Thursday, September 19, 2019

തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രം...

ആദിയും അന്തവുമില്ലാത്ത പരബ്രഹ്മ സ്വരൂപമാണ് അനന്ത ശായിയായ തിരുവട്ടാറിലെ മഹാവിഷ്ണു ഭഗവാന്‍.
ദേവി മരതകവല്ലി തായാര്‍.പത്മനാഭ സ്വാമി ക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

പതിനെട്ട് അടി നീളമുള്ള വിഗ്രഹം തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെന്നപോലെ മൂന്ന് നടകളില്‍ കൂടിയാണ് ദര്‍ശിക്കാന്‍ കഴിയുക. സാധാരണ ശരീരത്തിന്റെ ഘടനയില്‍ രക്തധമനികളും നാഡീഞരമ്പുകളും എല്ലാ അവയവങ്ങളും ഉള്ളതാണ് ഈ വിഗ്രഹം. വിഗ്രഹം ഈ രീതിയില്‍ നിര്‍മിക്കുന്നതിന് ഗണ്ഡകീ നദീതീരത്തുനിന്ന് പതിനാറായിരത്തെട്ട് സാളഗ്രാമങ്ങളാണ് കൊണ്ടുവന്ന് ഉപയോഗിച്ചതുപോല്‍. സന്നിധിക്കുള്ളില്‍ ശിവനെയും കാണാം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെയും ഇവിടുത്തെയും പല ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും സാമ്യമുണ്ട്.

മൂന്നുവശത്തും നദികളാല്‍  ചുറ്റപ്പെട്ടതാണ് ക്ഷേത്രം-കോതൈ ആര്‍, പറലിയാര്‍, താമ്രപര്‍ത്തീ നദികള്‍ ചുറ്റിലുമായി ഒഴുകുന്നു. പറലിയാര്‍ ഇവിടെയെത്തി വട്ടം ചുറ്റി എതിര്‍ദിശയിലേക്കൊഴുകുന്നതുകൊണ്ട് വട്ടാറ് എന്നറിയപ്പെട്ടു. ഇവിടെ ക്ഷേത്രം നിര്‍മിച്ചതോടുകൂടി സ്ഥലം തിരുവട്ടാര്‍ എന്നറിയപ്പെട്ടു തുടങ്ങി.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതേ ഘടനയാണ് ഈ ക്ഷേത്രത്തിന്റേതും. ഇരു ക്ഷേത്രത്തിലെയും മുഖ്യ പ്രതിഷ്ഠകള്‍ പരസ്പരം അഭിമുഖമായാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പെരുമാള്‍ വടക്കോട്ട് തലവച്ചു കിടക്കുന്നു; ശ്രീ പത്മനാഭ സ്വാമി തെക്കോട്ടും.

ബ്രഹ്മാവ് പത്‌നിയായ സരസ്വതിയെ ഒഴിവാക്കി ഒരു യജ്ഞം നടത്തി. ഇതില്‍ കുപിതയായ ദേവി യാഗാഗ്നിയില്‍നിന്ന് കേശി എന്നും കേശന്‍ എന്നും  പേരുള്ള  രണ്ട് അസുരന്മാരെ സൃഷ്ടിച്ചു. മൂവുലകിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അവര്‍ യഥേഷ്ടം വിരാജിച്ചു. പീഡനങ്ങളാല്‍ പൊറുതിമുട്ടിയ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ മുമ്പിലെത്തി, പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭഗവാന്‍ മഹാവിഷ്ണു കേശവപെരുമാളിന്റെ രൂപമെടുത്ത് കേശനെ നേരിട്ടു. പോരാട്ടത്തിനൊടുവില്‍ പെരുമാള്‍ കേശനെ തൂക്കിയെടുത്ത് ദൂരേക്കെറിഞ്ഞു. കേശന്‍ മഹേന്ദ്ര ഗിരിക്കു മുകളിലാണ് ചെന്നുവീണത്. പെരുമാള്‍ ശംഖനാദം മുഴക്കിക്കൊണ്ടിരുന്നു. കേശന് കൈകാലുകള്‍ അനക്കാന്‍ കഴിയാത്തവിധം ആദിശേഷന്‍ കേശനെ ചുറ്റിവരിഞ്ഞു. ഉടന്‍ പെരുമാള്‍ ശേഷനു മുകളില്‍ കയറിക്കിടന്ന് തന്റെ ഭാരംകൊണ്ടുകൂടി കേശനെ അനക്കാതാക്കാന്‍ ശ്രമിച്ചു. ആദിശേഷന്റെ ചുറ്റിപ്പിണച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ കേശന്‍ വീണ്ടും ശ്രമമാരംഭിച്ചപ്പോള്‍ തന്റെയും കേശന്റേയും സുരക്ഷയ്ക്കായി തങ്ങള്‍ക്ക് ചുറ്റും പെരുമാള്‍ 12 ശിവലിംഗങ്ങള്‍ സ്ഥാപിച്ചു. ഇതെല്ലാം പിന്നീട് പ്രശസ്തമായ ശിവക്ഷേത്രങ്ങളായി മാറി. തിരുമല, തൃപ്പാര്‍പ്പ്, തിക്കുറിശ്ശി, പൊന്മന, തിരുനന്തിക്കര, തിരുപന്നിക്കോട്, കല്‍ക്കുളം, തിരുവിതാംകോട് എന്നിവയാണ് ഈ ശിവക്ഷേത്രങ്ങള്‍. ശിവരാത്രി ദിവസം ഈ പന്ത്രണ്ട്   ശിവക്ഷേത്രങ്ങള്‍ ഒറ്റദിവസം തൊഴുന്നതിനായി നടത്തുന്ന ശിവാലയ ഓട്ടം ഇവിടെയെല്ലാം തൊഴുതശേഷം പെരുമാളിനേയും കണ്ട് വണങ്ങിയാലേ പൂര്‍ണമാകൂ എന്നാണ് പറയാറുള്ളത്.

തന്റെ സഹോദരന്‍ പരാജിതനാകുന്നതുകണ്ട്  പ്രതികാരം ചെയ്യുന്നതിനായി സഹോദരിയായ കേശി സുഹൃത്തായ കോതയേയും കൂട്ടി നദികളുടെ രൂപംപൂണ്ട് പെരുമാള്‍ ക്ഷേത്രത്തിനെ വലയം ചെയ്ത് ക്ഷേത്രം മുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതുകണ്ട ഭൂമിദേവി ക്ഷേത്രം കുറേക്കൂടി ഉയര്‍ത്തി. വെള്ളം കൂടുന്നതനുസരിച്ച് ക്ഷേത്രത്തിന്റെ വിതാനവും ഉയര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെ ഭൂമിയില്‍നിന്ന് 55 അടി ഉയരത്തിലാണ് ക്ഷേത്രം. നദികള്‍ രണ്ടും മൂവാറ്റുമുഖം എന്ന സ്ഥലത്ത് അറബിക്കടലില്‍ ചേര്‍ന്നു. തന്നെ ശല്യപ്പെടുത്തിയ നദികളെ പെരുമാള്‍ ശപിച്ചു. തങ്ങളുടെ ചെയ്തില്‍ നദികള്‍ പശ്ചാത്തപിച്ചു. പെരുമാള്‍ അവര്‍ക്ക് മാപ്പു നല്‍കി, മൂവാറ്റുമുഖത്ത് മുങ്ങിനിവരുകയും ചെയ്തു. പങ്കുനി ഉത്സവവേളയില്‍ ഇപ്പോഴും പെരുമാള്‍ സ്വര്‍ണഗരുഡന്റെ പുറത്തെഴുന്നള്ളി ഇവിടെ എത്തി ആറാട്ട് നടത്താറുണ്ട്-ശാപവിമോചനത്തിന്റെ ഓര്‍മ്മയുമായി.

കരിങ്കല്ലിലും മരത്തിലും കൊത്തിയ മനോഹരമായ നിരവധി ശില്‍പ്പങ്ങള്‍ ക്ഷേത്രഭിത്തികളിലും മണ്ഡപങ്ങള്‍ക്ക് മുകളിലുമുണ്ട്. മൂന്ന് അടി കനമുള്ള ഒരു ഒറ്റക്കല്‍ മണ്ഡപവും കാണാം. ബലിക്കല്‍ മണ്ഡപത്തില്‍ ശിലാലിഖിതങ്ങളുമുണ്ട്. 'തിരുവട്ടാറ് പള്ളികൊണ്ട് അരുകിന്റെ പെരുമാള്‍' എന്ന് പ്രതിഷ്ഠാ വിഗ്രഹത്തെക്കുറിച്ച് ഇതില്‍ പറയുന്നുണ്ട്. മരത്തില്‍ തീര്‍ത്ത  കൊത്തുപണികളുള്ള ഉദയ മാര്‍ത്താണ്ഡ മണ്ഡപം അതിമനോഹരമാണ്, ഗണപതി ഭഗവാന്റെ വിവാഹഘോഷയാത്രയ്ക്കാണ് ഇതില്‍ പ്രാധാന്യം. ദീപം കയ്യിലേന്തി നില്‍ക്കുന്ന 222 സാലഭഞ്ജികകളും അപൂര്‍വ കാഴ്ചയാണത്രെ.

ആറിനടുത്ത് ലക്ഷ്മി നരസിംഹസ്വാമിയുടെ ഒരു ചെറിയ സന്നിധിയുണ്ട്, പെരുമാള്‍ ക്ഷേത്രത്തിന് അഭിമുഖമായി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെയും ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെയും ആറാട്ടുത്സവം ഒരേ സമയത്താണ്. പൂജകള്‍ക്കും പൂജാവിധികള്‍ക്കുമുണ്ട് സാമ്യം. ഇവിടെ വര്‍ഷം തോറും മകരം ഒന്നാം തീയതി മുതല്‍ നടക്കുന്ന കളാഭാഭിഷേകം നടത്തുവാനുള്ള അവകാശം തന്ത്രിക്കു മാത്രമാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തിലാണ് ഏഴു ദിവസത്തെ കളഭപൂജ. ഇടയ്ക്കിടെ ലക്ഷദ്ദീപം നടത്തുക പതിവാണ്.

ചതുശ്ശതം എന്ന പായസ വഴിപാട് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതത്രെ. ഉദയാസ്തമന പൂജയും വഴിപാടായുണ്ട്. എല്ലാ ദിവസവും ഭഗവാന് ഉപ്പുമാങ്ങ നിവേദിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

തിരുവോണ നാളില്‍ ഓണപ്പള്ളിവില്‍ ദര്‍ശനം വലിയ ആഘോഷമാണ്. അഷ്ടമി രോഹിണി നാളില്‍ ചന്ദ്രന്‍ ഉദിക്കുന്ന സമയത്ത് രാത്രിയില്‍ ശ്രീകൃഷ്ണന് അഭിഷേകവും വിശേഷാല്‍ പൂജകളുമുണ്ട്.

സ്വര്‍ഗവാതില്‍ ഏകാദശിയാണ് ഏറെപ്രധാനപ്പെട്ട ആഘോഷനാള്‍.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ക്ഷേത്രം. മാര്‍ത്താണ്ഡം ടൗണില്‍ നിന്ന് 6 കിലോമീറ്റര്‍ വടക്കുകിഴക്കായി; നാഗര്‍കോവിലില്‍നിന്ന് 30 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി.

തിരുവനന്തപുരത്തുനിന്ന് മാര്‍ത്താണ്ഡത്ത് എത്തി ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുലശേഖരത്തേക്കുള്ള വഴിയില്‍ 5 കിലോമീറ്റര്‍ പോയാല്‍ മതി. തിരുവനന്തുപുരത്തുനിന്ന് 54 കിലോമീറ്റര്‍.

No comments:

Post a Comment