ബ്രഹ്മലോകത്തേക്ക് ജീവന്റെ യാത്ര
Sunday 13 October 2019 1:04 am IST
മൂന്നാം അദ്ധ്യായം മൂന്നാം പാദം
ഗതേരര്‍ത്ഥവത്ത്വാധികരണം
ഇതില്‍ 2 സൂത്രങ്ങളുണ്ട്.
സൂത്രം- ഗതേര്‍ത്ഥവത്ത്വമുദയഥാളന്യഥാ ഹി വിരോധഃ
ദേവയാന മാര്‍ഗ്ഗത്തിലൂടെയുള്ള യാത്രയ്ക്ക് സാര്‍ത്ഥകത രണ്ട് തരത്തിലാണ് അല്ലെങ്കില്‍ ശ്രുതി വിരോധം ഉണ്ടാകും.
രണ്ട് തരത്തിലും ബ്രഹ്മപ്രാപ്തിയെ സമര്‍ത്ഥിക്കുമ്പോള്‍ മാത്രമേ ശ്രുതി വേണ്ട വിധത്തിലാകൂ.. അങ്ങനെയല്ലെങ്കില്‍ അത് ശ്രുതി വാക്യങ്ങള്‍ പരസ്പരം എതിരാകാനിടയാക്കാം.
ജ്ഞാനി പരലോകത്ത് പോകുന്നതില്‍ ദേവയാന മാര്‍ഗ്ഗം പറയുന്നതും പറയാത്തതുമായി രണ്ട് തരത്തില്‍ കാണാം. ദേവയാനത്തെ പറ്റി പറയാത്ത സ്ഥലത്തും അതേ ഗതിയെക്കുറിച്ച് പറയേണ്ടതുണ്ടോ എന്ന് സംശയിക്കുന്നു. രണ്ട് വിധത്തില്‍ തന്നെ അര്‍ത്ഥം പറഞ്ഞാല്‍ മതി എന്ന് സൂത്രം വ്യക്തമാക്കുന്നു.
സദ്യോ മുക്തി, ക്രമ മുക്തി എന്നീ രണ്ട് വിധത്തിലുള്ള മുക്തികളില്‍ ക്രമ മുക്തിയില്‍ മാത്രമാണ് ദേവയാന മാര്‍ഗ്ഗത്തെ പറയുന്നത്. സദ്യോ മുക്തിയില്‍ വേണ്ട. അല്ലെങ്കില്‍ ശ്രുതി വിരോധം ഉണ്ടാകും. സദ്യോ മുക്തി നേടിയ ഒരാള്‍ക്ക് പുണ്യപാപങ്ങള്‍ ഇല്ലാതാകുന്നു. അയാള്‍ക്ക് എവിടേയും പോകേണ്ടതില്ല. അപ്പോള്‍ അവിടെ തന്നെ പരമപദ പ്രാപ്തിയുണ്ടാകുന്നു.
സാധകന്റെ സങ്കല്പത്തിനനുസരിച്ചാണ് പരമപദ പ്രാപ്തി. ഇങ്ങനെ പറഞ്ഞാല്‍ ദേവയാന ഗതിയോ സദ്യോ മുക്തിയോ തമ്മില്‍ വിരോധമുണ്ടാകില്ല. രണ്ടിനേയും മാനിക്കത്തക്ക വിധത്തില്‍ വേണം ഇവയെ വര്‍ണ്ണിക്കാന്‍.
സൂത്രം- ഉപപന്നസ്തലക്ഷണാര്‍ത്ഥോപലബ്ധേര്‍ ലോകവത്
രണ്ടു വിധത്തില്‍ അര്‍ത്ഥമെടുക്കുന്നത് യുക്തമാണ്. ഗതി കൊണ്ട് കിട്ടേണ്ട വസ്തുവിന്റെ പ്രാപ്തിയെ പറഞ്ഞിട്ടുള്ളതിനാലാണ്. ഇത് ലോകത്തില്‍ കാണുന്നത് പോലെയാണ്. ദേവയാന മാര്‍ഗത്തിലൂടെ ബ്രഹ്മലോകത്തിലേക്ക് പോകുന്ന ജീവന് ആവശ്യമായ സൂക്ഷ്മ ശരീരത്തിനെക്കുറിച്ച് പറഞ്ഞത് ഉചിതമായി. ഇത് ലോകത്ത് കാണും പോലെയാണ്. കഴിഞ്ഞ സൂത്രത്തില്‍ ഗതിയെപ്പറ്റി രണ്ടു തരത്തില്‍ അര്‍ത്ഥമെടുക്കണമെന്ന് പറഞ്ഞത് വളരെ യുക്തമാണ്. ഗതി കൊണ്ട് നേടേണ്ടതായ വസ്തുവിന്റെ പ്രാപ്തി ഇവിടെ തന്നെ ഉണ്ടായിട്ടുള്ളതിനാല്‍ പിന്നെ ഗതിയുടെ ആവശ്യമില്ല.സഗുണ ഉപാസനയിലെ പര്യങ്ക വിദ്യയിലും മറ്റും അത് ആവശ്യമാണ്. സഗുണബ്രഹ്മത്തെ ഉപാസിച്ച് സാക്ഷാത്കരിച്ചാല്‍ പിന്നെ ബ്രഹ്മലോകത്തില്‍ സഗുണേശ്വരനോട് കൂടി ദിവ്യഭോഗങ്ങളോടെ കഴിയാം. കല്പവസാനത്തില്‍ നിര്‍ഗുണബ്രഹ്മത്തില്‍ ലയിക്കും.
കര്‍മ്മ വസനകളെ ക്ഷയിപ്പിക്കുക എന്നതു മാത്രമാണ് അവര്‍ക്കുള്ള ഒരേ ഒരു കാര്യം.സാധാരണ ലോകത്തിലും ഒരു ദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്താന്‍ ഗമനം ആവശ്യമാണ്. എന്നാല്‍ ആരോഗ്യത്തെ നേടാന്‍ അത് അത്യാവശ്യമല്ല. ക്രമ മുക്തിതിയില്‍
സൂക്ഷ്മ ശരീരമെടുത്താണ് ജീവന്‍ യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞതും ഇതു പോലെ തന്നെ. എവിടെ പോകണമെങ്കിലും അതിന് പറ്റിയ വാഹനത്തിലോ മറ്റോ പോകണം. ഇത് ലോകത്തില്‍ സാധാരണയാണ്.
No comments:
Post a Comment