Thursday, November 14, 2019

വസുധൈവ കുടുംബകം

Wednesday 13 November 2019 3:00 am IST
ള്ളില്‍ നന്മയില്ലാത്തവരായി ആരുമില്ല. എന്നാല്‍ ആ നന്മയ്ക്ക് പരിധി നിശ്ചയിക്കുന്നവരാണ് മിക്കവരും. ചില അടയാളങ്ങളെ അടിസ്ഥാനമാക്കി ആളുകളെ വര്‍ഗീകരിക്കുകയും ആ വര്‍ഗങ്ങള്‍ക്ക് പുതിയ പേരുകള്‍ ചാര്‍ത്തിക്കൊടുക്കുകയും, പുതുതായി ഒരാളെ കാണുമ്പോള്‍, അവയിലെ ഒന്നോ രണ്ടോ അടയാളങ്ങളെ മുന്‍നിര്‍ത്തി അയാളെയും അതിലൊരു വര്‍ഗമായി മുദ്രകുത്തുകയും ചെയ്യുന്ന സ്റ്റീരിയോടൈപ്പിങ് മനോഭാവം സോഷ്യല്‍ മീഡിയയുടെ കാലത്ത് പൂര്‍വാധികം ശക്തിയോടെ വിലസുകയാണ്. ചിലര്‍ വിദ്വേഷത്തില്‍നിന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അതിനെ പ്രതിരോധിക്കാനായി അതേ മാര്‍ഗത്തെ അവലംബിക്കുന്നു. എന്നാല്‍ ഈ മനോഭാവത്തെ കണ്ടുപഠിക്കുന്ന കുട്ടികളും യുവാക്കളും അവരറിയാതെ ഈ വലയത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അന്തിമഫലമെന്നോണം മനുഷ്യനന്മയ്ക്കും വലിയ വലിയ മതിലുകള്‍ 
നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓര്‍മപ്പെടുത്തലെന്നോണം ഒരു സാമസാന്ത്വനമന്ത്രത്തെ മുന്നോട്ടുവെക്കുകയാണ്. 
ഓം അയം വിചര്ഷണീര്ഹിതഃ പവമാനഃ സചേതതി.
ഹിന്വാന ആപ്യം ബൃഹത്. (സാമവേദം 508)
അര്‍ഥം: (അയം=) ഈ (വിചര്ഷണിഃ=) തത്ത്വദര്‍ശി (ബൃഹത്=) മഹത്തായ (ആപ്യമ്=)  ബന്ധുത്വത്തിന്റെ തരംഗത്തെ, അലയെ (ഹിന്വാനഃ=) പ്രേരിതമാക്കിക്കൊണ്ട് (ഹിതഃ=) വര്‍ത്തിക്കുന്നു. അത് (പവമാനഃ=) പ്രവഹിക്കുംപോലെ (സചേതതി=) പ്രതീതമാകുന്നു. 
എന്താണ് മന്ത്രത്തില്‍ പറയുന്ന ആ ബന്ധുത്വത്തിന്റെ തരംഗം? മനുഷ്യന്റെ ബുദ്ധി സങ്കുചിതമാണ്. അതെപ്പോഴും ഇന്നത്തെ ഹിതം മാത്രം നോക്കുന്നു, നാളെയിലേക്ക് നോക്കുന്നില്ല. തൊട്ടടുത്തുള്ള ഭദ്രതയെ കാണുന്നു. എന്നാല്‍ ദൂരെയുള്ള ഭദ്രതയെ കാണുന്നതേ ഇല്ല. വാസ്തവത്തില്‍, നന്മയുടെ ലോകം സമയത്താലോ ദേശത്താലോ സീമിതപ്പെടുന്നതല്ല. ഏതെങ്കിലും പ്രത്യേകവ്യക്തിയെയോ പ്രത്യേക വംശത്തെയോ പ്രത്യേക ദേശത്തെയോ അന്യവ്യക്തികളില്‍നിന്നും അന്യവംശങ്ങളില്‍നിന്നും അന്യ ദേശങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട്, അവര്‍ക്കുവേണ്ടി നന്മ ചെയ്യാം എന്ന് കരുതുന്നത് ശരിയല്ല, അതിനെ നന്മയായി കണ്ടുകൂടാ. നമുക്ക് ജാതി ഒന്നേ ഉള്ളൂ. അത് മനുഷ്യജാതിയാണ്. വേദങ്ങള്‍മുതല്‍ നാരായണഗുരുദേവന്‍വരെ ഈ തത്ത്വത്തെയാണ് നമ്മോട് ഉപദേശിച്ചത്.
എന്നാല്‍ തങ്ങളുടെ സങ്കുചിതമായ കാഴ്ചപ്പാടു കാരണം ആളുകള്‍ ഈ മഹത്തായ തത്ത്വത്തെ മനസ്സിലാക്കുന്നില്ല, അതുകൊണ്ട് അവരെല്ലാരും ദുഃഖിതരായിരിക്കുന്നു. വാസ്തവത്തില്‍, മനുഷ്യന്‍ മാത്രമല്ല, ഈ വിശ്വത്തിലെ സര്‍വ ജീവജാലങ്ങളും മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യലതാദികളുമെല്ലാം ഒരു വലിയ കുടുംബത്തിലെ അങ്ഗങ്ങളാണ്. ഏവരും പരസ്പരം ബന്ധുക്കളാണ്. വസുധ അഥവാ ഭൂമിതന്നെ ഒരു വലിയ തറവാടാണ്. വിശ്വം ഒരു പക്ഷിക്കൂടുപോലെയാണ് എന്ന് യജുര്‍വേദത്തില്‍ പറയും. ജീവനരസത്തിന്റേതായ ഒരു തരംഗം ഈ സര്‍വ ജീവബന്ധുക്കളെയും ജലബിന്ദുക്കളാകുന്ന മുത്തുകളാക്കി ഒരു സുന്ദരമായ മാലയിലെന്നപോലെ കോര്‍ത്തിരിക്കുന്നു. ഇതാണ് മന്ത്രത്തില്‍ പറഞ്ഞ ബന്ധുത്വത്തിന്റെ തരംഗം.
ആത്മദര്‍ശനം എന്നത് ഈ മഹത്തായ തത്ത്വത്തിന്റെ ദര്‍ശനംകൂടിയാണ്. വിചര്‍ഷണിയായവന് അഥവാ തത്ത്വദര്‍ശിയായവന് അതുകൊണ്ടുതന്നെ തനിക്കും, തന്നെപ്പോലെതന്നെ മറ്റുള്ളവര്‍ക്കും ഹിതകാരിയായിരിക്കാന്‍ സാധിക്കുന്നു. ഈശാവാസ്യോപനിഷത്ത് പറയും
പോലെ എല്ലാവരെയും ആത്മതുല്യം ദര്‍ശിക്കാന്‍ കഴിയുന്നതും ഈ തത്ത്വദര്‍ശിക്കുതന്നെയാണ്. ഇങ്ങനെയുള്ള തത്ത്വദര്‍ശികളുടെ ഓരോ വാക്കും നോക്കും പ്രവൃത്തിയും വിശ്വബാന്ധവത്തില്‍ അധിഷ്ഠിതമായിരിക്കും. അവരുടെ പ്രവൃത്തികള്‍ വിശ്വബാന്ധവത്തെ പ്രകടമാക്കുന്നതായിരിക്കും. അഥവാ പലപ്പോഴും ജനത മറന്നുപോകുന്ന ആ വിശ്വബാന്ധവത്തെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം മഹാത്മാക്കളാണ്, അവരുടെ വാക്കുകളും പ്രവൃത്തികളുമാണ്. അവരാണീ ബാന്ധവതരംഗത്തെ പ്രവഹിക്കുംപോലെ പ്രതീതമാക്കുന്നത്. നേരായ സാധനാമാര്‍ഗങ്ങളെല്ലാംതന്നെ നമ്മിലെ സങ്കുചിതഭാവത്തെ ഇല്ലാതാക്കുന്നതാണ്. അതിരുകളാല്‍ വിഭജിതമായ ബാഹ്യലോകത്തെ നോക്കിക്കണ്ടവന്, അവ അതിരുകളില്ലാത്ത ആന്തരികലോകത്തെ കാട്ടിത്തരുന്നു. ഈ ആന്തരികലോകത്തേക്കുള്ള യാത്രയാണ് സാധന. അവിടെ വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ല. എല്ലാവരെയും ഒരേ കുടുംബത്തിലെ അംഗങ്ങളായി കാണാനാണ് ഒരു സാധകന്‍ പരിശീലിക്കുന്നത്. അവനെ സംബന്ധിച്ച്, സഹജീവികളുടെ പ്രശ്‌നം തന്റെയും പ്രശ്‌നമാണ്. സഹജീവികളുടെ സന്തോഷം തന്റെയും സന്തോഷമാണ്. സഹജീവികളുടെ ദുഃഖം തന്റെയും ദുഃഖമാണ്. സനാതനധര്‍മം പിറന്നത് ഈ വിശ്വദര്‍ശനത്തില്‍നിന്നാണ്.

No comments:

Post a Comment