Monday, September 23, 2019

#മഹാദേവന്റെ ഭക്തവാത്സല്യത്തിന്റെ  ഒരു  കൊച്ചു കഥ 

രാജ്യ ഭരണം നില നിന്നിരുന്ന കാലത്ത് തമിഴ്നാട്ടിലെ ശിവ ഭക്തനായ ഒരു രാജാവ്  ശിവക്ഷേത്രം പണിയാൻ തീരുമാനിച്ചു. ധാരാളം  കൊത്തു പണികളും ചിത്രപ്പണികളും ഉള്ള അതിമനോഹരമായ ഒരു ക്ഷേത്രം പണിയാനായി അദ്ദേഹം നിരവധി ജോലിക്കാരെ നിയമിച്ചു. ഇതുവരെ ആരും കാണാത്തത്ര സൗന്ദര്യം നിറഞ്ഞതാവണം ആ ക്ഷേത്രം എന്ന് രാജാവിന് നിർബന്ധമുണ്ടായിരുന്നു. അതിനായി തമിഴ്നാട്ടിലെ ഏറ്റവും നൈപുണ്യമുള്ള ഒരു ശില്പിയെ ക്ഷേത്രപ്പണിയുടെ ചുമതല ഏല്പിച്ചു. ഓരോ കൊത്തു പണികളും വളരെ ശ്രദ്ധാപൂർവ്വമാണ് അദ്ദേഹം പണിയിച്ചത്. മുത്തുകളും രത്നങ്ങളും പതിച്ച അതിമനോഹര മായ തൂണുകളും ജലസമാനമായ തറയോടുകളും കൊണ്ട് എല്ലാവരുടെയും മനം മയക്കുന്ന അതിമനോഹര മായ ശിവക്ഷേത്രം ഉയർന്നു വന്നു. പല വർണങ്ങളിലുള്ള തൂക്കുവിളക്കുകൾ കൊണ്ട് ക്ഷേത്രം നന്നായി മോടിപിടിപ്പിച്ചു.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ സ്ഫടികം കൊണ്ടുള്ള ശിവലിംഗവും പണികഴിപ്പിച്ചു. ഒരുവർഷം കൊണ്ട് അതിമനോഹര മായ ക്ഷേത്രത്തിന്റെ പണി പൂർത്തിയായി. കൊട്ടാരം ജ്യോത്സ്യനെ വരുത്തി ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠിക്ക് അത്യുത്തമമായ മുഹൂർത്തം നിശ്ചയിച്ചു.
പ്രാണപ്രതിഷ്ഠക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അതിനായി അനേകം ബ്രാഹ്മണരെ വിളിച്ചുവരുത്തി. പശു ദാനത്തിനായി അനേകം പശുക്കളെയും കുട്ടികളെയും കൊമ്പിലും കുളമ്പിലും സ്വർണ്ണം കെട്ടിച്ച് ഒരുക്കി നിർത്തി. പ്രാണപ്രതിഷ്ഠക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അടുത്ത ദിവസം തന്റെ ചിരകാല അഭിലാഷം പൂർത്തിയാകാൻ പോകുന്ന സന്തോഷ ത്തോടെ രാജാവ് ഉറങ്ങാൻ കിടന്നു. അന്നുരാത്രി അദ്ദേഹത്തിന് സ്വപ്നദർശനമുണ്ടായി. ശ്രീ മഹാദേവൻ അദ്ദേഹത്തിന്റെ  സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് രാജാവിനോട് പറഞ്ഞു.

"അല്ലയോ മഹാരാജൻ ! അങ്ങയുടെ ക്ഷേത്ര പ്രതിഷ്ഠക്ക് നാളെ എനിക്ക് സംബന്ധിക്കാൻ സാധിക്കില്ല. കാരണം എന്റെ പ്രിയ ഭക്തനായ ശങ്കര ദാസർ അതിമനോഹരമായ ഒരു ക്ഷേത്രം പണി കഴിപ്പിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ ക്ഷേത്രത്തിലും നാളെയാണ് പ്രതിഷ്ഠ. എനിക്ക് അതിനു സംബന്ധിക്കാതെ തരമില്ല. അദ്ദേഹത്തിന് യാതൊരു തരത്തിലും വിഷമം ഉണ്ടാകുന്നത് എനിക്ക് സഹിക്കാനാവില്ല. അതു കൊണ്ട് അങ്ങയുടെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണം"
രാജാവ് പെട്ടെന്ന് ഞെട്ടിയുണർന്നു. കുറച്ചു ദിവസങ്ങളായി ക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തിൽ തന്നെ ശ്രദ്ധ വച്ചതിനാലാവാം  താൻ ഇങ്ങിനെ ഒരു സ്വപ്നം കണ്ടത് എന്നു കരുതി പിന്നെയും ഉറങ്ങാൻ കിടന്നു. പക്ഷേ വീണ്ടും പലതവണ അദ്ദേഹം അതേ സ്വപ്നം ആവർത്തിച്ചു കണ്ടു. മാത്രമല്ല സ്വപ്നത്തിൽ ശങ്കര ദാസർ താമസിക്കുന്ന സ്ഥലവും വ്യക്തമായി മഹാദേവൻ രാജാവിന് പറഞ്ഞു കൊടുത്തു. ഈ സ്വപ്നം ശരിക്കും മഹാദേവന്റെ സന്ദേശമാണെന്ന് രാജാവിനു മനസ്സിലായി. രാജാവ് അത്ഭുതപ്പെട്ടു പോയി. താൻ നിർമ്മിച്ച ക്ഷേത്രത്തിലും മഹത്ത്വ മേറിയ മറ്റൊരു ക്ഷേത്രമോ? ഇതെങ്ങനെ സംഭവിക്കാനാണ് ? ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രഗൽഭനായ ശില്പിയേയാണ് തന്റെ ക്ഷേത്രം പണികഴിപ്പി ക്കാൻ നിയോഗിച്ചത്. വളരെ വിലകൂടിയ മുത്തുകളും രത്നങ്ങളും പവിഴങ്ങളും ഉപയോഗിച്ചാണ് തന്റെ ക്ഷേത്രം നിർമ്മിച്ചത്. ഇതിലും മഹത്തരമായ മറ്റൊരു ക്ഷേത്രം എന്നത് അവിശ്വസനീയം തന്നെ. രാജാവ് ഉടൻ തന്നെ ഭടന്മാരെ വിളിച്ച് ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം നിർത്തിവയ്ക്കാൻ ആജ്ഞാപിച്ചു മാത്രമല്ല ശങ്കരദാസരുടെ വീടന്വേഷിച്ചു യാത്രയായി. ശ്രീമഹാദേവൻ സ്വപ്നത്തിൽ പറഞ്ഞ ഗ്രാമത്തിൽ എത്തി. അവിടെ ചെറിയ ചെറിയ കുടിലുകൾ അല്ലാതെ വലിയ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. വളരെ പാവപ്പെട്ടവർ താമസിച്ചിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു അത്.

അവിടെ ഇത്രയും വലിയ ഒരു ശിവക്ഷേത്രം ആരും നിർമ്മിച്ചിട്ടില്ല എന്ന് ഗ്രാമവാസികളെല്ലാം പറഞ്ഞു. ഉടനെ രാജാവ് ശങ്കര ദാസരുടെ ഭവനം എവിടെയാണെന്ന് അന്വേഷിച്ചു. അദ്ദേഹമാണ് ശിവക്ഷേത്രം പണികഴിപ്പിച്ചത് എന്ന് മഹാരാജാവ് പറഞ്ഞപ്പോൾ അവിടെ കൂടിയ ഗ്രാമവാസിക ളെല്ലാം ഒന്നടങ്കം പൊട്ടിച്ചിരിച്ചു. അവരിൽ ഒരാൾ മുന്നോട്ടു വന്ന് ഇപ്രകാരം പറഞ്ഞു "അല്ലയോ മഹാരാജൻ അങ്ങയെ ആരോ ശരിക്കും കബളിപ്പിച്ച താണ്. ഈ നാട്ടിൽ എല്ലാവർക്കും ശങ്കരദാസരെ അറിയാം അയാൾ ഒരു പൈത്ത്യക്കാരനാണ്. മാത്രമല്ല നിത്യവൃത്തിക്ക് പോലും സ്ഥലമില്ലാത്ത അയാൾ എങ്ങിനെ ഒരു ശിവ ക്ഷേത്രം പണിയാനാണ്? "
"എന്ത് ഭ്രാന്തനോ? ശരി നിങ്ങൾ പറഞ്ഞ ഭ്രാന്തന്റെ ഭവനം എവിടെയാണ്?"
അയാൾ മഹാരാജാവിനെ കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചുഭവനം. ശബ്ദം കേട്ട് അകത്തു നിന്ന് ഒരു സ്വാധ്വിയായ സ്ത്രീ പുറത്തേക്ക് വന്നു  ദാരിദ്ര്യത്തിന്റെ രേഖകൾ അവളിൽ തെളിഞ്ഞു കാണാമായിരുന്നു. രാജാവിനെ കണ്ടപ്പോൾ നന്നേ പരിഭ്രമിച്ചു.
മാനസികനില തെറ്റിയ തന്റെ പതി എന്തെങ്കിലും തെറ്റ് ചെയ്തിരിക്കുമോ എന്ന് അവൾ ഭയപ്പെട്ടു.
അവൾ മഹാരാജാവിന്റെ കാൽക്കൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു.
"അല്ലയോ മഹാരാജാവേ അദ്ദേഹം അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃപാനിധിയായ അവിടുന്ന് ക്ഷമിക്കണം.
"ശങ്കര ദാസർ അതിമനോഹരമായ ഒരു  ശിവക്ഷേത്രം പണികഴിപ്പിച്ചീട്ടുണ്ടെന്ന് അറിഞ്ഞ് ഞാൻ അന്വേഷിച്ചു വന്നതാണ് . ആ ക്ഷേത്രം എവിടെയാണ് നിനക്കറിയാമോ? " ഇതുകേട്ട് അത്ഭുത ത്തോടെ അവർ  പറഞ്ഞു. 

ശിവക്ഷേത്രമോ? അദ്ദേഹത്തിന് നല്ല മനസ്സുഖം ഇല്ലാതെ കുറച്ചുനാളുകളായി. ചിലപ്പോൾ ചിരിക്കും ചിലപ്പോൾ കരയും ചിലപ്പോൾ നൃത്തം വയ്ക്കും. പക്ഷേ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല
ആരോടും സംസാരിക്കാറുമില്ല ആറുമാസമായി അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടേ ഇല്ല. പല്ലുതേപ്പോ കുളിയോ ഒന്നും തന്നെ ഇല്ല. ആഹാരവും നന്നേ കഷ്ടി. സദാ സമയവും കണ്ണടച്ച് രാവും പകലും ഒരേ ഇരുപ്പാണ്. " അത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴു കാൻ തുടങ്ങി. ഇത് കേട്ട് രാജാവ് ചോദിച്ചു "അദ്ദേഹം എവിടെയാണ് ഇരിക്കുന്നത്? എനിക്ക് അദ്ദേഹത്തെ ഒന്നു കാണുവാൻ കഴിയുമോ?" അവർ അദ്ദേഹത്തെ ഭവനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ഇരുട്ടു നിറഞ്ഞ ചെറിയ മുറിയിൽ ഇരിക്കുന്നു ഭർത്താവിനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. മുറിയിൽ കൊളുത്തി വച്ചിരിക്കുന്ന ദീപത്തിന്റെ പ്രകാശത്തിൽ മഹാരാജാവ് ശങ്കര ദാസരുടെ മുഖം വ്യക്തമായി കണ്ടു. തേജസ്സുറ്റതും ശാന്തവും ദീപ്തവുമായ മുഖം.  നീണ്ടു വളർന്ന താടിയും മുടിയും അദ്ദേഹത്തിന്റെ ശരീരത്തെ മറച്ചിരിക്കുന്നു. കൈകൾ മടിയിൽ വച്ച് കൗപീന വസ്ത്രധാരിയായ അദ്ദേഹം വെറും നിലത്ത് ചമ്രംപടിഞ്ഞ്  ഇരിക്കുന്നു. അടഞ്ഞ കണ്ണുകളിൽ നിന്ന് ധാരധാരയായി ഒഴുകുന്ന ആനന്ദ ക്കണ്ണുനീർ താടിയിലൂടെ താഴേക്കൊഴുകി  അദ്ദേഹത്തിന്റെ കൈകളിൽ പതിക്കുന്നുണ്ട്. അത് കണ്ടമാത്രയിൽ തന്നെ രാജാവിന് അദ്ദേഹ ത്തിന്റെ മഹത്വം മനസ്സിലായി. രാജാവ് ശങ്കദാസരുടെ പാദങ്ങളിൽ നമസ്ക്കരിച്ചു.

രാജാവിന്റെ സാമീപ്യം മനസ്സിലാക്കിയ ശങ്കരദാസർ  മെല്ലെ കണ്ണുകൾ തുറന്നു. സ്വാമി അവിടുന്ന് പണികഴിപ്പിച്ച ശിവക്ഷേത്രം എവിടെയാണെന്നു പറയാൻ കനിവുണ്ടാകണം എന്നപേക്ഷിച്ചു. ശങ്കരദാസർ ശാന്തമായി ചോദിച്ചു.
"ശിവക്ഷേത്രമോ? അങ്ങയോട് ആരാണ് ഇത് പറഞ്ഞത് ?"
മഹാരാജാവ് പറഞ്ഞു. " സ്വാമീ മഹാദേവൻ തന്നെ എന്നോട് സ്വപ്നത്തിൽ വന്ന് അരുളിച്ചെയ്ത താണ്. ഇന്ന് ഞാൻ പണി കഴിപ്പിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം നടക്കേണ്ട ദിവസമായിരുന്നു. എന്നാൽ ഇന്ന് അങ്ങയുടെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ വരാൻ കഴിയില്ല എന്നും ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം മാറ്റിവയ്ക്കണമെന്നും മഹാദേവൻ എന്നോട് സ്വപ്നത്തിൽ  ദർശനം തന്ന് പറഞ്ഞു"
ഇതുകേട്ട് ശങ്കരദാസർ പൊട്ടിക്കരഞ്ഞുകൊണ്ട് മഹാദേവനെ പ്രാർത്ഥിക്കാൻ തുടങ്ങി.
ഹര ഹര മഹാദേവ
ശംഭോ രുദ്ര മഹാദേവാ
ശങ്കര രുദ്ര മഹാദേവ 
ശ്രീ പാർവതീ പരമേശ്വര
പാഹിമാം പാഹിമാം.
അതിനുശേഷം അദ്ദേഹം മഹാരാജാവിനോട്  പറഞ്ഞു.
"അല്ലയോ മഹാരാജാവേ! അതിമനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ച് അതിലിരുത്തി എന്റെ മഹാദേവനെ പൂജിക്കണം എന്ന് എനിക്ക് അതിയായ മോഹമായിരുന്നു. പക്ഷെ നിത്യവൃത്തിക്കുപോലും ധനം കയ്യിലില്ലാത്ത ഞാൻ എങ്ങിനെയാണ് ഒരു ക്ഷേത്രം പണികഴിപ്പിക്കുക? ഇക്കഴിഞ്ഞ ആറു മാസമായി ഞാൻ എല്ലാം മറന്ന് എന്റെ മഹാദേവനായി ഈ ഹൃദയത്തിൽ മനസ്സു കൊണ്ട് പ്രേമത്തോടെയും നാമജപത്തോടെയും ഒരു ശിവക്ഷേത്രം പണിതുയർത്തി. ഇന്ന് ഞാൻ അവിടെ എന്റെ മഹാദേവനെ പ്രതിഷ്ഠിച്ച് മതിവരുവോളം പൂജിച്ചു. എന്റെ മാനസപൂജ  സസന്തോഷം സ്വീകരിച്ചു എന്നറിയിക്കുവാൻ കാരുണ്യമൂർത്തിയായ എന്റെ മഹാപ്രഭു ഈ നാടിന്റെ മഹാരാജനെ തന്നെ എന്റെ മുന്നിലേക്ക് അയച്ചിരിക്കുന്നു. "
ഇതെല്ലാം കേട്ട് രാജാവ് ലജ്ജയോടെ തല താഴ്ത്തിയിരുന്നു. താൻ കയ്യിലുള്ള ധനം കൊണ്ട് കൊട്ടാരത്തിനുള്ളിൽ ഒരു ശിവക്ഷേത്രം പടുത്തുയർത്തി. ശങ്കരദാസരാകട്ടെ  ഭഗവത്പ്രേമംകൊണ്ട് തന്റെ ഹൃദയത്തിൽ ഒരു ശിവക്ഷേത്രം പണിതുയർത്തി.

ഭക്തിയേക്കാൾ അധികമായി സ്വന്തം കീർത്തിയും പ്രതാപവും വർദ്ധിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു താൻ ശിവക്ഷേത്രം പണികഴിപ്പിച്ചത്. എന്നിട്ടും ഭക്തവത്സലനായ ശ്രീപരമേശ്വരൻ അതീവ വാത്സല്യത്തോടെ തന്റെ അഹങ്കാരം ശമിപ്പിച്ചു തന്നിരിക്കുന്നു. മഹാരാജാവിന്റെ കണ്ണുകൾ പശ്ചാത്താപത്താൽ നിറഞ്ഞൊഴുകി.

ഹര നമഃ പാർവതീപതയേ
ഹര ഹര മഹാദേവാ

എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി ആയി സമർപ്പിക്കുന്നു.

ഹരേ കൃഷ്ണാ..🌷🕉️🌹

💥💥💥💥💥💥💥💥💥💥💥

No comments:

Post a Comment