Friday, September 06, 2019



ഉപാസനയുടെ രഹസ്യലോകത്തേക്ക്.

ആധ്യാത്മികതയില്‍ ഈശ്വരനെ അറിയാന്‍ പ്രാചീന ഋഷിമാര്‍ ഉപയോഗിച്ച ഒരു രീതിയുണ്ട്. അതിനെ നമുക്ക് ഉപാസന എന്നു വിളിക്കാം. എന്താണ് ഉപാസന? ഉപാസന എന്നാല്‍ അന്തഃകരണശുദ്ധിയാണ്. അന്തഃകരണമെന്നാല്‍ മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയുടെ കൂട്ടായ്മയാണ്. ഇവ നാലും ശുദ്ധമാകുന്ന പദ്ധതിയെ നമുക്ക് ഉപാസന എന്നു വിളിക്കാം. എങ്ങനെ നമുക്ക് ഈ നാലു ഭാവങ്ങളും ശുദ്ധമാക്കാം? അതിനുള്ള ഉപാധിയാണ് ഉപാസന.

സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ഐതരേയോപനിഷത്ത് ശരീരത്തിലുള്ള ഈ ദിവ്യശക്തികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ദിവ്യശക്തികളെ നമുക്ക് ദേവതകള്‍ എന്നു വിളിക്കാം. ഈ ദേവതകളുടെ പ്രകാശം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്ക്കരിക്കുന്നത്. അന്തഃകരണശുദ്ധിക്ക് ഏറ്റവുമധികം തടസ്സമായി വരുന്നത് ആസുരവൃത്തികളും അശുഭകാര്യങ്ങളുമാണ്.

എല്ലാവര്‍ക്കും ഉപാസകരാകാം. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടദേവതാ പ്രസാദമുണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായിരിക്കുന്ന ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ സാധനയില്‍ ഒരു അടി പോലും മുന്നോട്ടുപോകില്ല. ഇതിന്നാണ് നിരവധി ഉപായങ്ങള്‍ ഭാരതീയ ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതിലൊന്ന് സ്വാധ്യായംതന്നെയാണ്. എത്ര ഉന്നതനായാലും ആ വ്യക്തിയില്‍ അല്പമൊരു വീഴ്ച സംഭവിച്ചാല്‍ അതുവരെ ചെയ്ത എല്ലാ സാധനകളുടേയും ഫലം ഇല്ലാതാകും.

ഒരു സംവത്സരമെങ്കിലും പ്രതിദിനം ജിതേന്ദ്രിയനായി, പവിത്രനായി വിധിപൂര്‍വ്വം വേദാധ്യയനം ചെയ്യണമെന്നാണ് മനു തന്റെ വിഖ്യാതമായ സ്മൃതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ഓരോ സാധകനും നിയതേന്ദ്രിയനായിരിക്കണം. അങ്ങനെ നിശ്ചിത നിയന്ത്രണത്തില്‍ തന്റെ സ്വഭാവങ്ങളെ നിയന്ത്രിക്കാതെ ചില അധര വ്യായാമങ്ങള്‍ മാത്രം ചെയ്ത് താന്‍ ‘മന്ത്രസാധന ചെയ്യുന്നൂവെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് ഉപാസനയില്‍ മുന്നോട്ട് പോകാനാവില്ലെന്നാണ് മനുവിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ തന്റെ ഉപാസനയ്ക്ക് വിഘ്‌നം വരുമെന്ന് മനസ്സിലാക്കി സാധകന്‍ ഗണപതി ഉപാസന അനുഷ്ഠിക്കണമെന്ന് യജുര്‍വേദം പറയുന്നു. യജുര്‍വേദത്തിലെ ഗണപതി ദേവതയായ ആ മന്ത്രം കാണുക.

ഓം പ്രതൂര്‍വന്നേഹ്യവക്രാമന്നശസ്തീ
രുദ്രസ്യ ഗാണപത്യം മയോഭൂരേഹി
ഉര്‍വന്തരിക്ഷം വീഹി സ്വസ്തിഗ-
വ്യൂതിരഭയാനി കൃണ്വന്‍
പൂഷ്ണാ സയുജാ സഹ.
(യജുര്‍വേദം 11.15)

ഈ മന്ത്രം കണ്ടെത്തിയതും പരമ്പരയാ ഉപദേശിച്ചതും ശുനഃശേഫ ഋഷിയാണ്. ആര്‍ഷീ ജഗതീഛന്ദസ്സിലുള്ള ഈ മന്ത്രത്തിന്റെ സ്വരം നിഷാദവും. മന്ത്രാര്‍ത്ഥം അറിഞ്ഞ് ഗണപതി ദേവതയെ ഉപാസിച്ചാല്‍ വിശേഷമായ ചില ദിവ്യഗുണങ്ങള്‍ നമ്മുടെ അന്തഃകരണത്തില്‍ ഉണ്ടാകും. അതായത് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയില്‍ ദിവ്യഗുണങ്ങള്‍ ഉയിര്‍കൊള്ളുമെന്നര്‍ത്ഥം. ‘അശുഭങ്ങളായ സമസ്ത കാര്യങ്ങളേയും ഗണപതി ദേവന്‍ ചവിട്ടി അരയ്ക്കട്ടെ. അസുരവൃത്തികളേയും ഭഗവാന്‍ പ്രകര്‍ഷേണ ഹിംസിച്ചു കളയട്ടെ. അശുഭകര്‍മ്മങ്ങളേയെല്ലാം പാടേ വിപാടനം ചെയ്ത് ഭഗവാന്‍ ഞങ്ങളെ മുന്നോട്ടു നയിക്കട്ടെ.അപ്പോള്‍ മംഗളഭാവനകള്‍ ഉണര്‍ത്തുവാന്‍ കെല്പുള്ള ജ്ഞാനോപദേശം അരുളുന്ന രുദ്രന്റെ ഗണപതിതത്ത്വം ഉപാസകന് പ്രാപിക്കാനാകും.

അശുഭവാസനകളെ തീര്‍ത്തും തിരസ്‌ക്കരിക്കുന്ന ഉപാസകനില്‍ മാത്രമേ ശുഭവാസനകളും ശുഭഭാവനകളും വിടര്‍ന്നു വിലസിക്കുകയുള്ളൂ. ഈ ദിവ്യ ഭാവനകള്‍ നമ്മില്‍ വന്നണയുമ്പോള്‍ സ്വാഭാവികമായും ദിവ്യദേവതയായ ഗണപതിതത്ത്വം പ്രകാശിക്കും.. ഈ ദിവ്യദേവതയെ അഥവാ മഹാഗണപതിയെ വിശാലമായ ഹൃദയാന്തരീക്ഷത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയണം. സങ്കുചിതഭാവങ്ങള്‍ ഉള്ളവരില്‍ ഒരിക്കലും മഹാഗണപതി സാന്നിദ്ധ്യമായി വന്നരുളുകയില്ലെന്നര്‍ത്ഥം. ഹൃദയം വിമലവും വിശാലവുമാവണം.

അശുഭമാര്‍ഗത്തില്‍ ചരിക്കുന്നവനായിരിക്കരുത്. ഉപാസകന്റെ ഇന്ദ്രിയങ്ങള്‍ ശുഭകര്‍മ്മങ്ങളില്‍ക്കൂടി മാത്രം സഞ്ചരിക്കട്ടെ. അത്തരത്തിലുള്ള ഉപാസകന്‍ ഭയരഹിതനായിത്തീരും. അതിനാല്‍ വേദം ഉപാസകന് നല്‍കുന്ന ഉപദേശം ”സയുജാ പൂഷ്ണാ സഹ’എന്നാണ്. അതായത് നീ ആ മഹാഗണപതിയെ ഹൃദയാന്തരീക്ഷത്തില്‍ ചൈതന്യമൂര്‍ത്തിയാക്കി, സ്വന്തം സുഹൃത്താക്കി തന്റെ ഉള്ളിലെ സകല ദേവതകളെയും പോഷിപ്പിക്കുന്നവനായി മുന്നോട്ടുപോകൂ.

ഇത്തരത്തില്‍ ഒരു ഉപാസകന് മുന്നോട്ടുപോകാന്‍ ഒരു പരമ്പരയുടെ ശക്തി കൂടിയേ കഴിയൂ. കാരണം അനുഭവത്തിലില്ലാത്ത സിദ്ധാന്തങ്ങള്‍ പിഴയ്ക്കാം, എന്നാല്‍ അനുഭവം ഒരിക്കലും പിഴയ്ക്കുകയില്ല. നാം കേള്‍ക്കുന്നതും, നാം പഠിക്കുന്നതും അനുഭവത്തില്‍ വന്നുകൊള്ളണമെന്നില്ല. അനാദികാലമായി നമ്മുടെ ജീവിതത്തില്‍ വിജയത്തിന്റെ ഭേരി മുഴക്കുന്നത് അത്രയും അനുഭവങ്ങള്‍ മാത്രമാണ്. ആ പരമ്പരയുടെ ചോദനയെ നമുക്ക് ആചാര്യനെന്ന് വിളിക്കാമെന്ന് യജുര്‍വേദം പറയുന്നു. ആ യജുര്‍വ്വേദ മന്ത്രമിങ്ങനെയാണ്. പഠിക്കൂ.

ഓഷധയഃ പ്രതിഗൃഭ്ണീത
പുഷ്പവതീഃ സുപിപ്പലാഃ
അയം വോ ഗര്‍ഭളഋത്വിയഃ
പ്രത്‌നങ് സധസ്ഥമാസദത്.
(യജുര്‍വേദം 11.48)

ദോഷങ്ങളെ ദഹിപ്പിക്കുന്നവരാണ് ആചാര്യന്‍മാര്‍. അവര്‍ ഔഷധികളെപ്പോലെയാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളില്‍ നിന്ന് രോഗം ഉണ്ടായാല്‍ അവ ഔഷധികളെക്കൊണ്ടാണ് ശമിപ്പിക്കുന്നത്. അതേപോലെ ആചാര്യന്മാര്‍ ഉത്തമങ്ങളായ പുഷ്പങ്ങള്‍ തരുന്ന പുഷ്പവനികളാണ്. ഉത്തമങ്ങളായ ഫലങ്ങളെപ്പോലുള്ള വാക്കുകള്‍ ആചാര്യന്മാര്‍ തരുന്നു. അത് ഗ്രഹിക്കാന്‍ നമുക്ക് കഴിയണം. ഗുരുക്കന്മാരുടെ വാക്കുകള്‍ പുഷ്പസമാനങ്ങളാണ്. ഫലങ്ങളെപ്പോലെ ഔഷധയുക്തമാണ്. ആചാര്യനില്‍ നിന്ന് ഈ ഫലസദൃശമായ മന്ത്രോപദേശം ജിതേന്ദ്രിയനായി സ്വീകരിക്കുന്നവനില്‍, ഗണപതിയുടെ വിശാലഭാവത്തില്‍ ഉപാസന തുടരുന്നവനില്‍ ദേവതകള്‍ സംപ്രീതരാകുന്നുവെന്നും യജുര്‍വേദം അരുളുന്നു.

No comments:

Post a Comment