Tuesday, October 01, 2019

ദേവി തത്ത്വം-15

ബന്ധങ്ങൾ വാസ്തവമല്ല പക്ഷേ വാസ്തവമല്ലെങ്കിലും ബന്ധങ്ങളും ദുഃഖങ്ങളും ഒക്കെ അനുഭവിക്കേണ്ടി വരുന്നു. ഇല്ലാതെ മായയിടും ഉല്ലാസം എന്ന് നാരായണ ഗുരു സ്വാമി പറയും. മായ എന്ന പേരിന് തന്നെ അർത്ഥം ഇല്ലാത്തത് എന്നാണ്. യാ മ സ മായ . യാ = ഏതൊന്ന്‌. മ = ഇല്ലാത്തത്, സ = അത്, മായ.  എന്നാണ്. ആ മായ കാണിക്കുന്ന കൂത്ത്, ചേഷ്ടകൾ അതാണ് നമ്മൾ പുറത്ത് കാണുന്നതെല്ലാം. പക്ഷേ മായ അല്പം പോലും ഉള്ളിലുള്ള ശിവനെ സ്പർശിക്കുന്നില്ല. ആ ശിവനെ അറിഞ്ഞാൽ മായയിൽ നിന്ന് പുറത്ത് പോകും. ശിവനെ അറിയാനുള്ള വഴിയാണ് ആത്മ വിചാരം അഥവാ അദ്ധ്യാത്മ വിചാരം എന്ന മാർഗ്ഗം.

ഭക്തി മാർഗ്ഗത്തിൽ മായയെ തന്നെ കൂട്ടുപിടിച്ച് ശിവന്റെ അടുക്കൽ ചെല്ലുകയാണ്. ലളിതാ സഹസ്രനാമത്തിൽ ശ്രീമാത്രേ നമഃ എന്ന നാമം സൂചിപ്പിക്കുന്നത് പോലെ അമ്മേ എന്ന് വിളിച്ച് കൊണ്ട് അടുത്തേയ്ക്ക് പോവുകയാണ്. അവസാനം ശിവശക്തൈക്യ രൂപിണ്യേ എന്ന് വിളിക്കുന്നു. അമ്മേ എന്ന് വിളിച്ച് അടുത്ത് ചെല്ലുമ്പോൾ അമ്മ അച്ഛനെ കാണിച്ച് തരുന്നു. ഇത്തരത്തിൽ അമ്മ അച്ഛൻ എന്നൊക്കെ വ്യാഖ്യാനിക്കുന്നതെന്തെന്നാൽ നമ്മുടെ ലൗകികമായ അച്ഛനേയും അമ്മയേയും സങ്കല്പിച്ചു കൊണ്ടാണ് നാം മഹാമായയേയും അറിയാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ അമ്മ എന്ന് പറയുന്നത് ഒരു സ്ത്രീയല്ല.

യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിത എന്ന് ദേവി മാഹാത്മ്യത്തിൽ പറയുന്നു. സത്യത്തിൽ എല്ലാവരിലും ഈ മാതൃത്വം ഉണ്ട് എന്നാൽ ഒരു സ്ത്രീയിൽ കുഞ്ഞ് ജനിക്കുമ്പോൾ മാതൃത്വം ആവിർഭവിക്കയാണ്. അത് സ്ത്രീയുടെ സ്വന്തമല്ല. സ്ത്രീ ആ മാതൃത്വം തന്റേതാണെന്ന് ധരിച്ച് അത് നഷ്ടപ്പെടുത്തി കളയുകയാണ്. ആ മാതൃത്വം തന്റേതല്ലെന്നും ഈ കുഞ്ഞിനെ ഒരു കാരണമാക്കി വച്ച് കൊണ്ട് ഉള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ മാതൃത്വം ആവിർഭവിക്കയാണെന്നും അറിയുകയാണെങ്കിൽ മാതൃത്വം തന്നെ ഒരു സ്ത്രീക്ക് ഈശ്വര സാക്ഷാത്കാരമാണ്. ആ മാതൃത്വത്തിൽ തന്നെയില്ലാതാക്കണം അല്ലാതെ തന്റെ സ്വന്തം ആക്കരുത്. മാതൃത്വത്തിൽ തന്നെയില്ലാതാക്കാൻ സാധിക്കുമെങ്കിൽ മാതൃത്വം എന്ന ഒരേ ഒരു ആവിർഭാവം മതി ഒരു സ്ത്രീക്ക് മുക്തിക്ക് കാരണമാകാൻ.

Nochurji🙏🙏
Malini dipu 

No comments:

Post a Comment