Tuesday, December 31, 2019

വിവേകചൂഡാമണി - 21
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സമാധാനത്തിന് മനോനിയന്ത്രണം

ശ്ലോകം 26
സര്‍വ്വദാസ്ഥാപനം ബുദ്ധേ:
ശുദ്ധേ ബ്രഹ്മണി സര്‍വ്വഥാ
തത് സമാധാനമിത്യുക്തം
ന തു ചിത്തസ്യ ലാളനം

ശുദ്ധ ബ്രഹ്മത്തില്‍ ബുദ്ധിയെ നിരന്തരം പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനെയാണ് സമാധാനം എന്ന് പറയുന്നത്, മനസ്സ് തോന്നിയ പോലെ ഇളകി മറിയുന്നതല്ല. സമ്യക് ആധാനം അഥവാ സം ആധാനമാണിത്. മനസ്സിനെ വേണ്ട പോലെ നന്നായി ഉറപ്പിക്കുന്നതാണ്. മനസ്സിന്റെ സമതുലിതാവസ്ഥയാണിത്.

ചിത്തത്തിന്റെ ഏകാഗ്രത എന്നാണ് സമാധാനത്തിന്  തത്ത്വബോധം എന്ന പ്രകരണഗ്രന്ഥത്തില്‍ ആചാര്യസ്വാമികള്‍ തന്നെ നല്‍കിയിട്ടുള്ള നിര്‍വചനം.

ഇവിടെ ഈ ശ്ലോകത്തില്‍ 'സര്‍വ്വദാ സ്ഥാപനം' എന്നതിന് പകരം 'സമ്യഗാസ്ഥാപനം' എന്ന് പാഠഭേദമുണ്ട്.  സര്‍വ്വദാ എന്നാല്‍ എല്ലായ്‌പ്പോഴും. സമ്യക് എന്നാല്‍ നന്നായി. ശുദ്ധ ബ്രഹ്മമെന്നാല്‍ രണ്ടാമതൊന്നില്ലാത്തതായ നിര്‍ഗുണ ബ്രഹ്മമെന്നര്‍ത്ഥം. അതിലാണ് മനസ്സിനേയും ബുദ്ധിയേയും ഉറപ്പിച്ചു നിര്‍ത്തേണ്ടത്.  അങ്ങനെ അന്ത:കരണം ഉറച്ചിരിക്കുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. മനസ്സ് വിഷയങ്ങള്‍ക്കു പുറകെ സഞ്ചരിക്കുന്നതും വിഷയങ്ങളുമായുള്ള സംഗം മൂലം മനസ്സിനുണ്ടാകുന്ന കലങ്ങിമറിച്ചിലും ചഞ്ചലതയുമൊക്കെ സമാധാനക്കേടാകും ഉണ്ടാക്കുക.

ബുദ്ധി എന്നത് നിശ്ചയിച്ചുറപ്പിതിനെയും, ചിത്തം എന്നത് വിഷയ സ്മരണകളില്‍ കുടുങ്ങിക്കിടക്കുന്നതിനേയും സൂചിപ്പിക്കുന്നു. മനസ്സിനെ ഉദാത്തമായതിലേക്ക് ഉയര്‍ത്തി നിലനിര്‍ത്തുകയും കേമത്തം ഒട്ടുമില്ലാത്ത വിഷയങ്ങളുടെ ലാളനത്തില്‍ നിന്ന് പിന്‍വലിക്കുകയും വേണം. വിഷയങ്ങളില്‍ അലയാന്‍ മനസ്സിനെ അനുവദിക്കരുത്.  ക്ഷണികമായ വിഷയ സുഖത്തെ സമാധാനം എന്ന് വിളിക്കാനാവില്ല.

മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ശമത്തിന്റെ ഫലമാണ് സമാധാനം. നല്ല മനോനിയന്ത്രണമുള്ളയാള്‍ക്ക് സമാധാനം കൈവരിക്കാം. സാധാരണ സമാധാനം എന്ന് പറയുമ്പോള്‍ ഇത്രയും വലിയ അര്‍ത്ഥതലമൊന്നും കല്‍പ്പിക്കാറില്ല.  എങ്കിലും പൊതുവെ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അനുകൂലമായ അവസ്ഥയെന്ന് കരുതാറുണ്ട്.  വ്യക്തിപരമായും സമൂഹത്തിലും ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരാണ് നാം. പക്ഷേ ഭൗതികലോകത്തില്‍ വിഷയ വസ്തുക്കളെ നേടുന്നതിലൂടെയാണ് സമാധാനം ഉണ്ടാകുന്നത് എന്ന തെറ്റായ സങ്കല്പം തന്നെയുണ്ട്'

ദുഃഖങ്ങളും മറ്റും വരുമ്പോള്‍ എല്ലാറ്റിന്റെയും നേരെ ഉദാസീനഭാവം കൈക്കൊള്ളുന്നതാണ് സമാധാനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും ഏല്‍ക്കാത്ത മനസ്സിന്റെ കഠിനമായ അവസ്ഥയാണ് സമാധാനം എന്നും കരുതാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഉയര്‍ന്ന തലത്തിലുള്ള ഒന്നായാണ് സമാധാനത്തെ ഇവിടെ പ്രഖ്യാപിക്കുന്നത്.  പൂര്‍ണ്ണ ബ്രഹ്മത്തില്‍ നിരന്തരം രമിക്കാന്‍ പരിശീലനം നേടിയ മനസ്സിന്റെ സാമ്യാവസ്ഥയാണ് സമാധാനം എന്ന് ആചാര്യ സ്വാമികള്‍ ഉദ്‌ലോഷിക്കുന്നു.

ദു:ഖങ്ങളിലും ദുരിതങ്ങളിലും പെട്ട് മനസ്സ് തകര്‍ന്നു പോകും. അവയില്‍നിന്നൊക്കെ ഓടിയൊളിക്കലോ നിര്‍വ്വീര്യമായി ഇരിക്കലോ കാപട്യം കാണിക്കലോ ഒന്നും സമാധാനമാകില്ല. സമാധാനമെന്നാല്‍ ഭീരുവായിട്ടിരിക്കലുമല്ല. ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തുലിതമായ നിലയാണ് സമാധാനം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകന് ലൗകികനായ സാധാരണക്കാരുടെ രാഗദ്വേഷങ്ങളും മറ്റും നിസ്സാരങളാണ്.  ആകാശത്ത് നോക്കുമ്പോള്‍ നമ്മള്‍ അതിര്‍ത്തി തിരിച്ച് വെച്ചിരിക്കുന്നതെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഒന്നായി തോന്നും പോലെയാണ്. അതിനാല്‍ സമാധാനമെന്ന സ്വസ്ഥവും ശാന്തവുമായ ഉന്നതതലത്തില്‍ നിന്ന് നോക്കാന്‍ നമുക്ക് സാധിക്കണം. മനസ്സ് ഏകാഗ്രമാക്കി ശുദ്ധ ബ്രഹ്മത്തില്‍ സ്ഥിരമായിരിക്കുമ്പോള്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഓരോ സാധകനും മനസ്സിന്റെ ഈ ഏകാഗ്രതയെ കൈവരിക്കാനാകണം  എന്നാല്‍ സമാധാനമായി.

No comments:

Post a Comment