Saturday, October 19, 2019

sarvavinjanakosam.

അകാരാദി

അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടുള്ള നിഘണ്ടു എന്ന് ശബ്ദാര്‍ഥം. ഭാരതീയ ഭാഷകളിലെ അക്ഷരമാലാക്രമമനുസരിച്ച് അക്ഷരമാല 'അ'യില്‍ തുടങ്ങുന്നതുകൊണ്ടാണ് ഇതിന് അകാരാദി എന്നു പേരുണ്ടായത്. ഉര്‍ദു ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും അക്ഷരമാല അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാകയാല്‍ ആ ഭാഷകളിലെ ശബ്ദാവലിയുടെ ക്രമീകരണവും അത്തരം അക്ഷരമാലാക്രമത്തില്‍ തന്നെയാണ്. ഇംഗ്ളീഷില്‍ A, B,C,D എന്നീ ക്രമത്തിലും ഗ്രീക്കില്‍ ആല്‍ഫാ, ബീറ്റാ എന്നീ രീതിയിലുമാണ് ലിപിസംവിധാനം.
അകാരാദി, നിഘണ്ടു, കോശം, ഡിക്ഷണറി (Dictionary), ലക്സിക്കണ്‍ (Laxicon) എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം സ്വഭാവത്തില്‍ അല്പസ്വല്പം ഭിന്നമാണെങ്കിലും സ്വരൂപത്തില്‍ സമാനങ്ങള്‍ തന്നെയാണ്. ചരിത്രപരവും വിദ്യാഭ്യാസപരവുമായവ, പൊതുവിജ്ഞാനത്തിനുതകുന്നവ, ഉച്ചാരണപരങ്ങളായവ, സാങ്കേതികപദാവലിയോടുകൂടിയവ, പര്യായവാചികളായവ എന്നിങ്ങനെ 'അകാരാദി' പലതരത്തിലുണ്ട്. ഇവ കൂടാതെ ലോകോക്തികോശം, ബഹുഭാഷാകോശം, പുസ്തകപദകോശം (ഒരു പുസ്തകത്തിനകത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകള്‍ മാത്രം അടങ്ങുന്ന കോശം), ജീവചരിത്രകോശം, കഥാകോശം, സാഹിത്യകോശം, ശാസ്ത്രകോശം, വിശ്വകോശം എന്നീ കോശങ്ങളും 'അകാരാദി'യുടെ വിഭാഗത്തില്‍ പെടുന്നവ തന്നെ.
അകാരാദിയുടെ ചരിത്രം ഭാഷകളുടെ വികാസത്തിന്റെ ഒരു ഭാഗംകൂടിയാണ്. ബി.സി. 1,000 മുതല്‍ എ.ഡി. 1,000 വരെയുള്ള കാലഘട്ടത്തില്‍ ഭാരതത്തില്‍ പല അകാരാദികളും ഉണ്ടായിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണുന്നുണ്ടെങ്കിലും അമരകോശം, മേദിനീകോശം എന്നിവ മാത്രമേ പ്രസിദ്ധങ്ങളായിത്തീര്‍ന്നിട്ടുള്ളു. പാശ്ചാത്യദേശത്ത് ബി.സി. 1,000-നു മുമ്പ് ഈ ഇനത്തില്‍പെടുത്താവുന്ന അകാരാദി ഉണ്ടായതായി കാണുന്നില്ല. എ.ഡി. 16-ാം ശ. മുതല്‍ വിവിധതരത്തിലുള്ള നിഘണ്ടുക്കള്‍ നിര്‍മിക്കപ്പെട്ടു.
അകാരാദിക്രമം-പൊതുവേ. മോണിയര്‍ വില്യംസിന്റെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ആപ്തേയുടെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, കാശീ നാഗരീ പ്രചാരണീസഭയുടെ ഹിന്ദി ശബ്ദസാഗര്‍, മലയാള മഹാനിഘണ്ടു എന്നീ ഒന്നാംകിട നിഘണ്ടുക്കളിലെ പദ്ധതികള്‍ പരിശോധിച്ച്, ധ്വനിശാസ്ത്രമനുസരിച്ച് കാലികമായ അല്പം ചില മാറ്റങ്ങള്‍ വരുത്തി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് സര്‍വവിജ്ഞാനകോശത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
അക്ഷരം, വര്‍ണം, ലിപി എന്നീ മൂന്നു പദങ്ങള്‍ വിഭിന്നവും കലുപ്തവുമായ മൂന്ന് ആശയങ്ങളെ കുറിക്കുന്നുവെങ്കിലും പലപ്പോഴും ഇവയുടെ പ്രയോഗത്തില്‍ വേണ്ടത്ര നിഷ്കര്‍ഷ പാലിച്ചുകാണുന്നില്ല. അതിനാല്‍ 'വര്‍ണമാല' എന്ന അര്‍ഥത്തിലും 'ലിപിക്രമം' എന്ന അര്‍ഥത്തിലും 'അക്ഷരമാല' എന്ന് പ്രയോഗിക്കുക സാധാരണമായിത്തീര്‍ന്നിരിക്കുന്നു. തനിയെ ഉച്ചരിക്കാന്‍ കഴിയുന്ന ചെറിയ ഏകകം (Unit) ആണ് അക്ഷരം. സ്വരവും സ്വരം ചേര്‍ന്ന വ്യഞ്ജനവും അക്ഷരഗണത്തില്‍ ഉള്‍പ്പെടും. മറ്റു ഭാരതീയഭാഷകളില്‍ എന്നപോലെ മലയാളത്തിലും 'അ' എന്ന സ്വരം ചേര്‍ത്താണ് വ്യഞ്ജനങ്ങള്‍ അക്ഷരമാലയില്‍ രേഖപ്പെടുത്തുന്നതും ഉച്ചരിക്കുന്നതും. 'ക' എന്ന അക്ഷരം 'ക്' എന്ന ശുദ്ധവ്യഞ്ജനവും 'അ' എന്ന സ്വരവും ചേര്‍ന്നതാണ്. ഈ രണ്ടു ശബ്ദങ്ങള്‍ തനിയെ വ്യവഹരിക്കപ്പെടുമ്പോള്‍ അവയ്ക്കു വര്‍ണം (Phoneme) എന്നു പറയുന്നു. ' ്' എന്ന ചന്ദ്രക്കലാചിഹ്നം അകാരത്തെ മാറ്റി ശുദ്ധവ്യഞ്ജനത്തെ കാണിക്കുവാന്‍ ഉപയോഗിക്കുന്നു. ഉദാ. ക്, ച്, ട്. വര്‍ണത്തെയോ അക്ഷരത്തെയോ ദൃശ്യരൂപത്തില്‍ വരച്ചുകാട്ടുന്നതിനുപയോഗിക്കുന്ന ചിഹ്നമാണ് ലിപി. ഓരോ ഭാഷയിലും ലിപികളുടെ സമൂഹം ഒരു പ്രത്യേകക്രമത്തില്‍ എഴുതുന്ന കീഴ്വഴക്കം ഉണ്ട്. ഇതിന് അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുന്നു. ഈ ക്രമങ്ങള്‍ക്ക് ശാസ്ത്രീയാടിസ്ഥാനം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല.
ഇംഗ്ളീഷില്‍ പ്രചാരത്തിലിരിക്കുന്ന റോമന്‍ ലിപിയും മലയാളത്തിലെ ലിപിയും ഇവയിലെ ക്രമങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ചില വ്യത്യാസങ്ങള്‍ മനസിലാക്കാം.
(i) ഇംഗ്ളീഷിലെ 'ആല്‍ഫബെറ്റി'ല്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും ഇടകലര്‍ത്തിയിരിക്കുന്നു. മലയാളത്തില്‍, ഇതര ഭാരതീയ ഭാഷകളിലെന്നപോലെ, സ്വരങ്ങളെല്ലാം കഴിഞ്ഞശേഷമാണ് വ്യഞ്ജനങ്ങള്‍ തുടങ്ങുന്നത്; (ii) b,c,f,k എന്നിങ്ങനെ രേഖപ്പെടുത്തുന്ന റോമന്‍ ലിപിയില്‍ വര്‍ണങ്ങള്‍ മാത്രമാണ് സൂചിതം; അവ ഉച്ചരിക്കുമ്പോള്‍ വ്യഞ്ജനത്തിനു മുമ്പോ പിമ്പോ സ്വരം ചേര്‍ക്കുന്നുവെങ്കിലും ക, ച, പ എന്നിങ്ങനെയുള്ള ലിപികളാകട്ടെ, കേവലം വര്‍ണങ്ങളെയല്ല, അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; (iii) റോമന്‍ ലിപിയില്‍ ചിഹ്നങ്ങള്‍ 26 മാത്രമാണെങ്കിലും (ചെറിയക്ഷരം മാത്രമെടുക്കുമ്പോള്‍) അവയുടെ സങ്കലനം മൂലവും പ്രയോഗസന്ദര്‍ഭം മൂലവും ശബ്ദങ്ങള്‍ വളരെയധികം ലഭിക്കുന്നു. ഇതില്‍നിന്നാണ് ഇംഗ്ളീഷില്‍ 'സ്പെല്ലിങ്' (Spelling) പദ്ധതി ഉണ്ടായിരിക്കുന്നത്. മലയാളത്തില്‍ ഒരു വര്‍ണത്തിന് ഒരു ലിപി എന്ന രീതി പ്രായേണ സ്വീകരിക്കപ്പെട്ടിരിക്കുന്നതുമൂലം വലിയ സൌകര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ അക്കാരണംകൊണ്ടുതന്നെ കൂടുതല്‍ ചിഹ്നങ്ങള്‍ അകാരാദിയില്‍ കൈകാര്യം ചെയ്യേണ്ടതായി വന്നിരിക്കുന്നു.
മലയാളത്തില്‍ പിന്നെയും ചില പ്രത്യേകതകളുണ്ട്: (i) വ്യഞ്ജനങ്ങളോടു ചേരുന്ന സ്വരങ്ങള്‍ക്കു ചില പുതിയ ചിഹ്നങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഉദാ. ാ (ആ), ി (ഇ),ു (ഉ)..... (ii) അക്ഷരാന്ത 'മ'കാരകമായ അനുസ്വാരത്തിനും (ം) 'ഹ' കാരത്തിന്റെ ബന്ധുവായ വിസര്‍ഗത്തിനും (ഃ) പ്രത്യേകചിഹ്നങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അനുസ്വാരവും വിസര്‍ഗവും സ്വരമോ വ്യഞ്ജനമോ എന്നതും വിവാദാസ്പദമാണ്. (iii) ണ, ന, റ, ല, ള എന്നിവയോട് ദൃഢബന്ധമുള്ള ചില്ലുകള്‍ക്ക് യഥാക്രമം ണ്‍, ന്‍, ര്‍, ല്‍, ള്‍ എന്നീ ചിഹ്നങ്ങള്‍ ഉണ്ട്. (iv) കൂട്ടക്ഷരങ്ങള്‍ വരുമ്പോള്‍ യുക്തിക്ക് നിരക്കാത്ത ചില സങ്കലിത ചിഹ്നങ്ങള്‍ സ്വീകരിക്കേണ്ടതായും വന്നിട്ടുണ്ട് ഉദാ. ങ്ക (ങ് + ക), മ്പ (മ് + പ) .........
റോമന്‍ ലിപിക്രമത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ മലയാളത്തിലെ അകാരാദി ക്രമം തിട്ടപ്പെടുത്തുന്നത് വളരെയധികം പ്രയാസങ്ങളും പ്രശ്നങ്ങളും നിറഞ്ഞതാണെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ള നിഘണ്ടുക്കളില്‍ പൂര്‍ണമായ ഐകരൂപ്യം ഈ വിഷയത്തില്‍ കാണാതിരിക്കുന്നത്. എങ്കില്‍ത്തന്നെയും അവയില്‍ 95 ശ.മാ.-ത്തോളം ഐകരൂപ്യം ഉണ്ടെന്നത് ആശ്വാസദായകമാണ്. സ്വരങ്ങളും വ്യഞ്ജനങ്ങള്‍ അഞ്ചുവര്‍ഗങ്ങളും അടുക്കിനു മാറ്റമില്ലാതെ എല്ലാ നിഘണ്ടുക്കളിലും കാണുന്നു. പിന്നെ ചില വ്യത്യാസങ്ങളുണ്ട്. ഗുണ്ടര്‍ട്ട് 'ര' കഴിഞ്ഞയുടനെ 'റ' കൊടുക്കുന്നു. ശബ്ദതാരാവലിയും മലയാളം ലെക്സിക്കനും ഏറ്റവും ഒടുവിലാണ് 'റ' കൊടുത്തിരിക്കുന്നത്. ('ഴ'യ്ക്കുശേഷം). ശബ്ദതാരാവലിയില്‍ 'ക്ഷ' (ക് + ഷ എന്ന രണ്ടു വ്യഞ്ജനങ്ങള്‍ ചേര്‍ന്നത്) ഒരു പ്രത്യേക വ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. അതിനടിസ്ഥാനം പഴയ ഒരു വഴക്കമല്ലാതെ ശാസ്ത്രീയപരിഗണനയല്ല. വര്‍ത്സ്യവര്‍ഗത്തിലെ റ (റ്റ)യും 'ന' യും ഓരോ നിഘണ്ടുവിലും ഓരോ തരത്തില്‍ സ്വീകൃതമായിരിക്കുന്നു. ആകയാല്‍ മലയാളത്തില്‍ പ്രയോഗത്തിലുള്ള വര്‍ണങ്ങള്‍ കുറേക്കൂടെ ശാസ്ത്രീയമായി ക്രമപ്പെടുത്തേണ്ടത് ആവശ്യമായിരിക്കുന്നു. പദങ്ങളിലെ ഓരോ വര്‍ണവും വേര്‍തിരിച്ചുകാണുവാന്‍ റോമന്‍ ലിപിയെ അടിസ്ഥാനമാക്കിയുള്ള ഫോണറ്റിക് സ്ക്രിപ്റ്റില്‍ എഴുതിനോക്കുന്നത് സഹായകമാവും.

സര്‍വവിജ്ഞാനകോശത്തില്‍ സ്വീകരിച്ചിരിക്കുന്ന ക്രമം

പൊതുപ്രമാണങ്ങള്‍.
(i) അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുമ്പോള്‍ വര്‍ണങ്ങള്‍ (phonemes) ആയി പിരിച്ച് അവയുടെ ക്രമമാണ് നോക്കേണ്ടത്.
ഉദാ. ഗ്രാമം = ഗ് + ര് + ആ + മ് + അ + മ്
ഇവിടെ ആറു വര്‍ണങ്ങളുടെ ക്രമം നോക്കിയാണ് ഗ്രാമം എന്ന പദം അകാരാദിയില്‍ ഏതു സ്ഥാനത്തുപോകും എന്നു നിര്‍ണയിക്കേണ്ടത്.
(ii) വര്‍ണങ്ങളുടെ ക്രമം പരിഗണിക്കുമ്പോള്‍ ലിപിസ്വരൂപമല്ല ധ്വനിമൂല്യമാണ് നിര്‍ണായകഘടകം.
ഉദാ. സംഗീതം -- കീഴ്വഴക്കമനുസരിച്ചെഴുതുന്ന രീതി.
സങ്ഗീതമ് -- വര്‍ണങ്ങള്‍ ധ്വനിശാസ്ത്രപ്രകാരം എഴുതേണ്ട രീതി.
ഇവയില്‍ രണ്ടാമത്തേതാണ് സ്വീകാര്യമായ ക്രമം. അതായത് എഴുതുന്നത് കീഴ്വഴക്കമനുസരിച്ചാണെങ്കിലും അകാരാദിയില്‍ ചേര്‍ക്കുന്നത് വര്‍ണങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കും.
'നോട്ടം', 'നോവല്‍' ഇവിടെ ആദ്യത്തെ 'ന' കാരം ദന്ത്യവും രണ്ടാമത്തേത് വര്‍ത്സ്യവുമാണ്. എങ്കിലും രണ്ടും അകാരാദിയില്‍ ഒരു സ്ഥലത്തുതന്നെ ചേര്‍ത്തിരിക്കും. കാരണം, വര്‍ത്സ്യവര്‍ഗത്തിന് അകാരാദിയില്‍ സ്ഥാനം കിട്ടിയിട്ടില്ല.
(iii) ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിലെ ക്രമമാണ് പ്രായേണ സര്‍വവിജ്ഞാനകോശത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ര, ര്‍, റ എന്നീ മൂന്നക്ഷരങ്ങള്‍ ഗുണ്ടര്‍ട്ട് ഈ ക്രമത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. മറ്റു നിഘണ്ടുകര്‍ത്താക്കള്‍ ര, ര്‍ എന്നീ രണ്ടു ലിപികളും ഈ ക്രമത്തില്‍ അടുത്തടുത്തും, 'റ' വ്യഞ്ജനങ്ങളുടെ ഒടുവിലായും ചേര്‍ത്തിരിക്കുന്നു. ഈ മൂന്നു വര്‍ണങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുള്ളതിനാല്‍ ഇവ ക്രമത്തില്‍ കൊടുക്കുക യുക്തിക്കു ചേര്‍ന്നതാണ്. അര്‍ക്കന്‍ (Arkkan) കഴിഞ്ഞ് 'ല, ശ, സ'കളില്‍ അനേകം പദങ്ങള്‍ വന്നശേഷം അറ (Ara) കൊടുക്കുന്നതിന് ഉപപത്തിയില്ല.
രൂപസാദൃശ്യംകൊണ്ട് വര്‍ത്സ്യവര്‍ഗത്തിലെ അനുനാസികം ('ന') ദന്ത്യത്തില്‍ ഉള്‍പ്പെട്ടപ്പോള്‍, വര്‍ത്സ്യത്തിലെ ഖരം (റ്റ്) മാത്രം മാറ്റി ഇടണമെന്നില്ല. 'റ'യോടും 'ര'യോടുമാണ് ഇതിനു അടുത്ത ബന്ധം. അതിനാല്‍ ര, ര്‍, റ എന്നിവയ്ക്കുശേഷം അവസാനമായി വര്‍ത്സ്യവര്‍ഗഖരം (റ്റ) പോകുന്നതാണ് ഉചിതം എന്നു വരുന്നു. (ര, ര്‍, റ, റ്റ)
ഗുണ്ടര്‍ട്ട് സ്വീകരിച്ചിരിക്കുന്ന പദ്ധതി ചെറിയ രണ്ടു വ്യത്യാസങ്ങളോടുകൂടി സര്‍വവിജ്ഞാനകോശം സ്വീകരിച്ചിട്ടുണ്ട്:
(i) ചില്ലുകള്‍ വന്നശേഷമാണ് അതിനോടു ബന്ധമുള്ള വര്‍ണം വരുന്നത്. അവന്‍ കഴിഞ്ഞ് അവനി, അള്‍ കഴിഞ്ഞ് അളി (Avan-Avani;Al-Ali). ഗുണ്ടര്‍ട്ടില്‍ മറിച്ചാണ് കാണുന്നത്. (ii) അനുസ്വാരം ഒരു ശുദ്ധവ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. (ം = മ്) അതിനാല്‍ 'കനകം' കഴിഞ്ഞേ 'കനം' വരൂ. (Kanakam-Kanam). ഗുണ്ടര്‍ട്ടില്‍ നേരെ മറിച്ചാണ് കാണുന്നത്.
സംവൃതോകാരം. മലയാളത്തില്‍ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാല്‍ അതിന് അകാരാദിയില്‍ അംഗീകാരം നല്‍കിയിരിക്കുന്നു.
പട്ട, പട്ട്, പട്ടു
വന്ന, വന്ന്, വന്നു
ചാര്‍ - ചാറ -ചാറി -ചാറ് -ചാറുക ഈ ക്രമത്തിലാണ് അകാരാദി കണക്കാക്കേണ്ടത്.
അകാരാദിക്രമം. സര്‍വവിജ്ഞാനകോശത്തില്‍ അംഗീകരിച്ചിരിക്കുന്ന അകാരാദിക്രമം താഴെ ചേര്‍ക്കുന്നു. അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വര്‍ണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ.
അ.ആ.ഇ.ഈ.ഉ് (സംവൃതം) ഉ.ഊ.ഋ.എ.ഏ.ഐ.ഒ.ഓ.ഔ.
ക. ഖ. ഗ. ഘ. ങ.
ച. ഛ. ജ. ഝ. ഞ.
ട. ഠ. ഡ. ഢ. (ണ്‍-ണ)
ത. ഥ. ദ. ധ. (ന്‍-ന)
പ. ഫ. ബ. ഭ. (ം-മ)
യ. (ര ര്‍ റ റ്റ) (ല്‍-ല) വ
ശ. ഷ. സ. (ഃ-ഹ)
(ള്‍-ള) ഴ.
നോ: കോശങ്ങള്‍

No comments:

Post a Comment