Thursday, November 28, 2019

*ഉപാസകരെ ഉപച്ചരിക്കേണ്ടതെങ്ങനെ*?

*ഒരു വ്യക്തിയ്ക്ക് ഗുരു ആവശ്യമോ*?

*ഉപവാസം എന്നത് ഒരു വ്രതമാണോ*?

*ഒരിക്കല്‍ എന്ന ചടങ്ങിന്‍റെ പ്രത്യേകത എന്ത്*?

*ഉപാസകന്‍റെ കര്‍ത്തവ്യമെന്ത്*?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*ഉപാസകരെ ഉപച്ചരിക്കേണ്ടതെങ്ങനെ*?

ഒരുപാസകന്‍റെ ഗൃഹസന്ദര്‍ശനത്തിനുശേഷം അദ്ദേഹം പോയ്ക്കഴിഞ്ഞാല്‍ ഉടന്‍ അടിച്ചുവാരരുത്. അത് ആ ഗൃഹലക്ഷ്മിയെ പുറത്താക്കുന്നത് പോലെയാവും. വീട്ടില്‍ വന്ന ഉപാസകനെ വെറും വയറോടെ പറഞ്ഞയക്കരുത്. പശുവിന്‍റെ ദേഹത്ത് എല്ലാ ദേവതകളും വസിയ്ക്കുന്നു. അതുപോലെ സാധകരുടെ ദേഹത്ത് അയാളുടെ സാധനാമൂര്‍ത്തിയുടേയും മറ്റു പരിവാരങ്ങളുടേയും സാന്നിധ്യമുണ്ട്. സാധകരോട് നാം കാട്ടുന്ന സ്നേഹാദരവുകള്‍ അവരവരുടെ ഇഷ്ടദേവനില്‍ ചേരുന്നു. അതുപോലെ സാധകരെ അപമാനിച്ചാലത് ഇഷ്ടദേവതാകോപത്തിനും ഇടയാവും.

*ഒരു വ്യക്തിയ്ക്ക് ഗുരു ആവശ്യമോ*?

മന്ത്രജപത്തിന് ഒരു ഗുരു അത്യാവശ്യമാണ്. ഗുരു, ഈശ്വരന്‍, ബ്രഹ്മന്‍, സത്യം, പ്രണവം എന്നിവ ഹൈന്ദവ സങ്കല്പമനുസരിച്ച് ഒന്നുപോലെ മഹാനീയമാണ്. ഒരു ഉത്തമനായ ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചുവേണം നാം മന്ത്രജപം ആരംഭിക്കുവാന്‍. ഇതാണ് "ദീക്ഷ" എന്നറിയപ്പെടുന്നത്. ശിഷ്യന് ജപിക്കാനും ധ്യാനിക്കാനുമായി ഗുരു തെരഞ്ഞെടുക്കുന്ന ഒരു വിശേഷശബ്ദമോ ശാസ്ത്രവാക്യമോ ഈശ്വരനാമമോ ആണ് മന്ത്രം. ഒരു ഗുരുനാഥനില്‍ നിന്ന് ഉപദേശമായി ലഭിക്കുമ്പോള്‍ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ.

*ഉപവാസം എന്നത് ഒരു വ്രതമാണോ*?

ഹൈന്ദവാനുഷ്ഠാനങ്ങളിലും മറ്റു മത വിഭാഗങ്ങളിലും ഭാഷാദേശഭേദമന്യേ ആചരിച്ചു വരുന്ന വ്രതമാണ് ഉപവാസം. ഉപവാസമെന്നത് വ്രതാനുഷ്ഠാനത്തിന്‍റെയും മറ്റും ഭാഗമായി പൂര്‍ണ്ണമായോ ഭാഗികമായോ ജലവും അന്നവും ഉപേക്ഷിച്ചുകൊണ്ടുള്ള ധ്യാനമാണ്. യാഗഹോമാദിപൂജകളിലും പുണ്യതിഥികളിലും ഉപവാസം ആവശ്യമാണ്‌. ഉപനയനാദി കര്‍മ്മങ്ങളിലും ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.

"*ഒരിക്കല്‍" *എന്ന ചടങ്ങിന്‍റെ പ്രത്യേകത എന്ത്*?

ഒരു ദിവസം ഒരിക്കല്‍ (ഒരു തവണ) മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുകയെന്ന ചടങ്ങാണ് "ഒരിക്കല്‍". ഹൈന്ദവര്‍ ചില പ്രത്യേക ദിവസങ്ങളിലും തിഥികളും ഒരിക്കലയായി കരുതി വ്രതമെടുക്കുന്നു. തിങ്കള്‍, വ്യാഴം, ശനി, എന്നീ ആഴ്ചകളും, ഷഷ്ഠി , വാവ്, ശിവരാത്രി, മഹാനവമി, ഏകാദശി എന്നീ തിഥികളും ദിനങ്ങളും ഒരിക്കല്‍ ആചരിക്കാന്‍ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ശിവരാത്രി, മഹാനവമികളില്‍ ഒരിക്കലാചരിക്കുന്നവര്‍ രാത്രി ഭക്ഷണം കഴിക്കാറില്ല. പിറ്റേ ദിവസത്തെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് തലേദിവസം "ഒരിക്കല്‍" ആചരിക്കുന്നത്.

*ഉപാസകന്‍റെ കര്‍ത്തവ്യമെന്ത്*?

ഒരു ഉപാസകന്‍ ഗൃഹസ്ഥനാണെങ്കില്‍ ആ കുടുംബത്തെ നേര്‍വഴിക്ക് മുന്നോട്ട് പോകുവാന്‍ വേണ്ടതൊക്കെ ചെയ്യണം. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ സ്വന്തം സാധനകളെ തടസ്സം കൂടാതെ നടത്തുകയും ഭാര്യാസന്താനങ്ങളെ ആ വഴിക്ക് നയിക്കുകയും ലോകോപകാരാര്‍ത്ഥം ചെയ്യേണ്ടതായ കടമകള്‍ നിര്‍വഹിക്കുകയും ചെയ്തു. ഉപാസനാമാര്‍ഗ്ഗം സമാജത്തിന്‍റെ ഉല്‍ക്കര്‍ഷം ലാക്കാക്കിയാണ് അനുഷ്ഠിക്കേണ്ടത്. സ്വാര്‍ത്ഥകാര്യങ്ങള്‍ക്കല്ല.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

No comments:

Post a Comment