Monday, December 02, 2019

ഉപനിഷത്ത്‌ പഠനം (112), നൂറ്റിപന്ത്രണ്ടാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനേഴ്‌
''വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര''.
വായുഃ=മരണവേളയില്‍ ദേഹത്തിലുള്ള പ്രാണന്‍; അമൃതം അനിലം=അഴിവില്ലാത്ത പ്രപഞ്ച പ്രാണനില്‍ ലയിച്ചൊന്നാകും; അഥ=തുടര്‍ന്ന്‌; ഇദം ശരീരം=ഈ ദേഹം; ഭസ്‌മാന്തം=എരിഞ്ഞു ചാമ്പലാകും; ക്രതോ=സങ്കല്‌പസ്വരൂപിയായ അല്ലയോ ജീവാത്മാവേ; ഓംസ്‌മര=ബ്രഹ്മപ്രതീകമായി ഇത്രനാളും ധ്യാനിച്ചുറപ്പിച്ചിട്ടുള്ള `ഓ'മിനെ ഓര്‍മിക്കൂ; കൃതം സ്‌മര= സ്വയം ചെയ്‌തിട്ടുള്ള കര്‍മ്മങ്ങളെ അതോടൊപ്പം ഓര്‍മിച്ചു ശുദ്ധീകരിക്കൂ; ക്രതോസ്‌മര=ജീവാത്മാവേ പ്രണവം ഓര്‍മിക്കൂ; കൃതം സ്‌മര=കര്‍മ്മത്തെയും അതോടൊപ്പം ഓര്‍മിക്കൂ.
''വായുഃ''വായു ആരാണ്‌? ''അമൃതം'' അത്‌ മരണമില്ലാത്തതാണ്‌. ''അനിലം'' അത്‌ ശുദ്ധമാണ്‌. ലയിക്കുന്നതാണ്‌. ഇവിടെ ഉദ്ദേശിക്കുന്നത്‌ ഞാന്‍ വ്യഷ്‌ടിഗതമായി ഉള്‍ക്കൊണ്ട പ്രാണന്‍, ഉള്ളിലുള്ള പ്രാണന്‍ സമഷ്‌ടിപ്രാണനാണ്‌. താന്‍ തന്നെ സൂര്യനായിക്കഴിഞ്ഞാല്‍ അടുത്ത അവസ്ഥ എന്താണ്‌? ``വായുഃ`` പ്രാണന്‍ ``അമൃതം`` മൃതിയില്ലാത്തതാണ്‌. ``അനിലം`` അത്‌ ഈ സമഷ്‌ടി പ്രാണനോട്‌ ചേര്‍ന്നുപോകുന്നതാണ്‌. പ്രപഞ്ചപ്രാണനില്‍ അതങ്ങോട്ട്‌ ചേരുന്നു. ``അഥ`` അനന്തരം ``ഇദം ശരീരം`` ഈ ശരീരം ``ഭസ്‌മാന്തം`` ഭസ്‌മമാകുന്നു. സാക്ഷാത്‌കാരം നേടിയതിനുശേഷമുള്ള അവസ്ഥയാണ്‌. ``ക്രതോ`` ഹേ ക്രതോ, അല്ലയോ ജീവാ. ``ഓം സ്‌മര`` പ്രണവത്തെ സ്‌മരിക്കൂ. നീ ചെയ്‌ത കര്‍മ്മങ്ങളെ സ്‌മരിക്കൂ. ഒപ്പം പ്രണവത്തെയും. ``കൃതം സ്‌മര`` ചെയ്‌തിട്ടുള്ളതിനെ സ്‌മരിക്കൂ. പ്രണവസ്‌മരണയിലൂടെ, ധ്യാനത്തിലൂടെ അതിനെയും പരിശുദ്ധമാക്കൂ. നല്ലതായാലും ചീത്തയായാലും ഏത്‌ തരത്തില്‍ നിന്റെ മനസ്സില്‍ വന്നാലും ``ക്രതോ സ്‌മര കൃതം സ്‌മര ക്രതോ സ്‌മര കൃതം സ്‌മര`` പ്രണവത്തിന്റെ പരിശുദ്ധിയിലൂടെ, പ്രണവസ്‌മരണയിലൂടെ നിന്റെ എല്ലാ കര്‍മ്മങ്ങളെയും പരിശുദ്ധമാക്കൂ. ഇത്തരത്തിലുള്ള എല്ലാറ്റിനേയും `ഓ'മിലൂടെ പരിശുദ്ധമാക്കാന്‍ പറ്റുമെന്നാണ്‌. എല്ലാറ്റിനേയും പരിശുദ്ധമാക്കി അഗ്നിയുടെ അടുത്തേക്ക്‌ ചെല്ലുന്നു.
geethapatanam blogspot

No comments:

Post a Comment