Tuesday, October 15, 2019



മറ്റുള്ളവര്‍ നമ്മെ വേദനിപ്പിക്കുന്നു ദേഷ്യപ്പെടുത്തുന്നു എന്നതല്ല നമുക്ക് പരിഹരിക്കേണ്ടുന്ന പ്രശ്നം. നാം വിഷമിക്കുന്നു, നാം ദേഷ്യപ്പെടുന്നു എന്നതാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്നം.
മനുഷ്യന്‍ തന്‍റെ ബാഹ്യമായ പ്രശ്നങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആന്തരികമായ പ്രശ്നത്തെ പരിഹരിക്കേണ്ടിയിരിക്കുന്നു. കാരണം മുന്നിലുള്ള മാറ്റങ്ങളോട് നമ്മുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്ന നമ്മുടെ മാനസ്സികസംസ്കാരമാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്നം! ചുറ്റുപാടുകളിലെ സുഖസൗകര്യങ്ങളുടെ ഇല്ലായ്മയോ വ്യക്തിബന്ധങ്ങളിലെ മാറ്റങ്ങളോ ആയിരിക്കും നമ്മുടെ ദുഃഖം, കോപം, നിരാശ തുടങ്ങിയുള്ള പ്രശ്നങ്ങള്‍! അവ പരിഹരിച്ചുകൊണ്ട് മനസ്സിന് സുഖം കണ്ടെത്തുന്നതാണല്ലോ പൊതുവിലുള്ള നമ്മുടെ പ്രശ്നപരിഹാരം! പക്ഷേ ചുറ്റുപാടുകളിലോ മറ്റുവ്യക്തികളുടെ മാനസ്സികാവസ്ഥകളിലോ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലല്ലോ! ഓരോ വസ്തുവും ഓരോ മനസ്സും അതാതിന്‍റെ ഗുണത്തിന്‍റെ വഴിക്ക് മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മുന്നിലുള്ള മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട് ശാന്തമായി ജീവിക്കാനുള്ള ആന്തരിക സംസ്കാരത്തെ ആര്‍ജ്ജിക്കുക എന്നതു മാത്രമാണ് വിവേകപൂര്‍ണ്ണമായ പരിഹാരം.
ഉദാഹരണത്തിന് ഭാര്യയുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഭര്‍ത്താവിനോ, ഭര്‍ത്താവിന്‍റെ സ്വഭാവം മാറ്റിയെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഭാര്യക്കോ തന്‍റെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല, ശാന്തമായി ജീവിക്കാന്‍ കഴിയില്ല! ഒരാളുടെ മാറ്റം അയാളുടെ ആര്‍ജ്ജിത സംസ്കാരത്തിനനുസരിച്ച് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ആ മാറ്റം കണ്ടിട്ട് നമുക്കുണ്ടാകുന്ന ദുഃഖകോപാദികളാകട്ടെ നമ്മില്‍ സ്വാഭാവികമായി സംഭവിക്കുകയുമാണ്. രണ്ടും സ്വാഭാവികമായ മാറ്റവും സ്വാഭാവികമായ പ്രതികരണവുമാണ്. എന്നതിനാല്‍ മറ്റൊരാളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നിടത്തല്ല അവനവനിലെ സംസ്കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുന്നിടത്താണ് നാം ശാന്തിയിലേയ്ക്ക് പുരോഗതി പ്രാപിക്കുന്നത്. അതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് ആരാധനാദികളായ ആചാരാനുഷ്ഠാനങ്ങളും ഉപാസനാമാര്‍ഗ്ഗങ്ങളും. അവനവനെ അറിയുക. അവനവനിലാണ് പരിഹാരം.
ഓം.
krishnakumar kp

No comments:

Post a Comment