മിന്നലിന്റെ മഹാത്ഭുതം
Tuesday 12 November 2019 3:20 am IST
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഇടിമിന്നലില്‍ തകരുന്ന ശിവലിംഗം. വെണ്ണയും പച്ചമരുന്നുകള്‍ കൂട്ടിയ പശയും ചേര്‍ത്ത് പൂജാരിയത് പൂര്‍വസ്ഥിതിയിലാക്കുന്നു. പന്ത്രണ്ടുവര്ഷത്തേക്ക് പിന്നെ പൂജയ്ക്ക് തടസ്സങ്ങളേതുമില്ല.
ഹിമാലചലില് കുളുതാഴ്വരയോടു ചേര്‍ന്നുള്ള കുന്നിന് മുകളിലുള്ള ബിജ്ലി മഹാദേവക്ഷേത്രത്തിലാണ് ഈ അപൂര്‍വ ശിവലിംഗമുള്ളത്. ക്ഷേത്രത്തിന് ബിജ്ലി മഹാദേവെന്ന് പേരു വന്നതും അങ്ങനെയാണ്. കഷ്ണങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തതിന്റെ കുഞ്ഞു പാടുപോലും ശിവലിംഗത്തില്‍ കാണാനാകില്ല.
മിന്നലിന്റെ ശക്തിയത്രയും മഹാദേവന് വലിച്ചെടുത്ത് ജനങ്ങളെ ആപത്തില്‍ നിന്ന് രക്ഷിക്കുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രമിരിക്കുന്ന ഗ്രാമത്തിനും പേര് ബിജ്ലി മഹാദേവ്. കുളുതാഴ്വരയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
ക്ഷേത്രത്തിന്റെ ഐതിഹ്യം ഭീകരനായൊരു സര്പവുമായി ബന്ധപ്പെട്ടതാണ്. കുളുതാഴ്വരയല് അതിഭീകരനായൊരു സര്‍പം വാണിരുന്നു. ജനങ്ങള്‍ക്ക് അതിന്റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ മഹാദേവന് അവതരിച്ച് സര്പത്തിന്റെ കഥ കഴിച്ചു. അവിടെയൊരു കുന്ന് രൂപം കൊണ്ടു. അതിനു മീതെയാണ് ബിജ്ലി മഹാദേവ ക്ഷേത്രം.
ഇടിമിന്നലില്‍ തകരുന്ന ശിവലിംഗത്തിന്റെ കഷ്ണങ്ങളോരോന്നും തെറിച്ചു വീഴുന്നതെവിടെയെന്ന് ഭഗവാന് പൂജാരിയെ സ്വപ്നത്തിലൂടെ അറിയിക്കുന്നുവെന്ന് പറയപ്പെടുന്നു. ക്ഷേത്രസംരക്ഷണത്തില്‍ സദാ ജാഗരൂകരാണ് ഗ്രാമീണര്‍.
ഇടിമിന്നലില്‍ പാടെ തകരുന്ന ശിവലിംഗം പൂര്‍വസ്ഥിതിയിലാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ദേവതാരു വൃക്ഷം കൊണ്ടുണ്ടാക്കിയ ഒരു ധ്വജസ്തംഭമുണ്ട് ക്ഷേത്രത്തിനു മുമ്പില്‍. ചില പ്രത്യേക അവസരങ്ങളില്‍ അത് മാറ്റി പുതിയതു സ്ഥാപിക്കും. ഗ്രാമീണര്‍ ഒന്നടങ്കം അടുത്തുള്ള വനത്തില്‍ നിന്ന് സ്തംഭത്തിനു യോജിച്ച ഒരു ദേവതാരു കണ്ടെത്തി അത് ചെത്തി മിനുക്കി പാകപ്പെടുത്തി ആഘോഷപൂര്‍വം ക്ഷേത്രത്തിലെത്തിക്കും. മഹാദേവനെ സേവിക്കുന്നതിനു തുല്യമായാണ് നാട്ടുകാര്‍ ഈ ചടങ്ങിനെ കാണുന്നത്. ശിവരാത്രി നാളിലും ബിജ്ലി ഗ്രാമം ആഘോഷത്തിലാറാടും. ഏതൊരു ഹിമാലയന്‍ ഗ്രാമത്തെയും പോലെസ്വര്ഗീയമാണ് ഇവിടെ കാഴ്ചകള്‍.
No comments:
Post a Comment