Tuesday, October 22, 2019

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല (ജ്ഞാ.8.20)

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 20
പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്‍വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.
എന്നാല്‍ ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന്‍ കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള്‍ നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.
ഇപ്രകാരമുള്ള ഒരവസ്ഥയില്‍ , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടുകൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല്‍ സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിതമെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള്‍ വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില്‍ ഒന്നു മറ്റൊന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്‍ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്‍ത്തില്‍ ഈ നാമങ്ങള്‍ പ്രതിഭാസങ്ങള്‍ മാത്രമാണ്.
സ്വര്‍ണ്ണം ഉരുക്കുമ്പോള്‍ അതു സ്വര്‍ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല്‍ ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള്‍ അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്‍ണ്ണത്തില്‍ ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള്‍ സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്‍ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചുകളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തങ്ങിനില്‍ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള്‍ നശിക്കുന്നില്ല.
ശ്രദ്ധിക്കുക. തിരമാലകള്‍ ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്‍തന്നെ നിലനില്‍ക്കുന്നു. അതുപോലെ ജീവികള്‍ നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്‍ത്തുന്നു. ആഭരണങ്ങള്‍ ഉരുക്കുമ്പോഴും സ്വര്‍ണ്ണം നിലനില്‍ക്കുന്നതുപോലെ ജീവജാലങ്ങള്‍ ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്‍ക്കുന്നു.

No comments:

Post a Comment