Tuesday, October 22, 2019

ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടി സംതൃപ്തി പുല്‍കാന്‍ സ്വാത്മസ്വരൂപത്തെ വിവേകപൂര്‍വ്വം അറിഞ്ഞ് സാക്ഷാത്കരിക്കണം'- ഋഷീശ്വരന്മാര്‍ അനുഭവത്തിന്റെ നിറവില്‍ നിന്നുകൊണ്ട് നല്‍കുന്ന ഉപദേശമാണിത്. ഇക്കാര്യം എങ്ങനെ യുക്തിഭദ്രമാവുന്നു എന്നു പരിശോധിക്കാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം നേടിയെടുക്കുക, അതിനുവേണ്ടി എന്തെങ്കിലും ചെയ്യുക, ചെയ്യാനുള്ളത് അറിയുക, ഇതാണ് എപ്പോഴും മുന്നില്‍ ഉരുത്തിരിഞ്ഞു വരുന്ന മൂന്നു വസ്തുതകള്‍. തത്ത്വാന്വേഷികളേയും ഈയൊരു മുന്‍വിധി സ്വാധീനിച്ചിട്ടുണ്ടാവണം. അവര്‍ പ്രചോദനമനുസരിച്ച് നേട്ടത്തിനു വേണ്ടി പലതും ചെയ്ത് മുന്നേറുന്നതിനിടയിലാവണം വ്യക്തമായ തിരിച്ചറിവ് സംഭവിച്ചത്. എല്ലാ ചെയ്തികള്‍ക്കും തുടക്കവും ഒടുക്കവും ഉണ്ടാവാതെ തരമില്ല. അതിനാല്‍ ചെയ്തിയുടെ ഫലമായി ലഭിക്കുന്നതെന്തോ അതിനേയാണ് കര്‍മ്മഫലം എന്നു വിശേഷിപ്പിക്കുന്നത് തുടക്കവും ഒടുക്കവും ഉണ്ടായിരിക്കും. നമുക്ക് അങ്ങനെ പരിമിതമായ ഒന്നു നേടിയാല്‍ തൃപ്തിയുണ്ടാവില്ല.(അനവധി പരിമിത നേട്ടങ്ങള്‍ ഉണ്ടായാലും മതിയാവില്ല ) ഈ നിലയില്‍ ആചാര്യന്മാര്‍ ആലോചിച്ചിരിക്കണം. അങ്ങനെ കര്‍മ്മഫലം ഒരിക്കലും സംപൂര്‍ണ്ണ തൃപ്തി നല്‍കില്ലെന്ന നിശ്ചയത്തിലവരെത്തിച്ചേര്‍ന്നിരിക്കണം. പ്രസ്തുത വസ്തുത നമ്മുടെ ജീവിതത്തെ സംബന്ധിച്ചും ആലോചിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. ചെയ്യേണ്ടതായ ആലോചനയുടെ പ്രകാരത്തെ അഥവാ പ്രകൃതത്തെ ചോദ്യോത്തര രൂപത്തില്‍ പരിചയിക്കാം. 'എനിക്ക് നേടണമെന്ന ആഗ്രഹമില്ലേ'? ഉ: 'ഉണ്ട്' 'അതിനെന്താണു വഴി?' (ഈ ചോദ്യത്തിനു നമ്മുടെ സാമാന്യ ബോധ്യമനുസരിച്ച് കിട്ടുന്ന ഉത്തരം) ഉ: 'എന്തെങ്കിലുമൊക്കെ ചെയ്യണം' 'നേട്ടത്തിന്നു വേണ്ടി നാം പലതും ചെയ്തിട്ടില്ലേ'? ഉ: 'ഉവ്വ്' 'അങ്ങനെ ചെയ്തതനുസരിച്ച് പലതും നേടിയിട്ടില്ലേ'? ഉ: 'തീര്‍ച്ചയായിട്ടും' (അങ്ങനെ നേടിയതിനെ-കര്‍മ്മത്തിന്റെ ഫലമായി ലഭിച്ചതിനെ കര്‍മ്മഫലം എന്നു പറയണമല്ലോ) 'ലഭിച്ച കര്‍മ്മഫലത്തില്‍ നാം തൃപ്തരാണോ?' ഉ: 'അല്ല' ഇതാണ് നമ്മുടെ ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ നമുക്ക് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്. അതായത് നേടണമെന്നുള്ള ആഗ്രഹത്തിനനുസരിച്ചു നേടുന്നതിന് വേണ്ടി പലതും ചെയ്തിട്ടുണ്ടെങ്കിലും ശരി, അതില്‍ നിന്നു കിട്ടുന്ന കര്‍മ്മഫലങ്ങളൊന്നുമല്ല നമുക്ക് ശരിക്കും വേണ്ടതെന്നു ചുരുക്കം. പരിമിതിയുള്ള കര്‍മ്മഫലത്തിനപ്പുറത്ത് മറ്റെന്തോ ആണ് നമുക്കോരോരുത്തര്‍ക്കും വേണ്ടതെന്ന് ആചാര്യന്‍മാര്‍ക്ക് നിഷ്പക്ഷ വിചാരത്താല്‍ ബോധ്യമായി. തുടരന്വേഷണത്തില്‍ ആചാര്യന്മാര്‍ കണ്ടെത്തി ഉദ്‌ബോധിപ്പിക്കുന്നത് ഗ്രഹിക്കാന്‍ നാം ഉത്സാഹിക്കണം. ഋഷിജനം ചിന്തിച്ചു വന്നതു പോലെ നാം എന്തേ ഈ വിഷയത്തില്‍ ആഴത്തില്‍ അന്വേഷിക്കാന്‍ മിനക്കെടാത്തത് എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. നേടിയെടുക്കാന്‍ കര്‍മ്മം ചെയ്യലിന്റേതായ ഒരു വഴി (option) മാത്രമേ നമുക്കു മുന്നിലുള്ളൂ എന്നുറപ്പിച്ചു പോയതാണ് പ്രശ്‌നം. ചെയ്യേണ്ടത് ചെയ്തിട്ടും കിട്ടേണ്ടത് കിട്ടുന്നില്ലല്ലോ എന്ന അവസ്ഥയിലും നമ്മളാലോചിക്കുന്നത് ചെയ്യേണ്ടത് വേണ്ടത്ര ശരിയായി ചെയ്യാത്തത് കൊണ്ടാണ് കിട്ടാതെ പോവുന്നത് എന്നാവും. ഇന്ന് കിട്ടിയില്ലെങ്കിലും ശരി നാളെയൊ ഇല്ലെങ്കില്‍ വരും നാളുകളിലെപ്പോഴെങ്കിലുമോ കിട്ടാന്‍ സാദ്ധ്യതയുണ്ട് എന്നും കരുതും. ഇങ്ങനെയുള്ള ഒരു പ്രതീക്ഷയാല്‍ നാം പിന്നേയും മുന്നേറിക്കൊണ്ടിരിക്കുന്നു. പകരം മുന്‍ഗാമികളായ മറ്റുള്ളവരെ അവധാനതയോടെ നിരീക്ഷിക്കാന്‍ തയ്യാറായാല്‍ നമ്മില്‍ വിവേകമുണരാതിരിക്കില്ല. മുന്‍ സൂചിപ്പിച്ച വിചാരവുമായി മുന്നേറിയവരൊക്കെ ഒടുവില്‍ എങ്ങുമെത്താതെ മരണത്തിനു കീഴടങ്ങുന്നു എന്നതാണ് അവസ്ഥ. (ഇവിടെ അനവധി പുണ്യങ്ങള്‍ ചെയ്ത് നേടാവുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചും ചിലര്‍ പ്രതീക്ഷ പുലര്‍ത്താറുണ്ടെന്നത് മറക്കുന്നില്ല. സ്വര്‍ഗ്ഗസുഖങ്ങള്‍ പുണ്യക്ഷയത്തിനനുസരിച്ച് അവസാനിക്കുന്നതാണെന്നു തുടങ്ങി നിരവധി താക്കീതുകള്‍ നിലവിലുണ്ടെന്നത് പരിഗണിക്കണം. നാളെ ലഭിക്കാനിരിക്കുന്ന സ്വര്‍ഗ്ഗം ഇന്നിന്റെ തുടര്‍ച്ചയാണ്. പരിമിതികള്‍ ഉള്ളതായിരിക്കും.) മരണം നമ്മുടെ മുന്നില്‍ വയ്ക്കുന്ന താക്കീതിനെക്കുറിച്ച് ജി. ശങ്കരക്കുറുപ്പ് പാടിയതോര്‍ക്കണം- 'ഇന്നു ഞാന്‍ നാളെ നീ.' നാളെ നമ്മളും മരിക്കും. നേടണമെന്ന ലക്ഷ്യവുമായി പലതും കണ്ടെത്തി ചെയ്തിട്ടും നേടേണ്ടതെന്തോ അത് നേടാന്‍ കഴിയാതെ നാളെ കിട്ടുമായിരിക്കും എന്ന് പ്രതിക്ഷിച്ചിരിക്കുന്നതിനിടയ്ക്കുള്ള ഒരു മരണം. മഹത്തായ ജീവിതത്തിന് ഇങ്ങനെ ഒരന്ത്യമാണോ വേണ്ടതെന്നാണ് ചോദ്യം! ഇങ്ങനെ അവസാനിച്ചാല്‍ പോരാ എന്ന് വിലയിരുത്തി പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍ ഋഷീശ്വരന്മാരുടെ കാരുണ്യാന്വിത മാര്‍ഗ്ഗദര്‍ശനം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധയുണ്ടാവും.
janmabhumi

No comments:

Post a Comment