Tuesday, October 08, 2019

💥വിദ്യാരംഭം കരിഷ്യാമി💥

" അകചടതപയാദ്യെ: സപ്തഭിർ വർണ്ണ വർഗ്ഗൈർ -
 വിരചിത മുഖബാഹാപാദ മദ്ധ്യാഖ്യഹൃത്കാ
സകലജഗദധീശാ ശാശ്വതാവിശ്വയോനിർ വിതരതു പരിശുദ്ധിം ചേതസ:ശാരദാ വ:          (പ്രപഞ്ചസാരം )

കേരളീയ സമ്പ്രദായപ്രകാരം മൂന്നു വയസ്സായാൽ അരിയിലെഴുതി വിദ്യ തുടങ്ങാം.ആ പ്രായം കഴിഞ്ഞാൽ അഞ്ചാം  വയസ്സിലേ പാടൂള്ളൂ.എന്നാൽ പെൺകുട്ടികൾക്ക്‌ 4ലും ആവാം എന്നൊരു വിധിയുണ്ട്‌. ശരീരത്തെ ബാധിച്ചിരുന്ന കടുത്ത ബാല പീഡ കാരണം അഞ്ചാം വയസ്സിലാണു ഞാൻ അക്ഷരമധുരം നുണഞ്ഞത്‌. 1975ലെ ദശമി ദിവസം പടിഞ്ഞാറ്റയിൽ (പൂജാമുറി -തേവാരപ്പുര ) തയ്യറാക്കിയ സരസ്വതീ മണ്ഡപത്തിനു മുൻപിൽ എന്നെ മടിയിലിരുത്തി , മുൻപിൽ വെച്ച ഓട്ടുരുളിയിലെ ഉണക്കലരിയിൽ എന്റെ വിരൽ പിടിച്ച്‌ 'ഹരിശ്രീയും ഗുരുമന്ത്രവും ഞങ്ങളുടെ പാരമ്പര്യം അനുശാസിയ്ക്കുന്ന ചില മന്ത്രങ്ങളും എഴുതിച്ചത്‌ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ( ഉപനയാനാദി സംസ്കാരം കഴിയാത്തതിനാൽ പാരമ്പര്യമന്ത്രങ്ങൾ എഴുതിയ്ക്കുമ്പോൾ അത്‌ എന്നോട്‌ ഏറ്റുചൊല്ലരുതെന്ന് അച്ച്ഛൻ പറഞ്ഞിരുന്നു. ) പയ്യോർ മലയിൽ നെയ്തെടുത്ത ചുകന്ന കരയുള്ള തോർത്ത്‌ മുണ്ടായിരുന്ന് അച്ഛൻ അന്നു ഉടുത്തിരുന്നതെന്ന് എനിയ്ക്ക്‌ നല്ല ഓർമ്മയുണ്ട്‌.എഴുതിക്കഴിഞ്ഞപ്പോൾ സരസ്വതിപൂജയുടെ പ്രസാദമായ അവിലും മലരും ശർക്കരയും കദളിപ്പഴവും ഇളന്നീരും കഴിയ്ക്കാൻ തന്നു. ചെറിയ തോതിൽ ഒരു സദ്യയും അന്നുണ്ടായി. പുലർച്ചെ 6മണിയ്ക്ക്‌ നടത്തിയ ഈ ചടങ്ങിനു ശേഷം രണ്ടു നാഴിക ദൂരെയുള്ള വാഴോത്ത്‌ ക്ഷേത്രത്തിൽ കുട്ടികളെ എഴുതിയ്ക്കാൻ അച്ഛൻ പോകുകയും ചെയ്തു. ഇത്രയും ഓർമ്മകളാണു അന്നത്തെ വിദ്യാരംഭദിവസം മങ്ങാതെ, മായാതെ ഓർമ്മച്ചെപ്പിൽ ഇന്നും  ഉള്ളത്‌.

ഏതാണ്ട്‌ 30 വർഷം മുൻപുവരെ ഞങ്ങളുടെ ഇല്ലത്ത്‌ നവരാത്രി കാലത്ത്‌ പുസ്തകപൂജയും ഇതേമാതിരി വിദ്യാരംഭവുമൊക്കെ പതിവുണ്ടായിരുന്നു. അച്ഛന്റെ കാലശേഷം അതു മുടങ്ങിപ്പോയി. അന്നൊക്കെ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും ചില കുട്ടികളെയൊക്കെ ഇല്ലത്തു വെച്ച്‌ വിദ്യാരംഭം ചെയ്യിക്കാറുണ്ടായിരുന്നു. അടുത്തുള്ള ക്ഷേത്രങ്ങളൊക്കെ തകർന്നു കിടന്നിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു1970-80 കാലം. കൊയിലാണ്ടി പിഷാരികാവിൽ പോയി ചിലരൊക്കെ വിദ്യാരംഭ നടത്തും. കൊല്ലൂർ മൂകാംബികയിലൊക്കെ വളരെ ദുർല്ലഭമായേ നവരാത്രിയ്ക്കൊക്കെ ഈ ഭാഗത്തുള്ളവർ  എഴുതിയ്ക്കാൻ പോകാറുള്ളൂ. മേലെ പരാമർശ്ശിച്ച വാഴോത്തമ്പലത്തിൽ മാത്രമാണു ആ കാലത്ത്‌ സരസ്വതീപൂജയും വിദ്യാരംഭവും പതിവുണ്ടായിരുന്നത്.  ഞങ്ങളുടെ നാട്ടിലെ പ്രൈമറി സ്കൂളായ കരുവണ്ണൂർ  ഗവ:എൽ.പി സ്കൂളിൽ തെക്കൻ കൊല്ലത്തുകാരനായ വാസു മാസ്റ്റർ മുൻ കയ്യെടുത്ത്‌ അവിടെ പഠിയ്ക്കുന്ന കുട്ടികളുടെ പുസ്തകങ്ങൾ പൂജയ്ക്ക്‌ വയ്ക്കുന്ന പതിവുണ്ടായിരുന്നു. 'പൂജയ്ക്ക്‌ വയ്ക്കുക' എന്ന് പറയുമെങ്കിലും പൂജയൊന്നും പതിവില്ല. ഒരു നിലവിളക്ക്‌ കൊളുത്തി പുസ്തകത്തിന്റെ മുൻപിൽ വെയ്ക്കും. ദശമി ദിവസം രാവിലെ കുട്ടികളോട്‌ ഇളനീരും പഴവും കൊണ്ടുചെല്ലാൻ പറയും.അതെല്ലാം കൂടി ഒരു പാത്രത്തിൽ ചൊരിഞ്ഞ്‌ പഴവും കൂട്ടിയിളക്കി വിതരണം ചെയ്യും. അത്രയുമായിരുന്നു ചടങ്ങുകൾ.വാസ്വാഷ്‌ റിട്ടയർ ചെയ്തതോടെ അതും നിന്നു പോയി.

മുതിർന്നപ്പോൾ ധാരാളം ഞാൻ  കുട്ടികളെ അരിയിലെഴുതിച്ചിട്ടുണ്ട്‌. എന്നെക്കൊണ്ടു തന്നെ എഴുതിയ്ക്കണമെന്ന നിർബ്ബന്ധബുദ്ധിയിൽ മലപ്പുറത്തു നിന്നും അനേകം ദൂരം യാത്ര ചെയ്ത്‌ ഞാൻ പുരോഹിതനായ അമ്പലത്തിൽ വന്ന ഒരു അച്ഛനും അമ്മയും അവരുടെ കുഞ്ഞിനെ എഴുതിച്ചതിനു ശേഷം ദക്ഷിണ തന്ന് നമസ്കരിച്ചു പോയത്‌ കാൽ നൂറ്റാണ്ടിനു ശേഷവും മങ്ങാത്ത ഓർമ്മയാണു. ആ കുട്ടിയ്ക്ക്‌ വിദ്യാഭ്യാസ വകുപ്പിൽ ജോലിയും കിട്ടി എന്ന് കഴിഞ്ഞ വർഷം അവർ വിളിച്ചു പറഞ്ഞപ്പോൾ എനിയ്ക്ക്‌ വളരെ സന്തോഷം തോന്നി.

എഴുതാൻ തുടങ്ങിയ കാലത്ത്‌ ആദ്യമെഴുതിയ ലേഖനങ്ങളിലൊന്ന് നവരാത്രിയെപ്പറ്റിയായിരുന്നു. അക്ഷരരൂപിണിയുടെ അനുഗ്രഹം കുറച്ചൊക്കെ കിട്ടി എന്നുള്ളതുകൊണ്ടാവാം ഇതുവരെ 9പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിയ്ക്കാൻ പറ്റിയത്‌. പത്താമത്തെ പുസ്തകം പണിപ്പുരയിലാണു.ഒന്നിലധികം പുരസ്കാരങ്ങളും കിട്ടിയതു കാരണം കലയും(സരസ്വതി) കമലയും (മഹാലക്ഷ്മി ) പിണക്കത്തിലല്ലെന്നും തോന്നിയിട്ടുണ്ട്‌. എം.ടി.എഴുതിയതുപോലെ "എല്ലാം അമ്മയുടെ നിശ്ചയം "  (വാനപ്രസ്ഥം )

കാശ്മീരദേശത്തെ പ്രസിദ്ധമായ സർവ്വജ്ഞപീഠക്ഷേത്രത്തിലെ പ്രതിഷ്ഠയായ വാഗീശ്വരിയുടെ (ശാരദാദേവി ) രൂപം അജ്ഞാതനായ ഏതോ ചിത്രകാരൻ വർണ്ണചിത്രമായി ആലേഖനം ചെയ്തതിന്റെ പകർപ്പാണു ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രം.  👏👏👏👏👏
Sudheesh namboothiri 

No comments:

Post a Comment