Tuesday, September 10, 2019

ആചാര മഹിമയിൽ ഇരവിപേരൂർ
"പൂരാടം കൊടുപ്പ് ''...

കേരളത്തിൽ ഓണത്തിന്റെ ആഘോഷ ആവേശങ്ങൾക്കുപരിയായി ദാനധർമ്മാധികൾക്ക് പ്രാധാന്യം നൽകി ഓണം ആചരിക്കുന്ന ഒരു ഗ്രാമമാണ് തിരുവല്ല ഇരവിപേരൂർ.
 തിരുനല്ലൂർസ്ഥാനത്തിനു അടുത്ത് പച്ചംകുള ത്തില്ലവുമായി ബന്ധപ്പെട്ടാണ് ഈ ആചാരത്തിന് തുടക്കം.

പുരാടം ദിനത്തിൽ ഇല്ലത്ത് എവിടെ നിന്നോ ഭിക്ഷക്കെത്തിയ ദമ്പതികൾ ദാഹിച്ച് പരവശരായി എത്തി കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മുത്തശി ചെറിയ മഴു കൈയ്യിൽ കൊടുത്ത് അവിടെയുള്ള തെങ്ങിൽ നിന്ന് കരിക്ക് വെട്ടി കുടിക്കുവാൻ പറഞ്ഞു. മഴുവുമായി തെങ്ങിന് സമീപം ചെന്ന ഭിക്ഷുക്കളുടെ മുൻപിലേക്ക് തെങ്ങ് വളഞ്ഞു വരുകയും തേങ്ങ കൈ കൊണ്ട് പറിച്ചെടുത്ത് ദാഹം ശമിപ്പിക്കുകയും അവർ ചെയ്തു. ഇതു കണ്ട് സ്തബ്ദയായ മുത്തശി ആളുകളെ വിളിച്ച് ചേർക്കുകയും ഉണ്ടായ കാര്യങ്ങൾ പറയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു അവർ.

തന്റെ ഭവനത്തെത്തിയവർ സാധാരണ ഭിക്ഷുക്കളല്ല എന്നും ശ്രീപാർവ്വതീപരമേശ്വരന്മാർ വേഷം മാറി എത്തിയാണെന്നും ഇല്ലത്തെ കാരണവർക്കു മനസ്സിലായി. അടുത്ത ചിങ്ങമാസം മുതൽ  പൂരാടം നാളിൽ  ദാനധർമ്മം നടത്തി കൊള്ളാമെന്ന് കാരണവർ നേർന്നു.

അന്ന് മുതൽ ഇരവിപേരൂർ കരയിൽ പൂരാടം ദിനത്തിൽ ദാന  ധർമ്മം സ്വീകരിക്കാൻ എത്തുന്നവരെ ഈശ്വര സ്വരൂപികളായും കണ്ട് ദാനധർമ്മങ്ങൾ നടത്തുന്ന 'പൂരാടം കൊടുപ്പ് '' എന്നആചാരത്തിന് തുടക്കമായി.... ശ്രീ പരമേശ്വരനുള്ള സമർപ്പണമായി ഇതിനെ  വിശ്വസിക്കുന്നു .ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരായിരുന്നു ആദ്യ കാലത്ത് എത്തിയിരുന്നെങ്കിൽ ഇന്ന് മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള വരും നേർച്ചയുടെ ഭാഗമായി വ്രതാനുഷ്ഠാനത്തോടു കൂടി വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഈ കരയിൽ ധർമ്മം സ്വീകരിക്കുവാൻ എത്തുന്നു...

പുലർച്ചെ പച്ചം കുളത്തില്ലത്ത് ഭഗവത് സ്തുതികൾതുടികൊട്ടി പാടി ഭിക്ഷ ആരംഭിക്കുകയും തുടർന്ന് ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും ഇവർ കൂട്ടമായോ അല്ലാതെയോ എത്തും.  നെല്ലും കരിക്കും മറ്റുമായിരുന്നു ആദ്യ കാലങ്ങളിൽ നൽകിയിരുന്നെങ്കിൽ ഇന്ന് വസ്ത്രം, അരി, പണം, ഓണസദ്യ ഒക്കെയും നൽകി ഈ ഐതീഹ്യ പെരുമയെ ഒരു ഗ്രാമം നെഞ്ചോട് ചേർക്കുന്നു അന്നുമിന്നും ....

No comments:

Post a Comment