Thursday, October 10, 2019

ഒരാളുടെ പ്രവൃത്തി അയാളുടെ ആവശ്യം ആകുന്നത് അതില്‍ നിന്ന് അയാള്‍ക്ക് ഗുണഫലങ്ങള്‍ കിട്ടുന്നിടത്താണ്. അതുകൊണ്ടുതന്നെ ഒരു ജനതയുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ അവരുടെ സ്വന്തം ആവശ്യത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.   ഒരാളിന്‍റെ അനുഭവത്തെ നിഷേധിക്കുവാന്‍ ലോകത്തുള്ള ഒരു യുക്തിക്കും ഒരു ശാസ്ത്രശാഖയ്ക്കും സാധിക്കില്ലല്ലോ? അതെല്ലാം മറ്റൊരാളിന്‍റെ യുക്തിയോടും മനസ്സിനോടും ബുദ്ധിയോടുമാണ് ഏറ്റുമുട്ടുന്നത്. ഒരു യുക്തിയെ മറു യുക്തികൊണ്ട് എതിര്‍ക്കാം. ബുദ്ധിശക്തികൂടുതല്‍ ഉള്ളവര്‍ അവരുടെ യുക്തി സ്ഥാപിച്ച് വിജയിച്ചെന്നും വരാം. എന്നാല്‍ അപ്പോഴും സത്യം സ്ഥാപിക്കപ്പെട്ടു എന്നു വരുന്നില്ല. ശരിയെയും തെറ്റിനെയും യുക്തികൊണ്ട് സ്ഥാപിക്കാമല്ലോ! എന്നാല്‍ ഒരു യുക്തികൊണ്ടും മറ്റൊരാളിന്‍റെ  അനുഭൂതിസത്യത്തെ എതിര്‍ക്കാന്‍ ആകില്ല. യഥാര്‍ത്ഥ സത്യം അനുഭൂതിയാണ്. ഒരാള്‍ക്ക് അയാളുടെ അനുഭവ സത്യത്തിന് മറ്റൊരു യുക്തിയുടെയും അംഗീകാരം വേണ്ടിവരുന്നില്ലല്ലോ! മനുഷ്യന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഒരു യുക്തികൊണ്ട് വേദോപനിഷത്തുകളെയും ഭഗവദ്ഗീതയെയും നിഷേധിച്ചെന്നുവരാം. പിന്നൊരാവശ്യത്തിനുവേണ്ടി മറ്റൊരു യുക്തികൊണ്ട് അവയെ സ്ഥാപിച്ചെന്നും വരാം. സ്വാനുഭവം ഉണ്ടാകുംവരെ രണ്ടും അയാളെസംബന്ധിച്ച് സത്യമല്ല! ഇങ്ങനെ താല്പര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നാം അങ്ങും ഇങ്ങും ചാടിക്കൊണ്ടിരിക്കും.

ഏതൊരനുഭവവുമാകട്ടെ അത് മറ്റൊരാളോട് പറഞ്ഞുകൊടുക്കുന്നിടത്താണ് യുക്തിയും വിശദീകരണങ്ങളും കഥകളും ഗ്രന്ഥങ്ങളും എല്ലാം വേണ്ടിവരുന്നത്. നാം വേദോപനിഷത്തുകളെല്ലാം പഠിച്ചുകഴിഞ്ഞാലും ആ യുക്തിയും കൊണ്ട് ഒരു ഗുരുവിനെ സമീപിക്കും. അപ്പോള്‍ ഗുരു നമ്മോട് സംസാരിക്കുക യുക്തികൊണ്ടാകില്ല, അനുഭവംകൊണ്ടാകും. ''ഈശ്വരന്‍ ഉണ്ടോ?'' എന്നു ചോദിച്ചാല്‍ ''ഉണ്ട്'' എന്നു മാത്രമാകും ഉത്തരം! ആ ശ്രുതിയില്‍ വിശ്വാസം വരാത്ത സാഹചര്യത്തിലാണ് നാം യുക്തിയിലേയ്ക്കും ഇതിഹാസങ്ങളിലേയ്ക്കും പുരാണങ്ങളിലേയ്ക്കും പടിയിറങ്ങി വരുന്നത്. ഒടുവില്‍ ഒന്നാമത്തെ പടിയില്‍ നിന്നുകൊണ്ട് ജീവിതഭാരവും തലയിലേന്തി ''സ്വാമിയേ ശരണം'' എന്നും പറഞ്ഞ്  ''കര്‍മ്മശുദ്ധിയോടെ'' മുകളിലേയ്ക്ക് കയറിതുടങ്ങുന്നു.  ശിഷ്യനെ അവന്‍റെ  ചിന്തയുടെയും ഗ്രഹണശേഷിയുടെയും നിലവാരത്തിനനുസരിച്ചുള്ള അനുഷ്ഠാനങ്ങളുടെ വഴികളിലേയ്ക്ക് ഗുരു പറഞ്ഞുവിടുന്നു, അഥവാ അവന്‍ സ്വയം എത്തിച്ചേരുന്നു! എന്തുകൊണ്ടെന്നാല്‍ സാത്വിക ഗുണം പ്രകാശിച്ചുതുടങ്ങുമ്പോഴല്ലാതെ ഒരാളുടെ പാദങ്ങള്‍ ഈശ്വരനിലേയ്ക്ക് തിരിയുന്നില്ല, കരങ്ങള്‍ ഈശ്വരീയ ഗ്രന്ഥങ്ങളിലേയ്ക്ക് പോകുന്നില്ല.  നമ്മുടെ പ്രവൃത്തികളില്‍ ഹിംസയും അഴിമതികളും കാപട്യവും കുറഞ്ഞു തുടങ്ങുമ്പോള്‍ത്തന്നെ മനസ്സിലും മുഖത്തും ശാന്തിയും പ്രസാദവും പ്രകാശിച്ചുതുടങ്ങും. അതാണ് സാത്വികമായ പരിശുദ്ധിയുടെ അനുഭവം. നല്ല ചിന്തയും നല്ല പ്രവൃത്തികളുംകൊണ്ട് ഈശ്വരീയമായ പ്രസാദം ഏതൊരാള്‍ക്കും സ്വയം അനുഭവിച്ചറിയാം! വേദോപനിഷത്തുകളിലെ സാരാംശം സ്വയം ഗ്രഹിക്കുവാന്‍ ഒരാള്‍ സജ്ജമാകുന്നത് ഈ പരിശുദ്ധിയില്‍ എത്തിച്ചേരുമ്പോള്‍ മാത്രമാണ്. അതിന് ആരാധനയും ആചാരാനുഷ്ഠാനങ്ങളും വ്രതശുദ്ധിയോടെ അനുഷ്ഠിക്കുക എന്നതാണ് പ്രായോഗികമായ മാര്‍ഗ്ഗം. ഒരുറുമ്പിനെ പോലും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാന്‍ പാടില്ല എന്നവിധത്തിലുള്ള സദാചാരങ്ങള്‍ ശീലമാകണം. ഒരു കോടി രൂപ ഒരാള്‍ വെറുതേ തരാമെന്നു പറഞ്ഞാലും അന്യന്‍റെ അദ്ധ്വാനഫലത്തില്‍ താല്പര്യം വരരുത്. അപ്പോള്‍പിന്നെ അഴിമതികളുടെ കാര്യം മനസ്സില്‍പോലും വരുന്നില്ല. രാഷ്ട്രീയത്തിലെ ആദ്ധ്യാത്മിക മാര്‍ഗ്ഗം എന്താണെന്ന് അറിയാമോ? സകലതും ഈശ്വരന് സമര്‍പ്പിച്ച് ഈശ്വരനുവേണ്ടി നാട് ഭരിക്കുക എന്നതാണ്. അപ്പോള്‍ ആ ദേഹം ഭൂമിയുടെ പരിപാലകന്‍ ആകും, ഭൂദേവന്‍ ആകും. ഈശ്വരന്‍റെ ദാസന്‍ ആയൊരു ഭൂദേവന് എല്ലാം പരിപാലിച്ച് ഭരണം നടത്തുവാനേ കഴിയൂ, ഒന്നും കട്ടെടുക്കില്ലല്ലോ!

ആദ്ധ്യാത്മികാനുഭവത്തിന്‍റെ ഭൂമികയാണ് ഭാരതം. ഈ അനുഭൂതി ജനഹൃദയങ്ങളില്‍ സത്യമായിരിക്കുന്നതിനാല്‍ ''അതിനെ നിഷേധിച്ചുകൊണ്ട് ഒരു രാഷ്ട്രീയാദര്‍ശത്തിനും ഇവിടെ വേരുറയ്ക്കാന്‍ ആകില്ല'' എന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
ഓം
Krishnakumar kp 

No comments:

Post a Comment