Thursday, October 10, 2019

കൃഷ്‌ണോപാസനയുടെ മഹത്വം

Thursday 10 October 2019 3:24 am IST
രാജവിദ്യാരാജഗുഹ്യയോഗം
ഞാന്‍ തന്നെ യജ്ഞവും,  അഗ്നിയും, ഔഷധിയും, മന്ത്രവും, ഹവിസ്സും, പിതാവും, മാതാവും, പിതാമഹനും, ഓംകാരവും, വേദങ്ങളും, സാക്ഷിയും, പ്രഭവസ്ഥാനവും, ബീജവും, തപസ്സും, മൃത്യുവും, അമരത്വവും, യജ്ഞകര്‍ത്താവും, ഭോക്താവും, എല്ലാ ആരാധനയുടേയും സ്വീകര്‍ത്താവും, ദേവപൂജയുടെ ഫലദാതാവുമെല്ലാം ഞാന്‍ തന്നെയാണ്. 
ഗുണദോഷങ്ങളോടൊന്നിലും ബന്ധമില്ലാതെ കര്‍മനിരതനാകുന്ന കര്‍മയോഗിയുടെ ലക്ഷ്യസ്ഥാനവും  ഞാന്‍ തന്നെ. എനിക്ക് പ്രിയനോ, അപ്രിയനോ ആയിട്ട് ആരുമില്ല, ഒന്നുമില്ല. ദുഷ്ടന്‍ പോലും നന്മയിലേക്ക് തിരിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ എന്നിലെത്തിച്ചേരുന്നു. എന്റെ ഭക്തര്‍ക്ക് ഒരിക്കലും നാശമുണ്ടാകുകയുമില്ല. എല്ലാ വിഭാഗം ജനതയ്ക്കും ജീവജാലങ്ങള്‍ക്കുമുള്ള പരമഗതിക്കാധാരം ഞാന്‍ തന്നെയാണ്. മറ്റെല്ലാ പന്ഥാവുകളും ദുഷ്‌ക്കരമാണെന്നതിനാല്‍ എന്നെ ഉപാസിച്ചാരാധിച്ച് എന്നില്‍ സമര്‍പ്പിച്ച് നിരന്തരം കര്‍മമനുഷ്ഠിക്കൂ. എന്നില്‍ തന്നെ എത്തിച്ചേരും!  ഈ ശ്രീകൃഷ്ണ ഉപാസനയാണ് രാജവിദ്യാ അഥവാ ശ്രേഷ്ഠമായ മാര്‍ഗമെന്ന് അറിഞ്ഞാലും. 
വിഭൂതിയോഗം
എന്റെ (ശ്രീകൃഷ്ണന്റെ)  വിഭൂതിയെക്കുറിച്ച് അറിയുന്നവര്‍ വളരെക്കുറവാണ്. ഞാന്‍ എല്ലാത്തിന്റെയും ആദിയും അന്തവുമാകുന്നു. എന്നെ വ്യക്തമായിട്ടറിയുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും പൂര്‍ണ മോചനം നേടിയിട്ടുണ്ടാകും. ബുദ്ധി, ജ്ഞാനം, ക്ഷമ, സത്യം, ശാന്തത, ഇന്ദ്രിയ സംയമം, സുഖം, ദു:ഖം, ഭയം നിര്‍ഭയത്വം, അഹിംസ, സമത്വം സന്തുഷ്ടി, ദാനം, കീര്‍ത്തി, യശസ്സ് എല്ലാം എന്നില്‍ അധിവസിക്കുന്നു. എന്റെ ഈ വിഭൂതി അറിയുന്നവന്‍ എല്ലാത്തിനും അതീതനായി തീരുന്നു. എല്ലാത്തിന്റെയും പ്രഭവസ്ഥാനവും പ്രവര്‍ത്തനത്തിനുള്ള ഊര്‍ജകേന്ദ്രവും ഞാനാകുന്നു എന്നറിയുകയും ചെയ്യുന്നു. ഈ പ്രപഞ്ചം തന്നെ എന്റെ പ്രദര്‍ശന പ്രഭയാണ്. എന്റെ വാസസ്ഥലമാകട്ടെ ഓരോ വ്യക്തിയുടേയും ഹൃദയസ്ഥാനവുമാണ്. 
അര്‍ജുനനന്‍ കൃഷ്ണനോട് ചോദിക്കുന്നു. അങ്ങയുടെ വിവരണാതീതമായ ആ വിഭൂതിയൊന്നു പ്രദര്‍ശിപ്പിച്ചു വിവരിച്ചു തന്നാലും എന്ന്. അതിനു മറുപടിയായി കൃഷ്ണന്‍ വിവരിക്കുന്നു.  എല്ലാറ്റിന്റെയും ആദിയും അന്തവും ശ്രേഷ്ഠമായതെല്ലാം തന്നെയും ഞാനാകുന്നു. വിഷ്ണുവും, രവിയും, ചന്ദ്രനും, സാമവേദവും, വാസവനും, മനസ്സും, ചേതനയും, ശങ്കരനും, യക്ഷനും, പാവകനും, മേരുപര്‍വതവും, ബൃഹസ്പതിയും, സ്‌കന്ദനും, സാഗരവും, ഭൃഗുമഹര്‍ഷിയും, അക്ഷരങ്ങളില്‍ ഓംകാരവും, ജപയജ്ഞവും, ഹിമാലയവും ആല്‍മരവും, നാരദനും, ചിത്രരഥനെന്ന ഗന്ധര്‍വനും, കപിലമഹര്‍ഷിയും, ഉച്ചെശ്രവസ്സും ഗജേന്ദ്രനും, രാജാവും, വജ്രായുധവും, കാമധേനുവും, കാമവികാരവും, വാസുകിയും, അനന്തനാഗവും, ആര്യമാവും, വായുവും, ശ്രീരാമനും, ഗംഗയും, സൃഷ്ടിസ്ഥിതിസംഹാരവും, മൃത്യുവും, ശ്രീയും, സ്ഥിതിയും, ധൃതിയും, ക്ഷമയും സാമവും, ഗായത്രീഛന്ദസ്സും മാര്‍ഗശീര്‍ഷമാസവും, വസചകാലവും, ചൂതുകളിയും, വിജയവും, ശ്രീകൃഷ്ണനും, അര്‍ജുനനും, നീതിയും, ശിക്ഷയും ജ്ഞാനവും ഞാനാകുന്നു. സര്‍വചരാചരങ്ങളുടേയും ബീജവും ഞാനാകുന്നു.  
                                                                                                                 (തുടരും)

No comments:

Post a Comment