Thursday, November 28, 2019

പാദമേതാണ് ? ശിരസ്സേതാണ് ?
ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ
‘പാദമേതാണ് ? ശിരസ്സേതാണ് ?’ (ശ്രീരമണ തിരുവായ്മൊഴി)
ഇന്ന് മദ്ധ്യാഹ്നം മൂന്നു മണിക്ക് ഒരു ഭക്തന് ഭഗവാനെ സമീപിച്ചു “സ്വാമീ! എനിക്കൊരാഗ്രഹമുണ്ട്, ഭഗവാന്റെ പാദത്തില് എന്റെ ശിരസ്സ്‌ വെച്ച് നമസ്കരിക്കണം. ഭഗവാന് അനുഗ്രഹിച്ചാലും” എന്ന് പറഞ്ഞു. “ഓ! ഹോ! അതാണോ ആഗ്രഹം! നല്ലത് തന്നെ. എന്നാല് പാദമേതാണ് ? ശിരസ്സേതാണ് ? ” എന്നായി ഭഗവാന്. ഉത്തരമില്ല. അല്പം കഴിഞ്ഞു ഭഗവാനരുളി “താനെവിടെ ലയിക്കുന്നുവോ, അതാണ് പാദം. ” ആ സ്ഥാനം എവിടെയാണ് ? എന്ന് ചോദിച്ചു ആ ഭക്തന്. . എവിടെയാണ് എന്നോ ? തന്നില്ത്തന്നെയുണ്ട്. ‘ഞാന്’ ‘ഞാന്’ എന്ന് വിജ്രുംഭിച്ച അഹംഭാവമാണ് ശിരസ്സ്‌. ആ അഹം വൃത്തി എവിടെ ലയിക്കുന്നുവോ അതാണ്‌ ഗുരുപാദം. ” എന്നരുളി ഭഗവാന്.
“മാതാ, പിതാ, ഗുരു, ദൈവം ഈ ക്രമാനുസാരം ഭക്തി വേണമെന്ന് പറയുന്നുവല്ലോ. തന്നില് ലയമായാല് ഭക്തിയില് സേവിക്കുക എങ്ങിനെ സാധ്യമാവും ? ” എന്ന് പറഞ്ഞു ആ ഭക്തന്. തന്നില് ലയിക്കുക എന്നാല് എന്താണര്ത്ഥം ? ആ ഭക്തിയെ വിശാലമാക്കുക എന്നതാണ്. എല്ലാം തന്നില് തന്നെയുള്ളതല്ലേ ? അതുകൊണ്ട് തന്റെ സ്ഥാനത്തില് താന് നിന്നാല് ഇതിനെയെല്ലാം വിസ്തീര്ണമാക്കാന് ശക്തിയുണ്ടാകും. “തന്റെ സ്ഥാനത്തില് താന് ലയിക്കുക എന്നത് ബുദ്ധി കൊണ്ട് അന്നമയാദികോശങ്ങളെ നീക്കിക്കളഞ്ഞു അതില്പിന്നെ ബുദ്ധിയെക്കൂടി നീക്കിക്കളയുക എന്നതാണോ ?
എന്ന് ചോദിച്ചു ആ ഭക്തന്. ബുദ്ധിയെ വിട്ടു എവിടെക്കാണ്‌ പോകേണ്ടത് ബുദ്ധിയെ അതിന് സ്ഥാനത് നിര്ത്തുകയാണ് തന്നെ അറിയുക എന്നത്. പുറമേ നിന്നുളവാകുന്നതായ വിഷയാദികള് എല്ലാം നീക്കം ചെയ്യുവാനായി ബുദ്ധിയെ ഒരു വടി പോലെ പിടിക്കണം. മലിനബുദ്ധി, അമലിനബുദ്ധി എന്ന് രണ്ടു തരത്തിലുണ്ട്. അന്ത:ക്കരണ കാര്യങ്ങളായ വിഷയങ്ങളോട് കൂടിയുള്ളപ്പോള് ‘ മലിനബുദ്ധി’ എന്ന് പറയുന്നു.
അതിന്നു തന്നെ മനസെന്നും, അഹങ്കാരമെന്നും പേരുകളുണ്ട്. ആ വിഷയാദികളെ നീക്കം ചെയ്യുവാന് ഊതുകോല് പോലെയുള്ള “ഞാന്” എന്ന അഹംസ്ഫുരണക്ക് “അമലിന” ബുദ്ധി എന്ന പേര്. ആ സ്ഫുരണയെ പിടിച്ചു കൊണ്ട് ബാക്കിയുള്ള വിഷയ വിചാരങ്ങളെല്ലാം നീക്കം ചെയ്താല് ഉള്ളത് പോലെ കാണും” എന്നരുളി ഭഗവാന്.
ആ ബുദ്ധിയെ ആത്മാവില് ഐക്യം ചെയ്യേണമെന്നാണോ ? ” എന്ന ചോദ്യം. “ഐക്യം ചെയ്യുവാന് എവിടെ നിന്നെങ്കിലും കൊണ്ട് വരേണ്ട വസ്തുവല്ലല്ലോ ? തന്നിലാണ് ഉള്ളത്.
ആത്മാവിന്റെ സ്ഫുരണയാണ് ബുദ്ധി. ആ ബുദ്ധിയാല് അചഞ്ചലമായ ആത്മാവിനെ അറിഞ്ഞു കൊണ്ടാല് താന് താനായി നില്ക്കും. ആ ബുദ്ധിയെയാണ് ചിലര് ശക്തി എന്നും ചിലര് അഹമെന്നും പറയുന്നത്. ഏതോ ഒന്നെന്നു വിചാരിച്ചു കൊള്ളുക. പുറമേ വിജ്രുംഭിച്ചതെല്ലാം നീക്കം ചെയ്യുവാനായി ബുദ്ധിയെ വശമാക്കണം. വിടാതെ പിടിക്കണം” എന്നരുളി..

No comments:

Post a Comment