Wednesday, September 25, 2019

അപരോക്ഷാനുഭൂതി - 94

     ഇനിയും ജ്ഞാനം കൊണ്ടു കർമ്മവും ആത്മാവും എങ്ങനെയാണ് വേർതിരിയുന്നതെന്നു കേട്ടോളൂ. പറയാം.

 കർമ്മജന്മാന്തരകൃതം
പ്രാരബ്ധമിതി കീർത്തിതം
തത്തുജന്മാന്തരാഭാവാത്
പുംസോനൈവാസ്തികർഹിചിത്
                                                (92)

   മറ്റൊരു ജന്മത്തിൽ സഞ്ചയിച്ചു വെച്ച കർമത്തെയാണ് പ്രാരബ്ധം എന്നു പറയുന്നത്. അതാകട്ടെ ആത്മാവിന് മറ്റൊരു ജന്മമില്ലാത്തതുകൊണ്ട് ഒരിടത്തുമില്ല തന്നെ.

നൈവാസ്തികർഹിചിത്

    ഒരിടത്തും ഇല്ലതന്നെ. എന്ത് ?  പ്രാരബ്ധകർമ്മം. മറ്റൊരു ജന്മത്തിൽ സഞ്ചയിക്കുന്ന കർമ്മത്തെയാണല്ലോ പ്രാരബ്ധമെന്നു പറയുന്നത്. അതാത്മാവിന് ഒരിക്കലും സംഭവിക്കുകയില്ല. ദേഹത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുന്നതാണല്ലോ ആത്മജ്ഞാനം. അതോടെ കർമ്മവും ദേഹവും തികച്ചും ഇല്ലാത്ത ഭ്രമങ്ങളാണെന്നു തെളിയുന്നു. പരമകാരണമായ ബോധാത്മാവാകട്ടെ നിത്യമുക്തശുദ്ധബുദ്ധ സ്വഭാവനാണെന്നും തെളിയുന്നു. ആത്മാവ് ഇന്നുവരെ ജനിച്ചിട്ടില്ല. ഇനിയൊരിക്കലും ജനിക്കുകയുമില്ല എന്നാണു വ്യക്തമായ അനുഭവം. അങ്ങനെയുള്ള ആത്മാവിനു മറ്റൊരു ജന്മമെവിടെ? ജന്മമേ ഇല്ലെങ്കിൽ പിന്നെ മറ്റൊരു ജന്മത്തിൽ സഞ്ചയിച്ച കർമ്മമെവിടെ? അതുകൊണ്ട് കർമ്മ സ്പർശമില്ലാത്ത ആത്മാവിന് ഒരിക്കലും പ്രാരബ്ധത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments:

Post a Comment