Thursday, November 14, 2019

[14/11, 22:54] Sanal Kumar Narayaneeyam: ജ്ഞാനപ്പാന

------------------------

*12. നരകത്തിൽക്കിടക്കുന്ന ജീവൻപോയ്*
*ദുരിതങ്ങളൊടുങ്ങി മനസ്സിന്റ*
*പരിപാകവും വന്നു ക്രമത്താലെ*
*നരജാതിയിൽ വന്നു പിറന്നിട്ടു*

*സുകൃതം ചെയ്തു മേല്പോട്ടുപോയവർ*
*സുഖിച്ചീടുന്നു സത്യലോകത്തോളം*
*സല്ക്കർമ്മംകൊണ്ടു മേല്പോട്ടുപോയവർ*
*സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു*

*സുകൃതങ്ങളുമൊക്കയൊടുങ്ങുമ്പോൾ*
*പരിപാകവുമെള്ളോളമില്ലവർ*
*പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ*
*ജാതരായ്; ദുരിതംചെയ്തു ചത്തവർ*
*വന്നൊരദ്ദുരിതത്തിൻ ഫലമായി*
*പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു.*

     പാപകർമ്മങ്ങൾ ചെയ്തതിന്റെ ഫലമായി നരകത്തിൽകിടന്ന്
ദുരിതങ്ങൾ ഒടുങ്ങിക്കഴിഞ്ഞജീവൻ പക്വത സിദ്ധിക്കുമ്പോൾ മനുഷ്യനായിവന്നു ജനിക്കുന്നു. മനുഷ്യജന്മം കിട്ടിയശേഷം ഭൂമിയിൽനിന്ന് ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ഫലമായി ജീവൻ സത്യലോകത്തിലെത്തി സുഖമായിവാഴുന്നു. താൻചെയ്തിട്ടുള്ള സൽക്കർമ്മങ്ങളുടെ ഫലം അനുഭവിച്ചു തീരുമ്പോൾ ഒട്ടും പരിപാകമില്ലാതെ വീണ്ടും ഭൂമിയിൽ പതിക്കുകയും വീണ്ടും ദുരിതങ്ങൾ ചെയ്ത് നരകത്തിൽതന്നെ ചെന്നുപതിക്കുകയും ചെയ്യുന്നു.

    ജനനമരണചക്രത്തിന്റെ ഒരുരീതിയാണ് കവി ഇവിടെ വിവരിച്ചത്.
പാപകർമ്മം ചെയ്താൽ നരകത്തിലെത്തുകയും, അവിടെനിന്ന് ശുദ്ധീകരിച്ച ജീവൻ, മുൻപ്ചെയ്ത സൽക്കർമ്മഫലത്താൽ സത്യലോകത്തിലെത്തി, സൽക്കർമ്മഫലം അവസാനിക്കുമ്പോൾ പിന്നെയും ജന്മമുണ്ടാവുകയും, വീണ്ടും ദുരിതങ്ങൾ ചെയ്കയാൽ വീണ്ടും നരകത്തിൽ പതിക്കുകയുമാണ് ചെയ്യുന്നത്.

               ഈയൊരു കവിവാക്യത്തെ കൂടുതലായി മനസ്സിലാക്കാൻ നമുക്ക് നാരായണീയത്തിലെയും, ഭഗവദ് ഗീതയിലെയും ചില ശ്ലോകങ്ങൾ പരിശോധിക്കാം.

നാരായണീയം
15/8

പിതൃസുരഗണയാജീ ധാർമ്മികോ യോ ഗൃഹസ്ഥഃ
സ ച നിപതതി കാലേ ദക്ഷിണാദ്ധ്വോപഗാമീ
മയി നിഹിതമകാമം കർമ്മ തൂദക്പഥാർത്ഥം
കപിലതനുരിതി  ത്വം ദേവഹൂത്യൈ ന്യഗാദീഃ

സാരം: ധാർമ്മികനായ ഗൃഹസ്ഥാശ്രമി  പിതൃക്കളേയും ദേവൻമാരേയും യജ്ഞം ചെയ്താരാധിക്കുമ്പോൾ
ദക്ഷിണാപഥമായ ധൂമാദിമാർഗ്ഗത്തിൽ പ്രവേശിക്കുകയും, പുണ്യത്താൽ സ്വർഗ്ഗം ലഭിച്ച് സുഖം അനുഭവിക്കുകയും ചെയ്യുന്നു. പുണ്യം തീർന്നശേഷം,വീണ്ടും ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു.എന്നാൽ സമർപ്പിതമായ നിഷ്ക്കാമകർമ്മം മാത്രമേ  ശാശ്വതമോക്ഷമായിത്തീരൂ എന്ന് കപിലസ്വരൂപിയായ അങ്ങ് ദേവഹൂതിയെ ഉപദേശിച്ചു.

    ഭഗവാന്റെ അംശാവതാരമായ കപിലമുനി, തന്റെ അമ്മയായ ദേവഹൂതിയ്ക്ക് നൽകിയ ഉപദേശമാണ് മേൽവിവരിച്ച ശ്ലോകം.
പുക, രാത്രി, കറുത്തപക്ഷം, ദക്ഷിണായനം എന്ന വിധത്തിൽ തെക്കൻ വഴിക്കുപോയാൽ ചന്ദ്ര ലോകത്തെത്തി സുഖമനുഭവിച്ച് പുണ്യം തീർന്നാൽ ഭൂമിയിലേക്ക് മടങ്ങണം. മറിച്ച് വെളിച്ചം, പകൽ, വെളുത്ത പക്ഷം, ഉത്തരായനം എന്ന വിധത്തിൽ വടക്കൻ വഴിക്കാണ് പോകുന്നതെങ്കിൽ സൂര്യലോകത്തിലെത്തി ധ്രുവപദം വരെ ഉയർന്ന് മോക്ഷപ്രാപ്തി നേടാം. വീണ്ടും മടങ്ങി വരേണ്ടതായിവരില്ല. ധനം, സുഖം എന്നിവയ്ക്കു വേണ്ടി യജ്ഞം ചെയ്യുന്ന ഗൃഹസ്ഥൻ വീണ്ടും ജന്മമെടുക്കുകയും, ഫലേച്ഛ കൂടാതെ കർമ്മമനുഷ്ഠിക്കുന്നവർ മുക്തിപ്രാപിക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്.


ഭഗവദ്ഗീതയിലെ രണ്ട് ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.
ശ്ലോകം9/20

ത്രൈവിദ്യാ  മാം  സോമപാഃപൂതപാപാ
യജ്ഞൈരിഷ്ട്വാ  സ്വർഗതിം പ്രാർഥയന്തേ
തേ  പുണ്യമാസാദ്യ സുരേന്ദ്ര ലോക-
മശ്നന്തി  ദിവ്യാൻ ദിവിദേവഭോഗാൻ

സാരം: ഋഗ് യജു സാമവേദങ്ങളിലെ കർമ്മങ്ങൾക്കപ്പുറം വിദ്യയൊന്നുമില്ലെന്ന് കരുതുന്ന യാജ്ഞികന്മാർ, ജ്യോതിഷ്ടോമാദി യാഗങ്ങളെ കൊണ്ട് ഇന്ദ്രാദിദേവരൂപത്തിൽ എന്നെ ഉപാസിച്ച് യജ്ഞം കഴിഞ്ഞ് സോമരസം കുടിച്ച് ഇഹലോകപാപങ്ങൾ ക്ഷയിപ്പിച്ച് സ്വർഗ്ഗപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നു. അങ്ങിനെ അവർ  ദേവലോകത്തെത്തി ആ ദിവ്യസ്ഥാനത്ത് ദേവന്മാരുമൊത്ത് സ്വർഗ്ഗസുഖങ്ങൾ അനുഭവിക്കാനിടവരുന്നു.

    സ്വർഗ്ഗപ്രാപ്തി ലക്ഷ്യമാക്കി യാഗാദി കർമ്മമനുഷ്ഠിക്കുന്നവർ,
അവിടെയെത്തി സുഖമനുഭവിച്ചാലും, ഈ യജ്ഞഫലങ്ങൾ താൽക്കാലികമായതിനാൽ ,അവർക്ക് സ്വർഗ്ഗവും സ്ഥായിയല്ല.അവർവീണ്ടും ജനനമരണചക്രത്തിൽ പെടുക തന്നെ ചെയ്യും. അടുത്ത ശ്ലോകം അതു വ്യക്തമാക്കുന്നതാണ്.

9/21
തേ തം ഭുക്ത്വാ സ്വർഗ്ഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്യലോകം വിശന്തി
ഏവം ത്രയീധർമ്മമനു പ്രപന്നാ
ഗതാഗതം കാമകാമാ  ലഭന്തേ .

സാരം: കർമ്മകാണ്ഡികളായ
യാജ്ഞികന്മാർ സുഖസമൃദ്ധമായ ആ സ്വർഗ്ഗലോകം അനുഭവിച്ചിട്ടു പുണ്യം ക്ഷയിക്കുമ്പോൾ
മനുഷ്യലോകത്തേക്ക് തിരിച്ചുവരുന്നു. ത്രയീ (വേദം)വിദ്യയെ അനുസരിക്കുന്ന കാമകാമികൾ (ഭോഗേച്ഛുക്കൾ) ഇപ്രകാരം,വന്നും പോയുമിരിക്കുന്ന അല്പസുഖങ്ങൾക്ക് അർഹരായിത്തീരുന്നു.

         അതായത് കർമ്മം ചെയ്തുണ്ടാവുന്ന കൃത്രിമ സുഖം, ജനനമരണങ്ങളിലൂടെ   ഒരുവൻ
അനുഭവിക്കുകയാണ് ചെയ്യുന്നത്. ജനനമരണങ്ങളില്ലാത്തതും,ശാശ്വതവുമായ ബ്രഹ്മസുഖമാണ് അനുഭവിക്കേണ്ടത്.
അതാണ് മോക്ഷം അഥവാ മുക്തി!!
ഹരേ! കൃഷ്ണാ !!
[15/11, 00:25] Sanal Kumar Narayaneeyam: *ശ്രീ രാമകൃഷ്ണോപദേശം*

-----------------------

_ഈശ്വരനുമായി ഏതെങ്കിലും വിധത്തിൽ അടുപ്പം വന്നാൽ വിവേകം ഉദിക്കും. ഒരു മുക്കുവൻ അർദ്ധരാത്രി ഒരു കുളത്തിൽ വല വീശി മത്സ്യം മോഷ്ടിച്ചു. ഉടമസ്ഥൻ ഒച്ച കേട്ടു വേലക്കാരെ വിട്ടു കള്ളനെ പിടിക്കാൻ. അവർ ചൂട്ടും പന്തവുമായി കള്ളനെ തേടാൻ തുടങ്ങി. ആ മുക്കുവൻ ഭയന്ന് മേലൊക്കെ ചാരം വാരി പൂശി വൈരാഗിയെ പോലെ ഒരു മരച്ചുവട്ടിൽ പോയി ഇരുന്നു. എത്ര തേടിയിട്ടും വേലക്കാർക്ക് കള്ളനെ കണ്ടെത്താനായില്ല. മരച്ചുവട്ടിൽ ഒരു വൈരാഗി ധ്യാനത്തിലിരിക്കുന്നത് മാത്രം കണ്ടു. പിറ്റേ ദിവസം ഒരു വലിയ മഹാത്മാവ് അവിടെ തോട്ടത്തിൽ വന്നുചേർന്നിരിക്കുന്നു എന്ന ശ്രുതി പരന്നു. അപ്പോഴേക്കും അനേകം പേർ ഫലമൂലങ്ങളും പലഹാരങ്ങളുമായി നമസ്കരിക്കാനെത്തി. ഒട്ടേറേ ദ്രവ്യവും, പണവും വൈരാഗിയുടെ മുന്നിൽ വന്നു വീണു. മുക്കുവനാലോചിച്ചു എന്തൊരാശ്ചര്യം ഞാൻ വാസ്തവത്തിൽ വൈരാഗിയല്ല എന്നിട്ടും ആൾക്കാർക്ക് എന്തൊരു ഭക്തി, അപ്പോൾ വാസ്തവത്തിൽ വൈരാഗിയായാൽ ഭഗവാനെ പ്രാപിക്കാം ,സംശയമില്ല. അങ്ങനെ അല്പനേരം വൈരാഗി വേഷം കെട്ടിയ മുക്കുവൻ നിത്യസന്യാസിയായി._
[15/11, 00:40] Sanal Kumar Narayaneeyam: യഥാർത്ഥ ഭക്തി ഭാവം

പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു"പ്രഹ്ളാദാ... എന്തു വരമാണ് വേണ്ടതെന്നു പറയൂ" വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു "അടിയന് ഒന്നും വേണ്ട ഭഗവാനേ" പ്രഹ്ളാദവചനം
ഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം, ഇത് വേണം എന്നൊക്കെയാണ് എപ്പോഴും  കേട്ടിട്ടുള്ളത്. ഇതെന്താ ഇങ്ങനെ?
ഭഗവാൻ വീണ്ടും പറഞ്ഞു; "എന്തെങ്കിലും ചോദിക്കൂ.... അങ്ങനെ ചോദിക്കണമെന്നുണ്ട് പ്രഹ്ളാദാ".. ഈ ഭഗവത് വാക്യം ഒന്നുകൂടി കേട്ടപ്പോൾ, പ്രഹ്ളാദൻ ധർമ്മസങ്കടത്തിലായി. എൻ്റെ ഭഗവാനോട്  എന്ത് ചോദിക്കാൻ! ഞാൻ എല്ലാം സമർപ്പിച്ച, എല്ലാത്തിലും നിറഞ്ഞു നിൽക്കുന്ന, എൻ്റെ ശ്രീഹരിയോട് എന്താണ് ചോദിക്കുക?...!
വീണ്ടും ഭഗവാൻ നിർബന്ധിച്ചു; "പ്രഹ്ളാദാ.... ചോദിക്കൂ " നിറഞ്ഞ മനസോടെ പ്രഹ്ളാദൻ പറഞ്ഞു "ഭഗവാനേ, ലക്ഷ്മീവല്ലഭാ.. എനിക്ക്
ഒരേയൊരു വരംമതി. എന്തെങ്കിലും എനിക്ക് വേണമെന്നുള്ള തോന്നൽ ഉണ്ടാകരുത്. ആ വരം മാത്രംമതി".
ഇവിടെ അത്യദ്ഭുതമായി ഭഗവാൻ അനുഗ്രഹവർഷം ചൊരിയുകയാണ് പ്രഹ്ളാദനിൽ. ഒന്നും എനിക്ക് ആഗ്രഹമില്ല എന്നുപറയുന്ന ഈ ഭക്തനാണ് ഭഗവാന് പ്രിയപ്പെട്ടവൻ.

പ്രഹ്ലാദന് തന്റെ കുട്ടിക്കാലത്ത് നാരായണ ഭക്തനായതു കൊണ്ട് മാത്രം  സ്വന്തം അച്ഛനിൽ നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം  ഭഗവാനെ ഭജിക്കുക മാത്രമാണ് പ്രഹ്ലാദൻ ചെയ്തത്. ഭജനം നിർത്തി ഭഗവാനോട് എന്തെങ്കിലും സഹായം ചോദിക്കാൻ അമ്മ"കയാതു" നിർബന്ധിക്കും.  "മോനേ പ്രഹ്ളാദാ നിന്റെ നാരായണനോട് സഹായം ചോദിക്കൂ, നീ വിളിച്ചാൽ വരില്ലേ നിന്റെ ഭഗവാൻ? എന്നിട്ടും എന്തേ നീ ഈ വേദനകളെല്ലാം സഹിക്കുന്നു" ഇത് കേട്ട് കൊച്ചു പ്രഹ്ളാദൻ നിഷ്കളങ്കമായ തന്റെ ചുണ്ടുകൾ വിടർത്തി പറഞ്ഞു "അമ്മാ.... രക്ഷിക്കേണ്ടവന് രക്ഷിക്കണമെന്ന ബോധം ഉള്ളിടത്തോളം കാലം രക്ഷിക്കണേ എന്നു വിളിച്ചു കരയണോ?". ഇതാണ് പ്രഹ്ളാദ ഭക്തി. പൂർണ്ണമായ സമർപ്പണമാണ് ഭക്തി. തന്റെ ഭക്തന് എന്ത്, എപ്പോൾ വേണമെന്ന് ഭഗവാനറിയാം. രക്ഷിക്കേണ്ടവന് ആ ബോധം ഉണ്ട്. സമയമാകുമ്പോൾ വരും... കൺപാർത്തിരുന്നാൽ മാത്രം മതി.... ചോദിച്ചാലെ തരൂ, ചോദിച്ചില്ലെങ്കിൽ തരില്ല എന്നത് മനുഷ്യ സ്വഭാവമാണ്. ഈശ്വരഭാവമല്ല. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് എന്താണ്???കീർത്തിക്കൽ മാത്രം....
ഈ രണ്ട് സംഭവങ്ങളിലൂടെയും കൊച്ചു പ്രഹ്ളാദൻ  നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ശുദ്ധമായ, നിഷ്കളങ്കമായ ഭക്തിയെ കുറിച്ചാണത്. അതു കൊണ്ടാണ് നാരദമഹർഷി ഭക്തന്മാരുടെ പേരുകൾ തയ്യാറാക്കിയപ്പോൾ ആദ്യത്തെ പേര് പ്രഹ്ളാദൻ എന്ന് എഴുതിയത്. നാരദ ശിഷ്യനാണല്ലോ പ്രഹ്ളാദൻ. ഗുരുവിൽ നിന്ന് കേട്ടാണ് നാരായണ നാമ മഹിമ പ്രഹ്ലാദൻ പഠിച്ചത്. ഭക്തിയുടെ കാര്യത്തിൽ ആ ഗുരുവിനെപോലും പരാജയപ്പെടുത്തിയ ഇത്തരം ശിഷ്യന്മാരുടെ പാരമ്പര്യമാണ് നമ്മുടേത്. അവർ വിജയിച്ചത്  കായികശക്തിയുടേയും, സൈന്യബലത്തിൻ്റെയും കരുത്തിലല്ല, മറിച്ച്   പൂർണ്ണസമർപ്പണത്തിലൂടെ മാത്രമാണ്. അതാണ് യഥാർത്ഥ ഭക്തി ഭാവം......

ഓം നമോ നാരായണ
ഹരി ഓം

No comments:

Post a Comment