Sunday, December 22, 2019

സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം (136)

ജനുവരി 23, 1936
144. ശ്രീ. പ്രകാശറാവു:
മായയുടെ ആദികാരണമെന്ത്‌?
ഉ: മായയെന്നാലെന്താണ്‌?
ചോ: വിപരീതജ്ഞാനമാണ്‌ മായ. അതൊരു ഭ്രമമാണ്‌.
ഉ: ഈ ഭ്രമം ആര്‍ക്കുണ്ടാകുന്നു?. അജ്ഞാനത്തിലാണ്‌ ഭ്രമിക്കുന്നത്‌. അവിദ്യാസ്വരൂപിയായ അഹങ്കാരന്‍ വിഷയങ്ങളെക്കാണുന്നു. വിഷയങ്ങള്‍ക്കു സ്വന്തം നിലയില്ല. അവയെ തോന്നിപ്പിക്കുന്ന മായ ഉള്ളതാണെന്നെങ്ങനെ പറയാനൊക്കും. ഏതൊന്നില്ലയോ അതിനെയാണ്‌ മായയെന്നു പറയുന്നത്‌. മായ – യ മാ (ഏതില്ല) എപ്പോഴുമുള്ളത് ആത്മാവ്‌. എങ്കിലും ഇല്ലാത്ത വിഷയങ്ങളെ കാണാം. ഉള്ള ആത്മാവിനെ കാണാനൊക്കുന്നില്ല. അപ്പോള്‍ നിങ്ങളുടെ കണക്കനുസരിച്ച്‌ രണ്ട്‌ ഞാന്‍ ഉണ്ടായിരിക്കണം. അറിയുന്ന ആത്മാവ്‌ അറിയപ്പെടേണ്ട ആത്മാവ്‌. രണ്ടാത്മാവിനെ ആരും സമ്മതിക്കുന്നില്ല. ഉണര്‍ന്നയാള്‍ പറയുന്നത്‌ അയാള്‍‍തന്നെയാണ് ഉറങ്ങിയതെന്നാണ്‌. ഉറങ്ങിയവന്‍ ഉണര്‍ന്നവനല്ലാ എന്നവന്‍ പറയുന്നുമില്ല. ഒരു ‘ഞാ’നേ ഉള്ളൂ. ആ ഞാന്‍ എപ്പോഴുമുണ്ട്‌. അവസ്ഥാഭേദമില്ലാത്തവന്‍. ഉള്ളവനായിട്ടൊന്നേയുള്ളൂ.
ചോ: സൂക്ഷ്മശരീരമെന്താണ്‌?
ഉ: സ്വപ്നം കാണുമ്പോള്‍ നിങ്ങള്‍ക്കൊരു ശരീരമില്ലേ? അത്‌ കിടക്കയിലുള്ള ശരീരത്തിനന്യമല്ലേ?
ചോ: മരണാനന്തരം നാം അവശേഷിച്ചിരിക്കുന്നുവോ? സൂക്ഷ്മശരീരം ഭൗതിക മരണത്തെ അതിജീവിക്കുന്നുവോ?
ഉ: സ്വപ്നത്തില്‍ പല വിചിത്രാനുഭവങ്ങള്‍ക്കും ശേഷം ഉണരുന്നതുപോലെ ഭൗതിക മരണങ്ങള്‍ക്കുശേഷം നിങ്ങള്‍ (സ്വസ്വരൂപത്തെ പ്രാപിക്കുന്നതുവരെ) വേറെ ശരീരങ്ങളെ കൈക്കൊള്ളുന്നു.
ചോ: മരണശേഷം 48 മണിക്കൂര്‍ സൂക്ഷ്മശരീരമുണ്ടായിരിക്കുമെന്നു പറയപ്പെടുന്നു.
ഉ: ഈ ശരീരത്തിലിരുന്നുകൊണ്ട്‌ സ്വപ്നത്തിലുള്ളത്‌ സൂക്ഷ്മശരീരമാണെന്നു പറയുന്നു. എന്നാല്‍ സ്വപ്നം കാണുമ്പോള്‍ അത്‌ സ്വപ്നശരീരമാണെന്നു പറയുന്നുണ്ടോ? ഇപ്പോഴത്തെ സൂക്ഷ്മശരീരം സ്വപ്നത്തില്‍ യഥാര്‍ത്ഥ ശരീരമാണ്‌. ആ കണക്കില്‍ ഇപ്പോഴത്തെ സ്ഥൂല ശരീരം സ്വപ്നശരീരത്തിനു തുല്യമാണ്‌. അതതു നിലയില്‍ അതതു സത്യവും മറ്റുള്ളവ മിഥ്യയായും ഇരിക്കുന്നു. അതിനാല്‍ സ്ഥൂലം, സൂക്ഷ്മം തുടങ്ങിയവ മനോമയം മാത്രം. രണ്ടു സൂക്ഷ്മശരീരങ്ങള്‍ക്കു തമ്മില്‍ ഭേദമെന്ത്‌?
പോള്‍ ബ്രണ്ടന്‍: വ്യവഹാരിക സത്യത്തില്‍ പല പടികളുണ്ടല്ലേ?
ഉ: സൂക്ഷ്മശരീരത്തിലിരിക്കുമ്പോള്‍ സ്വപ്നശരീരം മിഥ്യയാണെന്നു പറയുന്നു. സ്വപ്നശരീരത്തിലിരിക്കുമ്പോള്‍ സ്ഥൂലശരീരം ഇല്ലാത്തതായിപ്പോകുന്നു. ഇങ്ങനെ എല്ലാം ഒന്നിനൊന്നു സത്യവും അസത്യവുമായി മാറി മാറി വരുകയാണെങ്കില്‍ നിലകള്‍ എന്നു പറയാനൊന്നുമില്ല. ഉദിക്കുകയോ മറയുകയോ ചെയ്യാത്ത ആത്മസ്വരൂപമൊന്നേ സത്യം.
145. ചോ: അങ്ങനെയാണെങ്കില്‍ ദേവന്മാരെന്നും നരക സ്വര്‍ഗ്ഗങ്ങളെന്നും മറ്റും മത ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നതോ?
അതുകളും ഈ ലോകത്തെപ്പോലെ തന്നെയെന്നും സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമേ സത്യമെന്നും വെളിപ്പെടുത്തുകയാണ്‌ വേദങ്ങള്‍. എന്നാലും പലതരത്തിലുമുള്ളവര്‍ക്ക്‌ പലതരത്തിലും പറയേണ്ടിയിരിക്കുന്നു. അവ പരസ്പര വിരുദ്ധങ്ങളാണെന്നു തോന്നിയാലും ഒടുവില്‍ പരമാര്‍ത്ഥത്തിലെത്തിക്കുകയാണവയുടെ ഉദ്ദേശ്യം.
ഭഗവദ്‍ഗീതയില്‍ തന്നെ അര്‍ജ്ജുനന്‍ യുദ്ധം ഹേതു ബന്ധുക്കളെ കൊല്ലുകയില്ലെന്നു ശഠിച്ചു നിന്നപ്പോള്‍ കൃഷ്ണന്‍ പറഞ്ഞത്‌ ‘അര്‍ജ്ജുനാ! നീയോ നീ കാണുന്നവരോ ആരും മുന്‍പുണ്ടായിരുന്നില്ല, ഇന്നില്ല, ഇനി നാളെയും ഉണ്ടായിരിക്കുകയില്ല. ഒന്നും ഉണ്ടാകുന്നില്ല. ഒന്നും ഇല്ലാതെയാകുന്നുമില്ല. മേലും അങ്ങനെയായിരിക്കുകയില്ലേ? ഈ ഉപദേശം ഞാന്‍ പണ്ടേ സൂര്യനും, സൂര്യന്‍ മുഖേന ഇക്ഷ്വാകുവിനും ഉപദേശിച്ചതാണ്‌. ഉടനെ അര്‍ജ്ജുനന്‍ ചോദിച്ചു. ‘അതെങ്ങനെ? അങ്ങ്‌ അല്‍പ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജനിച്ചതേയുള്ളൂ. എന്നാല്‍ സൂര്യനും മറ്റും യുഗങ്ങളായുള്ളവരല്ലേ?’ അര്‍ജ്ജുനനെ മനസ്സിലാക്കിക്കൊണ്ട്‌ കൃഷ്ണന്‍: ‘അതെ, നമ്മളും എത്രയോ ജന്മങ്ങള്‍ എടുത്തവരാണ്‌. എന്നാല്‍ നീയതറിയുന്നില്ല, ഞാനതറിയുന്നു’. ഇപ്രകാരം പരസ്പര വിരുദ്ധങ്ങള്‍ പറഞ്ഞിട്ടുള്ളത്‌, സത്യാന്വേഷികളുടെ പാകതയനുസരിച്ചാണെന്നേയുള്ളൂ.
ചോ: മതഗ്രന്ഥങ്ങളില്‍ കഥകളെല്ലാം എന്തിനാണ്‌?
ഉ: ആത്മസത്യത്തെ ഉണര്‍ത്താന്‍ തന്നെയാണ്‌.
ചോ: ഭഗവാന്‍ എപ്പോഴും വളരെ പൊക്കത്തില്‍ നിന്നേ സംസാരിക്കുകയുള്ളൂ.
ഉ: (ചിരിച്ചു കൊണ്ട്‌) അനുഭവത്തിലുള്ള ശുദ്ധസത്യം പറഞ്ഞാല്‍ ആര്‍ക്കും ബോദ്ധ്യമല്ല. അതിനാല്‍ വേദശാസ്ത്രാദികളും മനുഷ്യരുടെ നിലയ്ക്കനുസരണം പല മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും സഞ്ചരിക്കുന്നു. എവിടെയെല്ലാം ചുറ്റിയാലും ആത്മലാഭത്തിന്‌ അവനവനില്‍ തന്നെ മടങ്ങിവരണം. ഇങ്ങനെ കണ്ടയിടങ്ങളിലെല്ലാം അലയാതെ ഇവിടെവച്ച് ഇപ്പോള്‍തന്നെ ആരും തന്നെ നോക്കി തന്നില്‍ത്തന്നെ നിന്നാല്‍ എത്ര നന്നായിരിക്കും.
കാണുന്നവന്‍ എത്ര സത്യമോ അത്രത്തോളം സത്യമായിരിക്കും കാണപ്പെടുന്ന ലോകങ്ങളും. അവയ്ക്കു കാണുന്നവനെ വിട്ടാല്‍ ഒരു നിലയുമില്ല. അതിനാല്‍ അവ കാണുന്നവനന്യമല്ല. വിഷയങ്ങളെ കാണുമ്പോഴും യഥാര്‍ത്ഥത്തില്‍ നാം ആത്മാവായ നമ്മളെ തന്നെയാണ്‌ കാണുക. എങ്കിലും നാമരൂപങ്ങള്‍ യഥാര്‍ത്ഥമാണെന്നും ശരീരം താനാണെന്നും വിപരീതമായി ഗ്രഹിക്കുന്നു. കാണുന്നവനും കാഴ്ചയും ആത്മാവിലടങ്ങും. അത്മാവിനെ കണ്ടാല്‍ അവിടെ കാണുന്നവനുമില്ല, കാഴ്ചയുമില്ല. ആ രണ്ടും ആത്മാവുതന്നെ. ആത്മാവേകം, പലതല്ല.
sreyas

No comments:

Post a Comment