Friday, September 06, 2019

സനാതനം 8*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ഹിന്ദുമതം ലക്ഷ്യമാക്കുന്നതെന്ത്?*

*മഹത്തായ ഭാരത സംസ്കാരത്തിന്റെ പിൻപറ്റുകാരാണ് ഭാരതീയരായ നാമെല്ലാം തന്നെ. ഞാൻ ഹിന്ദുവാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയണമെങ്കിൽ, വിശ്വാസവിഷയങ്ങൾക്കപ്പുറത്തുള്ള ഈ ബൗദ്ധികസംസ്കാരത്തിന്റെ ഒരേകദേശരൂപമെങ്കിലും ഓരോ ഹിന്ദുവും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഈ അറിവ് ഹിന്ദുവിനെ സാമൂഹികപ്രതിബദ്ധതയുള്ള നല്ല മനുഷ്യനാക്കിത്തീർക്കുന്നതോടൊപ്പം തന്റെ സംസ്കാരത്തെ സ്നേഹിക്കുവാനും അതിന്റെ സംരക്ഷകനും വാഹകനുമാക്കാനും  പ്രാപ്തനാക്കും.*

*ഹിന്ദുമതം എന്നാൽ കുറേ ദേവതകളും മന്ത്രങ്ങളും അമ്പലങ്ങളും പൂജയും വഴിപാടും ഓണവും വിഷുവും പോലെയുള്ള ഉത്സവാഘോഷങ്ങളുമൊക്കെയാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും ധരിച്ചിരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണെന്നതിൽ സംശയമില്ല, പക്ഷേ ഹിന്ദുമതം ഇതൊന്നുമല്ല.* 

*ലോകക്ഷേമത്തെ ഉദ്ദേശിച്ചുള്ള വേദോപനിഷത്തുക്കളിലെ നിസ്വാർത്ഥമായ ആർഷഭാരത ഋഷിദർശനങ്ങളിലാണ് ഹിന്ദുമതമെന്ന മഹനീയസൗധം കെട്ടിപ്പടുത്തിരിക്കുന്നത്  വിവേകബുദ്ധിയിലാണ്, വികാരത്തിലല്ല ഈ ദർശനങ്ങളെല്ലാം നിലകൊള്ളുന്നതെന്നതിനാൽ ഇതെല്ലാം തന്നെ തീർത്തും യുക്തിസഹവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ സിദ്ധാന്തങ്ങളാണ്.  സർവ്വചരാചരങ്ങൾക്കുള്ളിലും അവയുടെയൊക്കെ ചൈതന്യമായി ഈശ്വരൻ വസിക്കുന്നു എന്നതാണ് ഈ സിദ്ധാന്തം സമർത്ഥിക്കുന്നത്.* 

*ഹൈന്ദവദർശനശാസ്ത്രപ്രകാരം ഭഗവാനും ചിന്താശക്തിയുള്ള മനുഷ്യനും ഇടയിൽ ഒരേ ഒരു വ്യത്യാസമേയുള്ളൂ. അത് മനുഷ്യനിലെ അഹന്തയാണ്. അതായത്, മനുഷ്യനിൽ നിന്നും അഹന്തയെ എടുത്തു മാറ്റിയാൽ അത് ഭഗവാനാകും. അതേ, മനുഷ്യനിലെ ഞാനെന്നും എന്റെയെന്നുമുള്ള അഹങ്കാരത്തെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളത് ഭഗവാൻ മാത്രം. ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ ഒന്നിലേറെ സന്ദർഭങ്ങളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.*

*എങ്ങിനെയാണ് അഹന്തയെ വെടിഞ്ഞു ഭഗവാനെക്കാണാൻ കഴിയുക? വിഷമിക്കേണ്ടതില്ല. ഭഗവാനെ നിർവചിച്ച അതേ തത്വദർശികൾ തന്നെ അതിനുള്ള വഴിയും കണ്ടുപിടിച്ചു പറഞ്ഞുതന്നിട്ടുണ്ട്. വിവേചനശക്തിയുള്ള സ്വന്തം ബുദ്ധി (ജ്ഞാനയോഗം) ഉപയോഗിച്ചും, സ്വാർത്ഥലേശമില്ലാത്ത കർമ്മത്തിലൂടെയും (നിഷ്ക്കാമ കർമ്മം-കർമ്മയോഗം) പൂർണ്ണസമർപ്പണത്തിലൂടെയും (ഭക്തിയോഗം) അഹന്തയെ നിർമ്മാർജ്ജനം ചെയ്ത്, മനുഷ്യന് ഈശ്വരനാകാൻ കഴിയുമെന്നു ഭഗവത് ഗീത പറയുന്നു. തന്റെയുള്ളിലെയും അപരന്റെയുള്ളിലെയും ഈശ്വരനെക്കാണാൻ ആഗ്രഹമുള്ളവർ, ഇതിലേതെങ്കിലും പാത പിന്തുടരുകയേ വേണ്ടൂ. ഇങ്ങനെ ഈശ്വരനെക്കാണാനായാൽ താനും അപരനും ഒന്നാണെന്ന ബോധ്യം വരും. ഈ ലോകത്തിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം 'ഞാനും നീയും എന്റെയും നിന്റെയും' എന്ന ഭേദഭാവമാണല്ലോ? അതില്ലാത്ത ഒരു ലോകം ഭാവനയിലെങ്കിലും ഒന്നു കണ്ടു നോക്കൂ? അതാണ് ഹിന്ദുമതം വാഗ്ദാനം ചെയ്യുന്നത്.*

*തുടരും........*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190902

No comments:

Post a Comment