Friday, September 06, 2019

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ.... എന്ന് തുടങ്ങുന്ന നാമജപം വിഷ്ണു ക്ഷേത്രങ്ങളിൽ ഏറെ സുപരിചിതമാണ്. വിഷ്ണു ഭഗവാന്റെ 1000 പേരുകൾ ഉച്ഛരിച്ചുകൊണ്ടുള്ള ഈ സ്തുതി വിഷ്ണു സഹസ്രനാമം എന്ന് അറിയപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കൃതിയെന്നാണ് പഴമക്കാർ വിഷ്ണു സഹസ്രനാമത്തെ വിശേഷിപ്പിക്കുന്നത്. കാര്യസിദ്ധി, പരീക്ഷാ വിജയം തുടങ്ങിയവയാണ് വിഷ്ണു സഹസ്രനാമത്തിന്റെ പ്രധാന ഫലസിദ്ധിയായി പറയുന്നത്. 

ശംഖു - ചക്ര - ഗദാ ധാരിയായ മഹാവിഷ്ണുവിന്റെ രൂപത്തെ വർണ്ണിക്കുന്ന രീതിയിലാണ് സഹസ്രനാമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്‍റെ ആയിരം നാമങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധി ,ധൈര്യം, ജ്ഞാനം തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനായി വിഷ്ണു സഹസ്രനാമ ജപം കൊണ്ട് കഴിയും എന്നാണ് വിശ്വാസം.

മഹാഭാരതത്തിലെ അനുശാസന പര്‍വം എന്ന അധ്യായത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് 1000 നാമങ്ങൾ. മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും കാത്ത് കിടക്കുന്ന  ഭീഷ്മാചാര്യരെ കണ്ടു വണങ്ങി അനുഗ്രഹം ചോദിച്ചു. ഈ അവസരത്തിൽ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്നതാണ് വിഷ്ണു സഹസ്രനാമം എന്നാണ് വിശ്വാസം. അതിനാൽ തന്നെ വിഷ്ണുവിന്‍റെ മഹത്വത്തെ  ഇവിടെ വർണ്ണിക്കുന്നു. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും ഇതിൽ പരാമർശിക്കുന്നു.  

വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, മഹാഭാരതത്തിന്റെ ഭാഗമായ വിഷ്ണുസഹസ്രനാമത്തിനാണ് പ്രചാരം കൂടുതൽ. ക്ഷേത്രങ്ങളിൽ പുലർച്ചെ വിഷ്ണു സഹസ്രനാമ പാരായണം നടത്തി വരുന്നു. കാര്യസിദ്ധിക്കും വിജയത്തിനായി പുലർച്ചെ ശുദ്ധിയോടെ നിലവിളക്കിനു മുന്നിൽ സഹസ്രനാമം ചൊല്ലുന്നതാണ് ഉത്തമം.

ജോലിത്തിരക്കിൽ പലപ്പോഴും വിഷ്ണുസഹസ്രനാമ ജപത്തിന് ദിവസവും സമയം കിട്ടിയെന്നു വരില്ല. അങ്ങനെയുള്ളപ്പോൾ 

ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ

സഹസ്രനാമതത്തുല്യം രാമനാമ വരാനനേ

ശ്രീരാമനാമ വരാനന ഓം നമ ഇതി".  എന്ന മന്ത്രം മൂന്ന്  തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യമാണ്.

No comments:

Post a Comment