Saturday, December 21, 2019

ജ്ഞാനേശ്വരി
ശ്ലോകം 11
ശ്രീ ഭഗവാനുവാച:
അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദ‍ാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ
അര്‍ത്ഥം:
നീ ഒരിക്കലും ദുഖിക്കാന്‍ പാടില്ലാത്തവരെക്കുറിച്ച് ദുഃഖിക്കുന്നു. എന്നിട്ടും പണ്ഡിതന്മാരെപ്പോലെ യുക്തിവാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അറിവുള്ളവര്‍ ഒരിക്കലും മരിച്ചവരെക്കുറിച്ചോ ജീവിച്ചിരിക്കുന്നവരെക്കുറിച്ചോ ദുഖിക്കുന്നില്ല.
ഭാഷ്യം:
ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജ്ജുനാ, നിന്നില്‍ പെട്ടെന്നുണ്ടായ ഈ ഭാവവ്യത്യാസം എന്നെ അത്ഭുതപ്പെടുത്തുന്നു. നീ വൈജ്ഞാനികനാണെന്ന് അവകാശപ്പെടുന്നു. എന്നിട്ടും അജ്ഞതയ്ക്ക് അടിമയായിരിക്കുന്നു. നിന്റേതുമാത്രമായ തത്ത്വചിന്തകള്‍ നീ ഉരുവിടുമ്പോള്‍ എങ്ങനെയാണ് നിനക്കു വേണ്ടതായ വിജ്ഞാനദീപം ഞാന്‍ തെളിയിച്ചു തരുന്നത്? അന്ധനായി ജനിച്ച ഒരാള്‍ ഭ്രാന്തുപിടിച്ച് അനിയന്ത്രിതമായി ഓടിനടക്കുന്നതുപോലെ, നിനക്കുണ്ടെന്നു നീ കരുതുന്ന വിജ്ഞാനം നിന്നെ തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു. നിന്നെത്തന്നെ അറിയാത്ത നീ കൗരവര്‍ക്കു വേണ്ടി ദുഃഖിക്കുന്നു. ഇതു എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു.
അര്‍ജ്ജുനാ, പറയൂ. വിശാലമായ ഈ വിശ്വത്തിന്റെ നിലനില്‍പ്പിനു നീയാണോ കാരണഭൂതന്‍? ലോകത്തിന്റെ ശാശ്വതമായ വ്യവസ്ഥ സത്യമായിട്ടുള്ളതല്ലെന്നു നീ വിശ്വാസിക്കുന്നുണ്ടോ? ലോകത്തുള്ള സകല ചരാചരങ്ങളുടെയും സ്രഷ്ടാവ് സര്‍വ്വശക്തനായ ഈശ്വരനാണെന്ന് പറയുന്നതു വെറും വീണ്‍വാക്കാണോ? എങ്കില്‍ ജനനത്തിനും മരണത്തിനും പാത്രമാകുന്നതിന്റെ എല്ല‍ാം കര്‍ത്താവ് നീയാണെന്നും നിന്റെ ഇച്ഛാനുസരണമുള്ള ആജ്ഞയനുസരിച്ച് ജനനവും മരണവും അപ്രത്യക്ഷപ്പെടുമെന്നും ധരിക്കേണ്ടിവരും. നീ കൊന്നെങ്കില്‍ മാത്രമേ കൗരവര്‍ മരിക്കുകയുള്ളൂവെന്നു നീ കരുതുന്നുണ്ടോ? ഡംഭുകൊണ്ട് വ്യാമോഹിതനായി കൗരവരെ കൊല്ലാതിരുന്നാല്‍ അവര്‍ എക്കാലവും ജീവിച്ചിരിക്കുമെന്ന് നിനക്കു പറയാമോ?
നീയാണ് കൊല്ലുന്നതെന്നും നിന്നാലാണ്‌ അവര്‍ കൊല്ലപ്പെട്ടതെന്നുമുള്ള മതിഭ്രമം കളയുക. ജനനവും മരണവും ശാശ്വതമായ ഒരു വ്യവസ്ഥയുടെ ഭാഗമാണ്. കാലത്തിന്റെ നിതാന്തമായ നിയമനിയോഗത്തില്‍പ്പെട്ടു വ്യക്തികള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. പിന്നെ അനിവാര്യമായതിനെ കരുതി എന്തിനാണ് അകാരണമായി നീ ദുഃഖിക്കുന്നത്? അജ്ഞാനം ഹേതുവാല്‍ സത്യം നിനക്ക് അദൃശ്യമായിരിക്കുന്നു. അപരിച്ഛ്യേദ്യമായതിനെക്കുറിച്ച് നീ ചിന്തിക്കുന്നു. എല്ലാറ്റിനും ഉപരിയായി ധാര്‍മ്മികത്വത്തെപ്പറ്റി ഞങ്ങളെ ഉദ്ബുദ്ധരാക്കാനും ശ്രമിക്കുന്നു. ജനനത്തെയും മരണത്തെയും പറ്റിയുള്ള ചിന്ത കേവലം മിഥ്യാഭ്രമം കൊണ്ടാണെന്നറിയാവുന്ന വിവേകികളായ ബുദ്ധിമാന്മാര്‍ അവയെ ഓര്‍ത്ത്‌ ദുഖിക്കാറില്ല.
ശ്ലോകം 12
ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ
സര്‍വേ വയമിതഃ പരം
അര്‍ത്ഥം:
ഞാനും നീയും ഈ രാജാക്കന്മാരും ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. അതായത്, നാമെല്ല‍ാം എന്നും ഉള്ളതായിത്തന്നെ വര്‍ത്തിച്ചിരുന്നു. നാമെല്ല‍ാം ഇനി മേലിലും ഇല്ലാതിരിക്കുകയും ഇല്ല. എന്നും ഉള്ളതായി ത്തന്നെ വര്‍ത്തിക്കും.
ഭാഷ്യം:
അര്‍ജ്ജുനാ, ഞാനും നീയും ഇവിടെ കൂടിയിരിക്കുന്ന ഈ രാജാക്കന്മാരും അനവരതം ജീവിച്ചിരിക്കുമെന്നോ ശൂന്യതയിലേക്ക് അലിഞ്ഞുചേരുമെന്നോ കരുതുന്നത് മനോവിഭ്രാന്തിയില്‍ നിന്നും നിനക്കുണ്ടാകുന്ന മൗഢ്യം ഒന്നുകൊണ്ടു മാത്രമാണ്. ഇതു രണ്ടും അയഥാര്‍ത്ഥ്യങ്ങളാണ്. ജനനവും മരണവും മായയുടെ പ്രവര്‍ത്തനംകൊണ്ട് നമുക്കുണ്ടാവുന്ന മിഥ്യാബോധം മാത്രമാണ്, ഇതിന്റെയെല്ല‍ാം അസ്തിത്വം പരമമായ ബ്രഹ്മമാണ്. അത് അനശ്വരവും സനാതനവുമാണ്. കാറ്റ് വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എന്തെങ്കിലും നൂതനമായി ജനിക്കുന്നുണ്ടെന്നു പറയാമോ? കാറ്റ് നിശ്ചേഷ്ടമായി ജലം ശാന്തമാകുമ്പോള്‍ യഥാര്‍ത്ഥമായ എന്തെങ്കിലും നശിക്കുന്നുണ്ടോ? ശരിക്കും ആലോചിച്ചു നോക്കുക.
ശ്ലോകം 13
ദേഹിനോസ്മിന്‍ യഥാ ദേഹേ
കൗമാരം യൗവനം ജരാ
തഥാ ദേഹാന്തര പ്രാപ്തി
ധീരസ്തത്ര ന മുഹ്യതി
അര്‍ത്ഥം:
ദേഹത്തോടു കൂടിയവന്‍ ദേഹി – ജീവന്‍, ആത്മാവ് – ദേഹിക്ക് ഈ ദേഹത്തില്‍ കൗമാരവും യൗവനവും വാര്‍ദ്ധക്യവും എങ്ങനെ സംഭവിക്കുന്നുവോ, അപ്രകാരംതന്നെ ഈ ദേഹി ദേഹം വിട്ട് മറ്റൊരു ദേഹം കൈക്കൊള്ളുകയും ചെയ്യുന്നു. ബുദ്ധിമാന്‍ അതില്‍ മോഹിച്ചു തളര്‍ന്നുപോകുന്നില്ല.
ഭാഷ്യം:
ഒരേ ദേഹത്തിനു പ്രായം കൂടുന്തോറും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. പ്രത്യക്ഷാനുഭവത്തില്‍കൂടി ഇതിന്റെ തെളിവ് നമുക്കു ലഭിക്കുന്നു. ആദ്യം ബാല്യകാലമാണ്. അത് കഴിയുമ്പോള്‍ യൗവനകാലമായി; പിന്നീട് വാര്‍ദ്ധക്യവും. ബാല്യകാലം നശിക്കുമ്പോള്‍ (അവസാനിക്കുമ്പോള്‍) ദേഹം നശിക്കുന്നില്ല. യൗവനകാലം നശിക്കുമ്പോഴും ദേഹം നശിക്കുന്നില്ല. വാര്‍ദ്ധക്യകാലം നശിക്കുമ്പോള്‍ മാത്രമാണ് ദേഹം നശിക്കുന്നത്. എന്നാല്‍ അപ്പോഴും ദേഹിക്ക് (ആത്മാവിന്) നാശമില്ല. അത് പല ദേഹങ്ങള്‍ കൈക്കൊള്ളുകയും അതില്‍ വസിക്കുകയും ചെയ്യുന്നു. ഈ സത്യം അറിയുന്നവന്‍ മോഹമുക്തനാവുന്നു.
ശ്ലോകം 14
മാത്രാസ്പര്‍ശാസ്തു കൗന്തേയ,
ശീതോഷ്ണസുഖദുഃഖദഃ
ആഗമാപായിനോനിത്യാ
ത‍ാംസ്തിതിക്ഷസ്വ ഭാരത!
അര്‍ത്ഥം:
അല്ലയോ അര്‍ജ്ജുനാ, ഇന്ദ്രിയങ്ങളും ഇന്ദ്രിയവിഷയങ്ങളും തമ്മിലുള്ള സംബന്ധംമൂലമാണ് ചൂടും തണുപ്പും സുഖവും ദുഖവും നമുക്കു അറിയാന്‍ ഇടവരുന്നത്. അവയെല്ല‍ാം വരുകയും പോവുകയും ചെയ്യും. ഒരിക്കലും ശാശ്വതമായിരിക്കുകയില്ല. അവയെ ധീരമായി സഹിക്കണം.
ഭാഷ്യം:
എന്നാല്‍ മനുഷ്യന് ഇതറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍, അവന്‍ ഇന്ദ്രിയങ്ങള്‍ക്ക് അടിമയാണ്. ഇന്ദ്രിയങ്ങള്‍ നമ്മുടെ മനസ്സിനെ വസ്തുക്കളിലേക്ക്‌ ആകര്‍ഷിക്കുകയും ന‍ാം മോഹിതരാവുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങള്‍ക്ക് വസ്തുക്കളോടുള്ള ബന്ധത്തില്‍നിന്നുളവാകുന്ന മാനസികാവസ്ഥ എല്ലായ്പോഴും ഒരേ രീതിയിലായിരിക്കുകയില്ല. അത് ചിലപ്പോള്‍ സന്തോഷവും ചിലപ്പോള്‍ സന്താപവും ചിലപ്പോള്‍ ഇതു രണ്ടും കൂടിയും പ്രദാനം ചെയ്യും.
ഉദാഹരണത്തിന്‌ വാക്കുകളുടെ കാര്യം തന്നെ എടുക്കുക. രണ്ടിടത്തും ഉപയോഗിക്കുന്നത് വാക്കുകള്‍ മാത്രമാണെങ്കിലും, നിന്ദാവചനങ്ങള്‍ ശ്രവിക്കുമ്പോള്‍ ദ്വേഷവും സ്തുതിവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷവും ഉണ്ടാകുന്നു. ശരീരസ്പര്‍ശം രണ്ടു വിധത്തിലാക‍ാം. മൃദുവായും നിഷ്ഠുരമായും. രണ്ടും സ്പര്‍ശനംതന്നെയാണെങ്കിലും ഒന്നു സുഖവും മറ്റേതു വേദനയും ഉളവാക്കുന്നു. അതുപോലെ, സൗന്ദര്യവും വൈരൂപ്യവും രൂപത്തിന്റെ രണ്ടു വ്യത്യസ്തഭാവങ്ങളാണ്. ഒന്ന് നയനേന്ദ്രിയങ്ങള്‍ക്ക് സന്തോഷം ഉണ്ടാക്കുമ്പോള്‍ മറ്റേത് വെറുപ്പുണ്ടാക്കുന്നു. ഒരേ മൂക്ക് തന്നെ സുഗന്ധവും ദുര്‍ഗന്ധവും ശ്വസിക്കുമ്പോള്‍ ആനന്ദവും അസഹ്യതയും പ്രകടിപ്പിക്കുന്നു. അതുപോലെ മധുരവും കയ്പ്പും രുചിക്കുമ്പോള്‍ ഇഷ്ടവും അനിഷ്ടവും ഉണ്ടാകുന്നു.
ഇന്ദ്രിയവിഷയങ്ങളായ പദാര്‍ത്ഥങ്ങളോടുള്ള ബന്ധം ഒരുവനെ മായാമോഹിതനാക്കുന്നതിനും സത്യഭ്രംശം വരുത്തുന്നതിനും ഇടയാക്കും. ഇന്ദ്രിയങ്ങളെ ആശ്രയിക്കുന്നവര്‍ ചൂടും തണുപ്പും അനുഭവിക്കാന്‍ ഇടയാകും. അവര്‍ സ്വയമേവ സുഖത്തിന്റെയും ദുഖത്തിന്റെയും ബന്ധനത്തില്‍ കുടുങ്ങുകയും ചെയ്യും. മനസ്സിനെ, ഇന്ദ്രിയവിഷയങ്ങളിലല്ലാതെ മറ്റൊന്നിലും താല്പ്പര്യമില്ലാതാക്കിത്തീര്‍ക്കുകയെന്നുള്ളത് ഇന്ദ്രിയങ്ങളുടെ പ്രത്യേക സ്വഭാവമാണ്. ഇന്ദ്രിയവിഷയങ്ങള്‍ മരീചികപോലെയോ, സ്വപ്നത്തില്‍ കാണുന്ന സ്വര്‍ഗീയസുഖംപോലെയോ ക്ഷണികങ്ങളാണ്. അതുകൊണ്ട് അല്ലയോ ധനുര്‍ദ്ധാരാ, നീ അവയെ നിശ്ശേഷം ഒഴിവാക്കണം. ഒരിക്കലും അവയുമായി ബന്ധപ്പെടരുത്.
ശ്ലോകം 15
യം ഹി ന വ്യഥയന്ത്യേതേ
പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം
സോമൃതത്വായ കല്‍പതേ.
അര്‍ത്ഥം:
ഏതു ബുദ്ധിമാനായ പുരുഷനെ ഇതൊന്നും വ്യഥിപ്പിക്കുന്നില്ലയോ, ആര് സുഖവും ദുഖവും ഒരേ മാതിരി ഗണിക്കുന്നുവോ, അങ്ങനെയുള്ളവന്‍ അമൃതത്ത്വത്തിന്, (മോക്ഷത്തിന്) അര്‍ഹതയുള്ളവനായിത്തീരുന്നു.
ഭാഷ്യം:
ഇന്ദ്രിയവിഷയങ്ങളില്‍ കുരുങ്ങിക്കിടക്കാത്തവന് മാത്രമേ സുഖദുഃഖങ്ങളില്‍ സമനിലയില്‍ ചിന്തിയ്ക്കാന്‍ കഴിയുകയുള്ളൂ. അവന് പുനര്‍ജ്ജന്മം ഉണ്ടാവുകയില്ല. ഇന്ദ്രിയാദിവിഷയങ്ങളുടെ വശീകരണത്തിന് അടിമപ്പെടാത്തവന്‍ ശാശ്വതമായ പദം നേടാന്‍ അര്‍ഹനാകുന്നു.
ശ്ലോകം 16
നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോന്തഃ
ത്വനയോസ്തത്ത്വദര്‍ശിഭിഃ
അര്‍ത്ഥം:
ഇല്ലാത്തതിന് അസ്തിത്വം (ഭാവം) ഇല്ല. ഇല്ലാത്തത് ഒരിക്കലും ഉണ്ടായിവരികയില്ല. ഉള്ളതിന് അഭാവവുമില്ല. ഉള്ളത് ഒരിക്കലും ഇല്ലാതെ പോവുകയില്ല. ഇവ രണ്ടിന്റെയും യാഥാര്‍ത്ഥ്യം തത്ത്വദര്‍ശികള്‍ ദര്‍ശിച്ചിട്ടുണ്ട്.
ഭാഷ്യം:
അര്‍ജ്ജുനാ, ഞാന്‍ മറ്റൊരു കാര്യം പറയ‍ാം. ചിന്തിക്കുന്നവര്‍ മാത്രമേ അതറിയൂ. ഈ ലോകത്തില്‍ സര്‍വ്വവ്യാപിയായി മറഞ്ഞിരിക്കുന്ന ഒരു ആത്മീയതത്ത്വം ഉണ്ട്. അതു മാത്രമേ വിജ്ഞന്മാര്‍ സത്യമായി അംഗീകരിക്കുന്നുള്ളൂ. വെള്ളവും പാലുംകൂടി ഒരുമിച്ചു ചേരുമ്പോള്‍ ഒന്നായി തോന്നും. അരയന്നങ്ങള്‍ക്കുമാത്രം അവ വേര്‍തിരിച്ചു എടുക്കാന്‍ കഴിയുന്നു. ലോഹക്കൂട്ട് മൂശയില്‍ ഒഴിച്ചുരുക്കി അതില്‍ നിന്നും പരിശുദ്ധമായ സ്വര്‍ണ്ണം സ്വര്‍ണ്ണപ്പണിക്കാരന്‍ തരംതിരിച്ചെടുക്കുന്നു. നെല്ലും പതിരും കൂടി കലര്‍ന്ന മിശ്രിതത്തില്‍നിന്ന് പതിര് പാറ്റിക്കളഞ്ഞു നെല്ല് എടുക്കുന്നു. തൈര് വിദഗ്ധമായി കടഞ്ഞു വെണ്ണയെടുക്കുന്നു. അതുപോലെ ജ്ഞാനികള്‍ ജഗത്തിനെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ പ്രപഞ്ചമാകെ അലിഞ്ഞുപോവുകയും ആത്മാവിനെ മാത്രം ദര്‍ശിക്കുകയും ചെയ്യുന്നു. ശാശ്വതമാല്ലാത്ത ഒന്നിനോടും അവര്‍ക്ക് അനുരഞ്ജനം ഇല്ലാതാവുന്നു. യഥാര്‍ത്ഥമായത് ആത്മാവ് മാത്രമാണെന്നു മനസ്സിലാക്കി അയഥാര്‍ത്ഥമായതിനെയെല്ല‍ാം അവര്‍ തള്ളിക്കളയുന്നു.
ശ്ലോകം 17
അവിനാശി തു തദ്വിദ്ധി
യേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ
ന കശ്ചിത്‌ കര്‍ത്തുമര്‍ഹതി
അര്‍ത്ഥം:
ഇതൊന്നിനാല്‍ ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞിരിക്കുന്നുവോ, അത് അവിനാശിയാണ് (നാശരതിതമാണ്) എന്നറിയുക. ഒരു മാറ്റവുമില്ലാത്ത (നാശമില്ലാത്ത) അതിനു വിനാശം വരുത്തുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.
ഭാഷ്യം:
സത്തല്ലാത്തത് മായികമാണെന്നും സത്തായിട്ടുള്ളത് അനശ്വരമാണെന്നും ചിന്തിച്ചാല്‍ അറിയാന്‍ കഴിയും. ത്രിഭുവനങ്ങളും ഉടലെടുത്തു രൂപം പ്രാപിച്ചിരിക്കുന്നത്‌ ബ്രഹ്മത്തില്‍ നിന്നാണ്. അതിന് നാമമോ രൂപമോ സ്വഭാവമോ ഇല്ല. അത് സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നതും കാലദേശാദികള്‍ക്ക് അതീതവും ജനനമരണങ്ങളുടെ സീമയെ അതിലംഘിക്കുന്നതുമാകുന്നു. അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ത്തന്നെ ആര്‍ക്കും സാദ്ധ്യമല്ല.
ശ്ലോകം 18
അന്തവന്ത ഇമേ ദേഹാഃ
നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോപ്രമേയസ്യ
തസ്മാദ്യുദ്ധ്യസ്വ ഭാരത!
ശ്ലോകം 19
യ ഏനം വേത്തി ഹന്താരം
യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ.
അര്‍ത്ഥം:
നിത്യനും നാശരഹിതനും അറിവിന്‌ വിഷയമല്ലാത്തവനുമായ (ശരീരത്തില്‍ കുടികൊള്ളുന്ന) അത്മാവിന്റെ ഈ ദേഹങ്ങള്‍ നശ്വരങ്ങളാണെന്ന് പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, അര്‍ജ്ജുനാ, യുദ്ധം ചെയ്തോള്ളൂ.
ആര് ഇവനെ (ആത്മാവിനെ) കൊല്ലുന്നവന്‍ എന്ന് വിചാരിക്കുന്നു? ആര് ഇവനെ കൊല്ലപ്പെട്ടവനെന്ന് ഗണിക്കുന്നു? ആ രണ്ടുപേരും തത്ത്വം അറിയുന്നില്ല. ഈ ആത്മാവ് ആരെയും കൊല്ലുകയോ ആരാലും കൊല്ലപ്പെടുകയോ ചെയ്യുന്നില്ല.
ഭാഷ്യം:
അല്ലയോ അര്‍ജ്ജുനാ, നിത്യനായും നാശമില്ലാത്തവനായും അറിയപ്പെടാന്‍ കഴിയാത്തവനുമായിരിക്കുന്ന ജീവാത്മാവിനുള്ള ദേഹങ്ങളാണ് നശ്വരങ്ങള്‍ എന്ന് പറയപ്പെടുന്നത്‌. അതുകൊണ്ട് ഭാരത! നീ യുദ്ധം ചെയ്യുക.
നീയും മറ്റുള്ളവരും നിങ്ങളുടെ ദേഹമാണ് നിങ്ങളെന്നു ധരിച്ചിരിക്കുന്നു. എന്നിട്ട് നീ കൗരവരെ കൊല്ലുമെന്നും കൗരവര്‍ മരിക്കുമെന്നും നീ വിചാരിക്കുന്നു. ഇത് ആത്മതത്ത്വത്തെ അറിയാത്തതുകൊണ്ടാണ്. ശരിക്കു ചിന്തിച്ചാല്‍ നീ ആരെയും കൊല്ലുന്നില്ലെന്നും മറ്റുള്ളവര്‍ കൊല്ലപ്പെടുന്നില്ലെന്നും നിനക്കു ബോദ്ധ്യമാവും.


  • ജ്ഞാനേശ്വരി – ആമുഖം

No comments:

Post a Comment