Friday, September 27, 2019

🌷 *ദ്വാരകാപുരിയുടെ പുണ്യത്തിലേയ്ക്ക്....*
🙏🌹🌺🌸💐🌹🙏
        🌹  *ഹരേ കൃഷ്ണാ* 🌹 യാത്രയുടെ മൂന്നാം ദിവസം. അത് എടുത്തു പറയേണ്ടത് തന്നെയാണ്.  മൂന്നു ദിവസത്തെ യാത്രയിലെ ഏറ്റവും മഹത്തായ ദിവസം. ഏറ്റവും സന്തോഷവും ഭാഗ്യവും നിറഞ്ഞ ദിവസം. മറക്കാനാവാത്ത ദിവസം. ഈ ദിവസം ആദ്യം സോമനാഥക്ഷേത്രത്തിലേയ്ക്ക്.... സുവർണ്ണപുരി തന്നെ. ക്ഷേത്രപ്രവേശനത്തിന് മൊബൈൽ ബാഗ് ഇവ ഒന്നും അനുവദനീയമല്ല. കൈയ്യിൽ ഒതുങ്ങുന്ന മണിപേഴ്സ് മാത്രം. അകത്തേയ്ക്ക് പോകുമ്പോൾ പൂമാല വില്ക്കുന്നവർ എതിരെ എത്തി. അവരിൽ നിന്നും പൂമാല വാങ്ങി ദർശനത്തിന്.  സ്വർണ്ണം പൂശിയ രണ്ടു നടകൾക്ക് ഇപ്പുറം  പൂമാല സമർപ്പിച്ചു. അവിടെ ഒരു ഭരണിപോലയുളള ആകൃതിയിൽ ഒരു പാത്രം . ആ പാത്രത്തിൽ ഗംഗാ ജലം ഒഴിക്കുമ്പോൾ അകത്തെ ശിവലിംഗത്തിൽ ആ ജലം അഭിഷേകം ആകും. പല ഭക്തരും അഭിഷേകം ചെയ്യുന്നതു കണ്ടു.  സോമനാഥേശ്വരനെ തൊഴുതു പുറത്തിറങ്ങി.  ചുറ്റും അലയടിക്കുന്ന കടൽ. കടൽക്കരയിലെ കൊച്ച് റോഡിൽ റോന്ത് ചുറ്റുന്ന പോലീസ്. ക്ഷേത്രത്തിലെ നടപ്പന്തലിൽ സ്ഥാപിച്ചിട്ടുള്ള ടെലിസ്കോപ്പിലൂടെ നോക്കിയാൽ കടലിലെ ശിവലിംഗം കാണാം എന്ന് പറഞ്ഞു.  നോക്കി, സത്യം പറഞ്ഞാൽ ആദ്യം നോക്കിയപ്പോൾ ഞാൻ യാതൊന്നും കണ്ടില്ല. വീണ്ടും ശ്രദ്ധയോടെ നോക്കിയപ്പോൾ ദൂരെ അവ്യക്തമായ രൂപം കണ്ടു.  നടപന്തലിലെ ഒരു വശത്ത് 12 ജ്യോതിർലിംഗങ്ങളുടെ ചിത്രവും രൂപവും വിവരണവും. നല്കിയിട്ടുണ്ട്. അത് കണ്ടു പുറത്തിറങ്ങി പ്രസാദം ( ലഡു) വാങ്ങി.  അവിടുന്നു ഒരു ബോട്ടിൽ ഗംഗാജലവും വാങ്ങി.

              മെയിൻ ക്ഷേത്രത്തിന് അരികിൽ തന്നെ മൂലക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഞങ്ങൾ അവിടെ ദർശനത്തിനായി കയറി. ഞങ്ങൾ നടയിൽ എത്തിയപ്പോൾ അകത്ത് പൂജാസമയം. ഞാനും സജിതയും പ്രേമചേച്ചിയും മുന്നിൽ നിന്നു പൂജ നന്നായി തൊഴുതു. അവിടെ പൂജ നടത്തുന്ന കുടുംബത്തിന് ശ്രീകോവിൽ നിന്ന് തന്നെ പൂജ തൊഴാം. പൂജ കഴിഞ്ഞ ശേഷം ഭക്തരെ ശ്രീകോവിലിൽ കടത്തിവിടും. ഞങ്ങൾ നാമജപത്തോടെ കാത്തു നിന്നു. പൂജ കഴിഞ്ഞ് അകത്തു പ്രവേശിച്ചപ്പോൾ കൈയ്യിലിരുന്ന ഗംഗാ ജലം ഭഗവാന് അഭിഷേകം ചെയ്യുമോ എന്ന് സജിത പണ്ഡിറ്റിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളോട് നേരിട്ട് അഭിഷേകം ചെയ്തു കൊളളാൻ പറഞ്ഞു.  വളരെ സന്തോഷത്തോടെ ഭക്തിയോടെ ഞങ്ങൾ കൈയ്യിലെ ഗംഗാജലം ശിവലിംഗത്തിൽ അഭിഷേകം ചെയ്തു.  അത് ഒരു വല്ലാത്ത അനുഭൂതി തന്നെയായിരുന്നു.  ഭഗവാൻ സോമനാഥന് അഭിഷേകം ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യം തന്നെ.. . കൃഷ്ണാ... ഈ ജന്മം സഫലമായപോലെ... 


       അവിടുന്നു നേരെ ത്രിവേണി സംഗമത്തിലേയ്ക്ക്. മൂന്നു നദികളുടെ സംഗമം. ഒരു ഭാഗത്ത് കടലും. നദീ തീരങ്ങളിൽ ധാരാളം സ്നാനഘട്ടങ്ങൾ . ഓരോ സ്നാനഘട്ടങ്ങൾക്കും ഓരോ മഹർഷിമാരുടെ പേരുകൾ നല്കിയിരിക്കുന്നു. ഇവിടെ ഒരു ക്ഷേത്രം കണ്ടു. അവിടെ വളരെ വിചിത്രമായ ഒരു ചടങ്ങും. അവിടെ ഒരു കല്യാണത്തിനുളള ആളുണ്ട്. അതെ അവിടെ ഒരു വിവാഹം നടക്കുകയാണ്. വിചിത്രമായ വിവാഹം.  വിവാഹത്തിനു മുൻപ് മരണപ്പെട്ടുപോയ ഒരു ഇരുപത്തിനാലുകാരന്റെ ആത്മാവിന് ശാന്തി കിട്ടാൻ ആത്മാവിന്റെ കല്യാണം നടത്തുകയാണ്. പശുവിനെയും കുട്ടിയെയും ഉപയോഗിച്ച് ആണത്രേ കർമ്മങ്ങൾ നടത്തുക ഇവിടെ അത് ഇല്ലാത്തതുകൊണ്ട് ഒരു പ്രത്യേക ഫലമാണ് കർമ്മത്തിനായ് ഉപയോഗിച്ചിരിക്കുന്നു. ലക്ഷ്മീനാരായണ പൂജ എല്ലാം നടക്കുന്നു. ഒരു കല്യാണസദ്യ മധുരപദാർത്ഥങ്ങൾ ഉൾപ്പെടെ ഒരുങ്ങുന്നുണ്ട്. മരിച്ച ആത്മാവ് വന്നതാണെന്ന് പറഞ്ഞു ഒരാൾ സംസാരിക്കുന്നുണ്ട്.  അതിവിചിത്രമായ ഒരു ആചാരം.

      അവിടുന്നു ഞങ്ങൾ പോയത് ശങ്കരാചാര്യർ തപസ്സ് ചെയ്ത ഗുഹ കാണാനാണ്.  ഗുരു ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ദ്വാരകമഠം അവിടേയ്ക്ക് ആയിരുന്നു യാത്ര. ശാന്തമായ സ്ഥലം. ശിവഭഗവാനെ തൊഴുത് ഗുഹയുടെ ഉളളിലേയ്ക്ക് കടന്നു. വളരെ ഇടുങ്ങിയ വഴി ഇരുന്നു മാത്രം  ഇറങ്ങാൻ കഴിയുന്ന ഒരു ചെറിയ ഗുഹ. ഗുഹയ്ക്കകം ഒരു കുഞ്ഞു കുട്ടിക്ക് നിവർന്ന് നില്ക്കാൻ മാത്രം പൊക്കം ഉളളതായിരുന്നു. ഗുഹയ്ക്കുളളിൽ ഇരുന്നിറങ്ങാൻ മാത്രമേ കഴിയൂ. അവിടെ ഒരു പണ്ഡിറ്റ് ഇരിക്കുന്നുണ്ടായിരുന്നു. ഗുരു ശങ്കരാചാര്യരും ആദ്യ നാലു മഠാധിപതികളുടെയും പ്രതിമ ആ ഗുഹയിൽ സ്ഥാപിച്ചിട്ടുണ്ട്.  പണ്ഡിറ്റ് ശങ്കരാചാര്യർ ഗുരുവിനെ കുറിച്ച് വിശദീകരിച്ചു തന്നു.  ആ അന്തരീക്ഷം വളരെ ശാന്തമായിരുന്നു. ...


       അവിടുന്നു  ഭഗവാന്റെ സ്വർഗ്ഗാരോഹണം നടന്ന സ്ഥലത്താണ് ഞങ്ങൾ എത്തിയത് . ആ സായാഹ്നം ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു. അവിടെ ആദ്യം ഗീതാമന്ദിർ. ഗീതാ മന്ദിറിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം അതിമനോഹരമായിരുന്നു. അങ്ങനെ പറഞ്ഞാലും മതിയാകില്ല ഭഗവാന്റെ മുഖത്ത് നിന്നും മിഴികൾ മാറ്റാൻ സാധിക്കില്ല അത്ര സൗന്ദര്യം തുളുമ്പുന്നതായിരുന്നു. ആ പുഞ്ചിരിക്കുന്ന മുഖം എത്ര കണ്ടിട്ടും മതിയാകില്ല. ഗീതാമന്ദിറിൽ നിമിഷങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. ഋതകൃഷ്ണയുടെ നേതൃത്വത്തിൽ ഗുരുവന്ദനവും എല്ലാ അംഗങ്ങളും ഹരേ കൃഷ്ണാ നാമസങ്കീർത്തനം ചൊല്ലുകയും ഗുരുജി ഗീതയിലെ ഒരു ശ്ലോകം ചൊല്ലി വിശദീകരിക്കുകയും ചെയ്തു. അവിടെ അനേകം ചെറിയ ചെറിയ ക്ഷേത്രങ്ങൾ അവിടെ എല്ലാം അകത്തു കയറി വിഗ്രഹം സ്പർശിച്ചു തൊഴാനും കഴിഞ്ഞു.


       അവിടെ ഒരു മണ്ഡപത്തിൽ ഭഗവാന്റെ തൃപാദങ്ങൾ.  കൃഷ്ണാ... അവിടുത്തെ തൃപാദങ്ങൾ തൊട്ട് തൊഴാൻ കഴിഞ്ഞല്ലോ.. ഭഗവാനേ സുകൃതമീ ജന്മം. കൃഷ്ണാ ജീവിതത്തിലെ സൗഭാഗ്യം തന്നെ അത്. എല്ലാവരും ഭഗവാന്റെ പാദം വന്ദിച്ചു.  ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലമാണ് ഈ പാദം പതിഞ്ഞസ്ഥലം. ഭഗവാന്റെ സ്വർഗ്ഗാരോഹണ സമയം ഇംഗ്ലീഷ് കലണ്ടറുടെ അടിസ്ഥാനത്തിലും അവിടെ രേഖപ്പെടുത്തിയിരുന്നതിനാൽ മനസ്സിലാക്കാൻ കഴിഞ്ഞു.  3012 BC ഫെബ്രുവരി 18.. സമയം 2 : 27 : 30.  ഈ സ്ഥലത്തെ നീജധാമം എന്നാണ് പറയുന്നത്.  അവിടെ ഒരു നദിയും ഉണ്ട്.  നമ്മൾ ആ നദിയിൽ ഇറങ്ങി.  ശേഷം കുറച്ചു അകലെ നില്ക്കുന്ന പഴകിയ ആൽമരത്തിനു ചുവട്ടിൽ എത്തി. ഇതാവുമോ ഭഗവാന്റെ കാലിൽ അമ്പ് തറച്ച സമയത്ത് ഭഗവാൻ ഇരുന്ന മരം. ..  വളരെ പഴക്കം ചെന്ന ഒരു മരമാണ്. അതിന് എതിർവശത്ത് ഒരു വലിയ ശിവലിംഗം . അവിടുന്നു തിരികെ നടക്കെ ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടം കണ്ടു. ഞാനും സജിതയും അവിടേയ്ക്ക് കയറി. അവിടെ വല്ലഭാചാര്യ എന്ന ഒരു ഗുരു തപസ്സു ചെയ്ത ഗുഹയും സോമനാഥഭഗവാന് ഭാഗവതം പറഞ്ഞു കൊടുത്ത സ്ഥലവും അവിടെ കാണാൻ കഴിഞ്ഞു.  അവിടെ കണ്ട യുവാവിനോട് ഞങ്ങൾ തിരക്കി. അവിടെ കണ്ട പഴക്കമുള്ള ആൽമരമാണോ ഭഗവാനെ വേടൻ അമ്പെയ്തപ്പോൾ ഭഗവാൻ ഇരുന്നതെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ഭഗവാന് അമ്പേറ്റത് ഒന്നര കിലോമീറ്റർ അകലെ ഭാൽകീ തീർത്ഥ് എന്ന സ്ഥലത്താണെന്നും അവിടുന്നു ഇതുവരെ ഭഗവാൻ എത്തിയെന്നും ആ പാദം പതിഞ്ഞ ഭാഗത്ത് വച്ചാണ് ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതെന്നും. ആ അറിവ് , ആ വ്യക്തി ഭഗവാന്റെ ഒരു ദൂതനെ പോലെ ഞങ്ങൾക്ക് ഭാൽകീതീർത്ഥിലേയ്ക്ക് ഒരു വഴികാട്ടിയായി. ഞങ്ങൾ വേഗം ഗുരുജിയുടെ അരികിൽ എത്തി ഭാൽകീതീർത്ഥിനെ കുറിച്ച് അറിഞ്ഞ വിവരം കൈമാറി,  അവിടെ പോകാനുള്ള ആഗ്രഹവും അറിയിച്ചു.  നമ്മുടെ യാത്ര പദ്ധതിയിൽ അത് ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഗുരുജി ഉടനെ തന്നെ അങ്ങോട്ട് പോകാം എന്ന് പറഞ്ഞു.  ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവറോട് അടുത്ത് ഭാൽകീതീർത്ഥ് പോകാമെന്ന് പറഞ്ഞു. കൃഷ്ണാ..  ഈ യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ മുതൽ ഭാൽകീ തീർത്ഥ് കാണാൻ മോഹിച്ചിരുന്നു അതികഠിനമായി. അവിടേയ്ക്ക് എത്തിക്കാൻ ഭഗവാൻ തന്നെ വഴി കാണിച്ചു.  കൃഷ്ണാ  ..


        ഭാൽകീ തീർത്ഥ്,  വൃക്ഷശിഖരത്തിലിരുന്ന ഭഗവാന്റെ പാദങ്ങളുടെ ഭംഗി കണ്ട് പക്ഷിയാണെന്ന് തെറ്റിദ്ധരിച്ച് ജര എന്ന വേടൻ അമ്പെയ്ത സ്ഥലം. ഭാൽകീ തീർത്ഥ് മന്ദിറിലേയ്ക്ക് കയറുമ്പോൾ തന്നെ ധാരാളം വൃക്ഷങ്ങൾ കാണാം.  അതും കാലപഴക്കം ചെന്ന വൃക്ഷങ്ങൾ.  ശ്രീകോവിലിൽ മുറിവേറ്റ കാൽ മറ്റേകാലിന് മീതെ വച്ച് ഇരിക്കുന്ന ഭഗവാനും, ഭഗവാനോട് മാപ്പപേക്ഷിക്കുന്ന വേടനും ഭഗവാനിരുന്ന വൃക്ഷവും കാണാം. കൂടെ ശിവലിംഗവും. ജീവസറ്റ ആ വൃക്ഷത്തെ പരിപാലിച്ച് സംരക്ഷിച്ചിരിക്കുന്നു. വേദനയിലും പുഞ്ചിരിക്കുന്ന ഭഗവാന്റെ മുഖം കാണാൻ എന്ത് മനോഹരമാണ്.  കൃഷ്ണാ... ആ മുഖത്ത് നോക്കി നിന്നുപോയി.  ഞങ്ങൾ എത്തിയത് സന്ധ്യാ ആരതി സമയമായിരുന്നു. യാത്രയുടെ അവസാന സന്ധ്യ, ദ്വാരകാനാഥന്റെ മുന്നിലെ അവസാനസന്ധ്യ , അപ്പോൾ ഭക്തിസാന്ദ്രമായ ആഹ്ലാദനിർഭരമായ ആ സന്ധ്യയിലെ ആ ആരതി ദർശനം വളരെ സന്തോഷം നല്കി.  സൗഭാഗ്യവും. ആ മനോഹര ആരാതി ഋത fb യിൽ  ലൈവ് വന്നു. ഗുരുജി പറഞ്ഞു ആരതി ഉഴിയുന്ന പണ്ഡിറ്റ് വളരെയധികം ഭക്തിയിൽ ലയിച്ച് ആ മാസ്മരികതയിലാണ് ആരതി ചെയ്യുന്നത്. ആരതി കഴിഞ്ഞു പ്രസാദം നല്കിയ  ശേഷം ആ പണ്ഡിറ്റ് ഭഗവാന്റെ മുറിവേറ്റ പാദങ്ങളിൽ തുളസീതീർത്ഥം ഒഴിച്ച് കഴുകി പാദങ്ങൾ മൃദുലമായി അമർത്തി നല്കുകയായിരുന്നു. എന്തോ എന്റെ മനസ്സിൽ ഒരു മോഹം. ഭഗവാന്റെ പാദത്തിലെ ഒരു പുഷ്പം വേണം. കണ്ണന്റെ ഒരു പൂമാലയും. അത്യാഗ്രഹമാകാം എങ്കിലും പണ്ഡിറ്റിനരികിൽ ചെന്ന് ഒരു പുഷ്പം ആവശ്യപ്പെട്ടു.  പ്രസാദം പുറത്തു നല്കി എന്നും അത്  വാങ്ങാൻ പറഞ്ഞ പണ്ഡിറ്റിനോട് ഞാൻ കേരളത്തിൽ നിന്നും വരികയാണ് എന്നും എനിക്ക് ഭഗവാന്റെ പാദത്തിലെ ഒരു പൂവു നല്കുമോ എന്നും ഞാൻ ചോദിച്ചു.  അദ്ദേഹം എന്നോട് 10 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു.  ഞാൻ ശരി എന്ന് പറഞ്ഞു ഗുരുജിയോട് വിവരം പറയാൻ പുറത്തിറങ്ങി.  അവിടെ ഗുരുജിയും എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഭഗവാന്റെ ആരതി തൊഴാൻ കഴിഞ്ഞ സന്തോഷം. ഗുരുജിയോട് ഞാൻ കാര്യം പറഞ്ഞു. വെയിറ്റ് ചെയ്യാമെന്ന് ഗുരുജി പറഞ്ഞു.  ഞാനും സജിതയും കൂടി വീണ്ടും ക്ഷേത്രത്തിനുളളിലേയ്ക്ക് പോയി. ഭഗവാനേ മനം നിറയെ കണ്ടു.  പണ്ഡിറ്റ് ഭഗവാന്റെ അലങ്കാരങ്ങൾ മാറ്റിത്തുടങ്ങി.  അദ്ദേഹം ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നുമുണ്ട്. പരീക്ഷണമാകുമോ? അറിയില്ല.  ഞങ്ങൾ അവിടെ തന്നെ നിന്നു.  ഒടുവിൽ അദ്ദേഹം പൂവുമായി എത്തി. ഞങ്ങൾക്ക് ഭഗവാന്റെ പാദത്തിലെ പൂവ് പ്രസാദമായി നല്കി.  അടക്കാനാകാത്ത സന്തോഷം തന്നെ ആയിരുന്നു അത്.  ശേഷം 2 കുട്ടയിലാക്കിയ അലങ്കാരപുഷ്പങ്ങൾ പുറത്തു കൊണ്ട് വച്ചു. അത് തൊട്ടു തൊഴാനും കണ്ണിൽ ചേർക്കാനും കുട്ടയോടെ തലയിൽ വച്ച് തിരിച്ചു വയ്ക്കുകയും ചെയ്യുന്നു അവിടെ കാത്തുനിന്ന ഭക്തർ. ഞങ്ങളും അങ്ങനെ തൊഴുതു. ശേഷം ഞങ്ങളുടെ സംഘാങ്ങൾക്ക് എല്ലാമായി കുറച്ചു പൂവ് ചോദിച്ചു.  എടുത്തു കൊളളാൻ അവർ പറഞ്ഞു.  കിട്ടിയതോ ഭഗവാന് ചാർത്തിയ പൂമാല. കൂടെ കുറച്ചു പൂവ്. അത് താഴെ വീഴാതെ ദുപ്പട്ടയിൽ കൊണ്ട് പോകാൻ അവർ പറഞ്ഞു.  ഞങ്ങൾ അതുപോലെ ദുപ്പട്ടയിൽ കൊണ്ട് വന്നു.  പൂമാല പങ്കുവയ്ക്കാൻ തുടങ്ങിയ എന്നോട് ഗുരുജി അരുത് എന്ന് പറഞ്ഞു.  പൂമാല എന്നോട് സൂക്ഷിക്കാനും മറ്റുളള പുഷ്പങ്ങൾ എല്ലാവർക്കും പങ്കു വയ്ക്കാനും ഗുരുജി പറഞ്ഞു. ഞാൻ അത് അങ്ങനെ തന്നെ ചെയ്തു.   ഗുരു ഭഗവാന്റെ പ്രത്യക്ഷ രൂപമാണ്.  ഭഗവാന്റെ കഴുത്തിലെ പൂമാലയ്ക്കും പാദത്തിലെ പൂവിനും മോഹിച്ച എനിക്ക് അത് നല്കിയ ഭഗവാൻ അത് പങ്കുവയ്ക്കണ്ട എന്ന് ഗുരുജിയെ കൊണ്ട് പറയിപ്പിച്ചതാവും. കൃഷ്ണാ....  ജീവിതം ധന്യമായ നിമിഷം. വൃന്ദാവനവും ദ്വാരകയും കാണാനും തൊഴാനും കഴിഞ്ഞത് തന്നെ ജന്മസാഫല്യം.

       അപ്പോഴും മനസ്സിൽ ഒരു ചെറിയ വിഷമം, ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലം കണ്ടു എങ്ങനെ മടങ്ങും. സപ്താഹത്തിനും സ്വർഗ്ഗാരോഹണം വായിച്ചു കഴിഞ്ഞാൽ ഭഗവാന്റെ ജനനം വായിക്കും. ഇനി എവിടെ ജനനം തൊഴുമെന്നായി സങ്കടം. ഭഗവാനേ സ്നേഹിക്കുന്നവരുടെ മനസ്സ് ഭഗവാൻ അറിയും.  പുറത്തു വന്നപ്പോൾ അവിടെ ഒരു മന്ദിരം. ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഒരു കെട്ടിടം. ഞങ്ങൾ അവിടേയ്ക്ക് പോയി. അത് ബ്രഹ്മകുമാരീസിന്റെ ആശ്രമമായിരുന്നു.  അവിടെ വെണ്ണതിന്നുന്ന കണ്ണനെ തൊട്ടിലാട്ടുന്ന വിഗ്രഹം.  കണ്ണനെ കുറച്ചു നേരം തൊട്ടിലാട്ടി. മനസ്സ് സന്തോഷത്താൽ നിറഞ്ഞു. 


      അങ്ങനെ വളരെ സന്തോഷം നല്കിയ മൂന്നാം ദിവസത്തോടെ ഞങ്ങളുടെ യാത്ര അവസാനിച്ചു.  അടുത്ത ദിവസം മടക്കയാത്ര..... കണ്ണാ.... എന്റെ കൃഷ്ണാ... നിന്റെ  ലീലകൾ അപാരം.  ഈ ജന്മം സഫലമായി. കൃഷ്ണാ... എന്നും നിന്റെ പ്രിയ ഗോപികയായി ഞാനും നിന്റെ ദാസിയായിടട്ടേ.... സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു. 👏👏👏👏 *ഹരേ കൃഷ്ണ*  🌹🌹🌹🌹🌹

          നന്ദി,  നമസ്കാരം.
✍  *കൃഷ്ണശ്രീ*
 🙏🌹🌺🌸💐🌹🙏

No comments:

Post a Comment