Tuesday, October 29, 2019



*🎼പരമാനന്ദത്തിലേക്ക് ഒരു പ്രാചീനവഴി*

ഇതൊരു പഴയ കഥയാണ്. എല്ലാവര്‍ക്കും അറിയാവുന്നത്. പക്ഷെ കാലഹരണപ്പെട്ടുപോയതല്ല. തികച്ചും സമകാലീന പ്രസക്തം. സര്‍വ്വകാല പ്രസക്തവും. അതിങ്ങനെയാണ് 

ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനുപോയപ്പോള്‍ വനമദ്ധ്യത്തില്‍ ഒരു മരത്തിനു ചുവട്ടില്‍ ഒരു സന്യാസി ധ്യാനനിരതനായി ഇരിക്കുന്നത് കണ്ടു. രാജാവ് ഭവ്യതയോടെ ചോദിച്ചു: അങ്ങെന്താണ് ഇവിടെ തനിയെ ഇങ്ങനെ ഇരിക്കുന്നത്? അപ്പോള്‍ സന്യാസി പറഞ്ഞു
ഞാന്‍ ഒരു നിധിക്ക് കാവലിരിക്കുകയാണ്. രാജാവ് ചോദിച്ചു എവിടെയാണ് നിധി? സന്യാസി പറഞ്ഞു: അതിവിടെത്തന്നെയാണ്. അപ്പോള്‍ രാജാവ് ഒരു സൂത്രം പ്രയോഗിച്ചു. സ്വാമിന്‍ അങ്ങ് കൊട്ടാരത്തില്‍ വന്ന് കുറച്ചുദിവസം താമസിച്ചാല്‍ വലിയ അനുഗ്രഹമായിരിക്കും. സന്യാസി പറഞ്ഞു: അതിനെന്താ. ഇപ്പോള്‍ തന്നെ പോകാം. 
രാജാവ് അത്ഭുതപ്പെട്ടു. സന്യാസിമാര്‍ ലൗകിക സുഖങ്ങളൊക്കെ ഉപേക്ഷിച്ചവരാണെന്നും കൊട്ടാരത്തിലേക്ക് വരാന്‍ നിര്‍ബന്ധിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹം വിചാരിച്ചിരുന്നത്. എങ്കിലും അത് പുറത്ത് കാണിക്കാതെ രണ്ടുപേരുംകൂടി കൊട്ടാരത്തിലേക്ക് പോയി. 

അങ്ങനെ സന്യാസി രാജകൊട്ടാരത്തില്‍ താമസം തുടങ്ങി. ഒരു ദിവസം കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു. ഒരാഴ്ചയായി. വിഭവസമൃദ്ധമായ ഭക്ഷണം. സന്യാസിയാകട്ടെ ഒന്നും വേണ്ടെന്ന് പറയുന്നുമില്ല. അപ്പോള്‍ രാജാവിനും രാജ്ഞിക്കുമൊക്കെ സംശയമായി. ഇതെന്തൊരു സന്യാസി. രാജാവ് കഴിക്കുന്ന ആഹാരം കഴിക്കുന്നു. രാജാവിനെപ്പോലെ കിടക്കയില്‍ ഉറങ്ങുന്നു. പിന്നെയെന്താണ് വ്യത്യാസം?  രാജാവ് തന്നെ ഇക്കാര്യം സന്യാസിയോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു: സ്വാമിന്‍ ക്ഷമിക്കണം. എനിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു. അങ്ങ് എന്നെപ്പോലെതന്നെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു. പിന്നെയെന്താണ് രാജാവും സന്യാസിയുമായുള്ള വ്യത്യാസം?
 ഇതുകേട്ട് സന്യാസി പറഞ്ഞു: അങ്ങയുടെ സംശയം വളരെ ന്യായമാണ്. പക്ഷെ ഇതിന് മറുപടി കിട്ടണമെങ്കില്‍ അങ്ങ് എന്റെ കൂടെ അല്പദൂരം നടക്കാന്‍ തയ്യാറാവണം. രാജാവ് സമ്മതിച്ചു. 

അങ്ങനെ രണ്ടു പേരും നടന്നു തുടങ്ങി. നടന്ന് നടന്ന് നേരം ഉച്ചകഴിഞ്ഞു. വിശപ്പും ദാഹവും രാജാവിനെ തളര്‍ത്തി. രാജ്യത്തിന്റെ അതിര്‍ത്തിയാവാറായി. സന്യാസിയാണെങ്കില്‍ നടത്തം നിര്‍ത്തുന്നുമില്ല. രാജാവിന് പരിഭ്രമമായി. ഇങ്ങനെ പറഞ്ഞു: അങ്ങ് എവിടേക്കാണ് നടക്കുന്നത്. എന്റെ രാജ്യത്തിന്റെ അതിര്‍ത്തി ഇവിടെ കഴിഞ്ഞു. അപ്പുറം ശത്രുരാജ്യമാണ്. എനിക്കങ്ങോട്ട് വരാനാവില്ല. മാത്രമല്ല ഉടനെ തിരിച്ചില്ലെങ്കില്‍ ഇരുട്ടിന് മുന്‍പ് കൊട്ടാരത്തിലെത്താനുമാവില്ല. 

സന്യാസി ചിരിച്ചകൊണ്ടു പറഞ്ഞു: രാജാവെ ഇതുതന്നെയാണ് അങ്ങും ഞാനുമായുള്ള വ്യത്യാസം. അങ്ങയുടെ രാജ്യത്തിന് അതിര്‍ത്തിയുണ്ട്. പക്ഷെ എന്റെ രാജ്യത്തിന് അതിരുകളില്ല. എനിക്ക് ശത്രുക്കളുമില്ല. കൊട്ടാരവും വനാന്തരവും എനിക്ക് ഒരുപോലെ തന്നെ. എവിടെയും എന്റെ വിധി എന്നോടൊപ്പമുണ്ട്.  രാജാവിന് ഇപ്പോഴാണ്   അബദ്ധം മനസ്സിലായത്. നിധി കിട്ടുമെന്ന് വിചാരിച്ച് സന്യാസി ഇരുന്നിരുന്ന മരത്തിനുചുവട്ടിലും സന്യാസിയുടെ ഭാണ്ഡത്തിലുമൊക്കെ രാജാവ് രഹസ്യമായി പരിശോധന നടത്തിയിരുന്നു. പക്ഷെ ഇപ്പോഴാണ് അത് സാധാരണ നിധിയല്ല എന്ന് ബോധ്യമായത്. 

എങ്കിലും സന്യാസിയോട് ഇങ്ങനെ ചോദിച്ചു. എനിക്ക് ആ നിധി സ്വന്തമാക്കാന്‍ കഴിയുമോ? സന്യാസി പറഞ്ഞു: തീര്‍ച്ചയായും. ഞാന്‍ ഇല്ലാതായാല്‍ താങ്കള്‍ക്ക് ആ നിധി സ്വന്തമാക്കാനാവും.

രാജാവ് പറഞ്ഞു
എങ്കില്‍ അങ്ങയെ ഇപ്പോള്‍ തന്നെ എനിക്ക് ഇല്ലാതാക്കാന്‍ കഴിയും. ഇതുകേട്ട് സന്യാസി പറഞ്ഞു. അതസാധ്യമാണ് മഹാരാജന്‍. ഞാന്‍ ഇല്ലാതാവണം എന്നുപറഞ്ഞാല്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) ഇല്ലാതാവണം എന്നാണര്‍ത്ഥം. അങ്ങനെയുള്ള ഒരാളെ അങ്ങയ്ക്ക് വീണ്ടും ഇല്ലാതാക്കാനാവില്ല. ആയുധംകൊണ്ട് ഒന്നും
------------------------------------
നേടാനാവില്ല 
--------------------
അതുപേക്ഷിച്ചാല്‍ മാത്രമേ അങ്ങ് സമാധാനമെന്തെന്നറിയൂ. 

രാജാവ് ലജ്ജിതനായി. ഇങ്ങനെ പറഞ്ഞു: എനിക്കും അങ്ങയോടൊപ്പം വരണമെന്നുണ്ട്. പക്ഷെ കൊട്ടാരത്തില്‍ എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടാവും. സന്യാസി ചിരിച്ചു
കേവലം ഒരു വഴിയമ്പലത്തെക്കുറിച്ച് അങ്ങ് ഇത്രയും വേവലാതിപ്പെടുന്നതെന്തിന്? 

രാജാവിന് ചെറിയ കോപം വന്നു. ഞാന്‍ കൊട്ടാരത്തിന്റെ കാര്യമാണ് പറഞ്ഞത്. വഴിയമ്പലത്തിന്റെയല്ല. 
സന്യാസി:
ഓഹോ. ഈ കൊട്ടാരം ഇതിനുമുന്‍പ് ആരുടെതായിരുന്നു? 
രാജാവ്:
എന്റെ അച്ഛന്റെതായിരുന്നു. 

സന്യാസി:
അതിന് മുന്‍പ് ആരുടെതായിരുന്നു? 
രാജാവ്:
അച്ഛന്റെ അച്ഛന്റെതായിരുന്നു.
സന്യാസി:
അതിന് മുന്‍പ്? 
രാജാവ്:
അദ്ദേഹത്തിന്റെ അച്ഛന്റേത്.
സന്യാസി:
എന്നുവച്ചാല്‍ ഇതാരുടെയും സ്വന്തമായിരുന്നില്ല എന്നുതന്നെയല്ലെ അര്‍ത്ഥം. അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്. കൊട്ടാരം മാത്രമല്ല, ഈ ലോകം തന്നെ ഒരു വലിയ വഴിയമ്പലമാണ്. നമ്മളെല്ലാം യാത്രക്കാരും. 

രാജാവ് പറഞ്ഞു:
ഞാന്‍ കൊട്ടാരം ഉപേക്ഷിക്കണം എന്നാണോ അങ്ങ് പറഞ്ഞുവരുന്നതെന്ന് സംശയിക്കുന്നു.
സന്യാസി:
ഒരിക്കലുമല്ല. അങ്ങ് കൊട്ടാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല. പ്രജകള്‍ക്ക് അനുസരിക്കാന്‍ ഒരു രാജാവ് ആവശ്യമാണ്. അങ്ങയ്ക്ക് പകരം വേറൊരാള്‍ രാജാവാകും. അത് അങ്ങുതന്നെ ആയിരിക്കുന്നതില്‍ എന്താണ് തെറ്റ്? അതുകൊണ്ട് അങ്ങ് കൊട്ടാരം ഉപേക്ഷിക്കേണ്ടതില്ല. സ്വന്തമല്ലാത്ത ഒന്നിനെ ആര്‍ക്കും ഉപേക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയാല്‍ മതിയാകും. ഏത് നിമിഷവും കൈവിട്ട് പോകാവുന്ന-ഒരിക്കലും സ്വന്തമായിരുന്നിട്ടില്ലാത്ത- കുറെ വസ്തുക്കളെ സ്വന്തം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം. ഒന്നും സ്വന്തമല്ല എന്നറിയുന്നവര്‍ക്ക് ഒന്നും ഉപേക്ഷിക്കാനുമാവില്ല. 

രാജാവ്:
പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്? അങ്ങ് തന്നെ പറഞ്ഞുതരണം.
സന്യാസി
അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് *🎼ഞാന്‍* ഇല്ലാതായാല്‍ അങ്ങയ്ക്ക് നിധി സ്വന്തമാക്കാമെന്ന്. 
ഞാന്‍ ഇല്ലാതായാല്‍ എന്റേതും ഇല്ലാതാവും. ഒന്നും സ്വന്തമായി
---++++++++++++
 ഇല്ലാത്തവന് ഈ ലോകം 
+++++++++++++++++++
മുഴുവനും 
+++++++
സ്വന്തമായിരിക്കും. 
+++++++++++++
അവന്‍ ലോകത്തിന്റേതുമായിരിക്കും. മഹത്തായ ഈ സ്വാതന്ത്ര്യമാണ് ഈശ്വരാനുഭൂതി.
അതാണ് നിധി. 

രാജാവ്
സ്വാമിന്‍ അഹം ഇല്ലാതാക്കാന്‍ എന്താണ് വഴി? 
സന്യാസി
അത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. പക്ഷെ തീരെ അസാധ്യമല്ല. ഞാനെന്നും എന്റേതെന്നുമുള്ള അഹന്താമമതകള്‍ ഉണ്ടാകുന്നത് മനസ്സിലാണ്. അതുകൊണ്ട് മനസ്സ് ഉപേക്ഷിച്ചാല്‍ അങ്ങ് പൂര്‍ണ സ്വതന്ത്രനായിത്തീരും. 

രാജാവ്
ശരി. പക്ഷെ മനസ്സ് എങ്ങനെയാണുപേക്ഷിക്കുക? 
സന്യാസി:
മനസ്സിനെ നേരിട്ട് നിയന്ത്രിക്കാനും ഉപേക്ഷിക്കാനുമൊക്കെ പ്രയാസം തന്നെയാണ്. അതുകൊണ്ട് ഭക്തിജ്ഞാന കര്‍മയോഗങ്ങളിലൂടെ പരോക്ഷമായി അത് സാധിക്കേണ്ടിയിരിക്കുന്നു. 

രാജാവ്:
സ്വാമിന്‍ അത് വിശദമായി പറഞ്ഞുതന്നാലും. 
സന്യാസി
ഭക്തിയിലൂടെ ഭൗതികവിചാരങ്ങള്‍ ഒഴിവാക്കി ആത്മസ്വരൂപാവസ്ഥയിലെത്തുന്നതിനെയാണ് ഭക്തിയോഗം എന്നുപറയുന്നത്. കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ ഇത് സാധിക്കുമ്പോള്‍ അത് കര്‍മയോഗമാകുന്നു. തത്വജ്ഞാനത്തിലൂടെ ഭഗവല്‍പ്രാപ്തി നേടുന്നതാണ് ജ്ഞാനയോഗം. ഇത് ഉത്തമമാണെങ്കിലും ഒരു ഗുരുവിന്റെ സഹായം ആവശ്യമായിവരും. ഭക്തിയാണ് പ്രായേണ സരളവും എന്നാല്‍ ശക്തവും സുരക്ഷിതവുമായ മാര്‍ഗ്ഗം. അവിടെ വഴിതെറ്റാനുള്ള സാധ്യതയില്ല. മനസ്സ് നേരിട്ട് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിലൂടെ നാം ഭൗതിക മുക്തി നേടുന്നു. അഥവാ സ്വരൂപപ്രാപ്തി നേടുന്നു. ഇതുതന്നെയാണ് മനസ്സ് ഉപേക്ഷിക്കല്‍ അഥവാ മോക്ഷം. ഭക്തി മാർഗ്ഗത്തില്‍ ഭഗവല്‍ നാമജപം ഏറ്റവും ഉത്തമവും എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യവുമാകുന്നു. പലതും പറഞ്ഞ് പകല്‍ കളയുന്ന നാവുതവ- തിരുനാമ കീര്‍ത്തനമിതതിനായ് വരേണമിഹ കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി- യെളുതെന്നു കേള്‍പ്പു ഹരി നാരായണായ നമഃ (ഹരിനാമ കീര്‍ത്തനം) 

രാജാവിന് ചിരി വന്നു: സ്വാമി ഇത്രയും ലളിതമായ കാര്യമാണല്ലൊ അങ്ങ് ആദ്യം വളരെ സങ്കീര്‍ണമായി പറഞ്ഞത്. 
സന്യാസി: ലളിതമാണെങ്കിലും ഇത് ചെറിയ കാര്യമല്ല. പലരും ഇതിന്റെ പ്രാധാന്യം വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് സത്യം. ജന്മസിദ്ധമായ ആനന്ദം ഇടതടവില്ലാതെ അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ ജിവിക്കുന്നു എന്നുപറയാന്‍ കഴിയൂ. ആനന്ദകരമായ ജീവിതമാണ് ആരോഗ്യകരമായ ജീവിതം. ഇത് പ്രകൃതിസഹജമായ അമൃതത്വത്തിന്റെ മാര്‍ഗ്ഗമാകുന്നു. നിയന്ത്രണമില്ലാത്ത മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിയന്ത്രിക്കാന്‍ കഴിയുമ്പോള്‍ അതേ മനസ്സ് തന്നെയാണ്  എല്ലാ അനുഭൂതിക്കും അടിസ്ഥാനവും. മനസ്സാണ് ബന്ധത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്. ആത്മൈവ ഹ്യാത്മനോബന്ധു- രാത്മൈവ രിപുരാത്മനഃ എന്ന് ഗീതയില്‍ പറയുന്നുണ്ടല്ലൊ. 
മഹാരാജന്‍ രാജ്യം ഭരിക്കുക എന്നതാണ് രാജാവിന്റെ ധര്‍മ്മം. അതിലൂടെ തന്നെ അങ്ങയ്ക്ക് ലക്ഷ്യപ്രാപ്തി നേടാനാവും. ആര് എവിടെ നില്‍ക്കുന്നു എന്നതല്ല. മനസ്സ് എവിടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. അങ്ങ് ഉടനെ തിരിച്ചുപോകുക. പ്രജകളെ സന്തോഷിപ്പിക്കുക. 

രാജാവ്
അങ്ങയെ കണ്ടുമുട്ടിയത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം. മഹാത്മന്‍, എന്നെ അനുഗ്രഹിച്ചാലും. (നമസ്‌ക്കരിക്കുന്നു) മംഗളം ഭവിക്കട്ടെ.

No comments:

Post a Comment