Thursday, September 05, 2019

അനേകം ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും ഭാഗവതത്തിന് സമൂഹത്തില്‍ ഇത്രയും പ്രചാരം കിട്ടാന്‍ കാരണം അതിന്റെ മാധുര്യമാണ്. വേദമാകുന്ന കരിമ്പിന്റെ രസമാണ് ഭാഗവതമെന്നാണ് പറയാറ്. നമുക്ക് ഏറ്റവും പ്രിയമുള്ള ആഹാരം ഏറ്റവും ഫലപ്രദമായ ഔഷധം കൂടിയായാല്‍ അതിന്റെ മൂല്യം കൂടുമല്ലോ. അതുപോലെ ഭാഗവതം നമ്മെ ആകര്‍ഷിക്കുകയും വശീകരിക്കുകയും മാത്രമല്ല അത് നമ്മെ ശുദ്ധീകരിക്കുകയും അനുഭൂതിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും.  ഭഗവാന്റെ പ്രത്യക്ഷരൂപം തന്നെയാണ് ഭാഗവതം.
നമ്മളില്‍ പലരും ദുഃഖം വരുമ്പോള്‍ ഈശ്വരനെ വിളിക്കും. ദുഃഖം മാറുമ്പോള്‍ ഈശ്വരനെ മറക്കുകയും ചെയ്യും. ആഗ്രഹങ്ങളെ മുന്‍നിര്‍ത്തിയാണ് അവരുടെ ഭക്തി, ഭഗവാനിലല്ല ആഗ്രഹങ്ങളിലാണ്  ശ്രദ്ധ. ഇതിനേക്കാള്‍ അല്‍പം കൂടി ഉയര്‍ന്ന തലത്തിലുള്ള ഭക്തിയുണ്ട്. അതില്‍ ഭഗവാനോടു ബന്ധമുണ്ടാകും. ജപം, കീര്‍ത്തനം തുടങ്ങിയവയില്‍ നിഷ്ഠയുണ്ടാകും. പക്ഷേ ശരിയായ ജ്ഞാനമുണ്ടാവില്ല. ജീവിതത്തില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ ഭക്തി നഷ്ടപ്പെട്ടെന്നും വരാം. എന്നാല്‍ ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം  മറ്റുള്ള ആഗ്രഹങ്ങളെക്കാള്‍ തീവ്രമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്തി നമ്മളില്‍ ഉണര്‍ന്നതായി പറയാന്‍ കഴിയു. 
ഏതുതരത്തിലുള്ളതായാലും ശരി, ഭക്തി അമൂല്യമാണ്, അത് മഹത്തായ സമ്പത്താണ്. കാരണം ഹൃദയത്തില്‍ അല്‍പമെങ്കിലും താല്‍പര്യം ഭഗവാനോടു തോന്നിയാല്‍ ക്രമേണ അതു വളര്‍ന്ന് നമ്മെ ശുദ്ധീകരിക്കും. അങ്ങനെ മനോമാലിന്യങ്ങളെല്ലാം അകന്ന് ഈശ്വരാനുഭൂതി ഉണ്ടാകുകയും ചെയ്യും.
ഭഗവാന്റെ കഥകളിലൂടെ, അനേകം ഭക്തന്മാരുടെ കഥകളിലൂടെ ഭക്തിയുടെ നിരവധി തലങ്ങളും മുഖങ്ങളും ഭാഗവതം നമുക്കു കാട്ടിത്തരുന്നു. പരീക്ഷിത്തിന് ജീവിതത്തില്‍ ഒരു വലിയ തിരിച്ചടി നേരിട്ടപ്പോള്‍ അദ്ദഹത്തിന്റെ ഭക്തിയും വിശ്വാസവും നഷ്ടമായില്ല. നേരേമറിച്ച് മരണം മുന്നില്‍ കണ്ടപ്പോള്‍ തീവ്ര വൈരാഗ്യം ഉണര്‍ന്ന് ഈ ലോകത്തെ തന്നെ മറന്ന്  ശ്രദ്ധ ഭഗവാനില്‍ തന്നെ ഉറച്ചു. ഭാഗവത ശ്രവണത്തിലൂടെ  വെറും ഏഴു ദിവസംകൊണ്ട് ജീവിതത്തിന്റെ പരമമായ സാഫല്യം നേടി. ഏതു ഭാവത്തില്‍, എത്രമാത്രം ശ്രദ്ധയോടെ ഭാഗവതം കേള്‍ക്കണമെന്ന് അദ്ദേഹം നമുക്കു കാട്ടിത്തരുന്നു.
ഗോപികള്‍ക്ക്, കൃഷ്ണനോടുള്ള ശരീരികമായ ആകര്‍ഷണത്തിലാണ് ഭക്തി ആരംഭിച്ചത്. എന്നാല്‍ ആ ആകര്‍ഷണം എല്ലാ വാസനകളെയും മനോമാലിന്യങ്ങളെയും ഭസ്മമാക്കുന്ന പ്രേമഭക്തിയായി വളര്‍ന്നു. അങ്ങനെ പ്രേമഭക്തിയുടെ പരമമായ മാതൃകയായിത്തീര്‍ന്നു അവര്‍. കുന്തിയിലാകട്ടെ ഓരോ ദുഃഖാനുഭവങ്ങളിലും കൂടുതല്‍  തീവ്രമാകുന്ന ഭക്തി നമുക്ക് കാണാം. പ്രതികൂല സാഹചര്യങ്ങളെ ഭഗവാനെ സ്മരിക്കാനുള്ള അവസരമായി അവര്‍ സ്വാഗതം ചെയ്തു. കുചേലനാകട്ടെ ഭക്തിയുടെ ലഹരിയില്‍ തന്റെ എല്ലാ ആഗ്രഹങ്ങളും  പാടേ മറന്നുപോകുകയാണ് ചെയ്തത്. സാധാരണ കണ്ടുവരുന്ന സുഹൃത്ബന്ധം ശിഷ്യത്വമായി പിന്നീട് സമര്‍പ്പണമായി വികസിക്കുന്നത് അര്‍ജ്ജുനനില്‍ നമുക്കു കാണാം. കടലുപോലുള്ള പ്രശ്‌നങ്ങളുടെ നടുവിലും അല്‍പംപോലും പതറാത്ത വിശ്വാസത്തിന്റെയും ഭക്തിയുടെയും ഉത്തമ ഉദാഹരണമാണ് പ്രഹ്‌ളാദന്‍. ഇങ്ങനെ ഭക്തിയുടെ എത്രയെത്ര മുഖങ്ങളാണ് ഭാഗവതം നമുക്കു മുന്‍പില്‍ നിരത്തുന്നത്.
ഭാഗവതം വായിക്കുന്നതും കേള്‍ക്കുന്നതും ഭക്തിയോടെയും ശ്രദ്ധയോടെയും ആയിരിക്കണം. അല്ലാതെ കേവലം വഴിപാടുപോലെ ആകരുത്.  ഉപജീവനം ലക്ഷ്യമാക്കിയും ആകരുത്. 
വളരെ നന്നായി ഭാഗവതകഥ പറയുന്ന ഒരു ആചാര്യന്‍ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ചെന്ന് സപ്താഹം നടത്തും. അങ്ങനെ കിട്ടുന്ന ദക്ഷിണകൊണ്ടാണ് ജീവിതം നയിച്ചുവന്നത്. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു, ''നമ്മുടെ രാജാവ് ഭാഗവത പാരായണത്തിലും ശ്രവണത്തിലും വലിയ താല്‍പര്യമുള്ള ആളാണ്. അദ്ദേഹത്തെ  കണ്ടാല്‍ എല്ലാ ദാരിദ്ര്യവും മാറും.''  അദ്ദേഹം കൊട്ടാരത്തില്‍ ചെന്ന് രാജാവിനോടു പറഞ്ഞു. ''തിരുമനസ്സേ, അങ്ങ് ഭാഗവതം കേള്‍ക്കുന്നതില്‍ താല്‍പര്യമുള്ള ആളാണല്ലോ. അങ്ങേയ്ക്കുവേണ്ടി ഞാനൊരു സപ്താഹം നടത്താം.''  രാജാവ് ദേഷ്യത്തോടെ പറഞ്ഞു. ''കടന്നുപോകൂ... എനിക്കു നിങ്ങളുടെ ഭാഗവതമൊന്നും കേള്‍ക്കേണ്ട.'' അപമാന ഭാരത്താല്‍ അയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഒരു തീരുമാനമെടുത്തു. സപ്താഹം നടത്താന്‍ ഇനി എവിടെയും പോകുന്നില്ല.  കേള്‍ക്കാന്‍ ആരുമില്ലെങ്കിലും വീട്ടില്‍ വച്ചുതന്നെ ഭാഗവതം വായിക്കും. അങ്ങനെ, ഭക്തിയോടെ ഭാഗവതം വായിക്കാന്‍ തുടങ്ങി.  അന്ന് ആദ്യമായി അദ്ദേഹത്തിന്റെ ഹൃദയം അലിഞ്ഞു. ഒരാനന്ദം ഉള്ളില്‍ അനുഭവപ്പെട്ടു. അങ്ങനെ എല്ലാദിവസവും വായന തുടര്‍ന്നു. ഓരോ ദിവസം കഴിയുന്തോറും  ആനന്ദം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഉള്ളില്‍ പൂര്‍ണ്ണ തൃപ്തിയായി. ഭഗവാന്‍ തന്റെ ഉള്ളില്‍ സദാ നിറഞ്ഞുനില്‍ക്കുന്നതുപോലെ അനുഭവപ്പെട്ടു. ഇതിനകം അദ്ദേഹത്തിന്റെ പാരായണം കേള്‍ക്കാന്‍ ആളുകള്‍ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് ഒരു ദിവസം രാജാവും എത്തി.  രാജാവ് അദ്ദേഹത്തെ നമസ്‌ക്കരിച്ച ശേഷം പറഞ്ഞു. അങ്ങ് ദയവായി കൊട്ടാരത്തില്‍ വന്ന് ഭാഗവതസപ്താഹം നടത്തണം.'' അപ്പോള്‍ അദ്ദേഹം പറഞ്ഞു. ''രാജാവേ അങ്ങേയ്ക്ക് എന്നെ ഓര്‍മ്മയില്ലേ? കൊട്ടാരത്തില്‍ നിന്നും മുമ്പൊരിക്കല്‍ ഇറക്കിവിട്ട അതേ ആള്‍ തന്നെയാണ് ഞാന്‍.'' അപ്പോള്‍ രാജാവ് പറഞ്ഞു. ''അതെനിക്കറിയാം. അന്ന് താങ്കള്‍ ഭാഗവതത്തിന്റെ യഥാര്‍ത്ഥ സാരം മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് താങ്കള്‍ അതില്‍ ജീവിക്കുകയാണ്.''
അറിവില്‍ നിന്ന് അനുഭൂതിയിലേക്ക് നമ്മള്‍ ഉയരണം. ഹൃദയപൂര്‍വ്വം ഭാഗവതം വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍  തീര്‍ച്ചയായും അതിനു സാധിക്കും. അതിനുള്ള ദിവ്യമായ ശക്തി ഭാഗവതത്തിനുണ്ട്.

No comments:

Post a Comment