Saturday, September 14, 2019

അഗ്നിയെ തോല്‍പ്പിച്ച ആജ്ഞാശക്തി

Friday 13 September 2019 10:04 pm IST

ബാബയുടെ ദിവ്യാത്ഭുതങ്ങളില്‍ പലതും ഷിര്‍ദിയിലെ ഗ്രാമീണര്‍ക്ക്  വെറും കേട്ടറിവുകളായിരുന്നില്ല. അവരുടെ പൂര്‍വികരില്‍ പലരും ബാബയുടെ സിദ്ധികള്‍ നേരില്‍കണ്ടവരാണ്. അനുഭവിച്ച് അറിഞ്ഞവരാണ്. മാറാരോഗങ്ങള്‍ക്ക് പ്രതിവിധിയില്ലാതെ മരണം കാത്തുകിടന്നവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍  അന്ന് ബാബയുടെ ഒരു സാന്ത്വനസ്പര്‍ശം മതിയായിരുന്നു. അതല്ലെങ്കില്‍, ദ്വാരകാമായിയിലെ ധുനി (അഗ്‌നികുണ്ഡം) യില്‍ നിന്ന് ബാബ നല്‍കുന്ന ദിവ്യൗഷധം ഉദി(വിഭൂതി)  തന്നെ ധാരാളം. 
വന്യമായി പ്രകൃതി കോപിക്കുമ്പോഴും നാടിനും നാട്ടാര്‍ക്കും അഭയം നല്‍കിയത് ബാബയായിരുന്നുവെന്ന്  പൂര്‍വികരുടെ അനുഭവങ്ങള്‍ ഉദാഹരിച്ച് ഷിര്‍ദി വാസികള്‍ ഇപ്പോഴും പറയുന്നു.
ഒരിക്കല്‍ ഒരു സായാഹ്നത്തില്‍ ഷിര്‍ദിയില്‍ അതിഭീകരമായ കൊടുങ്കാറ്റു വീശി. ആകാശമത്രയും കരിമേഘങ്ങളാല്‍ നിറഞ്ഞു. കാറ്റിന് ശക്തി കൂടിക്കൂടി വന്നു. ഇടിയും മിന്നലും തുടങ്ങി. പിന്നെ പേമാരി. എല്ലായിടത്തും വെള്ളം പൊങ്ങി.  ഗ്രാമവാസികള്‍ ഭീതിയോടെ വീടുകളില്‍ നിന്നിറങ്ങിയോടി. എല്ലാവരുടേയും ലക്ഷ്യം ദ്വാരകാമായിയായിരുന്നു. അവിടെ അവരുടെ രക്ഷകനിരിപ്പുണ്ട്. കൈവിടില്ലെന്ന പൂര്‍ണ ബോധത്തോടെ ഗ്രാമമൊന്നടങ്കം ആയൊരു മേല്‍ക്കൂരയ്ക്കു കീഴില്‍ അഭയം തേടി. 
ബാബ ശാന്തനായി ദ്വാരകാമായിയില്‍ നിന്ന് പുറത്തോട്ടിറങ്ങി. കുറച്ചു നേരം മൗനമായി നിന്നശേഷം ഇടിവെട്ടിനെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍ കാറ്റിനോട് ആജ്ഞാപിച്ചു. 'മതി നിന്റെ താണ്ഡവം. അടങ്ങുക. ശാന്തനാവുക.' നിമിഷങ്ങള്‍ക്കകം മഴതോര്‍ന്നു. കാറ്റിന്റെ ശക്തി നേര്‍ത്തു നേര്‍ത്ത് തീരെ ഇല്ലാതായി. മാനം തെളിഞ്ഞു. തെളിഞ്ഞ മാനത്ത് താരകളും ചന്ദ്രനും തെളിഞ്ഞു. അത്ഭുതസ്തബ്ധരായി നിന്ന പുരുഷാരം ബാബയെ പ്രണമിച്ചു.  നിലാവുദിച്ച മുഖത്തോടെ അവര്‍ വീടുകളിലേക്ക് മടങ്ങി.
പടര്‍ന്നേറിയ തീ ആജ്ഞാശക്തിയാല്‍ അണച്ച കഥയും ഇതിനു സമാനമാണ്. ഒരിക്കല്‍ ഒരു ഉച്ചനേരത്ത് ദ്വാരകാമായിയിലെ ധുനിയല്‍ നിന്ന് തീ പടര്‍ന്നു.  ദ്വാരകാമായിയില്‍ കൂടിയിരുന്ന  ഭക്തര്‍ ഭയന്നുവിറച്ചു. ഞൊടിയിട കൊണ്ട് തീ ആളിപ്പടരുകയാണ്. എങ്ങനെ അണയ്ക്കും? ബാബയിരിക്കുമ്പോള്‍ തങ്ങള്‍ അതിനു മുതിരുന്നത് ശരിയാണോ? ഇത്തരം ചിന്തകളോടെ സ്തബ്ധരായി ഇരുന്ന ഭക്തര്‍ക്ക് ഇടയിലൂടെ ശാന്തനായി ബാബ നടന്നു വന്ന് ധുനിക്ക് അരികിലെത്തി. തീ കെടുത്താന്‍ വെള്ളമൊഴിച്ചില്ല. അദ്ദേഹം തന്റെ ഊന്നുവടി കൈയിലെടുത്തു. ചുമരില്‍ മെല്ലെ തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു 'മതി, മതി, നിര്‍ത്തൂ. ആളിക്കത്തിയതു മതി. ഇനിയടങ്ങൂ' ഓരോ അടി ചുമരില്‍ അടിക്കുമ്പോഴും തീജ്വാലകള്‍ നേര്‍ത്തു വന്നു. പിന്നീടവ ധുനിയിലെ പതിവു ജ്വാലയായി ഒതുങ്ങി. 
അതായിരുന്നു ഷിര്‍ദിയിലെ ബാബ. ആലംബമറ്റവര്‍ക്കു മുമ്പില്‍ ആള്‍രൂപമെടുക്കുന്ന ദൈവം!

No comments:

Post a Comment