Friday, October 25, 2019

ഭക്തിയും ദൈവകൃപയും

Tuesday 22 October 2019 3:13 am IST
നുഷ്യ ചരിത്രത്തില്‍ ഉജ്ജ്വരായ അനേകം വ്യക്തികള്‍ ഉണ്ടായിട്ടുണ്ട് . ആകാശത്തിലെ താരകങ്ങളെക്കാള്‍ തിളങ്ങിയവര്‍. എന്തുകൊണ്ടാണ്  അസാമാന്യ പ്രതിഭകളായ വളരെ കുറച്ചു പേര്‍ മാത്രം ഉണ്ടാകുന്നത്? ലക്ഷ്യമില്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യര്‍ ജനിച്ചു ജീവിച്ചു മടങ്ങുന്നത്?  ഞാന്‍ ഒരാളുടെ ജീവിതത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുകയോ, ഒന്ന് ഉപയോഗശൂന്യമെന്നും  മറ്റൊന്ന് ഉപയോഗപ്രദമെന്നും സമര്‍ഥിക്കുകയോ അല്ല. 
എന്തുകൊണ്ടാണ് ചിലരൊക്കെ അസാമാന്യ വ്യക്തികളാണെന്നു തോന്നുന്നത്? എന്തുകൊണ്ടാണ് മറ്റു ചിലര്‍ക്ക്  ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിന്  പോലും  പൊരുതേണ്ടിവരുന്നത്? ആളുകള്‍ പലപ്പോഴും മറ്റൊരാളെ ഉദാഹരിച്ച് പറയുന്നതു കേള്‍ക്കാം 'അവന്‍ അനുഗൃഹീതനാണ്' എന്ന്. 
ആരും അനുഗൃഹീതരല്ല. ഒന്നിലും പ്രത്യേകിച്ചൊരു  അനുഗ്രഹവുമില്ല. എല്ലാം നിങ്ങള്‍ നേടേണ്ടതാണ്.  അത്  സന്തോഷത്തോടെയാവാം. അല്ലെങ്കില്‍ കഷ്ടപ്പെട്ടാവാം. ലക്ഷ്യം നേടാന്‍ വ്യത്യസ്ത മാര്‍ഗങ്ങളും സാധനകളുമുണ്ട്. അതിന്  ഏറ്റവും ലളിതവും അനായാസവുമായ  മാര്‍ഗം ഭക്തിയാണ്.
അതിന് നമ്മള്‍ 'ദൈവകൃപ' എന്തെന്നറിയണം. നിങ്ങള്‍ സ്വയം ഒരു യന്ത്രമായി സങ്കല്‍പ്പിക്കുക.  നിങ്ങള്‍ക്ക് തലച്ചോറുണ്ട്, ശരീരമുണ്ട്  എല്ലാം ഉണ്ട്. 
ശരീരമെന്ന യന്ത്രത്തെ ഘര്‍ഷണമില്ലാതെ അയവ് വരുത്തുന്ന സ്രോതസ്സിനെ ദൈവകൃപ  എന്നുവിളിക്കാം. മികച്ച ഒരു യന്ത്രം ഉണ്ടെന്നിരിക്കട്ടെ. മികച്ചതെങ്കില്‍ കൂടി  അത് പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ ഓരോ ഘട്ടത്തിലും ശ്രമകരമാകും.  
ഇതുപോലുള്ള എത്രയോ പേര്‍ ഈ ഭൂമിയില്‍  ഉണ്ട്  അവര്‍ ബുദ്ധിയുള്ളവരാണ്, കഴിവുള്ളവരാണ്.  പക്ഷേ അവരുടെ ജീവിതത്തിലെ ഓരോ കോണിലും ആവശ്യമായ അയവ് ഇല്ലാത്തതിനാല്‍ ജീവിതം ക്ലേശകരമാകുന്നു. അവിടെയാണ് ദൈവകൃപയുടെ സ്പര്‍ശം ആവശ്യമാകുന്നത്.  'ദൈവകൃപ' ചിലരുടെ  ജീവിതത്തില്‍ അനുസ്യൂതം പ്രവഹിക്കുന്നതായി അനുഭവപ്പെടാം.  മറ്റു ചിലര്‍ക്ക്  എല്ലാം ഒരു പോരാട്ടമാണ്.
ജീവിതം അനുഗൃഹീതമാക്കുന്നതിന്,  ദൈവകൃപയുണ്ടാകാന്‍  ഏറ്റവും എളുപ്പ മാര്‍ഗം ഭക്തിയാണ്. 
എങ്കിലും ശ്രദ്ധിക്കുക, വളരെ സൂത്രശാലിയാണ് മനസ്സ്.  അതിന് സ്വയം ആരോടും, ഒന്നിനോടും ഭക്തിയുണ്ടാവില്ല. നിങ്ങള്‍ക്ക് ഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞേക്കും. അപ്പോഴും നിങ്ങളുടെ മനസ്സ് ചിലപ്പോള്‍ മറ്റു ചില കണക്കു കൂട്ടലുകളിലായിരിക്കും. 
 'ദൈവം എനിക്കുവേണ്ടി എന്താണ് ചെയ്തത്?'  എന്ന കണക്കെടുപ്പ്. ഇങ്ങനെ കണക്കുകൂട്ടുന്ന മനസുകള്‍ക്ക് ഭക്തനാകാന്‍ കഴിയില്ല. ഭക്തനാകാനുള്ള ഇത്തരം ശ്രമങ്ങള്‍ സമയം പാഴാക്കും. അതോടൊപ്പം  ജീവിതവും പാഴാകും. ഭക്തിഗാനങ്ങള്‍, ഭക്തിസംഗീതം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍  ഞാന്‍ വളരെയേറെ കേള്‍ക്കുന്നു. അതില്‍ പലതിലും ഭക്തിയില്ല. ചില കണക്കുകൂട്ടലുകള്‍ മാത്രമാണത്.  ഭക്തന്‍ എന്നാല്‍ ആരുടെയെങ്കിലും ഭക്തനല്ല; ഭക്തി എന്നത് ഒരു ഗുണമാണ്. ഏക ദിശാബോധമുണ്ടായിരിക്കുക എന്നതാണ്. അതിനായി  നിങ്ങള്‍ ഒരു കാര്യത്തില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളെന്ന വ്യക്തി ഇങ്ങനെയായി മാറികഴിഞ്ഞാല്‍,  ചിന്തയും വികാരവും എല്ലാം ഒരേ  ദിശയിലേക്കാകുന്നു.  അപ്പോള്‍ ദൈവകൃപ സ്വാഭാവികമായും കൈവരും.  
എന്തിനോടാണ് ഭക്തിയുള്ളത്, ആരോടാണ് ഭക്തിയുള്ളത് എന്നത് പ്രശ്‌നമല്ല. 'എനിക്ക് ഭക്തനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ദൈവം ഉണ്ടോ ഇല്ലയോ എന്നതാണെന്റെ സംശയം' എന്നെല്ലാം ചിന്തിക്കുന്നത്  മനസ്സിന്റെ പ്രത്യേകതയാണ്.  
ഭക്തന്‍ ഉള്ളിടത്ത് ദൈവവും ഉണ്ട്. ഭക്തിയുടെ ശക്തിയാല്‍   സ്രഷ്ടാവിനെ സൃഷ്ടിക്കാം. ഭക്തിയുടെ ആഴമെന്നത്  ദൈവം എന്ന അസ്തിത്വം ഇല്ലെങ്കില്‍ പോലും, അതിനെ അത്തരമൊരു അസ്തിത്വത്തിലേക്ക് കൊണ്ടുവരാന്‍ പര്യാപ്തമാണ്. ചിന്തകളില്‍ വ്യാപരിക്കുന്ന  മനസ്സിന് എല്ലായ്‌പ്പോഴും ഭക്തിയോട് ഒരു 'അലര്‍ജി' യുണ്ട്.  പല ഭക്തരും സ്വയം വിഡ്ഢികളാക്കി മാറുന്ന കാഴ്ചകളാവാം ഇതിനു കാരണം. അവിടെ ഭയം ഭക്തിയായി മാറുന്നു.  വക്രതയെയും ഭക്തിയാക്കി മാറ്റുന്നവരാണ് ഭൂരിഭാഗവും. 
ഭക്തി യഥാര്‍ത്ഥത്തില്‍ ബുദ്ധിമാന്മാര്‍ക്കുള്ളതാണ്, വിഡ്ഢികള്‍ക്കുള്ളതല്ല.  കാരണം ഭക്തിയില്ലാതെ നിങ്ങളുടെ ജീവിതത്തിന് ആഴമുണ്ടാകില്ല. നിങ്ങളുടെ ചിന്ത ഉപയോഗിച്ച് വിശകലനം ചെയ്താല്‍ ഒന്നും മൂല്യവത്തല്ല.  ഭക്തി ഉണ്ടാകുമ്പോള്‍ മാത്രമേ, ഒരാളുടെ ജീവിതത്തിന് കാതലുണ്ടാകൂ. ഭക്തി എന്നാല്‍ ക്ഷേത്രത്തില്‍ പോയി 'റാം, റാം' ജപിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. ഏകദിശാബോധവും ആത്മസമര്‍പ്പണവുമുള്ളവര്‍ സ്വാഭാവിക ഭക്തരാണ്. ഭക്തനാകാന്‍ ഒരു ദേവത ആവശ്യമില്ല.  ദൈവം ഉണ്ടായിക്കൊള്ളും. ഭക്തി ഉള്ളതിനാലാണ് ദൈവം ഉണ്ടായത്. ഭക്തിയെ ഒരു വൈകാരിക അനുഭവമായി അറിയുക. ജീവിതത്തെ അതിശയിപ്പിക്കുന്ന മാനമായി ഭക്തിയെ കാണുക. ഒരു വികാരം മാത്രമായി ഭക്തിയെ കാണുന്നത് ജീവിതത്തിന് അല്‍പമാത്രമായ മാധുര്യം പകര്‍ന്നേക്കും. എന്നാല്‍ ഭക്തി, ജീവിതം മധുരമാക്കാന്‍ ഉദ്ദ്യേശിച്ചുള്ളതല്ല; നിങ്ങള്‍ എങ്ങനെയാണോ അതിനെ പൂര്‍ണമായും തച്ചുടച്ച് രൂപപ്പെടുത്താന്‍  ഉദ്ദ്യേശിച്ചുള്ളതാണ്.  ഭക്തി എന്നാല്‍ അലിഞ്ഞുചേരലാണ്. 'ഭക്തി' എന്നതിന്റെ മൂലപദം 'അലിഞ്ഞു ചേരുക' എന്നതാണ്. സ്വയം അലിയുവാന്‍ സന്നദ്ധനായവര്‍ക്ക് മാത്രമേ യഥാര്‍ഥ ഭക്തനാകാന്‍ കഴിയൂ.

No comments:

Post a Comment