Wednesday, September 25, 2019

ഭാരതീയ തത്വചിന്തയിലെ അടിസ്ഥാനപരവും കാതലായതുമായ ഒന്നാണ് ശിവസങ്കൽപം. പരമമായ ശിവനെ അല്ലെങ്കിൽ ശിവമായതിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും തന്നെ അവശേഷിക്കുന്നില്ല. ശിവരഹസ്യം സാക്ഷാൽക്കരിക്കുക എന്നത് അല്പം ദുഷ്കരം തന്നെയത്രേ. എന്നാൽ ഒരൊറ്റ ഗ്രന്ഥത്തിന്റെ അദ്ധ്യയനത്തിലൂടെ ശിവരഹസ്യം സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ- ഋഭു ഗീത. :) ഒരു ലക്ഷം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ശ്രീ ശിവരഹസ്യത്തിന്റെ ശങ്കരം എന്ന ആറാം സർഗ്ഗമായാണ് ഋഭു ഗീത അവതരിക്കുന്നത്. പിതാവിന്റെ ധർമ്മമായ സൃഷ്ടി കർമ്മം ഏറ്റെടുക്കാതെ ഹിമാലയത്തിലെത്തി ഋഭു പരമശിവന്റെ തൃപ്പാദങ്ങളിൽ അഭയം പ്രാപിക്കുന്നു. ഋഭുവിന്റെ ഭക്തിയിൽ സന്തുഷ്ടനായ മഹാദേവൻ ഋഭുവിന് ആത്മ വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. പിന്നീട് ശിവരഹസ്യമറിയാൻ താല്പര്യം പ്രകടിപ്പിച്ച നിദാഘ മഹർഷിക്ക് ഋഭു ഈ അറിവ് ഉപദേശിച്ചു കൊടുക്കുന്നു. ഒടുവിൽ ശിവ മഹാ രഹസ്യം ഗ്രഹിച്ച നിദാഘൻ ഉദ്ഘോഷിക്കുകയാണ്-"പൂർണോഹം പൂർണ്ണചിത്തോഹം പുണ്യോഹം ജ്ഞാനവാഹനം, ശുദ്ധോഹം സർവമുക്തോഹം സർവാകാരോഹമവ്യയ: (ഞാൻ പൂർണ്ണനാണ്. ഞാൻ പൂർണ്ണ ചിത്തനാണ് . ഞാൻ പുണ്യമാണ്. ഞാൻ ജ്ഞാനവാനാണ്. പൂർണ്ണമായും മുക്തനാണ്. ഞാൻ സർവ ആകാരം  പൂണ്ടവനും ഒരിക്കലും ക്ഷയിക്കാത്തവനുമാണ്.) സ്വയം അറിഞ്ഞവൻ ശിവനെ അറിയുന്നു എന്നാണു ശിവ രഹസ്യത്തിന്റെയും ഋഭു ഗീതയുടെയും കാതൽ. ആത്മാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന സാധകനോ അന്വേഷകനോ നിശ്ചയമായും നല്ലൊരു വഴി കാട്ടിയാണ് ഋഭു ഗീത. രമണ മഹർഷി ഉപദേശിക്കുന്നു - "നിനക്കത് മനസ്സിലായില്ലെങ്കിലും സാരമില്ല , അത് വായിച്ചുകൊണ്ടേയിരിക്കുക, പോകെപ്പോകെ നിനക്കത് വലിയ ഗുണം ചെയ്യും" . ഇത് വായിക്കുന്നതിനു വലിയ അറിവൊന്നും വേണ്ടെന്നും അന്വേഷണ ത്വരയാർന്ന ഹൃദയ വിശുദ്ധി മാത്രം മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. :)

No comments:

Post a Comment