Saturday, November 09, 2019

കൈകള്‍ ശുദ്ധമായാല്‍ മാത്രം പോരല്ലോ കഴിക്കുന്ന ആഹാരവും ശുദ്ധമാകണമല്ലോ? എന്നതുപോലെ ഒന്നല്ല പല കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് നല്ലത് സംഭവിക്കുന്നത്. അങ്ങനെ കൂടിച്ചേരുന്ന ഘടകങ്ങളെ ആകെക്കൂടിയാണ് യോഗം എന്നു പറയുക. യോഗം മാറുമ്പോള്‍ ഫലവും മാറും. വീട്, ശരീരം, കുടുംബം, സുഹൃത്തുക്കള്‍, ദിനചര്യകള്‍ ഇങ്ങനെ ഓരോന്നും ഓരോ തരത്തിലുള്ള കൂടിച്ചേരലാണ്. ഒരു ദിവസം നാം എന്തൊക്കെ കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അതിന്‍റെ എല്ലാം യോഗംകൊണ്ടുള്ള ഫലത്തെ അപ്പപ്പോള്‍ നാം സൃഷ്ടിക്കുന്നു. അതിനാല്‍ നിത്യചര്യകളിലെ നന്മയുണ്ടെന്ന് ബോദ്ധ്യമുള്ള  കാര്യങ്ങള്‍ ആരും ഒഴിവാക്കാറില്ല. അതിനുവേണ്ടിയുള്ള ചുറ്റുപാടുകളും നാം വീട്ടില്‍ സജ്ജമാക്കിയിരിക്കും. നിത്യാനുഷ്ഠാനങ്ങള്‍ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ നന്മയെ സൃഷ്ടിക്കുന്ന യോഗമാണ്. ഉള്ളില്‍ എപ്പോഴും ഒരു ഈശ്വരനാമം ജപമായ് മന്തിച്ചുകൊണ്ടിരിക്കാനായാല്‍ മനസ്സ് എപ്പോഴും പ്രസന്നമായിരിക്കും! എന്തുമായിട്ടാണോ യോഗം ചെയ്യുന്നത് അതിനനുസരിച്ച് ഫലം! നമ്മുടെ വീട്ടിലും നിത്യചര്യകളിലും മനസ്സിലും നാം നല്ല യോഗങ്ങളെ അറിഞ്ഞ് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.

വീടിന്‍റെ കുഴപ്പങ്ങള്‍ വ്യക്തിയെ ശാരീരികമായും മാനസികമായും ബാധിക്കും.  വീട്ടിനുള്ളിലിരുന്ന് ചെയ്യുന്ന കാര്യങ്ങളും വ്യക്തിയെ ബാധിക്കുന്നു. രണ്ടും നേരെ ആകേണ്ടതുണ്ടല്ലോ?
ശരീരം വൃത്തിയാക്കുകയും നല്ലത് ഭക്ഷിക്കുകയും ചെയ്യുന്നതുപോലെ വീട് ശുദ്ധിവരുത്തുകയും അതിനകത്ത് സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് ഈശ്വരനാമം ചൊല്ലി മനസ്സ് ശുദ്ധമാക്കുകയും വേണം. തിന്മയെ അകറ്റാനും നല്ലത് വരുവാനും അത് ആവശ്യമാണ്. തെക്ക് പടിഞ്ഞാറേ കോണിലെ മുറിയോ കഴിയുമെങ്കില്‍ വടക്കുകിഴക്കേ കോണിലെ മുറിയോ പ്രാര്‍ത്ഥനാമുറിയായും പഠനമുറിയായും ഉപയോഗിക്കാനായാല്‍ ഈ രണ്ടു സ്ഥാനവും എപ്പോഴും ശുദ്ധമായിരിക്കേണ്ടതാണെന്ന കാര്യവും പരിഹരിക്കപ്പെടും. നിത്യേന ശരീരം വൃത്തിയാക്കുക എന്നത് ആവശ്യമായതുകൊണ്ട് അത്തരം ഒരു സംസ്കാരത്തെ സൃഷ്ടിക്കുന്ന കുളിമുറി എന്ന സംവിധാനം നാം വീടിന്‍റെ ഘടനായോഗത്തില്‍ ഉള്‍പ്പെടുത്തുന്നു. ശരീരം പോലെതന്നെ മനസ്സും നിത്യേന പലതരത്തിലുള്ള മാലിന്യങ്ങള്‍കൊണ്ട് അശുദ്ധമാകുന്നുണ്ടല്ലോ? ദുഃഖമായും ക്രോധമായും വിദ്വേഷമായും അസൂയയായും അഹങ്കാരമായും ഭയമായും നിരാശയായും ഒക്കെ മനസ്സ് അശുദ്ധമാകുന്നു. അത് കഴുകിക്കളയുവാന്‍ എന്താണ് സംവിധാനം? പ്രാര്‍ത്ഥന, സത് ജന സംസര്‍ഗ്ഗം, ക്ഷേത്രദര്‍ശനം എന്നിവയാണത്. വീട്ടില്‍ത്തന്നെ പ്രാര്‍ത്ഥനയ്ക്കു വേണ്ടി മാത്രം ഒരു മുറിയുണ്ടെങ്കില്‍ അത്  മനഃശുദ്ധിയ്ക്ക് വേണ്ടി, അത്തരമൊരു സംസ്കാരത്തെ സൃഷ്ടിക്കുന്ന ഇടമാകും. യോഗമാകും. അവിടെ ഇരുന്ന് എല്ലാ ദിവസവും ജപാദികളോ പുരാണകഥാപാരായണമോ ഈശ്വരതത്ത്വവിചാരമോ ചെയ്യുന്നതായാല്‍ ലൗകികക്കറകളുടെ വിദ്വേഷാദി മാലിന്യങ്ങള്‍ നിത്യവും അകറ്റി ഏതൊരാള്‍ക്കും ആന്തരിക ശുദ്ധിയും പാലിക്കുവാനാകും. ആന്തരിക ശുദ്ധിയാണ് ശാന്തിയിലേയ്ക്കുള്ള ഒരേയൊരു മാര്‍ഗ്ഗം!
ഓം
Krishnakumar kp 

No comments:

Post a Comment