിടെ നിത്യ നിരന്തര വിശ്രാന്തിയാണ്. ശക്തി ദിവസവും നമ്മളറിയാതെ ആ ശിവന്റെ അടുക്കൽ കൊണ്ട് പോയി കുറച്ച് നേരം വിശ്രമിപ്പിച്ചിട്ട് കൊണ്ട് വരുന്നുമുണ്ട്.
ജന്മ മൃത്യു ജരാ തപ്ത ജന വിശ്രാന്തി ദായിനി എന്നൊരു നാമമുണ്ട്. ജനന മരണ ജരാ തപ്തരായ ജനങ്ങൾക്ക് അപ്പപ്പോൾ വിശ്രാന്തി കൊടുക്കുന്നുണ്ട് ഈ ശക്തി. ഉറക്കത്തിലും, ചിത്ത വൃത്തികൾക്കിടയിലും , ഒരു ജനനത്തിന്നും മരണത്തിനുമിടയിലും ഒക്കെയിവൾ നമ്മൾ ചോദിക്കാതെ തന്നെ വിശ്രാന്തി തരുന്നുണ്ട്.

ആ വിശ്രാന്തിയെ ബോധപൂർവ്വം അന്വേഷിച്ച് അറിയുന്നതാണ് മുക്തി മാർഗ്ഗമെന്ന് പറയുന്നത്. ആ വിശ്രാന്തിയാണ് നമ്മുടെ സ്വരൂപമെന്നും അതാണ് നമ്മളെന്നും അറിഞ്ഞ് കഴിയുമ്പോൾ നമ്മൾ മായയ്ക്ക് പുറത്ത് പോകും. ആ വിശ്രാന്തി സ്ഥാനം ആത്മാവിന്റെ സ്വരൂപമാണ്. മുക്തിയെന്ന് പറയുന്നത് നേടിയെടുക്കേണ്ടതല്ല. മുക്തി നമ്മുടെ സ്വരൂപമാണ്. ഞാനെന്ന അനുഭവത്തിന്റെ സ്വരൂപമാണ് മുക്തി.

Nochurji 🙏🙏
Malini dipu 

No comments:

Post a Comment