Friday, September 20, 2019

*ശ്രീമദ് ഭാഗവതം 280*

വൃഷ്ണീനാം പ്രവരോ മന്ത്രീ കൃഷ്ണസ്യ ദയിത സഖാ
ശിഷ്യോ ബൃഹസ്പതേ: സാക്ഷാദ് ഉദ്ധവോ ബുദ്ധിസത്തമ:
തമാഹ ഭഗവാൻ പ്രേഷ്ഠം ഭക്തമേകാന്തിനം ക്വചിത്
ഗൃഹീത്വാ പാണിനാ പാണിം പ്രപന്നാർത്തി ഹരോഹരി:

ഭഗവാൻ ഒരിക്കൽ തന്റെ പ്രിയഭക്തനായ ഉദ്ധവരെ തന്റെ അടുക്കൽ വിളിച്ചു. വൃന്ദാവനത്തിൽ നിന്നും മഥുരാപുരിയിലേക്ക് വന്ന് അനേക ദിവസങ്ങൾ കഴിഞ്ഞിരിക്കണു. ഗോപികകളോട് ഞാൻ നിങ്ങൾക്കായിട്ട് തിരിച്ചു വരാം, നിങ്ങളുടെ കൂടെ നിത്യമായിട്ട് വസിക്കാം എന്ന് ഭഗവാൻ നേരത്തെ  പറഞ്ഞിട്ടുണ്ട്. ആ നിത്യവാസത്തിനെ അവർക്ക് കൊടുക്കണം.

ഭക്തി സാധനയുടെ ഭാവം എങ്ങനെയാണെന്ന് വെച്ചാൽ നമ്മൾ എല്ലാവരും ഭക്തി ആരംഭിക്കുമ്പോൾ ഭഗവാനെ നമ്മളിൽ നിന്ന് അന്യമായി കണ്ടു കൊണ്ട് ഏതെങ്കിലും ഭാവത്തിൽ ഭഗവാനോട് പ്രിയം വെയ്ക്കുന്നു. വാത്സല്യഭാവം, ദാസ്യഭാവം, മധുരഭാവം ഇങ്ങനെ ഏതെങ്കിലും ഭാവത്തിൽ ഭഗവാനോട് ഭക്തി ചെയ്യണു. ആ ഭക്തി തന്നെ വളരെ ഉയർന്ന തലത്തിൽ എത്തുമ്പോൾ വിരഹതാപം ണ്ടാവുന്നു. ഭഗവാനെ വിട്ടു പിരിഞ്ഞിരിക്കണ വിരഹം😥. ആ വിരഹസന്ദർഭത്തിൽ ഭഗവാൻ നമ്മളിൽ നിന്നും അന്യമായി മറഞ്ഞു പോയി എന്നുള്ള ഭാവത്തിലാണ് ഈ വിരഹം. ആ വിരഹതാപം തീവ്രമാകുമ്പോഴാണ് ഭഗവാൻ നമ്മളെ അനുഗ്രഹിക്കാനായി ഒരു സദ്ഗുരു സാന്നിദ്ധ്യം തരുന്നത്.

വരികയും പോകുകയും ചെയ്യുന്നതൊക്കെ അനിത്യമാണ്. എന്തിനൊക്കെ വരവുണ്ടോ, അതിനൊക്കെ പോക്ക് ണ്ട്. പോക്കുവരവ് ഇല്ലാ...ത്ത ഒരു സ്ഥിതി. എപ്പോഴും നിത്യമായി നമുക്ക് ഭഗവാനെ ലഭിക്കണം. ഭഗവാനോടുള്ള യോഗം നിത്യയോഗമായിട്ടിരിക്കണം. അതിനെ ഉണർത്താനാണ് നമുക്ക് സത്സംഗം.

ഇവിടെ ഭഗവാൻ ഗോപികൾക്ക് ഒരു സത്സംഗം കൊടുക്കണം എന്ന് തീരുമാനിച്ചു. ഗോപികളുടെ പ്രേമഭാവത്തിനെ കണ്ടു കൊണ്ട് ഉദ്ധവർക്കും അതിലൂടെ ഒരു സത്സംഗം കിട്ടട്ടെ എന്ന് ഭഗവാൻ തീരുമാനിച്ചു. *ഭക്തരെ പരസ്പരം ചേർത്തു വെയ്ക്കുന്നത് ഭഗവാനാണ്.* സാധു സാധു സമാഗമ:
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment