Wednesday, September 18, 2019

ദേവി തത്ത്വം-2

കീഹി എന്ന് വച്ചാൽ വാക്ക്. വാക്കിന് കാരണമായിരിക്കുന്ന ശക്തിയായി സരസ്വതി എന്ന പേരോട് കൂടി സൃഷ്ടി കർത്താവിന്റെ മൂല ശക്തിയായിട്ട് ചിലർ പറയുന്നു.

ഹരേപത്നിം പദ്മാം ഹരസഹചരീ അദ്രിതനയാം

ഹരിയുടെ, മഹാവിഷ്ണുവിന്റെ ശക്തിയായിട്ട് ഐശ്വര്യമായി, സൗന്ദര്യമായി,ലക്ഷ്മിയായി ചിലർ പറയുന്നു. ഹരസഹചരീ അദ്രിതനയാം , പർവ്വത ഗുഹകളിലിരുന്ന് ധ്യാനിക്കുന്ന ഋഷികളുടെ ഉള്ളിൽ മാത്രം അലൗകികമായി കാണപ്പെടുന്നതു കൊണ്ടാകാം ഒരു പക്ഷേ ആ ചിത് ശക്തിയെ പർവ്വതത്തിൽ ജനിച്ചവളായിട്ടും, പർവ്വത കുമാരിയായിട്ടും, പാർവ്വതിയായിട്ടും  ഒക്കെ ചിലർ പറയുന്നത്. ഹരസഹചരീം എപ്പോഴും ശിവനോട് കൂടെ സഞ്ചരിക്കുന്നവളായിട്ടും പറയുന്നു.

ഇവളാരാണ്? ആരാണീ ശക്തി? തുരീയാ കാപിത്വം നമുക്കറിയാവുന്ന മൂന്നവസ്ഥകളാണുള്ളത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി. ഈ മൂന്നവസ്ഥകളും ശക്തിയുടെ, മായയുടെ, പ്രകൃതിയുടെ മണ്ഡലങ്ങളാണ്. ഈ മൂന്നിനും അപ്പുറം പോയാലേ ശക്തി എന്താണെന്ന് പിടി കിട്ടുകയുള്ളു. അപ്പുറം പോകാനൊട്ട് സാദ്ധ്യവുമല്ല. കാരണം, അപ്പുറം പോയി കണ്ട് പിടിച്ച് അത് register ചെയ്യാനുള്ള ബുദ്ധിയും പ്രകൃതിയുടെ ഉള്ളിലാണ്. അതു കൊണ്ട് തന്നെ ഈ പ്രകൃതിക്ക് അപ്പുറം പോയി അതെന്താണെന്ന് പറയാൻ സാധിക്കില്ല.

തുരീയാ കാപിത്വം ദുരധിഗമ നിസ്സീമ മഹിമാ, അതിരു കടന്ന് അപ്പുറത്തേക്ക് പോകാൻ പറ്റാത്തതും .നിസ്സീമ മഹിമാ സീമയില്ലാത്ത  മഹിമയുള്ള , കാപിത്വം ഏതോ ഒരു ശക്തി. എന്തായാലും ഒരു കാര്യം അറിയാം മഹാമായാ വിശ്വം ഭ്രമയസി, പരബ്രഹ്മ സ്വരൂപിയായ ഈശ്വരന്റെ പട്ടമഹിഷിയായിട്ടുള്ള മഹാമായ ഈ വിശ്വത്തിനെ മുഴുവൻ ഇട്ട് ചുഴറ്റി കൊണ്ട്, തന്റെ കൈവശം വച്ച് കൊണ്ടിരിക്കുന്നു എന്നത് മാത്രമേ പറയാനൊക്കുകയുള്ളു.

ഇത്രയും പറഞ്ഞതിൽ നിന്ന് ആരാണ് ഈ മഹാമായ? ഈ ദേവി തത്ത്വം എന്താണ്? ദേവി ആരാണെന്ന് അറിയില്ല എന്ന് സങ്കല്പിച്ചു കൊണ്ട് തന്നെ സത്സംഗത്തിൽ പ്രവേശിക്കുക.

Nochurji🙏🙏
Malini dipu 

No comments:

Post a Comment