Saturday, October 19, 2019

ദിവ്യപാദുകങ്ങള്‍

Saturday 19 October 2019 2:45 am IST
ബാബയുടെ സമകാലികനായിരുന്നു അക്കല്‍കോട്ട് മഹാരാജ്  എന്ന നരസിംഹ സരസ്വതി. ദത്താത്രേയ പരമ്പരയിലെ  വിഖ്യാത ഗുരു. മറാഠികളുടെ ആരാധ്യപുരുഷന്‍.  സമാധിയായ ശേഷം അദ്ദേഹത്തിന്റെ പാദുകങ്ങളാണ് പ്രതിരൂപമായി ഭക്തര്‍ ആരാധിച്ചു പോന്നത്. 
അക്കല്‍ കോട്ട് മഹാരാജിന്റെ അനുയായിയായിരുന്ന  ഭായ് കിഷന്‍ജി അലിബാഗ്കര്‍ ഒരിക്കല്‍ മഹാരാജിന്റൈ പാദുകങ്ങള്‍ വണങ്ങാനായി  ഷോലാപ്പൂരിലെ അക്കല്‍കോട്ടിലേക്ക് പോകാനൊരുങ്ങി. യാത്രതിരിക്കുന്നതിന് തലേന്നാള്‍ കിഷന്‍ജിക്ക് മഹാരാജ് സ്വപ്‌നദര്‍ശനം നല്‍കി. 'നീയിനി അക്കല്‍കോട്ടിലേക്ക് പോകണമെന്നില്ല. ഇപ്പോള്‍ ഷിര്‍ദിയാണെന്റെ വിശ്രമസ്ഥാനം. നീ അങ്ങോട്ടു പോകുക. ' സ്വപ്‌നം കണ്ടുണര്‍ന്ന കിഷന്‍ജി അക്കല്‍കോട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. നേരെ ഷിര്‍ദിയിലേക്ക് പുറപ്പെട്ടു. ഷിര്‍ദിയിലെത്തി ബാബയെ കണ്ടുവണങ്ങി. അവിടെ നിന്ന് തിരിച്ചു പോരാന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല. ആറുമാസം ഷിര്‍ദിയില്‍ കഴിഞ്ഞു. 
താന്‍ കണ്ട സ്വപ്‌നം അപ്പോഴും കിഷന്‍ജിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഭക്തര്‍ക്ക് തൊഴുതു വണങ്ങാനായി ബാബയിരിക്കുന്ന ആര്യവേപ്പു മരത്തിനു കീഴെ  ബാബയുടെ  പ്രതീകാത്മ പാദുകങ്ങള്‍ സ്ഥാപിക്കാന്‍ കിഷന്‍ ജി തീരുമാനിച്ചു. 1834 ല്‍  ബാബയുടെ ശിഷ്യരായ ദാദാ കേല്‍ക്കര്‍, ഉപാസനീ മഹാരാജ് തുടങ്ങിയവരുടെ സഹായത്തോടെ  വലിയൊരു ചടങ്ങ് സംഘടിപ്പിച്ച് ആഘോഷപൂര്‍വം പാദുകങ്ങള്‍ സ്ഥാപിച്ചു. ബാബയുടെ ഭക്തനായ ജി. കെ. ദീക്ഷിതിനെയാണ് പാദുക പൂജയ്ക്ക് ചുമതലപ്പെടുത്തിയത്. 
ബാബയുടെ അനുമതിയോടെ, മുംബൈക്കാരനായ ഡോ. രാമറാവു കോത്താരിയെയാണ് പാദുകങ്ങള്‍ നിര്‍മിച്ചത്. ശ്രാവണപൗര്‍ണമിയില്‍ അവ സ്ഥാപിക്കണമെന്നായിരുന്നു ബാബയുടെ നിര്‍ദേശം. ഖണ്ഡോപ ക്ഷേത്രത്തില്‍ പൂജിച്ച പാദുകങ്ങള്‍ ഘോഷയാത്രയായാണ് ദ്വാരകാമായിയിലെത്തിച്ചത്.  ബാബ തൊട്ടനുഗ്രഹിച്ച പാദുകങ്ങള്‍ ഇന്നും ആയിരങ്ങള്‍ക്ക് അഭയമാണ്. 
പാദുകങ്ങള്‍ സ്ഥാപിച്ച ശേഷം അക്കല്‍ക്കോട്ടില്‍ പോകാനൊരുങ്ങിയ കിഷന്‍ജിയോട് ബാബ ചോദിച്ചു'നിങ്ങള്‍ ഇനിയെന്തിനാണ് അക്കല്‍ക്കോട്ടിലേക്ക് പോകുന്നത്?  അക്കല്‍കോട്ട് മഹാരാജാ ഇവിടെയാണുള്ളതെന്ന് നിങ്ങള്‍ക്കറിയില്ലേ?'. താന്‍ കണ്ട സ്വപ്‌നവും അതിന്റെ പൊരുളുമാണ് ബാബയുടെ വാക്കുകളില്‍ ധ്വനിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യാത്ര വേണ്ടെന്നു വെച്ചു. ശിഷ്ട ജീവിതം ഷിര്‍ദിയിലെ അവധൂതന്റെ പാദസേവയ്ക്കും പാദുകപൂജയ്ക്കും ആത്മസമര്‍പ്പണമായി നല്‍കി. 

No comments:

Post a Comment