Saturday, November 09, 2019

ആശ്രമധര്‍മങ്ങള്‍ അനിഷേധ്യം

Friday 8 November 2019 2:18 am IST
മൂന്നാം അദ്ധ്യായം നാലാം 
പാദം
ആശ്രമ കര്‍മ്മാധികരണം
ഇതില്‍ 4 സൂത്രങ്ങളാണുള്ളത്.
സൂത്രം-  വിഹിതത്വാച്ചാശ്രമ കര്‍മ്മാപി
ഓരോ ആശ്രമത്തിനും വിധിച്ച കര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടവയാണ്. എന്തെന്നാല്‍ അങ്ങനെ വിധിച്ചിട്ടുള്ളതിനാലാണ്.
ശാസ്ത്ര വിഹിതമായതിനാല്‍ ആശ്രമ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.
ബൃഹദാരണ്യകത്തില്‍ തമേതം വേദാനുവചനേന ബ്രഹ്മണാ വിവിദിഷന്തി എന്നുള്ളയിടത്ത് വിവിദിഷയും മോക്ഷേച്ഛയും ഉള്ളവര്‍ മാത്രം ആശ്രമ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ മതിയോ എന്ന സംശയത്തിന് ഈ സൂത്രത്തില്‍ മറുപടി നല്‍കുന്നു.
ഒരാള്‍ ഏത് ആശ്രമത്തിലിരിക്കുന്നുവോ ആ ആശ്രമത്തിന് വിധിച്ച കര്‍മ്മങ്ങള്‍ എല്ലാം അനുഷ്ഠിക്കണം. യാവജ്ജീവമഗ്‌നിഹോത്രം ജുഹോതി  എന്ന ശ്രുതിവാക്യം ഇതിനെ ഉറപ്പിക്കുന്നത്. കര്‍മ്മം വിദ്യാംഗമല്ല എന്നതിനുള്ള തെളിവാണിത്. ബ്രഹ്മചര്യത്തിലും ഗാര്‍ഹസ്ഥ്യത്തിലും വാനപ്രസ്ഥത്തിലുമൊക്കെ ചെയ്യണ്ടവയെ ചെയ്യുക തന്നെ വേണം.
സൂത്രം - സഹകാരിത്വേന ച
സാധനയ്ക്ക് സഹായകമായിരിക്കുന്നതിനാലും ആശ്രമധര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.
ലോക നന്‍മയെ കണക്കിലെടുത്തും ആശ്രമധര്‍മ്മങ്ങളെ പാലിക്കണം.
മോക്ഷത്തിനായുള്ള സാധനകള്‍ അനുഷ്ഠിക്കുന്നതില്‍ ശമം, ദമം മുതലായവ എത്രകണ്ട് സഹായകമായിരിക്കുന്നുവോ അതുപോലെ സഹായം ചെയ്യുന്നവയാണ് ആശ്രമധര്‍മ്മങ്ങള്‍.എന്നാല്‍ പ്രത്യേകം ഫലങ്ങളില്‍ ആഗ്രഹം കൂടാതെ നിഷ്‌കമമായി അവ അനുഷ്ഠിക്കണം. അങ്ങനെയെങ്കില്‍ അവ വിദ്യയെ നേടാനുള്ള സാധനകളുടെ സഹകാരികളാകും. അതിനാല്‍ അവയും അനുഷ്ഠിക്കേണ്ടവയാണ്.
സൂത്രം - സര്‍വ്വഥാപി ത ഏവോഭയലിംഗാത്
അവയും ഭക്തിമാര്‍ഗ്ഗത്തിലുള്ളകര്‍മ്മങ്ങളും എല്ലാ തരത്തിലും അനുഷ്ഠിക്കേണ്ടവയാണ് എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും അങ്ങനെ പറയുന്നുണ്ട്.
ശമം, ദമം മുതലായവയും ആശ്രമ ധര്‍മ്മങ്ങളും വിദ്യയ്ക്ക് സഹകാരികളായതിനാല്‍ അവ അനുഷ്ഠിക്കേണ്ടവയാണ് 
 അതുപോലെ ഭക്തിമാര്‍ഗ്ഗത്തിലെ ഭാഗവത ധര്‍മ്മങ്ങളും അവശ്യം അനുഷ്ഠിക്കണമെന്ന് ഈ സൂത്രത്തില്‍ പറയുന്നു.ശ്രുതിയും സ്മൃതിയും അവയെ അനുഷ്ഠിക്കണമെന്ന് പറയുന്നുണ്ട്.
അവ അന്തഃകരണത്തെ വേഗത്തില്‍ ശുദ്ധീകരിക്കുന്നു. ഉള്ളം പരിശുദ്ധമായാല്‍ ജ്ഞാനം വളരെ വേഗം പ്രകാശിക്കും. മനസ്സില്‍ ആസക്തിയില്ലെങ്കില്‍ ഭഗവദ് ദര്‍ശനത്തെ സാധ്യമാകും. മനസ്സും ബുദ്ധിയും ശുദ്ധമായാല്‍ എല്ലാം ഈശ്വരീയമായി. അതിനാല്‍ ആ അനുഷ്ഠാനങ്ങള്‍ വിദ്യയുടെ സഹകാരികളാണ്.
സൂത്രം - അനഭിഭവം ച ദര്‍ശയതി
പാപം മുതലായവയുടെ ഉപദ്രവമുണ്ടാകില്ലെന്നും ശ്രുതി പറയുന്നു.
പാപശാന്തിയ്ക്ക് ഈശ്വര ഉപാസന വളരെ ബ്രഷ്ഠമെന്ന് ശ്രുതി പറയുന്നുണ്ട്. ഈശ്വരനെ സര്‍വ്വാത്മനാ ശരണം പ്രാപിക്കണം.
ഛാന്ദോഗ്യത്തില്‍ ഏഷഹ്യാത്മാ ന നശ്യതി യം ബ്രഹ്മചര്യേണാനുവിന്ദതേ   ബ്രഹ്മചര്യമാകുന്ന സാധനയാല്‍ അറിയാന്‍ കഴിയുന്ന ആത്മാവിന് നാശമില്ല. ബ്രഹ്മചര്യം മുതലായ ആശ്രമങ്ങള്‍ ബ്രഹ്മ പദ
പ്രാപ്തിയ്ക്കുള്ള വിശിഷ്ട സാധനമെന്ന് ശ്രുതി വ്യക്തമാക്കുന്നു. ഇതു പോലെ തന്നെ ഭാഗവത ധര്‍മ്മങ്ങളെയും പറയുന്നു.ഇത്തരം അനുഷ്ഠാനങ്ങള്‍ പാപമാലിന്യങ്ങളെ ഇല്ലാതാക്കും.

No comments:

Post a Comment