Saturday, September 21, 2019

*ശ്രീമദ് ഭാഗവതം 281*

ഉദ്ധവരെ ഭഗവാൻ തന്റെ അടുത്തേയ്ക്ക്  വിളിച്ചു. ഉദ്ധവർ ആരാണ്?

ആദ്യത്തെ ഒരു ശ്ലോകം മാത്രം വായിച്ചിട്ട് ചാടിക്കയറി ഒരു വിശേഷണം ആളുകൾ കൊടുത്തു പോകും.

ബൃഹസ്പതേ: ശിഷ്യ: ബുദ്ധി സത്തമ: എന്ന് പറഞ്ഞത് കൊണ്ട് തന്നെ ആളുകൾ വിചാരിച്ചു, ഉദ്ധവർക്ക് ഭക്തി ഇല്ല്യ. ബുദ്ധിയേ ള്ളൂ. അതുകൊണ്ട് അദ്ദേഹത്തിനെ ഭക്തി പഠിപ്പിക്കാനായിട്ടാണ് ഗോപികളുടെ അടുത്തേയ്ക്ക് അയച്ചത് എന്നൊരു വ്യാഖ്യാനത്തിന് ഭാഗവതത്തിൽ യാതൊരു സമ്മതവും ഇല്ല്യ.

അടുത്ത ശ്ലോകം നോക്ക്വാ.
തമാഹ ഭഗവാൻ പ്രേഷ്ഠം
പ്രേഷ്ഠൻ എന്ന് വെച്ചാൽ ഏറ്റവും അടുത്തവൻ എന്നർത്ഥം.
ഭക്തം ഏകാന്തിനം
ഇനി ഇതിനുമേലെ എന്തു വിശേഷണം വേണം? പ്രേഷ്ഠം ഭക്തം ഏകാന്തിനം
ഏകാന്തഭക്തനായ ഉദ്ധവരെ ഭഗവാൻ തന്റെ അടുക്കൽ  വിളിച്ചു.

അഖണ്ഡാനന്ദസ്വാമി പറഞ്ഞു
ഉദ്ധവരെ ഭഗവാൻ പാണിഗ്രഹണം ചെയ്തൂ!

ഗൃഹീത്വാ പാണിനാ പാണിം
ഗോപികളുടെ അടുത്തേയ്ക്ക് അയക്ക്യല്ലേ. ഗോപികളുടെ അടുത്തേയ്ക്ക് ഉദ്ധവരെ അയക്കുമ്പോ ഭഗവാൻ ഉദ്ധവരെ പാണിഗ്രഹണം ചെയ്തിട്ടാത്രേ അയച്ചത്.

ഗൃഹീത്വാ പാണിനാ പാണിം പ്രപന്നാർത്തിഹരോ ഹരി:

നമ്മൾ എന്തെങ്കിലുമൊക്കെ പ്രിയമായിട്ട്, രഹസ്യമായിട്ട് ഒക്കെ ഒരാളോട് പറയുമ്പോ ആദ്യം അവരുടെ കൈയ്യിൽ പിടിക്കും. ല്ലേ?
അങ്ങനെ കൈ പിടിച്ച് ഏകാന്തത്തിൽ നിന്നു കൊണ്ട് അങ്ങനെ പ്രിയമാ.....യിട്ട് പറയും.

അതേപോലെ ഇവിടെ കൃഷ്ണൻ ഉദ്ധവരുടെ കൈയ്യിൽ പിടിച്ചു പറഞ്ഞു.

ഹേ ഉദ്ധവാ, അങ്ങ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായതുകൊണ്ട് ഞാൻ അങ്ങേയ്ക്ക് ഒരു സന്ദേശം തന്നേയ്ക്കാം.
വ്രജഭൂമിയിൽ ഗോപികൾ എന്നെ വിട്ടു പിരിഞ്ഞ് വിരഹദു:ഖത്തിലാണ്.

താ മന്മനസ്കാ മത്പ്രാണാ മദർത്ഥേ ത്യക്തദൈഹികാ:
മാമേവ ദയിതം പ്രേഷ്ഠമാത്മാനം മനസാ ഗതാ:

അവരുടെ മനസ്സ് എന്റടുത്താണ്.
പ്രാണൻ എന്റടുത്താണ്.
ഭാവം എന്റടുത്താണ്. 
എന്നെ തന്നെ ചിന്തിച്ചു ചിന്തിച്ച് ശാരീരികമായ എല്ലാ വ്യവഹാരങ്ങളും അവര് ഉപേക്ഷിച്ചിരിക്കണു!😥

അവരുടെ അടുത്തേയ്ക്ക് ചെന്ന് എന്റെ സന്ദേശം കേൾപ്പിക്കാ. അവർക്ക് ഞാനല്ലാതെ വേറൊന്നും അറിയില്യാ.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment