Friday, October 04, 2019

വേദങ്ങളിലെ മന്ത്രരാശിയാകട്ടെ, ഓരോ ഉപാസകനും നല്‍കുന്നത് അനന്തമായ ഉപദേശങ്ങളാണ്. ജനിച്ചുവീണ കുഞ്ഞ് വളര്‍ന്ന് ഓരോ കുഞ്ഞിക്കാലടി വെക്കുമ്പോഴും എത്ര ശ്രദ്ധയോടെയാണോ അമ്മ പരിലാളിക്കുന്നത് അതേ ശ്രദ്ധയോടെ വേദമാതാവും ഉപാസകനെ പരിലാളിക്കുന്നു. പാപക്കയത്തിലേക്ക് വീഴാതിരിക്കാന്‍ ആ വേദമാതാവ് തരുന്ന ഉപദേശങ്ങളിലൊന്ന് കാതോര്‍ത്തുനോക്കൂ,
''ഓം ഉദുത്തമം വരുണ പാശമസ്മദവാധമം വിമധ്യമം ശ്രഥായ.
അഥാ വയമാദിത്യ വ്രതേ തവാനാഗസോ അദിതയേ സ്യാമ.''
(ഋഗ്വേദം 1.24.15)
അര്‍ഥം: (വരുണ=) അല്ലയോ വരുണദേവാ, (ഉത്തമം=) മസ്തിഷ്‌കത്തിലെ
മനോവിചാരങ്ങളും (മധ്യമം=) ശാരീരികബലങ്ങളും, (അധമമ്=) ഭൗതിക സമ്പത്തും മറ്റുമായ (പാശം=) ബന്ധനങ്ങളെ (ഉത്ശ്രഥായ=) മുകളിലിരിക്കുന്ന മസ്തിഷ്‌കം (മുതല്‍)
ശിഥിലമാക്കിയാലും. (അഥ=) അനന്തരം, (ആദിത്യ=) അഖണ്ഡവ്രതങ്ങളുടെ അധിപതിയായുള്ള ഭഗവാനേ, (വയമ്=) ഞങ്ങള്‍ (തവ=) അങ്ങയുടെ (വ്രതേ=) നിയമങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് (അദിതയേ=) അഖണ്ഡമായ സുഖത്തിനായി
(അനാഗസഃ=) പാപരഹിതരായി (സ്യാമ=) തീരട്ടെ.
നമ്മുടെ ജീവിതംതന്നെ ഉപാസനയാണ്. എന്തിനാണ് ഈ ഉപാസന? അഖണ്ഡമായ, ഒരിക്കലും മുറിയാത്ത ആനന്ദത്തിനുവേണ്ടി. ആ അനന്താനന്ദം കൈവരിക്കാന്‍ നാം നിഷ്പാപികളായിരിക്കണം. നമ്മെ പാപത്തിലേക്ക് ബന്ധിക്കുന്ന പാശങ്ങള്‍ മൂന്ന് വിധേനയാണെന്ന് മന്ത്രം പറയുന്നു. ഉത്തമമായ പാശമാണ് ഒന്നാമത്തേത്. മസ്തിഷ്‌കത്തില്‍ വന്നുചേരുന്ന ഭ്രമമാണിത്. രണ്ടാമത്തേത് ശാരീരികബലങ്ങളാല്‍ വന്നുചേരുന്ന പാശമാണ്. മൂന്നാമത്തേതാകട്ടെ, ഭൗതികസമ്പത്തു നേടുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പാപപാശമാണ്.
ഭ്രാന്തി വരുന്നിടത്ത് ഭയമുണ്ടാകും. ഭയരക്ഷയ്ക്ക് ചെയ്യുന്ന തെറ്റുകള്‍ പാപത്തിലേക്ക് നമ്മെ നയിക്കും. അതിനാല്‍ നമ്മുടെ ചിന്തകള്‍ വേലിചാടിപ്പോകാതെ, ഭ്രമത്തില്‍ പെട്ടുപോകാതെ സൂക്ഷിക്കാന്‍ ഒരു സാധകന്‍ എപ്പോഴും പരിശ്രിച്ചുകൊണ്ടേയിരിക്കണം. എളുപ്പമല്ലിത്. കാരണം ദേഹവും ഇന്ദ്രിയങ്ങളും സമ്പത്തുകളുമെല്ലാം അടങ്ങുന്ന രണ്ടും മൂന്നും പാശങ്ങള്‍ നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ദത്തശ്രദ്ധരായിരിക്കണം ഓരോ ഉപാസകനും. പരമാവധി പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക.
സല്‍ചിന്തകള്‍കൊണ്ട് ഭ്രമത്തെ അകറ്റുക. മസ്തിഷ്‌കമന്ദിരത്തില്‍ ഭഗവാന്റെ ശോഭയെ എടുത്തണിയാന്‍ നമുക്ക് കഴിയണം. ദേഹബലം പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ഉത്തമചിന്തകള്‍കൊണ്ടും പ്രവൃത്തികൊണ്ടും വ്രതപാലനംകൊണ്ടും അതു തടയണം. സമ്പത്ത് നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍, ദാനംകൊണ്ടും സാമൂഹ്യസേവനംകൊണ്ടും അതിനെ തടയാന്‍ നമുക്ക് കഴിയണം.
അതുകൊണ്ട് ഉപാസനകനാകുന്ന ഒരാള്‍, നിരന്തരം സത്‌സംഗങ്ങളിലൂടെയും സ്വാധ്യായത്തിലൂടെയും നമ്മുടെ ചിന്തകളേയും കര്‍മങ്ങളേയും നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കണം. 
സാമൂഹ്യപ്രതിബദ്ധതയോടെ, നിരന്തരം അഗതികളേയും അശരണരേയും ശുശ്രൂഷിച്ചുകൊണ്ടിരിക്കണം. അങ്ങനെ അഖണ്ഡവ്രതങ്ങള്‍ പാലിക്കുമ്പോള്‍ പരമേശ്വരന്‍ നമ്മില്‍ കൃപ ചൊരിഞ്ഞ് അഖണ്ഡമായ സുഖത്തെ പ്രദാനം ചെയ്യും. അങ്ങനെ ദീപ്തമായ ജീവിതം ഈ ലോകത്തിനുതന്നെ പ്രകാശമായിത്തീരും. മഹാവ്രതങ്ങളിലൂടെ ഉപാസനയില്‍ മുഴുകുക. അതാണ് അനന്താനന്ദത്തിന്റെ നാരായവേര്.
acharya rajesh

No comments:

Post a Comment