Sunday, December 22, 2019

വിവേകചൂഡാമണി - 13
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ആത്മതത്വത്തിന്റെ അർത്ഥം

ശ്ലോകം 13
അര്‍ത്ഥസ്യ നിശ്ചയോ ദൃഷ്ടോ
വിചാരേണ ഹിതോക്തിതഃ
ന സ്‌നാനേന ന ദാനേന
പ്രാണായാമ ശതേന വാ

സദ്ഗുരുവിന്റെ ഉപദേശങ്ങളെ വേണ്ട വിധത്തില്‍ വിചാരം ചെയ്താല്‍ മാത്രമേ ആത്മതത്വത്തിന്റെ ശരിയായ അര്‍ത്ഥത്തെ നിശ്ചയിച്ച് ഉറപ്പിച്ച് അനുഭവമാക്കാന്‍ കഴിയൂ. തീര്‍ത്ഥസ്‌നാനം, ദാനം, പ്രാണായാമം എന്നിവ കൊണ്ടൊന്നും ആത്മജ്ഞാനം ഉണ്ടാകില്ല.

പുറമെ ചെയ്യുന്ന കര്‍മ്മങ്ങളെ കൊണ്ടൊന്നും ആത്മജ്ഞാനത്തെ നേടാനാകില്ല. അവ സാധനകളായിരിക്കാം. അല്ലെങ്കില്‍ സാധനയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുന്നവയാകാം. തീര്‍ത്ഥസ്‌നാനം, ദാനം, പ്രാണായാമം മുതലായവ ബഹിരംഗ സാധനകളാണ്. എന്നു പറഞ്ഞാല്‍ ബാഹ്യമായ അനുഷ്ഠാനങ്ങളാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരേയും നേരിട്ട് ആത്മതത്വത്തിലേക്ക് എത്തിക്കുന്നില്ല. ഇതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവയെല്ലാം ആദ്ധ്യാത്മിക സാധനയുടെ പുരോഗതിയ്ക്ക് സഹായകളാണ്. ഇവ പ്രാരംഭ പാഠങ്ങളാണെന്ന് ഓര്‍മ്മ വേണം. ലോവര്‍ പ്രൈമറി ക്ലാസ്സുകളിലും മറ്റും പഠിപ്പിക്കുന്ന രീതിയല്ല ഉന്നത വിദ്യാഭ്യാസത്തില്‍. കോളേജിലും മറ്റും പഠിപ്പിക്കുന്നതും പഠിക്കുന്നതും വേറെ ഒരു തലത്തിലോ നിലവാരത്തിലോ ആണ്.

ആദ്ധ്യാത്മിക സാധനയുടെ പ്രാഥമിക ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന സാധകനെ അവിടെ നിന്ന് ഉയര്‍ത്തണം. ഗുരു ഉപദേശത്തിലൂടെ വേദാന്ത വിദ്യാര്‍ത്ഥിയെ മഹത്തായ അന്തരംഗ സാധനകളിലൂടെ ആത്മതത്വത്തിലേക്ക് ഉയര്‍ത്തണം. മനന-നിദിധ്യാസനങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. അതുകൊണ്ടാണ് സ്‌നാനം, ദാനം, പ്രാണായാമം എന്നിവയെ തള്ളിപ്പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇവയുടെ ആവശ്യമില്ല. നിരന്തരമായ ആത്മവിചാരമാണ് വേദാന്തത്തിലെ പ്രധാന സാധന. ആത്മവിചാരം ചെയ്യാന്‍ വേണ്ടി മാത്രമാണ് മറ്റുള്ളവയെ വേണ്ടെന്ന് ഉപദേശിക്കുന്നത്. ആത്മസാക്ഷാത്കാരം നേടാന്‍ യത്‌നിക്കുന്ന ആദ്ധ്യാത്മിക സാധകന് ഇത്തരത്തില്‍ വേണ്ടതായ ഹിതകരമായ ഉപദേശത്തെയാണ് സദ്ഗുരു നല്‍കുക.

ആത്മവിദ്യാധികാരി

അടുത്ത നാല് ശ്ലോകങ്ങളിലായി ആത്മവിദ്യയ്ക്ക് ആരാണ് അധികാരി എന്ന് വിവരിക്കുന്നു.

ശ്ലോകം 14
അധികാരിണമാശാസ്‌തേ
ഫലസിദ്ധിര്‍ വിശേഷതഃ
ഉപായാ ദേശകാലാദ്യാഃ
സന്ത്യസ്മിന്‍ സഹകാരിണഃ

ആദ്ധ്യാത്മിക സാധനയിലെ ഫലസിദ്ധി പ്രധാനമായും സാധകന്റെ യോഗ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ദേശം, കാലം മുതലായവക്കെല്ലാം പങ്കുണ്ടെങ്കിലും അവയെല്ലാം സഹകാരി കാരണങ്ങള്‍ മാത്രമാണ്.

ഓരോ സാധകന്റെയും യോഗ്യതയനുസരിച്ചാണ് ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യം നേടാനാകുക. ഗുരു ഉപദേശമനുസരിച്ച് സ്വയം പരിശോധന നടത്താനും സാധനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു കുതിയ്ക്കാനും കരുത്തും വിവേകവുമുള്ളവര്‍ക്ക്  എളുപ്പമാകും. ഇത് മറ്റ് സാധകരെ വിലയിരുത്താനോ അളക്കാനോ വേണ്ടിയാകരുത്. ഓരോ സാധകരും ആത്മപരിശോധന നടത്താന്‍ വേണ്ടിയാണ്.

ദേശം, കാലം തുടങ്ങിയവ നമ്മെ സാധനയില്‍ സഹായിക്കുന്ന, ഒപ്പം നില്‍ക്കുന്ന സഹകാരി കാരണങ്ങളാണ്. ഇവ അനുകൂലമോ പ്രതികൂലമോ ആവട്ടെ, ലക്ഷ്യം നേടാനുള്ള താല്പര്യവും തീവ്രതയും സാധകന് എത്രകണ്ട് ഉണ്ട് എന്നുള്ളതാണ് മുഖ്യം.

വൈദ്യുതോപകരണങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോഴോ വാഹനങ്ങള്‍ ഓടിക്കുമ്പോഴോ അവയെ വേണ്ടവിധം ഉപയോഗിക്കാനോ അവയുടെ ഉള്ളിലെ പ്രവര്‍ത്തനത്തെ അറിയാനോ കഴിയാത്തയാള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോള്‍  അവ തീരെ പ്രവര്‍ത്തിച്ചെന്നും വരില്ല. അതുപോലെ നമ്മുടെ ആന്തരിക ഉപകരണങ്ങളായ മനോബുദ്ധികളെ വേണ്ട വിധം ഉപയോഗിക്കാനാവണം. ഇതില്‍ സാധകന്‍ എത്രത്തോളം യോഗ്യതയുള്ളയാളാണ് എന്നതിനനസരിച്ചിരിക്കും അധികാരിത്വം. സ്വയം ശരിപ്പെടുത്താതെ അനുകൂലമായ കാലവും ദേശവും കേമനായ ഗുരുവിനേയും കാത്തിരിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരും, യഥാര്‍ത്ഥ ഫലം കിട്ടുകയുമില്ല.

No comments:

Post a Comment