Saturday, November 09, 2019

ആശ്രമ ധര്‍മങ്ങളും കര്‍മങ്ങളും

Thursday 7 November 2019 3:26 am IST
മൂന്നാം അദ്ധ്യായം നാലാം പാദം
സര്‍വാന്നാനുമത്യധികരണം
ഇതില്‍ നാല് സൂത്രങ്ങളുണ്ട്.
കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷത്തെ കുറിച്ചുള്ള വിചാരമാണ് ഈ അധികരണത്തില്‍
സൂത്രം - സര്‍വാന്നാനുമതിശ്ച പ്രാണാത്യയേ തദ്ദര്‍ശനാത്
പ്രാണോപാസാകന് എല്ലാവിധ ഭക്ഷണവും കഴിക്കാനുള്ള അനുവാദം പ്രാണനാശം വരുമ്പോള്‍ മാത്രമാണെന്ന് അറിയണം. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ കാണുന്നുണ്ട്.പ്രാണനാശം വരുമെന്ന ഘട്ടത്തില്‍ മാത്രമേ എന്ത് ഭക്ഷണവും കഴിക്കാന്‍ ശ്രുതി അനുവദിക്കുന്നുള്ളൂ. ഛാന്ദോഗ്യത്തില്‍ ന ഹ വാ ഏവം വിദി കിഞ്ചനാനന്നം ഭവതി ഇങ്ങനെ അറിയുന്ന പ്രാണോപാസകന് കഴിക്കാന്‍ പാടില്ലാത്തതായി ഒന്നുമില്ല എന്ന് പറയുന്നു.
ബൃഹദാരണ്യകത്തില്‍ ന ഹ വാ അസ്യാനന്നം ജഗ്ദ്ധം ഭവതി, നാനന്നം പ്രതിഗൃഹീതം ഇങ്ങനെ പ്രാണോപാസകന് കഴിക്കാന്‍ പാടില്ലാത്ത തോ  സ്വീകരിക്കാന്‍ പാടില്ലാത്തതോ ആയ ഒരു അന്നവുമില്ല എന്ന് പറയുന്നു.അതു കൊണ്ട് സാധകര്‍ക്ക് ആഹാരകാര്യത്തില്‍ കഴിക്കേണ്ടവും അല്ലാത്തവയും എന്ന വിചാരം ആവശ്യമില്ല എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.
ഇതിനുള്ള മറുപടിയാണ് സൂത്രം നല്‍കുന്നത്. പ്രാണഹാനി സംഭവിക്കുമെന്ന് വരുമ്പോള്‍ കിട്ടുന്ന ഭക്ഷണം കഴിച്ച് പ്രാണനെ രക്ഷിക്കാം. എന്നാല്‍ സാധാരണ നിലയില്‍ ആ നിയമം ബാധകമല്ല എന്ന് ശ്രുതി പറയുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ഉഷസ്തിയുടെ കഥയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പ്രാണന്‍ പോകുമെന്ന നിലയില്‍ പ്രാണസംരക്ഷണത്തിന് ഉച്ഛിഷ്ട ഭക്ഷണം കഴിച്ചു. എന്നാല്‍ വേറെ വെള്ളം കുടിക്കാന്‍ ഉള്ളതിനാല്‍ മറ്റൊരാള്‍ കുടിച്ച് ബാക്കി വന്ന വെള്ളം സ്വീകരിക്കാതിരിക്കുകയും ചെയ്തതായി കാണാം. എന്ത് ആഹാരവും കഴിക്കാനുള്ള അനുമതി പ്രാണന്‍ പോകുമെന്ന ഘട്ടത്തില്‍ മാത്രമാണ് എന്ന് ശ്രുതി ഉറപ്പിച്ച് പറയുന്നു.
സൂത്രം  - അബാധാച്ച
ബാധയില്ലാത്തതിനാലും ആഹാര ശുദ്ധൗ സത്ത്വശുദ്ധിഃ ആഹാരശുദ്ധികൊണ്ടാണ് അന്തഃകരണ ശുദ്ധിയുണ്ടാകുന്നത് എന്നിങ്ങനെയുള്ള മറ്റ് ശാസ്ത്ര വാക്യങ്ങള്‍ക്ക് ഇങ്ങനെയാകുമ്പോള്‍ വിരോധമുണ്ടാകില്ല. അതിനാല്‍ പ്രാണനാശം  വരുമെന്ന് ഉള്ളപ്പോള്‍ മാത്രമേ കഴിക്കാന്‍ പാടില്ലത്തവയെന്ന് പറയുന്ന ഭക്ഷണത്തെ സ്വീകരിക്കാവൂ..
സൂത്രം - അപി ച സ്മര്യതേ
മാത്രമല്ല സ്മൃതിയിലും പറയുന്നുണ്ട്.സ്മൃതി കൊള്ളരുതാത്ത ഭക്ഷണം കഴിക്കരുതെന്ന കാര്യത്തെ ഉറപ്പിക്കുന്നു. മനുസ്മൃതിയില്‍ ജീവിതാതൃയമാപന്നോ യോ/ന്നമത്തി യതസ്തത: ലിപ്യതേ ന സ പാപേന പദ്മ പത്രമിവാംഭസാ ജീവിത നാശം വരുമെന്ന കഷ്ട സ്ഥിതിയിലാകുമ്പോള്‍ എവിടെ നിന്നും ആരില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിക്കാം. അങ്ങനെയുള്ള ആളെ താമരയിലയിലെ വെള്ളം എന്ന പോലെ പാപം തൊടില്ല. എന്നാല്‍ പ്രാണ നാശം ഉണ്ടാകാത്ത ആപത്തൊന്നുമില്ലാത്ത കാലത്ത് അന്ന ശുദ്ധിയെ പാലിക്കണം.
സൂത്രം - ശബ്ദശ്ചാതോ/കാമകാരേ
തന്നിഷ്ടപ്രകാരം ചെയ്യുന്നതിനെ വിരോധിക്കുന്നതില്‍ ശ്രുതിയുണ്ട്. അതിനാലും ഇത് അര്‍ത്ഥവാദമാണ്. കഴിക്കാന്‍ യോഗ്യതയില്ലാത്ത ഭക്ഷണത്തെ നിഷേധിക്കുന്ന പ്രമാണമുണ്ട്. അതിനാല്‍ പ്രാണന്‍ പോകുമെന്ന ആപത്ത് ഇല്ലാത്തിടത്തോളം കാലം അശുദ്ധ ഭക്ഷണം കഴിക്കരുത്.
കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിക്കരുതെന്ന് ശ്രുതി പറയുന്നുണ്ട്. അതിനാല്‍ തോന്നിയപോലെ എന്തും കഴിക്കാന്‍ വിധിയുണ്ട് കരുതാന്‍ പറ്റില്ല. കാഠകത്തില്‍ തന്മാത് ബ്രാഹ്മണോ ന സുരാം പി ബേത് അതിനാല്‍ ബ്രാഹ്മണര്‍ മദ്യം കുടിക്കരുത് എന്ന് പറയുന്നു.
ജ്ഞാനിയ്ക്ക് കഴിക്കാര്‍ പാടില്ലാത്തതായി ഒന്നുമില്ലെന്ന് ശ്രുതി പറയുന്നത് വിദ്യയെ സ്തുതിക്കാനാണ്. ഛാന്ദോഗ്യത്തില്‍ ന ഹ വാ ഏവം.... തുടങ്ങിയ വാക്യങ്ങള്‍  അര്‍ത്ഥവാദങ്ങളാണ് വിധിയല്ല എന്ന് അറിയണം. ആപത്ത് കാലത്തല്ലാതെ അശുദ്ധ ഭക്ഷണം പാടില്ല.

No comments:

Post a Comment