Thursday, October 10, 2019

*പണ്ടെങ്ങോ കേട്ട ഒരു കഥയുണ്ട്...*

ഒരു കാട്ടിൽ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ആൽ മരം നിന്നിരുന്നു... *ഒരു അപ്പൂപ്പൻ ആൽമരം..* ഒരു ദിവസം ആ അപ്പൂപ്പൻ ആൽമരം നോക്കുമ്പോൾ ഒരു ചെറിയ വള്ളി തന്റെ വേരിന്റെ അടുത്ത് നിന്നും തന്റെ തടിയെ പറ്റി പിടിച്ചു വളർന്ന് വരുന്നത് കണ്ടു....

ആൽമരം കരുതി പാവം ഒരു ചെടിയല്ലേ, അതിന് വളരാൻ വേണ്ട സഹായം ചെയ്തു കൊടുക്കാം... അതു കൊണ്ട്, അതിന് വേണ്ട തണൽ എല്ലാം നൽകി അതിനെ ശല്യപ്പെടുത്താതെ വളർത്തി...

മൂന്നു നാലു മാസം കൊണ്ട് ഈ വള്ളി വളർന്ന് ഈ ആലിനൊപ്പം എത്തി...

അപ്പൂപ്പൻ ആൽ കരുതി, വളരട്ടെ.. പാവം അല്ലേ... വള്ളിക്ക് പടരാനുള്ള സഹായത്തിന് ആൽ മരം തന്റെ എല്ലാ ചില്ലകളും ഒരുക്കി കൊടുത്തു...

  കുറച്ചു നാൾ കൊണ്ട് ആലിനെ മുഴുവൻ മൂടിയപ്പോൾ ഈ വള്ളിക്ക് തന്നെ ഇത്തിരി അഹങ്കാരം തോന്നി...

 *നൂറുകണക്കിന് വർഷം പഴക്കമുള്ള ഈ ആലിന് ഇത്ര നാൾ ആയിട്ടും ഇത്രയേ വളരാൻ പറ്റിയുള്ളൂ എന്നും.. എന്നാൽ തനിക്ക് ആറു മാസം കൊണ്ട് തന്നെ ഈ ആലിനെ മുഴുവൻ മൂടാൻ കഴിഞ്ഞല്ലോ എന്നും...*

പതുക്കെ പതുക്കെ ഈ അഹങ്കാരം പുറത്ത് വരാനും തുടങ്ങി...
അങ്ങിനെ ഒരുനാൾ ഈ അപ്പൂപ്പൻ ആലും, വള്ളിയും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ താൻ മികച്ചത് എന്ന അഹംകാരത്തിൽ  വള്ളി പുച്ഛ ഭാവത്തിൽ ആലിനോട് ചോദിച്ചു...

*"എന്റെ അപ്പൂപ്പാ... ഇത്ര വർഷത്തെ പഴക്കം ഉണ്ടെന്നെല്ലാം ആണല്ലോ പറയുന്നേ... പക്ഷെ എന്നെ നോക്കിക്കേ, ഞാൻ വെറും ആറു മാസം കൊണ്ട് അപ്പൂപ്പനെ കാൾ വളർന്നില്ലേ... അപ്പോൾ ഞാൻ തന്നെ അല്ലെ മിടുക്കൻ...."*


ഈ ചോദ്യം കേട്ട് സ്വതേ ഉള്ള പുഞ്ചിരി വിടാതെ ആ അപ്പൂപ്പൻ ആൽ പറഞ്ഞു പോലും..

*"നീ തന്നെ മിടുക്കൻ, പക്ഷെ നിന്നെ പോലെ നൂറു കണക്കിന് മിടുക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്...*


അതേ ആ അപ്പൂപ്പൻ ആൽ നൂറു കണക്കിന് വള്ളികൾ ജനിക്കുന്നതും, വളർന്ന് പന്തലിക്കുന്നതും, അതുപോലെ നശിച്ച് ഇല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്...


*ഭാരത സംസ്കാരവും അങ്ങിനെ തന്നെ..*

അനവധി നിരവധി   സംസ്കാരങ്ങൾ ഈ സനാതന സംസ്കാരത്തിന്റെ മുൻപിൽ പിറന്ന്-വളർന്ന്-തളർന്ന്-അമർന്നു പോയിരിക്കുന്നത് ഭാരത സംസ്കാരം കണ്ടിരിക്കും.. ആ അപ്പൂപ്പൻ ആൽ മരത്തിനെ പോലെ...

*നാലും രണ്ട് ആറു പേർ ആചാരം ലംഘിച്ചാലോ, കുറച്ചു പേർ മതം മാറി പോയാലോ അങ്ങു ഇല്ലാതെ ആവുന്നതല്ല ഈ സംസ്കാരം...*


ഇന്നലത്തെ മഴയിൽ കിളിർത്ത ഒരു വള്ളിച്ചെടിയല്ല അത്... ആയിരം പറവകൾക്ക് കൂടേകുന്ന... മണ്ണിന് തണലേകുന്ന... ജീവികൾക്ക് ആവസമൊരുക്കുന്ന ഒരു മഹാവൃക്ഷമാണത്...

കൊടും കാറ്റുകൾ കണ്ട..  പേമാരികൾ കണ്ട.. പ്രളയം കണ്ട...  ഭൂമികുലുക്കം കണ്ട ആ മഹാവൃക്ഷത്തിനെ ഇതെല്ലാം വെറും ഒരു ചാറ്റൽ മഴ മാത്രം...

പക്ഷെ ആ വൃക്ഷത്തിന്റെ തണൽ പറ്റി ജീവിക്കുന്ന നമുക്ക് ഒരു കർത്തവ്യം ഉണ്ട്...

ഗുരുക്കന്മാർ പറയുന്നു...

*സ്വാദ്ധ്യായ പ്രവചനാഭ്യാം ന പ്രമതിതവ്യം...*

സ്വാദ്ധ്യായത്തിനും(പഠനത്തിനും) പ്രവചനത്തിനും(പാഠനത്തിനും) പ്രമാദം ഉണ്ടാകരുത്...

നമ്മുടെ സംസ്കാരത്തിനെ സനാതനമായി നിർത്തുവാൻ നാം ചെയ്യേണ്ടത് *"പഠിക്കുകയും, പഠിപ്പിക്കുകയും"* എന്നതാണ്... അതിൽ വീഴ്ച വരുത്തരുത്....

നമ്മൾ നമ്മുടെ സംസ്കാരം ആചരിച്ച് അനുഷ്ഠിച്ചാൽ, ഒരു സംശയവും വേണ്ടാ നമുക്ക് ഒന്നും സംഭവിക്കില്ല..

എല്ലാകാലത്തും നമ്മുടെ സംസ്കാരത്തിനെതിരെ ഈ ആക്രമണം ഉണ്ടായിട്ടുണ്ട്... ആക്രമിച്ചവർ ഇത്തിരി വളർന്നു എന്ന തോന്നൽ ഉളവാക്കി, പിന്നെ ഇല്ലാതെ ആയി പോയിട്ടും ഉണ്ട്....

അതു കൊണ്ട്: *"മാ ശുച"* (വിഷമിക്കേണ്ട എന്ന്)


ഹരി ഓം!

No comments:

Post a Comment