Thursday, September 12, 2019

🌻🌻🌻🌻🌻🌻🌻🌻🌻

*മഹാലക്ഷ്മി അഞ്ചായി പിരിഞ്ഞൊരു കഥയുണ്ട്.മഹാബലിയാണ് കഥാനായകൻ*

🌸🌸🌸🌸🌸🌸🌸🌸🌸
🌺🌺🌺🌺🌺🌺🌺🌺🌺
🦋🦋🦋🦋🦋🦋🦋🦋🦋

*മഹാബലിയേക്കുറിച്ചുള്ള അത്ര പ്രചാരമില്ലാത്ത ആ കഥയാണിന്ന്.*

ദേവാസുരയുദ്ധത്തിൽ മാറിമാറി ഇരുവശത്തും ജയം സംഭവിയ്ക്കാറുണ്ട്.

*മഹാബലി അസുരരാജാവായിരുന്ന കാലത്ത്, ദേവൻമാർ ബലിയോട് തോറ്റുകൊണ്ടേ ഇരുന്നു.*
സത്യ, ദാന, ധർമ്മങ്ങളിൽ ഉറച്ചുനിന്നു ജീവിയ്ക്കുന്ന മഹാബലിയെ, ഒരുതരത്തിലും ചതികളിൽ പെടുത്താനും പറ്റുന്നില്ല.

മൂന്നുലോകവും വെട്ടിപ്പിടിച്ച്, ബലി ഭരിയ്ക്കുന്ന സമയത്ത്, ദേവേന്ദ്രൻ മഹാവിഷ്ണുവിന്റെ സഹായത്തോടെ അസുരൻമാരെ തോൽപ്പിച്ചു.
എന്നാൽ, മഹാവിഷ്ണുവിന്റെ ഭക്തൻകൂടിയായിരുന്ന ബലിയെ വധിയ്ക്കാൻ ദേവേന്ദ്രന് കഴിഞ്ഞതുമില്ല.

യുദ്ധത്തിൽ തോറ്റ്, രാജ്യം നഷ്ടപ്പെട്ട മഹാബലിയെ മഷിയിട്ടുനോക്കിയാൽ കാണാനില്ല.

ദേവേന്ദ്രന് ഈ ജയത്തിലും ഉറങ്ങാൻ പറ്റാതായി.

*ബലി ചില്ലറക്കാരനല്ല. അതിശക്തനാണ്. വിഷ്ണുഭക്തനായ പ്രഹ്ളാദന്റെ പേരക്കുട്ടിയാണ്.*
*ശക്തരിൽ ശക്തനായ വിരോചനന്റെ മകനാണ്.*
ബലി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുനാൾ തിരിച്ചുവരും. യുദ്ധത്തിൽ ദേവൻമാരെ തോൽപ്പിച്ച്, തന്റെ സിംഹാസനം പിടിച്ചടക്കുകയും ചെയ്യും.

രാജ്യം കിട്ടിയിട്ടും ഉറക്കം കിട്ടാത്ത അവസ്ഥ.

'അയാളെ തപ്പിയെടുത്ത് കൊന്നുകളഞ്ഞാലേ തനിയ്ക്ക് സമാധാനമുണ്ടാവൂ.'

'ബലിയെ കൊല്ലുക' എന്നാലോചിച്ചപ്പോൾത്തന്നെ
അടിവയറ്റിലൊരു കാളൽ കയറി!
'പറ്റണ പണിയെപ്പറ്റി ആലോചിയ്ക്ക് മാഷേ!' എന്നാരോ പറയുന്നപോലെ തോന്നി ഇന്ദ്രന്.

'തോറ്റോടിയ ഒരാളെ പേടിച്ച്, ഇങ്ങനെ സിംഹാസനത്തിലിരുന്ന് വിറയ്ക്കുന്നത് എന്തൊരു നാണക്കേടാണ്!
ഇന്ദ്രപദമാണു പോലും!'
ഇന്ദ്രൻ ആത്മപുച്ഛത്താൽ നീറി.

ആരോടും മിണ്ടാതെ,
കറങ്ങാനിറങ്ങുകയാണെന്ന നാട്യത്തിൽ, തന്റെ വെള്ളക്കുതിരയുടെ പുറത്തുകയറി മൂന്നുലകും കറങ്ങിയടിച്ച് ഇന്ദ്രൻ മഹാബലിയെ തിരഞ്ഞു.

മായം കാട്ടി, ഒടിമറഞ്ഞ്, എവിടെയോ നിൽപ്പുണ്ട് എന്ന് മാത്രം ഇന്ദ്രന് പിടികിട്ടി.

തിരച്ചിൽ കഴിഞ്ഞ് നിരാശനായി ദേവലോകത്ത് തിരിച്ചെത്തിയപ്പോൾ കഥ മാറുകയും ചെയ്തു.
ലോകം മുഴുവൻ നോക്കിയിട്ടും എവിടെയും കാണാത്ത മഹാബലി ഇപ്പോൾ ചുറ്റും നിൽക്കുന്ന പോലെ!
ഓരോ നിഴലനക്കവും; തന്റെ സ്ഥാനം പിടിച്ചടക്കാൻ വരുന്ന ബലിയാണെന്ന തോന്നൽ!

ഊണും ഉറക്കവും അമൃതേത്തും നഷ്ടപ്പെട്ട് ഇന്ദ്രൻ മെലിഞ്ഞു. കിരീടം തലയിൽനിന്നും ഊരിവീഴുന്ന അവസ്ഥയായി.

*ബലിചിന്തയാൽ, പെട്ടു വട്ടത്തിരിഞ്ഞ ജീവിതവുമായി ദേവേന്ദ്രൻ ബ്രഹ്മാവിനടുത്തെത്തി.*

കണ്ടതും ബ്രഹ്മദേവൻ ചോദിച്ചു.
"എന്താ ഇന്ദ്രാ വല്ലാണ്ടെ !?
പനി പിടിച്ചോ?'

"പനി പിടിച്ചാലും
പന്നി പിടിച്ചാലും ഇതിലും ഭേദമല്ലേ ദേവാ..,
ഇത്, പേടിച്ച് പേടിച്ച് ആയിപ്പോയ കോലമാണ്.
ഓവിലിട്ടു വലിച്ചപോലായി ജീവിതം!"

"ആരെ പേടി!?
ശത്രുക്കൾ എല്ലാവരും തോറ്റോടി; ഇപ്പൊ, അങ്ങ് പരമസൗഖ്യത്തിലാണ് എന്നാണ് ഇന്നാള് കണ്ടപ്പൊ നാരദര് പറഞ്ഞത്. നാരദരാണെങ്കിലും പറഞ്ഞുകേട്ടപ്പൊ ഞാനത് വിശ്വസിയ്ക്കുകയും ചെയ്തു."ബ്രഹ്മാവ് ചെറുതായി അത്ഭുതപ്പെട്ടു.

"മൂപ്പര് പരിഹസിച്ചതാ.
മഹാബലി മരിച്ചിട്ടില്ലാട്ടോ.എപ്പൊ വേണമെങ്കിലും ഊരിപ്പിടിച്ച വാളുമായി ചാടി വീഴാം.
'നാരായണ നാരായണാ...'ന്നും പറഞ്ഞ്, ആ ചപ്ലാംകട്ടയിൽ കൊട്ടിപ്പാടിപ്പേടിപ്പിച്ചു പോയതാ എന്നെ!
അന്ന് തുടങ്ങിയ വിറയലാ. ഇതുവരെ മാറിയിട്ടില്ല."
ദേവേന്ദ്രൻ ഉള്ള സത്യം പറഞ്ഞു.

ബ്രഹ്മാവ്, ഇന്ദ്രന്റെ നെറ്റി തൊട്ടുനോക്കി.
'ഭാഗ്യം! പേടിപ്പനി ആയിട്ടില്ല!'

"എനിയ്ക്ക് ബലിയെ ഒന്ന് കാണിച്ചു തരാമോ?
അയാളെ വധിയ്ക്കാതെ എനിക്ക് മനസ്സമാധാനത്തോടെ ജീവിയ്ക്കാൻ പറ്റില്ല."
ഇന്ദ്രൻ തുടർന്നു.

ബ്രഹ്മാവ് ഉള്ളിലൊന്ന് ചിരിച്ചു.
"ഇന്ദ്രാ,
ബലി എവിടെയുണ്ടെന്ന് എനിയ്ക്കറിയാം.
പക്ഷേ, അദ്ദേഹത്തെ വധിയ്ക്കാനുള്ള അങ്ങയുടെ പദ്ധതി ഉപേക്ഷിച്ചുകൊള്ളൂ.
ഒന്നാമതായി, താങ്കളേക്കൊണ്ടത് പറ്റില്ല.
രണ്ടാമത്തെ കാര്യം;ശ്രമം പരാജയപ്പെട്ട് ഒടുവിൽ 'രക്ഷപ്പെടുത്തിത്തായോ...!' എന്നും പറഞ്ഞ്,  നിങ്ങൾ എന്റെ അടുത്തുതന്നെ വരും.
അപ്പൊ, ആ രക്ഷപ്പെടുത്തലും ഞാൻ തന്നെ ചെയ്യണ്ടേ!?
അതുകൊണ്ട് കടുംകൈ ഒന്നും ചെയ്യില്ലെന്ന് ഉറപ്പുതന്നാൽ ബലി എവിടെയുണ്ട് എന്ന് ഞാൻ പറഞ്ഞു തരാം .
*ചെല്ലുക, കാണുക, നല്ല രാജാവായിരിയ്ക്കാൻ എന്തൊക്കെ ചെയ്യണം എന്നതിൽ മഹാബലിയുടെ ഉപദേശം തേടുക.*
തയ്യാറാണോ?"

പിടിച്ചതിനേക്കാൾ വലുതാണല്ലോ മടയിൽ!
വീണ്ടും അപമാനം.

'ഒരു കാര്യം ചെയ്യാം. ബലിയെ ചെന്നുകണ്ട് എന്താണ് കക്ഷിയുടെ ഭാവിപരിപാടികൾ എന്നൊന്ന് അറിഞ്ഞുവരാം.
ഇനിയൊരു യുദ്ധത്തിനില്ലാ എന്നാണ് ബലിയുടെ തീരുമാനമെങ്കിൽ മനസ്സമാധാനം കിട്ടാൻ അതറിഞ്ഞാലും മതിയല്ലോ.'
ഇന്ദ്രന് ആശയമുദിച്ചു.

"തയ്യാർ.."
ഇന്ദ്രൻ ഏറ്റു .

ബ്രഹ്മാവ് പറഞ്ഞു.

*"ബലി, രാജ്യവും ഐശ്വര്യവുമെല്ലാം നഷ്ടപ്പെട്ടപ്പോൾ ഒരു കഴുതയുടെ രൂപമെടുത്ത് നിശ്ശബ്ദനായി കഴിയുകയാണ്.*
ആ വിശേഷപ്പെട്ട കഴുത എവിടെയുണ്ടെന്ന് താങ്കൾതന്നെ കണ്ടെത്തൂ."

അങ്ങനെ, ഇന്ദ്രൻ വീണ്ടും അന്വേഷണമാരംഭിച്ചു.

പെട്ടെന്ന്, *ഉച്ചൈശ്രവസ്സ്* എന്ന ഇന്ദ്രവാഹനമായ കുതിരയ്ക്ക് ഒരു ഭാവമാറ്റം!
'എന്താണാവോ?' എന്ന് ശ്രദ്ധിച്ച ഇന്ദ്രൻ, താഴെ ഒരു ഗുഹയുടെ മുന്നിൽ വളരെ ശാന്തനായി ഉമിയും തവിടും തിന്ന് ഒരു കഴുത നിൽക്കുന്നത് കണ്ടു.
ഒറ്റനോട്ടത്തിൽ കഴുതയിൽ തന്റെ കുതിരയ്ക്ക് തോന്നിയ പ്രത്യേകത ഇന്ദ്രനും തോന്നി. സാധാരണ കഴുതയല്ല!
ഒരുപക്ഷേ ഇതാവുമോ ബ്രഹ്മാവ് പറഞ്ഞ ആ ബലിക്കഴുത?

ഇന്ദ്രൻ കുതിരയെ താഴെയിറക്കി, കുറ്റിയിൽ തളച്ച് കഴുതയുടെ അരികിലെത്തി.

'അതെ.
ഇത് മഹാബലി തന്നെ!'
തന്റെ ശക്തനായ എതിരാളിയെ ഈ രൂപത്തിൽ കണ്ടതും;
ഉപദേശം വാങ്ങുന്ന കാര്യമൊക്കെ കാട്ടിൽകളഞ്ഞ് ഇന്ദൻ, ബലിയെ പരിഹസിച്ച് ചിരിയ്ക്കാൻ തുടങ്ങി.

"കഷ്ടമാണല്ലോ ചക്രവർത്തീ, അങ്ങയുടെ കാര്യം!
വിശിഷ്ടഭോജ്യമായി ഉമിയും തവിടും കാടിവെള്ളവും!!
കിട്ടിയ രൂപവും കൊള്ളാം!"

മഹാബലി നിസ്സംഗനായി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

ഇന്ദ്രൻ വീണ്ടും തുടർന്നു.
"ഞാൻ അങ്ങയെ വധിയ്ക്കാനായാണ് വന്നിരിയ്ക്കുന്നത്.
അതിനുമുമ്പ് ധീരനായ അങ്ങയുടെ കണ്ണിലെ മരണഭയം എനിയൊക്ക് കണ്ട് ആസ്വദിയ്ക്കണം എന്നുണ്ട്. ഒന്നെന്റെ മുഖത്തേയ്ക്ക് നോക്കൂ രാജാവേ!"

*മഹാബലി കുടികൊള്ളുന്ന കഴുത, രൂപംമാറി പഴയ ചക്രവർത്തിയായി ഇന്ദ്രന്റെ മുന്നിൽ നിന്നു.*

ആ പ്രൗഢിയ്ക്ക് മുന്നിൽ ഇന്ദ്രനൊന്നു വിറച്ചു!
ഭയം കാണാൻ വന്നവൻ ഭയന്നു തണുത്തു!

മഹാബലി പറഞ്ഞു.
"ഇന്ദ്രാ,
പറ്റുന്ന പണി എടുക്കുന്നതല്ലേ നല്ലത്!?
ഞാൻ കഴുതയുടെ രൂപത്തിലായതുകൊണ്ടാണ് അങ്ങെന്നെ ഇപ്പോൾ പരിഹസിച്ചത്.
എനിയ്ക്ക് യഥേഷ്ടം രൂപം മാറാൻ കഴിയും.
ഞാനൊരു ഭീകരരൂപം സ്വീകരിച്ചാൽ നിങ്ങളെന്റെ മുന്നിൽ നിൽക്കുകപോലുമില്ല.
പുറത്തെ വേഷം കണ്ട് ആളെ വിലയിരുത്തുന്നത് അപകടം വിളിച്ചുവരുത്തും.
കഴുതയേയും രാജാവിനേയും മനുഷ്യരേയും മൃഗങ്ങളേയും പക്ഷികളേയുമെല്ലാം ഒരേപോലെ കാണാൻ കഴിയുന്ന എനിയ്ക്ക് അങ്ങയോട് വിഷമമുണ്ട്.
പിന്നെ,
ചക്രവർത്തിപദം എന്നെ ഒരിയ്ക്കലും അഹങ്കാരി ആക്കിയിട്ടില്ല.
ഈ രൂപം സ്വീകരിയ്ക്കേണ്ടി വന്നതിൽ എനിക്ക് അപമാനബോധവും ഇല്ല.
ഇതെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങളാണെന്ന് എനിയ്ക്കറിയാം.
ദേവലോകം ആക്രമിയ്ക്കാനും അശ്വമേധം നടത്താനും ആവശ്യപ്പെട്ടത് എന്റെ ഗുരു ശുക്രാചാര്യരാണ്.
ചെയ്തില്ലെങ്കിൽ അത് ഗുരുനിന്ദയായി മാറും.
എന്റെ മുത്തശ്ശനും
ഗുരുവും വരെ എന്നെ തെറ്റിദ്ധരിച്ച് എന്നെ ശപിച്ചു കളഞ്ഞു.
അതിലും എനിയ്ക്ക് വിഷമമില്ല.
അതെന്റെ സമയം മോശമാകുമ്പോൾ സംഭവിയ്ക്കുന്നതാണ്.
എന്തിന്!
എന്റെ ദേവനായ മഹാവിഷ്ണുവിനേപ്പോലും എനിയ്ക്കെതിരെ പറഞ്ഞ് തിരിപ്പിയ്ക്കാൻ തത്ക്കാലത്തേയ്ക്കെങ്കിലും നിങ്ങൾക്കായല്ലോ.
ഇതെല്ലാം ഇനിയും മാറിമറിയും.
നിങ്ങളിപ്പോൾ എന്ത് ഭയന്നാണോ എന്നെ അന്വേഷിച്ചുവന്നത്;
അതുതന്നെ സംഭവിയ്ക്കും.
താങ്കളെ വെറും ധർമ്മബോധത്തിന്റെ ബലത്തിൽ തോൽപ്പിച്ച്, നിങ്ങളുടെ സിംഹാസനത്തിൽ ഒരുനാൾ ഞാനിരിയ്ക്കും.
പക്ഷേ, അന്നും ഞാൻ അഹങ്കരിയ്ക്കില്ല.കാരണം ആ അവസ്ഥയും മാറിമറിയുമെന്ന് എനിയ്ക്കറിയാം."

ഇന്ദ്രൻ പൂർണ്ണ പരാജയമാവുകയാണ്.

*ഈ സമയത്ത്, പെട്ടെന്ന്, മഹാബലിയുടെ ശരീരത്തിൽനിന്നും അതിസുന്ദരിയായ ഒരു സ്ത്രീ പുറത്തിറങ്ങിവന്നു.*

ഇന്ദ്രൻ അന്തംവിട്ടു നിൽക്കുകയാണ്‌.

'ഇനി മഹാബലി സ്ത്രീയായി മാറുകയാണോ!?
അല്ല !
ഇത് വേറെ ആൾ തന്നെയാണ്.'

സംശയം മാറ്റണമല്ലോ.
ചോദിച്ചു.
"ഭവതി ആരാണ്?"

*"ഞാനാണ് ഐശ്വര്യദേവതയായ മഹാലക്ഷ്മി.*
ഇത്രയുംകാലം ഞാൻ മഹാബലിയുടെ ശരീരത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
ദൈവങ്ങളെ പൂജിയ്ക്കുന്നതിനുപകരം ഇനി എന്നെമാത്രം പൂജിച്ചാൽ മതി എന്ന് മഹാബലി ഉത്തരവിട്ടത് എനിയ്ക്ക് ഈ ശരീരം വിട്ട് പോകാറായി എന്നതിന്റെ സൂചനയായിരുന്നു.
അഹങ്കാരം തരിമ്പെങ്കിലും ബാധിച്ചവരെ ഞാൻ ഒഴിഞ്ഞുപോകും.
മഹാബലിയ്ക്ക് ശേഷം, എനിയ്ക്ക് വസിയ്ക്കാൻ പറ്റിയ ശരീരം കിട്ടാതെ വിഷമിയ്ക്കുകയായിരുന്നു ഞാൻ.
ഇനി മുതൽ ഞാൻ അങ്ങയുടെ ശരീരത്തിൽ വസിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു."
ലക്ഷ്മീദേവി പറഞ്ഞു.

'കുടുങ്ങി!
തരിമ്പ് അഹങ്കാരത്തിനാണ് ഈ ഇറങ്ങിപ്പോക്കെങ്കിൽ നാഴികയ്ക്ക് നാൽപത്‌ വട്ടം എന്റെ ദേഹത്തുനിന്നും ഇറങ്ങിപ്പോകാനേ ലക്ഷ്മീദേവിയ്ക്ക് നേരം കാണൂ.'
ഇന്ദ്രൻ ആലോചിച്ചു

യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുതുടങ്ങിയ ഇന്ദ്രൻ, ലക്ഷ്മീദേവിയോട് വിനയത്തോടെ അറിയിച്ചു.
"ദേവീ, ദേവിയെ പൂർണ്ണമായും ഉൾക്കൊള്ളാൻ; മഹാബലിയേപ്പോലെ ഞാൻ മഹാനല്ല.
ദേവിയെ പൂർണ്ണഭാവത്തിൽ ഉൾക്കൊള്ളാൻ മഹാബലിയ്ക്ക് ശേഷം ആരുമുണ്ടായിട്ടില്ല; ഉണ്ടാവുകയുമില്ല.

*അതുകൊണ്ട് ദേവിയുടെ ഐശ്വര്യഭാവം അഞ്ചായി പിരിഞ്ഞ് പലരിലായി കുടികൊള്ളൂ."*

ദേവി ചോദിച്ചു.
"ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ മഹാബലിചക്രവർത്തിയുടെ സാന്നിദ്ധ്യത്തിൽ ദേവേന്ദ്രാ, അങ്ങ് പറയൂ... ഞാൻ ആരിലെല്ലാം കുടികൊള്ളണം ?"

ദേവേന്ദ്രൻ പറഞ്ഞു.
"ദേവീ,
മണ്ണിലും
ജലത്തിലും
അഗ്നിയിലും
സജ്ജനങ്ങളിലും
കുഞ്ഞുങ്ങളിലുമായി ദേവി കുടികൊള്ളൂ.
ഈ അഞ്ചുപേരെ ബഹുമാനിയ്ക്കുന്നവരെ ഐശ്വര്യങ്ങളാൽ അനുഗ്രഹിയ്ക്കൂ.
ഈ അഞ്ചുപേരെ ഉപദ്രവിയ്ക്കുന്നവരിൽനിന്നും ഐശ്വര്യം തുടച്ചുമാറ്റി അവരെ ശാപഗ്രസ്തരാക്കൂ."

*മഹാലക്ഷ്മി ഇത് സമ്മതിച്ച്, അഞ്ചായി പിരിഞ്ഞ്, ദേവേന്ദ്രൻ പറഞ്ഞ അഞ്ചിലായി കുടികൊണ്ടു.*

മഹാബലി ഇത്രയും ശക്തനാവാൻ കാരണമെന്താണെന്നും;
അദ്ദേഹം ഭരിച്ച നാട് ഇത്രയും ഐശ്വര്യപൂർണ്ണമാവാൻ കാര്യമെന്താണെന്നും മഹാലക്ഷ്മി പൂർണ്ണഭാവത്തിൽ കുടികൊണ്ട മഹാബലിയ്ക്കുമുന്നിൽ താനെത്ര നിസ്സാരനാണ് എന്നും ദേവേന്ദ്രൻ ഓർത്തുനിൽക്കെ, മഹാബലി വീണ്ടും കഴുതയുടെ രൂപത്തിലേയ്ക്ക് മാറി, നിസ്സംഗനായി, തന്റെ ലളിതഭക്ഷണത്തിലേയ്ക്ക് തിരിഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸
🌺🌺🌺🌺🌺🌺🌺🌺🌺
🦋🦋🦋🦋🦋🦋🦋🦋🦋

No comments:

Post a Comment