Monday, September 23, 2019

അപരോക്ഷാനുഭൂതി - 92

   പ്രാരബ്ധാനുഭവമൊന്നും ജ്ഞാനിയെ അശേഷം വ്യാകുലപ്പെടുത്തുന്നില്ലെന്ന് യുക്തിയുക്തം സമർത്ഥിക്കുകയാണിനി തൊണ്ണൂറ്റൊൻപതാം പദ്യം വരെ.

   ഉത്പന്നേപ്യാത്മവിജ്ഞാനേ
   പ്രാരബ്ധംനൈവ മുഞ്ചതി
   ഇതിയച്ഛ്രൂയതേ ശാസ്ത്രാ-
   ത്തന്നിരാക്രിയതേऽധുനാ   (90)

    ആത്മജ്ഞാനം വന്നു കഴിഞ്ഞ ശേഷവും പ്രാരബ്ധം വിട്ടുപോകുന്നില്ല തന്നെ. വേദാന്തശാസ്ത്രത്തിൽ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നത് എന്താണോ അത് ഇപ്പോൾ വിശദമാക്കപ്പെടാൻ പോകുന്നു.

തന്നിരാക്രിയതേऽധുനാ

      ഇവിടെ അതു നിരാകരിക്കപ്പെടാൻ പോകുന്നു. നിരാകരിക്കുക എന്നതിനു പാടെ തള്ളിക്കളയുക എന്നല്ല താല്പര്യം. അതിന്റെ പൊരുൾ വിശദമായി പ്രതിപാദിക്കപ്പെടാൻ പോകുന്നു എന്നാണു താല്പര്യം. ഏതിന്റെ പൊരുൾ? ആത്മജ്ഞാനം വന്നു കഴിഞ്ഞ ശേഷവും പ്രാരബ്ധം വിട്ടു പോകുന്നില്ല എന്നു ശാസ്ത്രം പറഞ്ഞിരിക്കുന്നതിന്റെ പൊരുൾ. ശാസ്ത്രം എവിടെയാണതു പറഞ്ഞിരിക്കുന്നത്?  ബ്രഹ്മസൂത്രം നാലാമദ്ധ്യായം ഒന്നാംപാദം പത്തൊമ്പതാം സൂത്രത്തിലാണിതു പറഞ്ഞിരിക്കുന്നത്. അവിടെ സൂത്രകാരനായ വ്യാസനും ഭാഷ്യ കാരനായ ശങ്കരനും പ്രാരബ്ധാനുഭവരഹസ്യം വ്യക്തമാക്കിയിട്ടുണ്ട്. അതിവിടെ വെളിപ്പെടുത്താനാണുദ്ദേശിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments:

Post a Comment