Thursday, September 26, 2019

*🎼സ്വപ്നം*

നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ ഒരു കാര്യം ഓർക്കണം. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് എല്ലാം സ്വപ്നമാണ് എന്നുള്ള ധാരണ ഉറപ്പിക്കണം. എല്ലാം എന്നു പറഞ്ഞാൽ ഒന്നും മാറ്റി വയ്ക്കാൻ പാടില്ല.  ജീവിതം ആകവേ ഒരു സ്വപ്നമാണ് എന്ന ധാരണയെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഉറങ്ങണം.

സ്വപ്നം ഉറക്കത്തിൽ അനുഭവിക്കുന്ന സാങ്കല്പിക അനുഭവങ്ങൾ മാത്രമല്ല. നിങ്ങൾ കണ്ണു തുറന്നിരിക്കുമ്പോഴും കാണുന്ന കാഴ്ചകളെല്ലാം സ്വപ്നങ്ങളാണ്.  ഉറക്കത്തിലും ഉണർവിച്ചം  സ്വപ്നം  ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. ജീവിതം നിർമ്മിച്ചിരിക്കുന്നത് സ്വപ്ന പദാർത്ഥം കൊണ്ടാണ്.  ഈയൊരു മനോഭാവത്തിൽ സുഷുപ്തിയെ പുൽകണം.  എല്ലാം സ്വപ്നമാണെന്നുള്ള ഓർമ്മയെ നിരന്തരമായി നിലനിർത്തണം. കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഗന്ധങ്ങളും  സ്പർശങ്ങളും രുചികളുമെല്ലാം സ്വപ്നസന്നിഭമാണ്. എല്ലാ അനുഭവങ്ങളും സ്വപ്നാനുഭവങ്ങളാണെന്നു വരികിൽപിന്നെ വിഷമിക്കേണ്ട ആവശ്യമില്ല.

മായ എന്നു പറയുന്നത് ഈ സങ്കൽപ്പത്തെയാണ്. ലോകം ഒരു പ്രാതിഭാസികമായ സത്തയാണ് എന്നു പറയുമ്പോൾ ലോകം വെറും മിഥ്യയാണെന്നുള്ള അർത്ഥത്തിൽ എടുക്കരുത്.  ലോകത്തിന് ലോകത്തിന്റെതായ സത്തയുണ്ട്. ഇത് നിങ്ങളെ സഹായിക്കാനുള്ള ഒരു ഉപായം മാത്രമാണ്.  അങ്ങനെ കരുതുമ്പോൾ ഒന്നും നിങ്ങളെ  അസ്വസ്ഥമാക്കുകയില്ല. സർവ്വവും സ്വപ്നമായി കരുതുമ്പോൾ പൊടുന്നനേ നിങ്ങൾ പുതിയൊരു  ലോകത്തിലേക്ക് പ്രവേശിക്കുന്നു. നിങ്ങൾ അവിടെയുണ്ട്. സ്വപ്നവും അവിടെയുണ്ട്.  എന്നാൽ വിഷമിക്കാനായി ഒന്നുംതന്നെയില്ല.

No comments:

Post a Comment