Wednesday, October 02, 2019

കൊല്ലൂരിൽ നിന്നും കുട ചാദ്രിയിലേക്ക്.ശ്രീ.മൂകാംബികാ ക്ഷേത്രം. മൂകനെ പോലും വാചാലനാക്കുന്ന ജഗതം ബികയുടെ അനുഗ്രഹം വർഷിക്കന്ന പുണ്യഘട്ടം.സർവ്വജ്ഞപീഠം കയറിയ ശങ്കരാചാര്യർക്ക് ദേവി ദർശനം നൽകിയ കുടചാദ്രിമലയും, കാനനവും.പ്രഭാതശോഭയിൽ സർവ്വ സംഹാരിണിയായി ചുടുനിണത്തിന് നാവു നുണയുന്ന മഹാ കാളി യായും, മദ്ധാഹ്നത്തിൽ സർവ്വയ്ശ്വര്യങ്ങളും പ്രധാനം ചെയ്യുന്ന മഹാലക്ഷ്മിയായും, സാഹ്- യാനത്തിൽ മഹാസരസ്വതിയായും ആദിപരാശക്തിമൂന്നു ഭാവങ്ങളിൽ ഭക്തർക്ക് അനുഗഹത്തിന്റെ പ്രവാഹം വർഷിക്കുന്ന മഹാക്ഷേത്രമാണിത്.കൊല്ലൂരിനെ മടിത്തൊട്ടിലൊളിപ്പിച്ച കുട ചാദ്രി.... കാടും, മേടും, മലകളും നിറഞ്ഞ ചെങ്കുത്തായ വഴിത്താരയിൽ ഉരുളൻ കല്ലും, പാറ കഷണങ്ങളും, ചെമ്മണ്ണും ചെറുകുന്നുകളും, നിറഞ്ഞ ഒറ്റയടി പാതയിലൂടെ കിലോമീറ്ററുകൾ നീളുന്ന യാത്ര. വളവും, തിരിവും, ദുഷ്ക്കരമായ കയറ്റവും, നിറഞ്ഞ ജീപ്പു യാത്രക്ക് ജീവൻമരണ യാത്രയുടെ നൂൽപാല തനിമയുണ്ട്. സാഹസിക യാത്രയുടെ സംഗമസ്ഥാനമായി കുട ചാദ്രിമലയുടെ അടിവാരം. വർഷക്കാലത്ത് പേമാരിയായി പെയ്തിറങ്ങുന്ന കാലവർഷം കലിതുള്ളി പെയ്തിറങ്ങുമ്പോൾ ഭക്തർക്ക് രക്ഷയായി ദേവി മാത്രം കൂട്ട് .അട്ടയും. തേളും' കൽക്കുന്ന നും, വേദനയുടെ പരീക്ഷണങ്ങളായി ഭക്തർക്ക് നോവു പകരുന്നു.  നരിയും, പുലിയും. കാട്ടു കൊമ്പനും, ഉണ്ടെന്ന് പറയപ്പെടുന്ന കുട ചാദ്രിയുടെ ഹൃദയം ഭേദിച്ച് മുന്നറുന്നവർക്ക് കാനന ദൈവങ്ങളും, മാമലദൈവങ്ങളും, മാത്രം കാവലായ് കൂട്ട് ....... കടുത്ത വേനലിൽ വിണ്ണിനെ ചുംബിക്കാനൊരുങ്ങുന്ന സഹ്യന്റ തലയെടുപ്പിനും മീതെ നനുത്ത ഹിമകണങ്ങളുടെ മേഘ ധൂളികൾ .... അഗാധമായ താഴ്ച്ചയുടെ അടിവാരത്തിൽ നിന്നും പൊന്തി വരുന്ന വേനൽ ചൂടിന്റെ പൊള്ളലുകൾ, ചെങ്കുത്തായ കുടചാദ്രിമലയുടെ മടിത്തട്ടിൽ നിന്നും ഉത്തംഗ ശൃംഖത്തിലേക്കുള്ള കിലോമീറ്ററുകൾ നീളുന്ന സാഹസികമായ കാൽനട യാത്ര. കാലൊന്നു പിഴച്ചാൽ ചെന്നെത്തുന്നത് സമുദ്രനിരപ്പിന്റെ പാതാള ഗർത്തത്തിനൊപ്പമാണ്. മനസു ചെല്ലുന്നിടത്ത് ശരീരം എത്തിക്കാനുള്ള യാത്രയുടെ പാതിയിൽ കുചോദ്രിയിലമരുന്ന ഗുഹാ ഗണേശൻ. ഗണപതിയെ നമിച്ച് ധ്യാന മഗ്നനാവുന്നവരെ തഴുകിയുണർത്തി കുളിരണിയിക്കുന്ന തണുപ്പിന്റെ ഹിമകണങ്ങൾ പ്രവഹിക്കുന്ന ഗുഹാ കവാടം. വിയർപ്പിന്റെ തളർച്ചയെ കുളിരിന്റ ശക്തി കൊണ്ട് അതിജീവിക്കുന്ന അപൂർവ്വ നിമിഷങ്ങൾ ഇവിടെ വിഘ്നേശ്വരന്റെ അനുഗ്രഹമാണ്. തണുപ്പിന്റെ വിറയൽ പ്രവഹിക്കുന്ന ഈ  ഗുഹക്കള്ളിലൂടെ മൂകാംബികയിലേക്കും, ചോറ്റാനിക്കരക്കും മാർഗ്ഗങ്ങളുണ്ടന്ന് പുരാവൃത്തം.   നടന്നു കയറിയ വഴികൾക്കവസാനം കുട ചാദ്രിമലയുടെ നെറുകയിൽ സർവ്വജ്ഞപീം ത്തിന്റെ പുണ്യം.  അദ്വൈതാചാര്യൻ ആദിശങ്കരൻ തപം ചെയ്ത് ദേവിയെ പ്രത്യക്ഷമാക്കിയ ഇടം. അറിവെന്ന മഹാസാഗരത്തിന്റെ കൈലാസം കയറുമ്പോഴും "ഞാൻ ആരെന്ന് " സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താനാവാതെ കാൽത്തള കിലുക്കം നിലച്ചപ്പോൾ ദേവിയെ അവിശ്വസിച്ച് തിരിഞ്ഞ് നോക്കിയ ആദി ശങ്കരന് പോലും ജയിക്കാൻ കഴിയാത്ത സമസ്യകളുടെ മഹാപ്രവാഹം ഇവിടെ വീണുറങ്ങുന്നു.  അറിഞ്ഞതെത്രയോ കുറച്ച് ... അറിയാനുള്ളത് എത്രയോ ഏറെ ..... എന്ന പ്രപഞ്ച സത്യം ഇവിടെ അന്വർത്ഥമാവുന്നു. അന്വോഷണങ്ങളുടെയും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും നടുവിൽ അറിവിന്റെ മഹാ കൈലാസം പരാജയപ്പെട്ടിടത്ത് തപ സ്സെന്ന ശക്തി കൊണ്ട് പ്രപഞ്ച രഹസ്യങ്ങൾക്കുത്തരം തേടിയ ശങ്കരാചാര്യർക്ക് പോലും ചുവടു പിഴച്ച ഈ തപോഭൂമിയിൽ ശങ്കരപീം ത്തിനുമപ്പുറത്താണ് ശിവ പെരുമാളുറങ്ങുന്ന ചിത്രമൂല .കുട ചാദ്രിയുടെ നെറുകയിൽ നിന്നും തീർത്ഥ പ്രവാഹമായി ഒഴുകിയെത്തുന്ന ജലധാര.ഗംഗാദേവിയുടെ അർച്ചന പോലെ മുക്കണ്ണനെ ഇവിടെ ധാര കഴിക്കുന്നു. ചിത്രമൂല ഗുഹയിൽ നിന്നും നോക്കിയാൽ മൂകാംബിക ക്ഷേത്രം കാണാം.ഒരു പൊട്ടു പോലെ .കുട ചാദ്രിയുടെ നെറുകയിൽ നിന്നാണ് സൂര്യൻ ഉദിച്ചുയരുന്നത്.മണിക്കൂറുകൾ താണ്ടി ചെന്നെത്തുന്ന യാത്രക്ക് ഇവിടെ ഭരതവാക്യം.വിജനവും, ഭീതിദതവും, ഏകാന്തവുമായ വാത്മീകത്തിന്റെ മഹാ മൗനം ഇവിടെ വീണുറങ്ങുന്നു.നശ്വരമായ ജീവിതത്തിന്റെ യാഥാർത്ഥ്യബോധത്തെ നാം തൊട്ടറിയുന്നു. അഹം ബ്രഹ്മാസ് മി.... ( ശുഭം)

No comments:

Post a Comment