Saturday, November 23, 2019

വൈഷ്ണവസമ്പ്രദായങ്ങള്‍

Wednesday 20 November 2019 2:33 am IST
ഹിന്ദുആചാരാനുഷ്ഠാനങ്ങളുടെ ഉല്‍ഭവപരിണാമവികാസങ്ങളേയും അവയുടെ പ്രത്യേകതകളേയും ദാര്‍ശനികഅടിത്തറയേയും പരിചയപ്പെടുത്തുന്ന സുദീര്‍ഘമായ ഈ ലേഖനപരമ്പരയില്‍ തുടക്കം മുതല്‍ ഇതുവരെ നാം കണ്ണോടിച്ച വിഷയങ്ങളെ, സ്ഥൂണാഖനനന്യായമനുസരിച്ച്, നമുക്ക് ഒന്നു സ്മരിക്കാം. തുടക്കത്തില്‍ നാം ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭൗതിക, ആധ്യാത്മികശാസ്ത്രങ്ങളുമായുള്ള ബന്ധത്തിനെ വെളിവാക്കുന്ന ചില വസ്തുതകളെ മനസ്സിലാക്കി. തുടര്‍ന്ന് ലോകചരിത്രത്തിന്റെ 
നാള്‍വഴി (ടൈംലൈന്‍) യിലൂടെ ആധുനികനരവംശശാസ്ത്രപ്രകാരമുള്ള മ
നുഷ്യവംശത്തിന്റെ  ഉല്‍ഭവപരിണാമവികാസങ്ങളെയും നരവംശത്തിന്റെ ആധുനികപരിണാമരൂപമായ സാപ്പിയന്‍ വിഭാഗത്തിന്റെ തുടക്കം മുതല്‍ എങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ സാര്‍വലൗകികങ്ങളായി നടപ്പായിരുന്നു എന്ന പണ്ഡിതനിഗമനത്തേയും സെമിറ്റിക് മതങ്ങളുടെയും ശാസ്ത്രീയഭൗതികവാദത്തിന്റെയും നിരര്‍ത്ഥകതയേയും അവയെ അവലംബിച്ചാലുള്ള തിക്തഫലത്തേയും അനുഭവിച്ചറിഞ്ഞ പാശ്ചാത്യലോകം ഇന്ന് 
പ്രാചീനസമൂഹങ്ങളുടെ, വിശിഷ്യ ഹിന്ദുസമൂഹത്തിന്റെ ജീവിതവീക്ഷണം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് എന്ന വസ്തുതയേയും അറിഞ്ഞു. 
തുടര്‍ന്ന് ഹിന്ദുഭൂമിയുടെ ഉത്ഭവവും ഭൗമ, സസ്യ, ജന്തു, മനുഷ്യവൈവിദ്ധ്യവും, പാശ്ചാത്യപ്രതികരണം, പാശ്ചാത്യപണ്ഡിതര്‍ മെനഞ്ഞ നുണക്കഥകള്‍, ഹിന്ദുപണ്ഡിതരില്‍ ആ നുണകളുടെ ദുസ്സ്വാധീനം, യാഥാര്‍ഥ്യം എന്ത് ?, നമ്മള്‍ ഹിന്ദുക്കള്‍,  ഔട്ട് ഓഫ് ആഫ്രിക്കാ സിദ്ധാന്തവും, മള്‍ടി റീജിയണല്‍ സിദ്ധാന്തവും, ഹിന്ദുക്കള്‍ ആഫ്രിക്കയില്‍ നിന്നും വന്നവരല്ല മറിച്ച് ഈ മണ്ണിന്റെ മക്കള്‍ തന്നെ എന്ന നിഗമനം ശരിയാകാനുള്ള സാധ്യത, വൈവിദ്ധ്യങ്ങളും അന്തര്‍ഗതമായ ഏകാത്മതയും, ആചാരാനുഷ്ഠാനങ്ങളുടെ ഉത്ഭവപരിണാമങ്ങള്‍, മനുഷ്യപ്പിറവിയും മിത്തുകളും, പുരാണത്തിലെ മനുഷ്യോല്‍പത്തി, ഹിന്ദുആചാരാനുഷ്ഠാനങ്ങളുടെ ഉല്‍ഭവപരിണാമങ്ങള്‍, സമീപനത്തിന്റെ രീതിശാസ്ത്രം (മെത്തഡോളജി), പാരമ്പര്യസമീപനം, ആരാണ് വനവാസി? ആരാണ് ഹിന്ദു?, വനവാസികള്‍ തന്നെ ആണ് പില്‍ക്കാലത്ത് ഗ്രാമ-പുരവാസികളായത്, അവര്‍ തന്നെയാണ് വൈദികങ്ങളും അവൈദികങ്ങളും ആയ വിവിധസമ്പ്രദായങ്ങളുടെ ഉപജ്ഞാതാക്കളും ആചാര്യന്മാരും അനുയായികളും ആയത് എന്ന യാഥാര്‍ത്ഥ്യം, ആരണ്യകം- ഹിന്ദുപാരമ്പര്യത്തിന്റെ ആദ്യഘട്ടം, വിശ്വാസപദ്ധതികളുടെ 
പൊതുശേഖരം (കോമണ്‍ 
പൂള്‍), എന്താണ് ദര്‍ശനം?, ദര്‍ശനങ്ങളുടെ പല പട്ടികകള്‍, ഹിന്ദുദര്‍ശനങ്ങളുടെ 
പൊതുസവിശേഷതകള്‍, ഹിന്ദു ദര്‍ശനങ്ങളുടെ പരസ്പരസംവാദരീതി, ദര്‍ശനം ആശയങ്ങളുടെ സര്‍വവിജ്ഞാനകോശം, പ്രാചീന പഠന-പാഠനരീതി, ദര്‍ശനങ്ങളുടെ പൊതുരൂപരേഖ, സുരേന്ദ്രനാഥ്ദാസ് ഗുപ്ത ചൂണ്ടിക്കാണിച്ച ഉള്ളടക്കത്തിലെ പൊതുഘടകങ്ങള്‍, നാലുതരം കര്‍മ്മങ്ങള്‍, മോക്ഷസിദ്ധാന്തം, ലോകത്തോടുള്ള നിരാശ നിറഞ്ഞ സമീപനവും ശുഭപര്യവസാനവും, ഹിന്ദു സാധനാമാര്‍ഗങ്ങളിലെ പൊതുഘടകങ്ങള്‍ എന്നിവ, ദര്‍ശനങ്ങളുടെ ഘടന, വൈദികത്തിലെ ചതുര്‍വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍ എന്നിവ, വൈദികത്തിന്റെ വിവിധ വശങ്ങള്‍ (ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, കല്‍പം, ജ്യോതിഷം എന്നീ വേദാംഗങ്ങള്‍, ബ്രാഹ്മണരുടെ സംസ്‌കാരങ്ങളും ഷള്‍കര്‍മ്മങ്ങളും, പഞ്ചമഹായജ്ഞങ്ങള്‍, കേരളീയ ഉച്ചാരണത്തിന്റെ സവിശേഷത, വൈദികദേവതകളും ദ്രവ്യങ്ങളും, വൈദികയാഗങ്ങളുടെ വിവരണം, വേദാര്‍ത്ഥത്തിന്റെ ത്രിവിധപ്രക്രിയ, വേദബന്ധുവിന്റെ വിവരണപ്രകാരമുള്ള യജ്ഞകല്‍പ്പന, യജ്ഞരഹസ്യം, യാജ്ഞികപ്രക്രിയ എന്നിവ, സായണഭാഷ്യപ്രകാരമുള്ള യാഥാസ്ഥിതികവൈദികപാരമ്പര്യവും ദയാനന്ദസരസ്വതിയുടെ നവീനവൈദികവും, വൈദികങ്ങളായ നിത്യ, നൈമിത്തിക, കാമ്യകര്‍മ്മങ്ങള്‍, മരണാനന്തരകര്‍മ്മങ്ങളും അവയുടെ യുക്തിയും, ; ചതുര്‍വര്‍ണ്ണങ്ങള്‍ യാഗക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടായ തൊഴില്‍വിഭജനം ആണെന്നും അതു ക്രമേണ വൈദികഗോത്രഘടന ആയി പരിണമിക്കുകയും ചെയ്തു എന്ന നിഗമനം, ചാതുര്‍വര്‍ണ്യവും ജാതിയും ഒന്നല്ല രണ്ടും രണ്ടു തന്നെ, വര്‍ണസങ്കരവും ജാതി-വര്‍ണ്ണസങ്കരവും, അയിത്തം എന്ന സദ്ഗുണവികൃതി, വൈദികശുദ്ധാശുദ്ധസങ്കല്‍പ്പ (റിച്വല്‍ പ്യൂരിറ്റി) ത്തിന്റെ തെറ്റായ പ്രയോഗമാണ,് സാമ്പത്തികഅസമത്വമല്ല, അതിന്റെ ആധാരമായതെന്ന വസ്തുത, വൈദികത്തിന്റെ പ്രാമുഖ്യം, വൈദികം ഒറ്റനോട്ടത്തില്‍, വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ (ഉല്‍ഭവം, ഘടന, വികാസം, ഉള്ളടക്കം, ബ്രഹ്മം, ആത്മാവ്, ബ്രഹ്മവും ലോകവും, പുനര്‍ജ•സിദ്ധാന്തം, മോക്ഷം, മൃഡാനന്ദസ്വാമി നല്‍കുന്ന ദശോപനിഷത്തുകളുടെയും ശ്വേതാശ്വതരോപനിഷത്തിന്റെയും ലഘുവിവരണം), വൈദികത്തിന്റെ അടിയൊഴുക്കുകള്‍, ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍ (ശശിഭൂഷണ്‍ ദാസ്ഗുപ്ത ചൂണ്ടിക്കാട്ടിയ, അതിപ്രാചീനകാലം മുതല്‍ക്കു തന്നെ ദൈവവാദത്തോടൊപ്പം ഇഴചേര്‍ന്നു വളര്‍ന്ന ആധ്യാത്മികാനുഭൂതി പകരുന്ന തന്ത്രയോഗസാധനാധാരകളുടെ സംഘാതം), നാഥസമ്പ്രദായം, നാഥസമ്പ്രദായത്തിന്റെ സവിശേഷതകള്‍ (ആധ്യാത്മിക അനുഭൂതിയില്‍ ഊന്നല്‍, വര്‍ണ്ണ, ജാത്യാദി ഭേദകല്‍പ്പനകളുടെ നിരാകരണം, മതപരിവര്‍ത്തനശ്രമത്തിന് ഉചിതമായ പ്രതിരോധം തീര്‍ത്ത് ഹിന്ദുപാരമ്പര്യത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്),  തന്ത്രം (ഉല്‍ഭവവികാസപരിണാമങ്ങള്‍, ലിംഗയോനി പ്രതീകകല്‍പ്പന, ആര്‍ത്തവത്തിന്റെ ശുദ്ധാശുദ്ധകല്‍പ്പനയിലെ വൈദികതാന്ത്രികവീക്ഷണങ്ങള്‍, മദ്യം, ദീക്ഷ, അഷ്ടസിദ്ധികള്‍, താന്ത്രികഷള്‍കര്‍മ്മങ്ങള്‍, തന്ത്രവും രസതന്ത്രവും, തന്ത്രവും വൈദ്യവും തുടങ്ങിയവയെക്കുറിച്ച് ഭട്ടാചാര്യയുടെ കാഴ്ചപ്പാടുകള്‍, വാമാചാരതന്ത്രവും ചൈനയിലെ താവോസിദ്ധാന്തവും തമ്മിലുള്ള സാമ്യവും അതിന് ഹിന്ദുതന്ത്രവുമായുള്ള ഭേദവും), ശൈവസമ്പ്രദായങ്ങള്‍ (പാശുപതം, സിദ്ധാന്തശൈവം, കാപാലികം, മത്തമയൂരം, ലിംഗായതം, കാശ്മീരശൈവം മുതലായവയുടെ ലഘുവിവരണം) വരെ നാം മനസ്സിലാക്കി.
അടുത്തതായി നാം പരിചയപ്പെടുന്നത്  വൈഷ്ണവസമ്പ്രദായങ്ങളെ ആണ്. ആധ്യാത്മികാനുഭൂതി നല്‍കുന്ന സാധനകളുടെ ഒരു ഗുപ്തധാര ദൈവവാദസമ്പ്രദായങ്ങളുമായി (വൈദികവും ഇതില്‍ പെടും) ഇട കലര്‍ന്ന് അതി
പ്രാചീനകാലം മുതല്‍ ഇവിടെ നില നിന്നിരുന്നു എന്നും അതാണ് ഹിന്ദുതനിമക്ക് അന്തസ്സത്ത നല്‍കിയതെന്നും നാം മുമ്പ് മനസ്സിലാക്കിയിരുന്നു. ശാക്ത, ശൈവസമ്പ്രദായങ്ങള്‍ ഈ ഗുപ്തധാരയോടു ചേര്‍ന്നു വളര്‍ന്നവയാണ്. അവയുമായി തുലനം ചെയ്യുമ്പോള്‍ ഈ വൈഷ്ണവസമ്പ്രദായങ്ങള്‍ ആധുനികങ്ങളാണെന്നു കാണാം.
യാദവഗോത്രങ്ങളില്‍ പ്രചരിച്ച ഈ വൈഷ്ണവസമ്പ്രദായങ്ങളും ക്ഷത്രിയഗോത്രങ്ങളായ ജ്ഞാതൃക, ശാക്യ ഗോത്രങ്ങളില്‍ പ്രചരിച്ച ജൈന, ബൗദ്ധസമ്പ്രദായങ്ങളും ഏറെക്കുറെ സമകാലികങ്ങളാണെന്നാണ് ഭണ്ഡാര്‍ക്കര്‍ പറയുന്നത്. ഏതാണ്ട് 300 ബി. സി. ഇ. തൊട്ട് 500 സി. ഇ. വരെയുള്ള കാലഘട്ടത്തിലാണത്രേ (അതായത് മഗധ കേന്ദ്രമായി മൗര്യസാമ്രാജ്യം നിലവില്‍ വന്ന കാലം) ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും ആയി യഥാക്രമം ജൈനബൗദ്ധമാര്‍ഗങ്ങളും വൈഷ്ണവസമ്പ്രദായവും പ്രകടരൂപം കൈക്കൊണ്ടത്. ബൗദ്ധഗ്രന്ഥമായ നിദ്ദേശ (400 ബി. സി. ഇ) ത്തില്‍ ആ കാലഘട്ടത്തില്‍ ഹിന്ദുഗോത്രങ്ങളില്‍ പ്രചരിച്ചിരുന്ന വൈദികാദി നിരവധി സമ്പ്രദായങ്ങളോടൊപ്പം വാസുദേവന്‍, ബലദേവന്‍ മുതലായവരുടെ ആരാധനകളേയും പരാമര്‍ശിക്കുന്നുണ്ട്. പാണിനിയുടെ അഷ്ടാധ്യായി, പതഞ്ജലിയുടെ മഹാഭാഷ്യം, ശിലാലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ 200 ബി. സി. ഇ കാലത്തിനു മുമ്പുതന്നെ വാസുദേവന്‍ എന്ന സങ്കല്‍പ്പത്തെ കേന്ദ്രമാക്കിയ ഭാഗവതസമ്പ്രദായം വടക്കുപടിഞ്ഞാറേ ഭാരതത്തില്‍ പ്രചരിച്ചിരുന്നു എന്നും ഗ്രീക്കുകാരുപോലും അതിനെ സ്വീകരിച്ചിരുന്നു എന്നും ഭണ്ഡാര്‍ക്കര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

No comments:

Post a Comment